Tourist places in Kerala – paragliding over Varkala coast

വീക്കെൻഡ് അടിച്ചു പൊളിക്കാൻ 7 Tourist Places in Kerala

പുൽനാമ്പുകളിൽ ഒളിഞ്ഞിരിക്കുന്ന മഞ്ഞുതുള്ളികളിൽ സൂര്യകിരണങ്ങളേറ്റ് പ്രകാശിക്കുന്നത് കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ കാണാൻ പോയാലോ?
അല്ലെങ്കിൽ വേണ്ട കടലുകണ്ട് നടക്കാനും കുറച്ചു വെയിലു കൊള്ളാനും പോയാലോ?. ഇനി കായലും കടലും വയലും ഒരുമിച്ചു കാണണോ? കുറച്ചു ചരിത്രവും ഒരു സുലൈമാനീയും കൂടി ആയാലോ?
ഒരു രണ്ടു ദിവസം കയ്യിലുണ്ടെങ്കിൽ പോകാൻ പറ്റിയ നമ്മുടെ കേരളത്തിലെ (tourist places in kerala) സ്ഥലങ്ങൾ ആണ് തിരയുന്നതെങ്കിൽ ഇവിടെ കമോൺ. ധൃതി പിടിക്കേണ്ട ആദ്യം വേണ്ടത് കൃത്യമായ റൂട്ട് തിരഞ്ഞെടുക്കുക എന്നതാണ്. പ്രകൃതിയും സംസ്കാരവും തനതു രുചികളും സാഹസികതയും ഒക്കെ ചേർന്ന 7 മികച്ച ദ്വിദിന യാത്രാ (2 day weekend trip in kerala) പ്ലാനുകളെ പറ്റിയാണ് പറയുന്നത്. നിങ്ങളുടെ അടുത്ത ട്രിപ്പ്‌ തികച്ചും ലളിതമായി പ്ലാൻ ചെയ്യാൻ ഈ റൂട്ടുകൾ തീർച്ചയായും സഹായിക്കും.

​1. കൊച്ചി — സംസ്കാരവും പൈതൃകവും കൊതിപ്പിക്കുന്ന രുചികളും

കുറച്ചു ചരിത്രവും ഇത്തിരി പൈതൃകവും, കലയും പൊടിക്ക് കഫേകളും ഇമ്മിണി വലിയ കായലോര കാഴ്ചകളും നിറഞ്ഞ ഒരു ചെറു യാത്രക്കു പറ്റിയ ഒരു സ്ഥലമുണ്ടെങ്കിൽ (tourist places in kerala) അത് കൊച്ചി തന്നെ. കൊച്ചി കണ്ടവന് അച്ചി വേണ്ട എന്നാണല്ലോ പറയാറ്. അത് ശരിതന്നെയാണ്. രണ്ടു ദിവസം കൊണ്ട് കൊച്ചിയുടെ തികച്ചും വ്യത്യസ്തമായ രണ്ടു മുഖങ്ങൾ കാണാം. പുരാതന തെരുവുകളുടെ പെരുമയിൽ തുടങ്ങി കുഞ്ഞൻ ദ്വീപുകളിലേക്കും ആളൊഴിഞ്ഞ തീരങ്ങളിലേക്കും ഒക്കെ പോകണം എങ്കിൽ കൊച്ചിയല്ലാതെ വേറെ ഏതിടമുണ്ട്?

DAY 1.

ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും

ആദ്യമേ പറയട്ടെ ​എല്ലാ കൂടി ഒരുമിച്ച് അങ്ങ് കണ്ടേക്കാം എന്ന തിടുക്കമില്ലാതെ വേണം ഫോർട്ട് കൊച്ചി കാണാൻ പോകാൻ.
​രാവിലെ ചീനവലകളിൽ നിന്ന് തുടങ്ങി സെന്റ് ഫ്രാൻസിസ് ചർച്ച്, സാന്റാ ക്രൂസ് ബസിലിക്ക എന്നിവിടങ്ങളിലേക്ക് ഒരു അലസഗമനം. കാഴ്ചകളുടെ ഭംഗിക്കപ്പുറം ഇവിടുത്തെ തെരുവുകൾക്ക് എന്തോ ഒരു മാന്ത്രീകതയുണ്ട്. പഴയകാല കെട്ടിടങ്ങൾ പ്രൗഢിമങ്ങാതെ നിലകൊള്ളുന്ന പ്രിൻസസ് സ്ട്രീറ്റ്. തുടർന്ന് മട്ടാഞ്ചേരി കൊട്ടാരത്തിലേക്കും ജൂത തെരുവിലേക്കും തിരിയാം. ​പരദേശി സിനഗോഗ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് (ശ്രദ്ധിക്കുക: വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും സിനഗോഗിന് അവധിയാണ്).

വഴി ഒരല്പം മാറ്റി പിടിച്ചാൽ കൊളോണിയൽ കാലത്തിന്റെ ശേഷിപ്പുകളായ പണ്ടിക ശാലകൾ കാണാം. ഇപ്പോൾ ഇവിടെ ഇഞ്ചിയുടെയും ജാതിയുടെയും ഗ്രാമ്പൂവിന്റെയും ഒക്കെ മണമാണ്. ജൂത തെരുവിന്റെ ഈ വഴികൾ അങ്ങനെ സഞ്ചാരികൾ വരാറില്ല. പഴയ ഗോഡൗണുകളും വർക്ക്ഷോപ്പുകളും നിറഞ്ഞ ഈ വഴികൾ ഫോർട്ട് കൊച്ചിയുടെ മറ്റൊരു മുഖമാണ് നമുക്ക് കാട്ടിത്തരുന്നത്

​വിശക്കുന്നുണ്ടോ? എങ്കിൽ ‘കായീസ് റഹ്മത്തുള്ള കഫേ‘യിൽ പോയി ഒരു ബിരിയാണി കഴിക്കാം (ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപ് തന്നെ ഇവിടുത്തെ ഐക്കോണിക് മട്ടൺ ബിരിയാണി തീർന്നുപോകാറുണ്ട്). നാല് മണി ചായ കുടിക്കാൻ ‘മോച്ച ആർട്ട് കഫേ’ (Motcha Art cafe)യാണ് ബെസ്റ്റ്. എന്നിട്ട് ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോടതി ജങ്ഷനിലേക്ക് വാട്ടർ മെട്രോ (Kochi Water Metro) പിടിച്ചു 40 രൂപക്ക് (kochi1 smart card ഉണ്ടെങ്കിൽ 32 മതി) ഒരു backwater cruise. യാത്ര ചെറുതാണെങ്കിലും കൊച്ചിയുടെ ഏറ്റവും സുന്ദരമായ കാഴ്ചകൾ ആണ് ഈ യാത്രയിലുള്ളത്.

വൈകുന്നേരമെവിടെ? അതു മറൈൻ ഡ്രൈവിലല്ലാതെ വേറെവിടെ പോകാൻ. വോക്ക് വേയിലൂടെ കപ്പലണ്ടിയും കൊറിച്ചുകൊണ്ട് കായലിലൂടെ പോകുന്ന ബോട്ടുകളും കണ്ടു നഗരവിളക്കുകൾ കായൽ ഓളങ്ങളിൽ പ്രതിഫലിക്കുന്ന നിറങ്ങളും ഒക്കെ കണ്ട് ഇങ്ങനെ ആസ്വദിച്ച് നടക്കാം. കൂടെ വർത്തമാനം പറയാൻ ആരെങ്കിലുമോക്കെയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.

DAY 2

കടമക്കുടിയും വൈപ്പിനും

​രണ്ടാം ദിവസം തിരക്കൊന്നും വേണ്ട എങ്കിൽ പിന്നെ തിരക്കില്ലാത്ത ഒരു നാടൻ ഗ്രാമീണ അന്തരീക്ഷത്തിലേക്ക് പോയാലോ. തിരക്കുപിടിച്ച കൊച്ചി തെരുവുകൾക്ക് പകരം പൊക്കാളിപ്പാടങ്ങളും കണ്ടൽക്കാടുകളും ഗ്രാമവഴികളുമൊക്കെയായി കടമക്കുടിയുണ്ട്. സാക്ഷാൽ ആനന്ദ് മഹീന്ദ്രയെപ്പോലും മയക്കിയ കടമക്കൂടി.
​കായൽക്കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യം ഒരു ഗൈഡഡ് കയാക്കിംഗ് ട്രിപ്പ് തന്നെയാണ് (അലകൾ കുറഞ്ഞ വെള്ളവും സുഖകരമായ കാലാവസ്ഥയും ലഭിക്കാൻ രാവിലെ 6:30 ഓടെ തന്നെ കയാക്കിംഗ് ആരംഭിക്കണം). തുടക്കക്കാർക്ക് പോലും തികച്ചും സുരക്ഷിതമായി ഇതിൽ തുഴയാം. കുട്ടികൾക്കുള്ള പ്രത്യേക ലൈഫ് ജാക്കറ്റുകളും പരിശീലകരുടെ സേവനവും ഇതിൽ ലഭ്യമാണ്. യാത്രയ്ക്കിടയിൽ കയക്കിലിരുന്ന് തന്നെ കട്ടൻചായയും പഴംപൊരിയും കഴിക്കാം. എന്റെ പൊന്നോ ഇതല്ലേ ഈ വൈബ് എന്നൊക്കെ പറയുന്നത്.
​ഉച്ചഭക്ഷണത്തിന് കടമക്കുടിയിലെ ഗ്രാമീണ ഹോട്ടലുകൾ കയറാം. നാടൻ മീൻകറി കൂട്ടിയുള്ള ഊണ് ഇവിടുത്തെ തനത് രുചിയറിയാൻ മികച്ചതാണ്. ഉച്ചയ്ക്ക് ശേഷം പുതുവൈപ്പ് ബീച്ചും വൈപ്പിൻ ലൈറ്റ് ഹൗസും. ശാന്തമായ അന്തരീക്ഷത്തിൽ സായാഹ്നം ചെലവഴിച്ച്, കാലാവസ്ഥ അനുകൂലമെങ്കിൽ മനോഹരമായ സൂര്യാസ്തമയവും കണ്ടു മടങ്ങാം. രാവിലത്തെ കണ്ടൽക്കാടുകളുടെയും കായലിന്റെയും ഓർമ്മകളുടെ കൂടെ കടൽക്കാറ്റ് വീശുന്ന ഈ സായാഹ്നം തികച്ചും വേറിട്ടൊരു അനുഭവമായിരിക്കും.

  • ട്രാവൽ ടിപ്പ്: കുട്ടികളുമൊത്താണ് യാത്രയെങ്കിൽ, കടമക്കുടി ഒഴിവാക്കി ‘വണ്ടർലാ കൊച്ചി‘ ഉൾപ്പെടുത്താം.

​ചരിത്രവും പ്രാദേശിക രുചികളും കായലഴകും തീരദേശക്കാഴ്ചകളും എല്ലാം കൂടിയാണെങ്കിൽ കൊച്ചി ഒരു മികച്ച ചോയ്സ് ആയിരിക്കും.

2.ആലപ്പുഴ, മലരിക്കൽ വഴി കുമരകം. വേറിട്ടൊരു കായൽ യാത്ര

കുട്ടനാടിന്റെ കായൽ പരപ്പിൽ ഒരു ഹൌസ് ബോട്ട് യാത്ര. എല്ലാ സഞ്ചാരികളുടെയും ലിസ്റ്റിലുള്ള ഒരു യാത്രയാണിത്. എന്നാലിതൊന്ന് മാറ്റിപ്പിടിച്ചാലോ?കുട്ടനാടിന്റെ ഗ്രാമവഴികളിലൂടെയും പിങ്കിൽ മുങ്ങി നിൽക്കുന്ന ആമ്പൽപ്പാടങ്ങളിലൂടെയും കുമരകത്തിന്റെ നാട്ടുവഴികളിലൂടെയുമുള്ള രണ്ടു ദിവസത്തെ ഒരു തനി നാടൻ യാത്രയാണെങ്കിൽ അതൊരു വൈബ് ആയിരിക്കുമല്ലേ?

​DAY 1:

ആലപ്പുഴ — ഹൗസ്ബോട്ടിനപ്പുറമുള്ള കായൽക്കാഴ്ചകൾ.

​വലിയ തുക കൊടുത്ത് ഹൗസ്ബോട്ട് യാത്രകൾ പലപ്പോഴും പലർക്കും താങ്ങാനാവാന്നുതല്ല. പോക്കറ്റ് കീറാതെ കുട്ടനാടൻ കായലഴക് കാണാനുള്ള ഏറ്റവും മികച്ച വഴിയാണ് KSWTD (സർക്കാർ ബോട്ട്) യാത്രകൾ. ആലപ്പുഴ മെയിൻ ബോട്ട് ജെട്ടിയിൽ നിന്ന് തന്നെ ഇതിനുള്ള ടിക്കറ്റുകൾ നേരിട്ട് വാങ്ങാം.
​സ്വൽപ്പം കൂടി സൗകര്യപ്രദമായി യാത്ര ചെയ്യണമെന്നുണ്ടെങ്കിൽഎ സിയുടെ തണുപ്പും മനോഹരമായ കായൽക്കാഴ്ചകളും വാഗ്ദാനം ചെയ്യുന്ന ‘വേഗ-2′ (Vega-2) ബോട്ട് തിരഞ്ഞെടുക്കാം. ഇനി അതിലും വേറിട്ടൊരു അനുഭവമാണ് തിരയുന്നതെങ്കിൽ ‘ഇന്ദ്ര’ (Indra) സോളാർ ബോട്ട് ട്രൈ ചെയ്യാം. എഞ്ചിൻ ശബ്ദമോ പുകയോ ഇല്ലാതെ, കായലിലൂടെ ഒഴുകിനടക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. താഴത്തെ ഡെക്കിൽ ഏസി സീറ്റിംഗും, മുകളിലത്തെ തുറസ്സായ ഡെക്കിൽ നിന്ന് ചുറ്റുമുള്ള കാഴ്ചകൾ കാണാനുള്ള സൗകര്യവുമുണ്ട്. ആലപ്പുഴ ജെട്ടിയിൽ നിന്ന് പാതിരാമണൽ ദ്വീപിലേക്കുള്ള ഈ യാത്ര വേമ്പനാട്ട് കായലിന്റെ ഭംഗി ആവോളം ആസ്വദിക്കാൻ പറ്റിയതാണ്. കായൽക്കാഴ്ചകൾ കണ്ട ശേഷം വൈകുന്നേരത്തോടെ കോട്ടയത്തോ കുമരകത്തോ റൂം എടുത്ത് താമസിക്കാം.

​ഇന്ദ്ര ബോട്ടിന്റെ കൂടുതൽ വിവരങ്ങളും റൂട്ടുമൊക്കെ സമയക്രമത്തിനും കുട്ടനാട് സഫാരി ആലപ്പുഴ‘ ഗൈഡ് വായിക്കാവുന്നതാണ്.

​DAY 2

മലരിക്കൽ ആമ്പൽപ്പാടവും കുമരകവും

​രണ്ടാം ദിവസം രാവിലെ ഒരല്പം നേരത്തെ ഇറങ്ങണം. നേരെ മലരിക്കൽ ആമ്പൽപ്പാടത്തേക്ക്. (രാവിലെ 6:30-ന് മുൻപ് എത്തുന്നതാണ് ബെസ്റ്റ്. വെയിൽ കനക്കുന്നതോടെ, ഏകദേശം 8:30 ആകുമ്പോഴേക്കും ആമ്പൽപ്പൂക്കൾ കൂമ്പാൻ തുടങ്ങും). പിങ്ക് നിറത്തിലുള്ള ആമ്പൽപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പാടങ്ങളിലൂടെയുള്ള കുഞ്ഞൻ വള്ളങ്ങളിലെ യാത്ര. അതാണീ ട്രിപ്പിന്റെ ഹൈലൈറ്റ്. കൈയിൽ ക്യാമറയുണ്ടെങ്കിൽ കിടുക്കൻ ഫോട്ടോയും എടുക്കാം. പിന്നെ കുറച്ചു ആമ്പൽപ്പൂക്കളും പറിച്ചുകൊണ്ട് നേരെ
​ നേരെ കുമരകം പക്ഷിസങ്കേതത്തിലേക്ക് (Kumarakom Bird Sanctuary). പക്ഷികളില്ലെങ്കിലും മരങ്ങളും വള്ളിപടർപ്പിനും ഇടയിലൂടെ നിശബ്ദതയെ കൂട്ട് പിടിച്ചുകൊണ്ടൊരു ചുമ്മാ നടത്തം. (നവംബർ – ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ ദേശാടനപ്പക്ഷികൾ കൂടുതലായി എത്തുന്നത്). ​ഉച്ചക്ക് ഊണിന് കുമരകത്തിന്റെ തനത് രുചിയായ ‘കരിമീൻ പൊള്ളിച്ചത്’ തന്നെ വേണം. ഊണ് കഴിഞ്ഞാൽ കായലിലൂടെ ഒരു ഷിക്കാര ബോട്ട് റൈഡ് ആകാം. ഏകദേശം രണ്ടു മണിക്കൂർ എടുക്കും. ഹൗസ്ബോട്ടുകൾക്ക് പോകാൻ കഴിയാത്ത ചെറിയ കനാലുകളിലൂടെയും തെങ്ങിൻതോപ്പുകളിലൂടെയും ഇടക്ക് കായലിലൂടെയും ഒക്കെയാണ് ഷിക്കര വള്ളങ്ങൾ പോകുന്നത്. കായലിന്റെയും കുമാരകത്തിന്റെയും ഏറ്റവും പ്രശാന്തമായ ഒരന്തരീക്ഷം അറിയണമെങ്കിൽ ഈ യാത്ര ഒഴിവാക്കരുത്.

​പതിവ് കാഴ്ചകളിൽ നിന്നൊക്കെ മാറി ഒരു സ്വസ്ഥമായ ഒരു വീക്കെൻഡ് ട്രിപ്പ്‌ ആണ് മനസ്സിലെങ്കിൽ ഈ യാത്ര പ്ലാൻ ഒരു നല്ല തെരെഞ്ഞെടുപ്പായരിക്കും. കേരളത്തിലെ കായലിടങ്ങളിലൂടെ (tourist places in kerala) ചിലവു കുറച്ചും മനസ്സ് നിറച്ചും കൊണ്ടൊരു യാത്ര ആഗ്രഹിക്കുന്നെങ്കിൽ ലിസ്റ്റിൽ തീർച്ചയായും ചേർക്കാവുന്ന ഒരു റൂട്ടാണിത്.

3.തേക്കടി — കാടുകയറാൻ രണ്ടു ദിവസം.

കാട്ടിനുള്ളിലൂടെ ഒരു ബോട്ട് യാത്ര കൂടെ മുള ചങ്ങാടത്തിലൂടെ ഒരു കാട് കയറ്റം. കടുവാ സാങ്കേതിസത്തിനുള്ളിലൂടെ ഒരു ദിവസത്തെ ട്രെക്കിങ്. ഇത്രെയൊക്കെ പോരെ ഒരു യാത്രയെ ത്രില്ലടിപ്പിക്കാൻ. അതെ പറഞ്ഞു വരുന്നത് തേക്കടിയേ പറ്റിയാണ്. വെറുമൊരു ബോട്ട് യാത്ര അല്ല തേക്കടിയിലുള്ളത് പെരിയാറിന്റെ ഉള്ളറിഞ്ഞുള്ള കഒരു ദ്വിദിന യാത്ര (2 day weekend trip in kerala)യാണ് മനസ്സിലെങ്കിൽ തേക്കടിക്ക് വണ്ടി വിടാം.

DAY 1

പെരിയാർ ബോട്ടിംഗും മുളച്ചങ്ങാടത്തിലെ യാത്രയും.

കാടിന്റെ യഥാർത്ഥ അഴക് കണ്ടറിയാൻ ഏറ്റവും മികച്ച വഴി പെരിയാർ തടാകത്തിലൂടെയുള്ള ബോട്ട് സവാരിയാണ് (Thekkady boating). കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക പോർട്ടൽ വഴിയോ അംബാടി ജങ്ഷനിലെ കൗണ്ടർ വഴിയോ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. തടാകത്തിന് ചുറ്റുമുള്ള നിബിഡ വനങ്ങളും കോടവീണ കുന്നുകളും കണ്ടുകൊണ്ടുള്ള ഈ യാത്രതന്നെ മതി മനസ്സ് നിറയാൻ. ഭാഗ്യമുണ്ടെങ്കിൽ തടാകക്കരയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ, കാട്ടുപോത്തുകൾ, മാൻകൂട്ടങ്ങൾ എന്നിവയെ അടുത്ത് കാണാം.

പെരിയാർ ബോട്ടിംഗ് സമയക്രമങ്ങളെക്കുറിച്ചും ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ചും വിശദമായി അറിയാൻ ഞങ്ങളുടെ ‘How to Book Periyar Boating’ ഗൈഡ് വായിക്കാവുന്നതാണ്.

ഉച്ചയ്ക്ക് ശേഷം കാടിന്റെ കൂടുതൽ ഉള്ളിലേക്ക് കടക്കാൻ ഏറ്റവും അനുയോജ്യം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ബാമ്പൂ റാഫ്റ്റിംഗ് (Bamboo Rafting) ആണ്. കാട്ടിലൂടെയുള്ള ചെറിയൊരു ട്രെക്കിംഗും തടാകത്തിലൂടെയുള്ള മുളംചങ്ങാട സവാരിയും കോർത്തിണക്കിയ പ്ലാനാണിത്. കാട്ടുവഴികളിലൂടെ നടന്ന്, പെരിയാർ തടാകത്തിലൂടെ മുളംചങ്ങാടത്തിൽ തുഴഞ്ഞു കൊണ്ടുള്ള ഒരു വൈബ് അതൊന്ന് വേറെ തന്നെയാണ്.

രാത്രി താമസിക്കാൻ പെരിയാർ ടൈഗർ റിസർവിന്റെ നിരവധിയാട്ടുള്ള eco സ്റ്റേ കൾ തെരെഞ്ഞെടുക്കാം. അല്ലെങ്കിൽ കുമളി ടൗണിൽ താമസിക്കാം.

DAY 2:

ബോർഡർ ഹൈക്കിംഗ് : കടുവാ സാങ്കേതത്തിനുള്ളിലൂടെ ഒരു ട്രെക്കിങ്.

ആദ്യ ദിനം കൂടുതൽ സമയവും പെരിയാർ തടാകത്തിലായിരുന്നെങ്കിൽ രണ്ടാം ദിവസം പെരിയാർ ടൈഗർ റിസേർവ് (Periyar Tiger Reserve) എന്ന കാട്ടിനുള്ളിലാണ്. പെരിയാർ റിസർവിന്റെ മലനിരകളിലൂടെ നടന്നു വനത്തിന്റെ അതിർത്തി വരെയുള്ള ഒരു ഫുൾ-ഡേ ഹൈക്കിംഗ് (Border Hiking) ആണ് ഈ പ്ലാൻ. സമുദ്രനിരപ്പിൽ നിന്ന് 900 മുതൽ 1,300 മീറ്റർ വരെ ഉയരത്തിലുള്ള മലമുകളിലേക്ക് കുന്നിൻചരിവുകളിലൂടെയാണ് ഈ യാത്ര.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ഈ യാത്രയിൽ ഗൈഡുകൾക്കൊപ്പം സായുധരായ ഫോറസ്റ്റ് ഗാർഡുമാരും കൂടെയുണ്ടാകും. വന്യജീവി സാന്നിധ്യമുള്ള ഉൾക്കാട്ടിലൂടെയുള്ള സാഹസികമായ നടപ്പാതയായതിനാൽ അത്യാവശ്യം നല്ല ശാരീരികക്ഷമത (Stamina) ഉള്ളവർ മാത്രം ഈ ട്രെക്കിംഗ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

അട്ടകളുടെ ശല്യം ഒഴിവാക്കാനുള്ള ലീച്ച് സോക്സുകൾ (Leech Socks) വനംവകുപ്പ് നൽകുമെങ്കിലും, നല്ല ട്രാക്ഷനുള്ള ട്രെക്കിംഗ് ഷൂ ധരിക്കാനും ആവശ്യത്തിന് കുടിവെള്ളം കരുതാനും പ്രത്യേകം ശ്രദ്ധിക്കുക.

സാധാരണ കാണുന്ന കാടിന്റെ buffer സോണുകളിലുള്ള കാഴ്ചകളിൽ നിന്ന് മാറി കാടിന്റെ പച്ചപ്പും നിശബ്ദതയും അനുഭവിച്ചറിയാൻ പറ്റിയ കേരളത്തിലെ ഒരിടം (tourist places in kerala) തിരയുന്നവർക്ക് ഈ തേക്കടി 2 day ട്രിപ്പ്‌ വേറിട്ടൊരു അനുഭവമായിരിക്കും.

3.അതിരപ്പള്ളി & പുത്തൂർ ഡിസൈനർ സൂ

തൃശ്ശൂർ പൂരം കഴിഞ്ഞാൽ അതെ തലയെടുപ്പോടെ നിൽക്കുന്ന ഒന്നുണ്ട്. ആതിരപ്പള്ളി വെള്ളച്ചാട്ടം (Athirappally waterfalls). ചാലക്കുടിപ്പുഴ നിറഞൊഴുകുമ്പോൾ അതിരപ്പള്ളി വെള്ളച്ചാട്ടം കാണണം. ഈയടുത്തു തൃശ്ശൂരിന്റെ പേര് ഉയർത്തിയ മറ്റൊരു സംഭവം കൂടിയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ സൂ ആയ പുത്തൂർ zoolagical പാർക്ക്‌. വിട്ടാലോ തൃശ്ശൂർക്ക് ?

DAY 1

തുമ്പൂർമൂഴി, അതിരപ്പള്ളി & വാഴച്ചാൽ

യാത്ര തുടങ്ങേണ്ടത് തുമ്പൂർമുഴിയിൽ നിന്നാവണം. ചാലക്കുടിപ്പുഴയുടെ മനോഹാരിത മുഴുവൻ കാണണമെങ്കിൽ ആ കാഴ്ചകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. എഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലേക്കുള്ള തൂക്കുപാലത്തിലൂടെയുള്ള നടത്തമാണ് ഏറ്റവും സുന്ദരം. നടുക്കെത്തുമ്പോൾ കുലുക്കം ഇത്തിരി കൂടും. Butterfly garden ലൂടെ ചുമ്മാ ഒരു നടത്തം. Koode കുട്ടികളുണ്ടെങ്കിൽ അവർക്ക് കളിക്കാൻ നല്ലൊരു പാർക്കുമുണ്ട്. ഒരു ചായ കുടിക്കണം എന്ന് തോന്നുന്നെങ്കിൽ നിൽ. പോകും വഴിക്ക് റോഡ് സൈഡിൽ നിന്ന് കുടിക്കാം. അപ്പൊ, ചായേം കുടിക്കാം അല്പം പ്രകൃതിയും കാണാം. യാത്ര ജൂണിനും ഒക്ടോബറിനും ഇടയിൽ ആണെങ്കിൽ ചാർപ്പ വെള്ളച്ചാട്ടം കാണാം. ഒന്ന് നോക്കാനെ പറ്റൂ. ഫോറെസ്റ്റ് വാച്ചർമാർ വണ്ടി അവിടെ നിർത്താൻ സമ്മതിക്കില്ല.
തുടർന്ന് നേരെ അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക്. വനത്തിനുള്ളിലൂടെ ആർത്തലച്ചൊഴുകുന്ന പുഴ താഴേക്ക് പതിക്കുന്ന കാഴ്ചയും അതിന്റെ ഇരമ്പലും അടുത്തേക്ക് ചെല്ലുന്തോറും കൂടിവരും. വന്യമായ സൗന്ദര്യം എന്നൊക്കെ പറയുന്നത് ഇതാണ്.15 മിനിറ്റ് കുത്തനെ താഴേക്ക് ഇറങ്ങുന്ന വഴിയിലൂടെ നടന്നാൽ മാത്രമേ ഈ മനോഹരമായ കാഴ്ച കാണാൻ പറ്റൂ. തിരിച്ചു കയറാൻ സമയം കൂടുതൽ എടുക്കും.(നല്ല ഗ്രിപ്പുള്ള ഷൂ ധരിക്കാനും, വെള്ളത്തുള്ളികൾ മഞ്ഞിൻ തുള്ളികൾ പോലെ വീഴുന്നതിനാൽ ഫോണും ശ്രദ്ധിക്കുക). അതിരപ്പള്ളി കണ്ടെങ്കിൽ ഇനി വാഴച്ചാലിലേക്ക് പോകാം.(വേറെ ടിക്കറ്റ് എടുക്കേണ്ടതില്ല.) ആതിരപ്പള്ളി വന്യമായിരുന്നെങ്കിൽ വാഴച്ചാലിനു ശാന്തമായ സൗന്ദര്യമാണ്. ഓരോ ഇടത്തിനും അതിന്റേതായ വേറിട്ട മൂഡുണ്ട്: തുമ്പോർമുഴി പച്ചപ്പ് നിറഞ്ഞതാണെങ്കിൽ, അതിരപ്പള്ളി ഒരു അതിശയക്കാഴ്ചയും, വാഴച്ചാൽ സ്വസ്ഥമായ പ്രകൃതിയുമാണ്.

രാത്രി താമസം തൃശൂർ ടൗണിൽ തന്നെ ആക്കാം. സന്ധ്യയോട് അടുക്കുമ്പോൾ സ്വരാജ് റൗണ്ടിലൂടെയും തെക്കേക്കാട് മൈതാനത്തിലൂടെയും വെറുതെ ഒന്ന് കറങ്ങിവരാം. ഭക്ഷണത്തിന് ഫോർമൽ റസ്റ്റോറന്റുകൾ ഒഴിവാക്കി തൃശൂരിന്റെ തനത് തട്ടുകടകളിലെ പ്രശസ്തമായ പന്നിയറച്ചിയും കൂർക്കയും Must Try ആണ്.

DAY 2

ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക്

രണ്ടാം ദിവസം മുഴുവൻ വേണം പുത്തൂർ സുവോളജിക്കൽ പാർക്ക് (Thrissur Zoological Park Wildlife Conservation & Research Centre) കണ്ടുവരാൻ. ഏഷ്യയിലെ രണ്ടാമത്തെ വലിയ Cage ഫ്രീ മൃഗശാലയും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ വന്യജീവി സങ്കേതവുമാണിത് (ശ്രദ്ധിക്കുക: തിങ്കളാഴ്ചകളിൽ അവധിയാണ്). 336 ഏക്കറിൽ പരന്നു കിടക്കുന്ന ഈ പാർക്കിൽ traditional Cage system ത്തിന് പകരം സ്വാഭാവികമായ വിസ്തൃതമായ കാടിന്റെ അന്തരീക്ഷമാണ് മൃഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ സോണുകളിലേക്കും പോകാനായി ഇലക്ട്രിക് ബസുകൾ ലഭ്യമാണ് (ക്യൂ ഒഴിവാക്കാൻ ടിക്കറ്റ് കൗണ്ടറിൽ നിന്ന് തന്നെ മുൻകൂട്ടി ബസ് പാസ് വാങ്ങുക). നമ്മുടെ ഇഷ്ടത്തിനു അനുസരിച്ചു ഓരോ മൃഗഗങ്ങളുടെ അടുത്ത് സമയം ചെലവഴിക്കാം. പ്രകൃതിയോട് ഇണങ്ങി പ്രകൃതിയോടിണങ്ങി നിർമ്മിച്ച ഈ വന്യജീവി സങ്കേതത്തിൽ ദിവസം മുഴുവൻ ചെലവഴിക്കുന്ന അനുഭവം ഇതുവഴി
ലഭിക്കും.

കൂടുതൽ വായിക്കാം: Thrissur Zoological Park Puthur: Kerala’s Expansive New Wildlife Destination Opens Its Gates

ഓരോ യാത്രകളും കാഴ്ചകൾക്കപ്പുറം വ്യത്യസ്തമായൊരു അനുഭവം കൂടി ആയിരിക്കണം എന്നുള്ളവർക്ക്, വെള്ളച്ചാട്ടങ്ങളും മഴക്കാടുകളും സ്വഭാവീകമായ വന്യജീവി അനുഭവവും ഒരുമിച്ചു ലഭിക്കുന്നതാണ് ഈ രണ്ടു ദിവസത്തെ യാത്ര. കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ( tourist places in kerala) വ്യത്യസ്ത അനുഭവങ്ങൾ നൽകുന്ന സ്ഥലങ്ങളാണ് ആതിരപ്പള്ളിയും പുത്തൂരും.

5.തുഷാരഗിരി & കോഴിക്കോട് — പ്രകൃതി, യാത്ര മലബാർ രുചികൾ.

തുഷാരഗിരി എന്ന പേരിനു പിന്നിൽ തന്നെ ഒരു വ്യത്യസ്ഥതയില്ലേ. എന്തുകൊണ്ടായിരിക്കും ഒരു വെള്ളച്ചാട്ടത്തിനു ഇങ്ങനെ ഒരു പേര് ഈ വ്യത്യസ്തത പോലെ തന്നെയാണ് ഈ യാത്രയും. കാടും പച്ചപ്പും വെള്ളച്ചാട്ടങ്ങളും കണ്ട് തുടങ്ങി, മലബാറിന്റെ രുചികളിലേക്ക് ഒരു യാത്ര. അല്ലെങ്കിൽ തന്നെ കോഴിക്കോട്ടേക്കുള്ള ഏതൊരു യാത്രയും കോഴിക്കോടിന്റെ രുചികളറിയാതെ എങ്ങനെ പൂർണ്ണമാകും.

DAY 1

തുഷാരഗിരി വഴി ബേപ്പൂർ.

പശ്ചിമഘട്ട മലനിരകളുടെ പച്ചപ്പിനിടയിലൂടെ താഴേക്ക് പതിക്കുന്ന തുഷാരഗിരി വെള്ളച്ചാട്ടത്തിൽ നിന്നാണു യാത്രയുടെ തുടക്കം. വലിയ ആയാസമില്ലാതെ തന്നെ ആദ്യ വെള്ളച്ചാട്ടമായ ഈരാറ്റ്മുക്കിലേക്ക്’ വളരെ എളുപ്പത്തിൽ നടന്നെത്താം.
കാടിന്റെ ഉള്ളിലേക്ക് കടന്ന് മുകളിലത്തെ വെള്ളച്ചാട്ടങ്ങൾ കൂടി കാണാൻ ആഗ്രഹിക്കുന്നവർക്ക് വനംവകുപ്പിന്റെ അനുമതിയോടെ ഒരു ഫുൾ-ഡേ ട്രെക്കിങ്ങിന് പോകാം.

തുഷാരഗിരി വെള്ളച്ചാട്ടം മുഴുവനും കാണുന്നതിനായി ഞങ്ങളുടെ ‘തുഷാരഗിരി ട്രെക്കിംഗ് ഗൈഡ്’ വായിക്കാവുന്നതാണ്.

ഫുൾ-ഡേ ട്രെക്കിംഗിനാണ് പോകുന്നതെങ്കിൽ ഉച്ചയ്ക്ക് ശേഷമുള്ള ബേപ്പൂർ യാത്ര ഒഴിവാക്കി വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് തിരിക്കാം. അതല്ലെങ്കിൽ, ഉച്ചയോടെ കോഴിക്കോട്ടെത്തി ലെജൻഡറി ‘പാരഗൺ’ റസ്റ്റോറന്റിൽ നിന്നൊരു കോഴിക്കോടൻ ബിരിയാണിയും കഴിച്ചൊരു ചൂട് സുലൈമാനിയും കൂടിയായാൽ ഉച്ചഭക്ഷണം പൂർത്തിയായി.

ഉച്ചയ്ക്ക് ശേഷം ചാലിയാറിന്റെ തീരത്തുള്ള ബേപ്പൂരിലേക്ക് പോകാം.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഉരു നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം (അനുമതിയോടെ മാത്രം), കടലിലേക്ക് നീളുന്ന ബേപ്പൂർ പുലിമുട്ടിലൂടെ ശാന്തമായൊരു സായാഹ്ന നടത്തമാകാം.

DAY 2

ചരിത്രം ഉറങ്ങുന്ന കടലോരവും മിഠായി തെരുവും.

രണ്ടാം ദിവസം രാവിലെ തന്നെ, 1498-ൽ വാസ്കോ ഡ ഗാമ കാലുകുത്തിയ ചരിത്രപ്രസിദ്ധമായ കാപ്പാട് ബീച്ചിലേക്ക് തിരിക്കാം. ബ്ലൂ ഫ്ലാഗ് പദവിയുള്ള ഈ വൃത്തിയുള്ള തീരത്തൂടെ തിരമാലളകളോടൊപ്പം ഒരു വെറും നടത്തം. കടലിലേക്ക് അഭിമുഖമായി നിൽക്കുന്ന പാറക്കെട്ടിന് മുകളിലെ 800 വർഷം പഴക്കമുള്ള ക്ഷേത്രവും കാണാം.
അവിടെനിന്ന് നഗരത്തിലേക്ക് മടങ്ങി, കോഴിക്കോടിന്റെ പഴമ തുടിക്കുന്ന കുറ്റിച്ചിറയിലെ പ്രശസ്തമായ മിഷ്കാൽ പള്ളി കാണാം. നാല് നിലകളിൽ, തടികൊണ്ട് നിർമ്മിച്ച ഇതിന്റെ വാസ്തുവിദ്യ വേറിട്ടൊരു അനുഭവമാണ്.

അടുത്ത സ്റ്റോപ്പ് കോഴിക്കോടിന്റെ നെഞ്ചിടിപ്പായ മിഠായി തെരുവാണ് (SM Street). വർണ്ണാഭമായ ഹൽവക്കടകൾക്കിടയിലൂടെ നടക്കുമ്പോൾ, വേറിട്ട രുചിയുള്ള ‘ഗ്രീൻ ചില്ലി ഹൽവ’ കൂടി ട്രൈ ചെയ്തു നോക്കണം. മിഠായി തെരുവിൽ നിന്ന് തൊട്ടടുത്തുള്ള ‘റഹ്മത്ത് ഹോട്ടലിലെ’ പ്രശസ്തമായ ബീഫ് ബിരിയാണിയാണ് ഉച്ചയൂണിന് ബെസ്റ്റ്.

വൈകുന്നേരം കടൽക്കാറ്റേറ്റ് കോഴിക്കോട് ബീച്ചിൽ ചെലവഴിക്കാം. യാത്ര അവസാനിപ്പിക്കുന്നതിന് മുൻപ്, ബീച്ച് റോഡിലുള്ള ഷെഫ് പിള്ളയുടെ ‘ആസ്പിൻ കോർട്യാർഡിൽ’ നിന്ന് ‘ഫിഷ് നിർവാണ’ പോലെയുള്ള കണ്ടമ്പററി സീഫുഡ് വിഭവങ്ങളോടെ ഈ രണ്ടു ദിവസത്തെ യാത്ര മനോഹരമായി പൂർത്തിയാക്കാം

പതിവ് റൂട്ടുകളിൽ നിന്ന് മാറി, രുചിയും കാഴ്ചകളും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ കേരളത്തിലെ സ്ഥലങ്ങളുടേ (touriist places in kerala) ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ചൊരു Weekend Getaway ആണിത്.

വയനാട് — മഞ്ഞും കാടും തേടിയൊരു യാത്ര.

കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നുമൊക്കെ വളരെ എളുപ്പത്തിൽ പ്ലാൻ ചെയ്യാൻ പറ്റിയ, മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു ദ്വിദിന യാത്ര കേരളത്തിലെ വിനോദ സഞ്ചാര (Kerala tourist places) കേന്ദ്രങ്ങളിൽ എങ്ങോട്ട് പോകും. വയനാട് അല്ലാതെ വേറെ ഏതു സ്ഥലമാണ് മനസ്സിലേക്ക് വരുന്നത്.

DAY 1

താമരശ്ശേരി ചുരം, എൻ ഊര്, പൂക്കോട് & ബാണാസുര സാഗർ

താമരശ്ശേരി ചുരത്തിന്റെ ഹെയർപിൻ വളവുകളും താഴ്‌വരയിൽ കോടമഞ്ഞിറങ്ങുന്ന കാഴ്ചകളും കണ്ടുകൊണ്ട് ലക്കിടി വ്യൂ പോയിന്റിൽ നിന്ന് യാത്ര തുടങ്ങാം. അവിടെനിന്ന് വെറും 10 മിനിറ്റ് യാത്ര ചെയ്താൽ വൈത്തിരിയിലെ ‘എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തിലെത്തും. (വലിയ തിരക്കും ഷട്ടിൽ ബസ് ക്യൂവും ഒഴിവാക്കാൻ രാവിലെ 10 മണിക്ക് മുൻപ് എത്തുന്നതാണ് നല്ലത്). വയനാടൻ ഗോത്ര പൈതൃകവും പരമ്പരാഗത ഗോത്രവർഗ്ഗ ഉൽപ്പന്നങ്ങളും കണ്ടറിയാൻ പറ്റിയ ഒരിടമാണിത്.
അടുത്ത സ്റ്റോപ്പ് മരങ്ങളാൽ ചുറ്റപ്പെട്ട പൂക്കോട് തടാകമാണ്. തടാകക്കരയിൽ കുറച്ചു സമയം ചെലവഴിച്ച ശേഷം, ഇന്ത്യയിലെ ഏറ്റവും വലിയ മൺ അണക്കെട്ടായ ‘ബാണാസുര സാഗർ ഡാമിലേക്ക്’ തിരിക്കാം. ബാണാസുര കുന്നുകളുടെ പശ്ചാത്തലത്തിൽ തടാകത്തിലൂടെയുള്ള സ്പീഡ് ബോട്ടിംഗ് വേറിട്ടൊരു അനുഭവ മാണ്.
വൈകുന്നേരത്തോടെ മാനന്തവാടിയിലെത്തി രാത്രി താമസം അവിടെയാക്കാം.

DAY 2

തോൽപ്പെട്ടി സഫാരി, തിരുനെല്ലി & കുറുവാദ്വീപ്.

രണ്ടാം ദിവസം രാവിലെ തന്നെ തുടങ്ങണം. 6 മണിയോടെ തോൽപ്പെട്ടി വന്യജീവി സങ്കേത (Tholpetty Wildlife Sanctuary)ത്തിലെത്തിയാൽ അതിരാവിലെയുള്ള ജീപ്പ് സഫാരിയിൽ കാട് കണ്ട് തുടങ്ങാം. രാവിലെ ആയതിനാൽ ആനകളെയും കാട്ടുപോത്തുകളെയും കാണാനുള്ള സാധ്യത കൂടും. മാനും മയിലും മറ്റു പക്ഷികളെയും ഉറപ്പായും കാണാൻ കഴിയും. രാവിലെ യുള്ള സഫാരിയിലാണ് sighting നു സാധ്യത കൂടുതൽ (വൈകുന്നേരവും ജീപ്പ് സഫാരി യുണ്ട്). കാടിറങ്ങിയാൽ പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിലേക്കാണ് പോകേണ്ടത്. ക്ഷേത്രത്തിൽ കയറുന്നതിന് മുൻപ് തിരുനെല്ലിയിലെ ‘കുട്ടേട്ടന്റെ ഉണ്ണിയപ്പക്കടയിൽ’ നിന്നാവാം പ്രഭാതഭക്ഷണം. അപ്പോൾ തന്നെ ചുട്ടെടുക്കുന്ന നാവിൽ വച്ചാൽ അലിഞ്ഞിറങ്ങുന്ന ഇവിടുത്തെ ഉണ്ണിയപ്പവും കൂട്ടത്തിലൊരു ചൂട് ചായയും ഈ യാത്രയിൽ ഒരിക്കലും മിസ്സ് ചെയ്യരുത്.
ഉച്ചയ്ക്ക് ശേഷം കബനി നദിയുടെ കൈവഴികളാൽ ചുറ്റപ്പെട്ട കുറുവാദ്വീപിലേക്ക് (Kuruvadweep) പോകാം. കബനിയിലൂടെയുള്ള മുളംചങ്ങാട സവാരിയും പച്ചപ്പു നിറഞ്ഞ ദ്വീപുകളിലൂടെയുള്ള നടത്തവും മനസ്സിന് വലിയൊരു ഉന്മേഷം തരും (ശ്രദ്ധിക്കുക: കടുപ്പമേറിയ മഴക്കാലത്ത് ഇവിടെ പ്രവേശനം ഉണ്ടാകാറില്ല).

കണ്ണൂർ വഴി വരുന്നവർക്കുള്ള റൂട്ട് നിർദ്ദേശം:
കണ്ണൂരിൽ നിന്ന് ബോയ്സ് ടൗൺ ചുരം വഴി വരുന്നവരാണെങ്കിൽ ഈ പ്ലാൻ ഒന്ന് റിവേഴ്സ് ചെയ്യാം: ഒന്നാം ദിവസം രാവിലെ തോൽപ്പെട്ടി സഫാരിയും തിരുനെല്ലിയും കണ്ട് മാനന്തവാടിയിൽ തങ്ങുക. രണ്ടാം ദിവസം ബാണാസുര, പൂക്കോട്, എൻ ഊര്, ലക്കിടി വഴി യാത്ര അവസാനിപ്പിക്കാം.

ഒരു രണ്ടു ദിവസം കുടുംബത്തോടൊപ്പം കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ(Tourist places in Kerala) യാത്ര പോകാൻ ഈ Trip plan നല്ലൊരു option ആണ്.

7.പൊൻമുടി & വർക്കല — മഴ നനയാൻ,കോടമഞ്ഞു കാണാൻ,കടലും കാണാം.

ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ ആണെന്നാണല്ലോ പറയാറ്.
കോടമഞ്ഞും തണുപ്പും പരസ്പരം കൂട്ടിമുട്ടിയാൽ തന്നെ അറിയാത്തത്ര മഞ്ഞിലൂടെ ഒരു ദിവസം.പിറ്റേ ദിവസം കടലും ആകാശവും ചുംബിച്ചു നിൽക്കുന്ന കടൽ തീരത്തൊന്നു കറങ്ങി ഒരല്പം സർഫിഗ്. രുചിക്കാൻ ഇസ്രായേൽ ഇറ്റാലിയൻ മുതൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ വരെ.
ഒരു യാത്ര വ്യത്യാസതമാകാൻ ഇതിൽ കൂടുതൽ എന്തുവേണം.
കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ (tourist places in Kerala) ചുരുങ്ങിയ സമയം കൊണ്ട് ആസ്വദിക്കാൻ പറ്റിയ റൂട്ടാണിത്.

DAY 1 : പൊൻമുടിയുടെ മഞ്ഞു തേടി…

തിരുവനന്തപുരത്തു നിന്ന് കുറച്ചു രാവിലെ തന്നെ യാത്ര തിരിച്ചാൽ 22 ഹെയർപിൻ വളവുകൾ കയറി വേണം പൊൻമുടി (Ponmudi) മുകളിലെത്താൻ. ഓരോ വളവു കഴിയുമ്പോഴും കാടിന്റെ കാഴ്ചകൾക്കു കട്ടിയേറുന്നു. പച്ചപുതച്ചു നിൽക്കുന്ന വൻമരങ്ങൾ. തുള്ളിച്ചിതറിയൊഴുകുന്ന അരുവിയുടെ സംഗീതം. വനത്തിനുള്ളിലൂടെ മറ്റേതോ ലോകത്തേക്കു സഞ്ചരിക്കുന്ന പ്രതീതി. കാഴ്ചകൾ മനസ്സിലൊതുക്കി
മലയിറങ്ങുമ്പോൾ കല്ലാറിനടുത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ഒന്നു കയറാം. മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള കാൽനട യാത്ര തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്. വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വഴിയുടെ ഒരു വശത്ത് കല്ലാർ നദി മറുവശത്ത് ഇടതൂർന്ന വനവും. പാറക്കെട്ടുകളുള്ള നദീതടവും തണുത്ത വെള്ളവുമാണ് സഞ്ചാരികളെ വരവേൽക്കുന്നത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കാൻ അനുയോജ്യമായ ഇടമാണിത്. ട്രെക്കിംഗും പക്ഷിനിരീക്ഷണവും താത്പ്പര്യമുള്ളവർക്കും കല്ലാർ ഒഴിവാക്കാനാവില്ല .(മഴക്കാലത്ത് പുഴയിലിറങ്ങുന്നതിന് മുൻപ് ഫോറസ്റ്റ് ഗാർഡുമാരോട് നീരൊഴുക്കിനെക്കുറിച്ച് ചോദിച്ചറിയാൻ ശ്രദ്ധിക്കുക). കല്ലാറിലെ തെളിനീരിൽ മുങ്ങി നിവർന്നു ഒന്നിറങ്ങി ഉന്മേഷം വീണ്ടെടുത്ത ശേഷം നേരെ വർക്കലയിലേക്ക്. 2 മണിക്കൂർ യാത്രയ്‌ക്കൊടുവിൽ വർക്കലയിലെത്തും. വർക്കല ക്ലിഫിന് മുകളിലുള്ള ഏതെങ്കിലും റിസോർട്ടിൽ മുറിയെടുത്ത് വിശ്രമിക്കാം.

DAY 2

ഇടവ-കാപ്പിൽ കായലും അഞ്ചുതെങ്ങ് കോട്ടയും വർക്കല ക്ലിഫും

രണ്ടാം ദിവസം രാവിലെ തന്നെ ഇടവ-കാപ്പിൽ കായലോര ബീച്ചിലെത്തണം. ഒരു വശത്തു അറബിക്കടലും മറുവശത്തു കായലും ഉള്ള ഇവിടെ രാവിലെ തന്നെ കയാക്കിംഗോ സ്റ്റാൻഡ്-അപ്പ് പാഡിലിംഗോ ട്രൈ ചെയ്യാം.
ശേഷം വർക്കല ക്ലിഫിലേക്ക് മടങ്ങിയെത്തി ഫ്രഷ് ഫ്രൂട്ട് ബൗളും കോഫിയും കഴിച്ചുകൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ്. ഉച്ചയോടെ ബ്രിട്ടീഷ് കാർ പണിത അഞ്ചുതെങ്ങ് (Anjengo) കോട്ട.. 17-ാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ച ഈ കോട്ടയും, തൊട്ടടുത്തുള്ള ലൈറ്റ്‌ഹൗസും സന്ദർശിക്കാം. ലൈറ്റ്‌ഹൗസിന് മുകളിൽ കയറിയാൽ തെങ്ങിൻതോപ്പുകൾ നിറഞ്ഞ തീരദേശത്തിന്റെ മനോഹരമായ പനോരമിക് കാഴ്ച കാണാം.
വൈകുന്നേരത്തോടെ വർക്കല നോർത്ത് ക്ലിഫിലേക്ക് തിരിച്ചെത്തി സുവനീർ ഷോപ്പുകൾ സന്ദർശിക്കാം. അസ്തമയസൂര്യൻ കടലിലേക്ക് താഴുമ്പോൾ, ക്ലിഫിലെ കഫേകളിൽ തെളിയുന്ന വിളക്കുകളുടെ വെളിച്ചത്തിൽ, ലൈവ് സീഫുഡും ആസ്വദിച്ച് ഈ 2-ഡേ വിക്കെൻഡ് ട്രിപ്പ് മനോഹരമായി അവസാനിപ്പിക്കാം. കേരളത്തിൽ പെട്ടെന്നൊരു യാത്ര ക്ക് പറ്റിയ കേരളത്തിലെ വിനോദ സഞ്ചാര (tourist places in kerala) കേന്ദ്രം അന്വേഷിക്കുന്നവർക്ക് ർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും ഈ പൊൻമുടി – വർക്കല (Ponmudi Varkala) റൂട്ട്.

2 – DAY കേരള ട്രിപ്പ്

ചെറിയൊരു വാരാന്ത്യ ട്രിപ്പ്‌…. മനസ്സിൽ കുറിച്ചിടാൻ പോന്ന മനോഹരമായ ഓർമ്മകളാക്കി മാറ്റാൻ കഴിയുന്ന കേരളത്തിലെ ഈ 7 സ്ഥലങ്ങൾ. കാഴ്ചകളുടെ ബാഹുല്യം കൊണ്ട് യാത്രകളെ മടുപ്പിക്കാതെ; പ്രകൃതിയും കാടും വന്യജീവി അനുഭവങ്ങളും നാടൻ രുചികളും സംസ്കാരവുമെല്ലാം പാകത്തിന് ചേർത്തുവെച്ച രണ്ടു ദിവസങ്ങൾ. നിങ്ങളെ തികച്ചും റിഫ്രഷ് ചെയ്യാൻ പ്രാപ്തമാണ്.

By Travel Desk
By Travel Desk
Articles: 156

2 Comments

  1. […] യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ വീക്കെൻഡ് അടിച്ചുപൊളിക്കാൻ 7 Tourist Places in Ker…എന്ന ഞങ്ങളുടെ പ്രത്യേക ഗൈഡ് […]

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു