മൂന്നാർ നീലക്കുറിഞ്ഞി. Chokramudi covered in Neelakurinji Munnar flowers during the 2026 Munnar bloom

കോടമഞ്ഞിൽ മുങ്ങി മൂന്നാർ നീലക്കുറിഞ്ഞി വസന്തം.

പച്ച പുതച്ച തേയിലക്കുന്നുകളിലൂടെ കോടമഞ്ഞു ഒഴുകിയിറങ്ങുന്നതും കണ്ടു കൊണ്ട് വണ്ടി ഓടിക്കണമെങ്കിൽ അതിന് മലയാളിക്ക് പോകാൻ ഒരിടമേയൊള്ളൂ.
മൂന്നാർ.
ഇനി മൂന്നാർ യാത്രക്ക് (Munnar Trip) മറ്റൊരു കാരണം കൂടിയുണ്ട്.
മൂന്നാർ നീലക്കുറിഞ്ഞി (Neelakurinji Munnar). അതെ മൂന്നാറിൽ കുറിഞ്ഞിക്കാലമാണിപ്പോൾ. കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഇവിടുത്തെ മലഞ്ചെരിവുകളെ നീലയും പർപ്പിളും പുതപ്പിച്ചിരിക്കുകയാണീ കുറിഞ്ഞിപ്പൂക്കൾ. അതിരാവിലെ തന്നെ നല്ല തിരക്കാണ് കുറിഞ്ഞി പൂത്തയിടങ്ങളിലെല്ലാം.
​പ്രധാന പാതകളിൽ നിന്ന് മാറി, അല്പം നടന്നു കയറേണ്ടി വരുന്ന മലഞ്ചെരിവുകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മഴയും മഞ്ഞും മാറിമറിയുന്ന ഹൈറേഞ്ച് കാലാവസ്ഥയിൽ യാത്ര കൂടുതൽ എളുപ്പമാക്കാൻ സന്ദർശന സമയം, എൻട്രി ഫീ, ട്രെക്കിംഗ് റൂട്ടുകൾ എന്നിവ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തയിടങ്ങൾ.

മൂന്നാർ നീലക്കുറിഞ്ഞികൾ മലനിരകളെ വർണ്ണാഭമാക്കിയിട്ടുണ്ടെങ്കിലും. രാജമലയിലെ സാധാരണ യുള്ള കുറിഞ്ഞിക്കാലം പോലെ എല്ലാ മലനിരകളിലും ഒരുപോലെ പൂക്കൾ വിരിഞ്ഞിട്ടില്ല. കുറച്ചു നടന്നു വേണം ഈ കാഴ്ച പൂർണ്ണമായി ആസ്വദിക്കാൻ.നിലവിൽ രണ്ട് പ്രധാന കേന്ദ്രങ്ങളിലാണ് നീലക്കുറിഞ്ഞി ശക്തമായി പൂത്തുലഞ്ഞിരിക്കുന്നത്:

  1. ചൊക്രമുടി (Chokramudi).
  2. മാട്ടുപ്പെട്ടി – കൊരണ്ടക്കാട്. (Mattupetty & Korandakkad hills):

ഈ സ്ഥലങ്ങൾ കൂടാതെ മാട്ടുപ്പെട്ടി, നല്ലതണ്ണി, ചിന്നക്കനാൽ പ്രദേശങ്ങളിലും മൂന്നാർ ടൗണിന് സമീപവും ഒറ്റപ്പെട്ട രീതിയിൽ പൂക്കൾ കാണാമെങ്കിലും, കുന്നുകൾ നിറഞ്ഞു നീലക്കുറിഞ്ഞികൾ പൂത്തു നിൽക്കുന്നത് കാണാൻ ചൊക്രമുടിയോ കൊരണ്ടക്കാടോ തന്നെ വരണം

1.നീലക്കടലായി ചോക്രമുടി; കുറിഞ്ഞിക്കാല കാഴ്ചകൾ.

2026-ലെ കുറിഞ്ഞിക്കാലം അതിന്റെ പൂർണ്ണ ഭംഗിയോടെ ആസ്വദിക്കാൻ ഏറ്റവും പറ്റിയ ഇടം ചൊക്രമുടി തന്നെയാണ്. ഈ മലനിരകളെയാകെ ഇപ്പോൾ നീലയും വയലറ്റും കലർന്ന കുറിഞ്ഞിപ്പൂക്കൾ കൊണ്ട് മൂടിക്കഴിഞ്ഞു. എന്നാൽ ഈ കാഴ്ചയ്ക്കമപ്പുറം ചോക്രമുടി കാത്തുവെച്ചിരിക്കുന്നത് ഒരു അനുഭവമാണ്. മലഞ്ചരിവിലൂടെയുള്ള ചെറു ട്രെക്കിങ്ങും കോടമഞ്ഞും, കുളിർക്കാറ്റും, മലനിരകളുടെ വശ്യഭംഗിയുമെല്ലാം ഈ യാത്രയെ ഒരിക്കലും മറക്കാനാവാത്ത ഒരു സുന്ദര ഓർമ്മയാക്കി മാറ്റും തീർച്ച.

കോടമഞ്ഞും കുറിഞ്ഞിപ്പൂക്കളും; ചൊക്രമുടി കാത്തുവെച്ചിരിക്കുന്ന കുറിഞ്ഞിയാത്ര.

യഥാർത്ഥത്തിൽ കുറിഞ്ഞിപ്പൂ കാഴ്ച്ചകളുടെ വിസ്മയം തുടങ്ങുന്നത് ആ ടാർ റോഡു വിട്ട് കാട്ടുപാതയിലേക്ക് കാൽവെക്കുമ്പോഴേ തുടങ്ങും. മലകയറി തുടങ്ങുന്നതോടെ കാടും മലയും നമുക്കായി വഴിമാറുന്നു. തണുത്ത കോടമഞ്ഞ് നമ്മെ വന്നു പൊതിയും. ആ മഞ്ഞൊഴിയുമ്പോൾ ചുറ്റും വശ്യമായ ആ നീലക്കുറിഞ്ഞിക്കൂട്ടങ്ങൾ മിഴിതുറക്കുന്നത്.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ

മറ്റ് പൂക്കളിൽ നിന്ന് നീലക്കുറിഞ്ഞിയെ ഇത്രമാത്രം പ്രിയപ്പെട്ടതാക്കുന്നത് ഏതാണ്ട് പന്ത്രണ്ട് വർഷം നീളുന്ന ആ കാത്തിരിപ്പു തന്നെയാണ്.ചൊക്രമുടിയിലെ കുറിഞ്ഞിച്ചെടികൾ ഇതിനുമുമ്പ് കൂട്ടത്തോടെ പൂത്തത് 2014-ലായിരുന്നു. അതുകൊണ്ടുതന്നെ, നീണ്ട കാത്തിരിപ്പിനൊടുവിൽ 2026-ൽ വീണ്ടുമെത്തിയിരിക്കുന്ന ഈ വസന്തം സഞ്ചാരികൾക്ക് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സുവർണ്ണാവസരമാണ്.
എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ചോക്രമുടിയിലെ കുറിഞ്ഞികളുടെ ഈ പൂക്കാല ചക്രം ലോകപ്രശസ്തമായ ഇരവികുളം ദേശീയോദ്യാനത്തിലെ കുറിഞ്ഞികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇരവികുളത്ത് അവസാനമായി കുറിഞ്ഞി വിരിഞ്ഞത് 2018-ലായിരുന്നു. അവിടെ ഇനി അടുത്തൊരു കുറിഞ്ഞിക്കാലം കാണണമെങ്കിൽ 2030 വരെ കാത്തിരിക്കണം. അതുകൊണ്ട് തന്നെ ഈ 2026-ൽ മൂന്നാറിലെത്തുന്നവർ ചോക്രമുടിയിലെ ഈ നീലവസന്തം കാണാതെ മടങ്ങരുത്.

ചൊക്രമുടി മലനിരകളിലെ ട്രെക്കിങ് പാത.

ചോക്രമുടിയിലെ നീലക്കുറിഞ്ഞി വസന്തം കാണാൻ ചോക്രമുടിയുടെ മുകളിൽ വരെ പോകേണ്ടതില്ല. ചൊക്രമുടിയിലേക്കുള്ള ട്രെക്കിങ് പാതയിൽ തന്നെയാണ് നീലക്കുറിഞ്ഞികൾ പൂത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ മലകയറ്റം തന്നെയാണ് ഈ യാത്രയിലെ ഏറ്റവും നല്ല experience. നീറയെ പൂത്തു നിൽക്കുന്ന നീലകുറിഞ്ഞികൾക്കിടയിലൂടെയാണ് ഈ ട്രെക്കിങ് പാത കടന്നുപോകുന്നത്. മിനിറ്റുകൾക്കുള്ളിൽ കാഴ്ച്ചകളെ മറച്ചുകളയുന്ന മനോഹരമായ കോടമഞ്ഞാണ് ചൊക്രമുടിയുടെ മറ്റൊരു പ്രത്യേകത. മുകളിലേക്ക് കയറുംതോറും മലഞ്ചരിവുകളിൽ നീലക്കുറിഞ്ഞിയുടെ ആദ്യ കൂട്ടങ്ങൾ കണ്ടു തുടങ്ങും മുന്നോട്ടു പോകുന്തോറും മലഞ്ചരിവുകളാകെ നീലയും വയലറ്റും പൂക്കളാൽ നിറയും. മൂന്ന് മണിക്കൂർ വരെ നീളുന്ന ഈ ട്രെക്കിങ് കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കും.

യാത്രയെ പ്രണയമാക്കുന്ന മലമുകളിലെ കാഴ്ചകൾ.

സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 2,195 മീറ്റർ ഉയരത്തിലാണ് ചോക്രമുടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നുള്ള പശ്ചിമഘട്ട മലനിരകളുടെ കാഴ്ച വാക്കുകൾക്ക് അതീതമാണ്. രാവിലെ കോടമഞ്ഞില്ലെങ്കിൽ തട്ടുകളായി കിടക്കുന്ന പച്ചപ്പുനിറഞ്ഞ പർവതനിരകൾ നമുക്ക് ഇവിടെ നിന്നും കാണാം. ഈ പ്രകൃതിഭംഗിക്ക് പശ്ചാത്തലമൊരുക്കി കൺമുന്നിൽ നീലയും വയലറ്റും നിറങ്ങളിൽ കുറിഞ്ഞിപ്പൂക്കൾ കൂടി വിരിഞ്ഞുനിൽക്കുമ്പോൾ, അത് മൂന്നാറിന്റെ മാത്രം സ്വന്തമായ ഒരു സുന്ദര ചിത്രമായി മാറുന്നു.

കരുതലോടെ വേണം ഈ പ്രകൃതിവിസ്മയം ആസ്വദിക്കാൻ.

ചോക്രമുടിയിലെത്തി, ഈ നീലവസന്തം കാണുമ്പോൾ ഒന്ന് തൊട്ടുനോക്കാനും പറിച്ചെടുക്കാനുമുള്ള ആഗ്രഹം ആർക്കും തോന്നാം. ഈ ചെടികളെയോ പൂക്കളെയോ യാതൊരു കാരണവശാലും തൊടാൻ ശ്രമിക്കരുത്. നീലക്കുറിഞ്ഞി ചെടികൾ പിഴുതെടുക്കുന്നതോ, കേടുപാടുകൾ വരുത്തുന്നതോ, ചവിട്ടി നശിപ്പിക്കുകയോ ചെയ്‌താൽ വനംവകുപ്പ് കനത്ത പിഴ ഇടാക്കും. വനംവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ട്രെക്കിങ് പാതകളിലൂടെ മാത്രം സഞ്ചരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.പശ്ചിമഘട്ട മല നിരകളുടെ സവിശേഷവും ലോലവുമായ ഒരു പരിസ്ഥിതിയിലാണ് ഈ വസന്തം വിരിയുന്നത്. പൂക്കൾ പറിച്ചെടുക്കാതെ തന്നെ ഫോട്ടോകളും റീലുകളും പകർത്തണം. ഓർമ്മകളും ചിത്രങ്ങളും മാത്രം തിരികെ ക്കൊണ്ട് പോരുക പൂക്കൾ അവിടെത്തന്നെ ഇനി വരുന്നവരുടെ കാഴ്ചകൾക്കായി അവിടെ ത്തന്നെ നിർത്തുക.

ചൊക്രമുടി ട്രാവൽ ഗൈഡ്:

ചൊക്രമുടിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ പ്രവേശന സമയം, ടിക്കറ്റ് വിവരങ്ങൾ, ട്രെക്കിംഗ് രീതി എന്നിവ മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് യാത്രയുടെ കൃത്യമായ പ്ലാനിങ്ങിന് സഹായിക്കും. യാത്ര തിരിക്കും മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.

മൂന്നാർ നീലക്കുറിഞ്ഞി: ചോക്ക്രാമുടി യാത്രാ വിവരങ്ങൾ, ദൂരം, നടപ്പാത, പ്രവേശന ഫീസ്, സമയക്രമം

എവിടെയാണ് ചൊക്രമുടി?.

മൂന്നാർ ടൗണിൽ നിന്ന് ഏകദേശം 13 മുതൽ 18 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് 7,200 അടിയോളം ഉയരത്തിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. ദേവികുളം, ബൈസൺ വാലി, ചിന്നക്കനാൽ എന്നീ പ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ഈ മലനിരകളിൽ നിന്ന് നോക്കിയാൽ മൂന്നാറിന്റെ പർവ്വതനിരകളുടെ വിശാലമായ ദൃശ്യം കാണാം. 2026-ലെ മൂന്നാർ നീലക്കുറിഞ്ഞി വസന്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷൻ ചൊക്രമുടിയാണ്.

മൂന്നാറിൽ നിന്ന് ചൊക്രമുടിയിലേക്ക് എങ്ങനെ എത്തിച്ചേരാം?

മൂന്നാർ ടൗണിൽ നിന്ന് ദേവികുളം വഴി ചിന്നക്കനാൽ റോഡിലേക്ക് വരിക. മൂന്നാർ–കുമിളി ഹൈവേയിലെ പ്രശസ്തമായ ഗ്യാപ്പ് റോഡിന് സമീപത്തുനിന്നാണ് ചൊക്രമുടിയിലേക്കുള്ള വഴി ആരംഭിക്കുന്നത്. KSRTC ബസുകളിലോ, സ്വകാര്യ ജീപ്പുകളിലോ, ടാക്സിയിലോ ഇവിടെയെത്താം. കുറിഞ്ഞിക്കാലത്തോടനുബന്ധിച്ച് KSRTC പ്രത്യേക ബസ് സർവ്വീസുകളും നടത്തുന്നുണ്ട്. ടാക്സിയോ ജീപ്പോ ആണെങ്കിൽ യാത്ര കുറച്ചു കൂടി സൗകര്യമായിരിക്കും. എൻട്രി പോയിന്റിൽ നിന്ന് കാൽനടയായി വേണം കുറിഞ്ഞി പൂത്തുനിൽക്കുന്ന പ്രദേശത്തേക്ക് പോകാൻ.

ട്രെക്കിംഗിന് എത്ര സമയമെടുക്കും?

ഗ്യാപ്പ് റോഡിന് സമീപമുള്ള ‘ചൊക്രമുടി ബൈസൺ വാലി ട്രെയിൽ’ ടിക്കറ്റ് കൗണ്ടറിൽ നിന്നാണ് കുറിഞ്ഞി യാത്ര ആരംഭിക്കുന്നത്

  • കുറിഞ്ഞി ഷോർട് ട്രെയിൽ : കൗണ്ടറിൽ നിന്ന് നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന പ്രധാന ഭാഗത്തേക്ക് ഏകദേശം 1.5 കിലോമീറ്റർ ദൂരമുണ്ട്. മിതമായ കയറ്റവും പാറക്കെട്ടുകളും നിറഞ്ഞ ഈ വഴിയിലൂടെ നടക്കാൻ 30 മുതൽ 45 മിനിറ്റ് വരെ സമയമെടുക്കും.
  • ചൊക്രമുടി പീക്ക് ട്രെക്കിംഗ്: കൂടുതൽ സാഹസികത ആഗ്രഹിക്കുന്നവർക്ക് ചൊക്രമുടി കൊടുമുടിയുടെ മുകളിലേക്ക് യാത്ര തുടരാം. കഠിനമായ കയറ്റമുള്ള ഈ പാത വഴി മുകളിലെത്താൻ മണിക്കൂറുകൾ എടുക്കും.
    കുട്ടികളോടൊപ്പം എത്തുന്നവർക്കും സാധാരണ സഞ്ചാരികൾക്കും 1.5 കിലോമീറ്ററിന്റെ ചെറിയ പാത തിരഞ്ഞെടുത്ത് നീലക്കുറിഞ്ഞി കണ്ടുമടങ്ങാവുന്നതാണ്.

പ്രവേശന സമയവും ടിക്കറ്റ് നിരക്കുകളും.

വനപാലകരുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തെ നിലവിലെ നിരക്കുകൾ താഴെ നൽകുന്നു:

  • പ്രവേശന സമയം: രാവിലെ 07:00 AM മുതൽ വൈകിട്ട് 04:00 PM വരെ.

എൻട്രി ഫീ:

  • മുതിർന്നവർ (18 വയസ്സിന് മുകളിൽ): ₹200.
  • കുട്ടികൾ (10 മുതൽ 18 വയസ്സ് വരെ): ₹100.
  • ക്യാമറ ഫീ: സ്റ്റിൽ ക്യാമറ: ₹50.
  • വീഡിയോ ക്യാമറ: ₹100.

(കേരള വനംവകുപ്പിന്റെ നിർദ്ദേശാനുസരണം നിരക്കുകളിൽ മാറ്റം വരാം)

ചൊക്രമുടി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം?

രാവിലെ 7 മണിക്ക് കൗണ്ടർ തുറക്കുമ്പോൾ തന്നെ എത്തുന്നതാണ് ഏറ്റവും അനുയോജ്യം. വെയിൽ കടുക്കുന്നതിന് മുൻപു രാവിലത്തെ തണുപ്പത്തു യാത്ര കൂടുതൽ എളുപ്പമാക്കും. രാവിലെത്തെ കോട മഞ്ഞിൽ പൂത്തുനിൽക്കുന്ന കുറിഞ്ഞികളുടെ ഇടയിലുള്ള ഫോട്ടോകൾക്കു പറ്റിയ സമയമാണ്. മൂന്നാർ നീലക്കുറിഞ്ഞി അതിന്റെ പരമാവധിയിലായതിനാൽ നിറയെ പൂക്കളു മായി നില്കുന്ന കുറിഞ്ഞികൾ മികച്ച കാഴ്ച അനുഭവമായിരിക്കും.

ചൊക്രമുടി യാത്ര എല്ലാവർക്കും അനുയോജ്യമാണോ?

മലഞ്ചരിവുകളിലൂടെയും ചെറിയ പാറക്കെട്ടുകളിലൂടെയും അല്പം നടക്കാൻ സാധിക്കുന്ന ഏതൊരാൾക്കും ഈ ചെറിയ ട്രെക്കിങ് പറ്റും. ഇത് കോൺക്രീറ്റ് ചെയ്ത സാധാരണ നടപ്പാതയല്ല, മറിച്ച് സ്വാഭാവികമായ മലഞ്ചെരിവാണ്. അല്പം കയറ്റമുള്ള 1.5 കിലോമീറ്റർ പാതയിലൂടെ 30-45 മിനിറ്റ് നടക്കാൻ ബുദ്ധിമുട്ടില്ലാത്തവർക്ക് ധൈര്യമായി ഇങ്ങോട്ട് വരാം. എന്നാൽ കുത്തനെയുള്ള നടപ്പാതകളിൽ നടക്കാൻ പ്രയാസമുള്ളവർക്ക് ഈ വഴി അല്പം ബുദ്ധിമുട്ടായേക്കാം.

Ready to book your Chokramudi Neelakurinji experience? Book your tickets online through the official Kerala Forest Department portal →

2.കൊരണ്ടക്കാട്ടിലെ നീലക്കുറിഞ്ഞി പൂക്കൾ.

2026-ലെ മൂന്നാർ നീലക്കുറിഞ്ഞി വസന്ത കാലത്തിൽ കണ്ടിരിക്കേണ്ട മറ്റൊരു പ്രധാന ഇടമാണ് കൊരണ്ടക്കാട്. മൂന്നാർ ടൗണിൽ നിന്ന് മാട്ടുപ്പെട്ടി – ടോപ്പ് സ്റ്റേഷൻ പാതയിലൂടെ ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മനോഹരമായി വെട്ടിയൊതുക്കിയ തേയിലത്തോട്ടങ്ങളോട് തൊട്ടുചേർന്നുള്ള കുന്നിൻചെരിവുകളിലാണ് ഇവിടെ കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. ചൊക്രമുടിയിൽ നിന്ന് ഒരല്പം വ്യത്യസ്തമായ ഒരു ഭൂപ്രകൃതിയാണ് കൊരണ്ടക്കാടിന്റേത്.

കൊരണ്ടക്കാട് നൽകുന്ന കാഴ്ചാനുഭവം.

അത്രകണ്ടങ്ങുള്ള മലകയറ്റങ്ങളില്ലാതെ, പതിയെ നടന്ന് കുറിഞ്ഞിവസന്തം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണിത്. ഒരല്പം ചരിവുള്ള ചോക്രമുടിയിലെ വഴികൾക്ക് പകരം താരതമ്യേനെ ലഘുവാണ് ഇവിടുത്തെ നടത്തം. മുന്നോട്ട് നടക്കുമ്പോൾ, ഇരുവശത്തുമുള്ള പച്ച മൂടിയ തേയിലച്ചെടികൾക്കിടയിലൂടെ പർപ്പിൾ നിറത്തിലുള്ള കുറിഞ്ഞിക്കൂട്ടങ്ങൾ തെളിഞ്ഞുവരുന്നത് കാണാം. തെളിഞ്ഞ പ്രഭാതങ്ങളിൽ, ചുറ്റുമുള്ള കുന്നുകളെ തഴുകി നീങ്ങുന്ന മഞ്ഞും തേയിലക്കാടുകളും നീലക്കുറിഞ്ഞിയും ഒന്നിക്കുന്ന കാഴ്ച വേറിട്ടൊരു അനുഭവം തന്നെയാണ്. ഒരു ചെറു നടത്തമാണെങ്കിലും, തേയിലത്തോട്ടങ്ങളും നീലക്കുറിഞ്ഞിയും ചേരുന്ന ഈ ദൃശ്യഭംഗി മനസ്സിൽ എന്നും തങ്ങിനിൽക്കും.

കൊരണ്ടക്കാട് ട്രാവൽ ഗൈഡ്.

റോഡരികിൽ വണ്ടി നിർത്തി കാണാവുന്ന ഒന്നല്ല കൊരണ്ടക്കാടിലെ നീലക്കുറിഞ്ഞി വസന്തം. എൻട്രി പോയിന്റിലൂടെ പ്രവേശിച്ച്, പ്ലാന്റേഷൻ തോട്ടങ്ങൾക്കിടയിലൂടെ പൂത്തുനിൽക്കുന്ന മലഞ്ചെരിവുകളിലേക്ക് അല്പം നടക്കേണ്ടതുണ്ട്. കൊരണ്ടക്കാടിലേക്ക് എത്തുന്നതിനും അവിടുത്തെ കുറിഞ്ഞിപ്പൂക്കൾ കണ്ടുമടങ്ങുന്നതിനും സഹായകമായ വിവരങ്ങൾ താഴെ നൽകുന്നു.

മൂന്നാർ നീലക്കുറിഞ്ഞി: കൊരണ്ടക്കാട് യാത്രാ വിവരങ്ങൾ, നടപ്പുദൂരം, പ്രവേശന ഫീസ്, റോഡ്, സമയം

കൊരണ്ടക്കാട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

മൂന്നാർ ടൗണിൽ നിന്ന് മാട്ടുപ്പെട്ടി – ടോപ്പ് സ്റ്റേഷൻ പാതയിൽ ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ കൊരണ്ടക്കാട് എത്താം. ഹൈറേഞ്ച് സ്കൂളിന് സമീപമാണ് നീലക്കുറിഞ്ഞി കാണാനുള്ള പ്രധാന പ്രവേശന കവാടം. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷന്റെ (KDHP) അധീനതയിലുള്ള തോട്ടങ്ങളോട് ചേർന്നാണ് കുറിഞ്ഞി വിരിഞ്ഞുനിൽക്കുന്ന കുന്നുകളുള്ളത്.

കൊരണ്ടക്കാടേക്ക് എങ്ങനെ എത്തിച്ചേരാം?

മൂന്നാർ ടൗണിൽ നിന്ന് മാട്ടുപ്പെട്ടി റൂട്ടിൽ പ്രവേശിച്ച് ടോപ്പ് സ്റ്റേഷൻ ദിശയിലേക്ക് സഞ്ചരിക്കുക. കൊരണ്ടക്കാടിന്റെ എൻട്രി പോയിന്റ് ഹൈറേഞ്ച് സ്കൂളിന് സമീപത്താണ്. പ്ലാന്റേഷൻ ഭൂമിയിലൂടെയാണ് പ്രവേശനമെന്നതിനാൽ നിശ്ചിത അനുമതിയോടെ മാത്രമാണ് സഞ്ചാരികളെ കടത്തിവിടുന്നത്. കുറിഞ്ഞിക്കാലത്തെ തിരക്ക് അനുസരിച്ച് പ്രവേശന നിയമങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ മൂന്നാറിൽ നിന്ന് തിരിക്കും മുൻപ് പ്രാദേശിക നിർദ്ദേശങ്ങൾ ചോദിച്ചറിയുന്നത് നന്നായിരിക്കും.

വ്യൂ പോയിന്റിലേക്ക് എത്ര ദൂരം നടക്കണം?

എൻട്രി പോയിന്റിൽ നിന്ന് നീലക്കുറിഞ്ഞി പൂത്തുലഞ്ഞു നിൽക്കുന്ന പ്രധാന ഭാഗത്തേക്ക് ഏകദേശം 2 കിലോമീറ്റർ ദൂരമുണ്ട്.തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള ഈ കാൽനടയാത്ര സാധാരണക്കാർക്കും അനായാസം പൂർത്തിയാക്കാം. എങ്കിലും മഴ പെയ്താൽ ചില ഭാഗങ്ങളിൽ വഴികൾ വഴുക്കലുള്ളതാകാൻ സാധ്യതയുണ്ട്; അതിനാൽ നല്ല ഗ്രിപ്പുള്ള ഷൂസുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും.

പ്രവേശന സമയവും ടിക്കറ്റ് നിരക്കുകളും

ടിക്കറ്റ് നിരക്ക്:

  • മുതിർന്നവർക്ക്: ₹250.
  • കുട്ടികൾക്ക് (12 വയസ്സിന് താഴെ): ₹100.
  • 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യം.

പ്രവേശന സമയം:

കൊരണ്ടക്കാട് സന്ദർശനത്തിന് കൃത്യമായ സമയക്രമങ്ങൾ നിശ്ചയിച്ചിട്ടില്ലെങ്കിലും, പ്ലാന്റേഷൻ അധികൃതർ അനുവദിക്കുന്ന സമയത്ത് മാത്രമാണ് പ്രവേശനം ലഭിക്കുക. യാത്ര തിരിക്കും മുൻപ് അന്നത്തെ പ്രവേശന സമയം ഉറപ്പുവരുത്തുക.

സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

രാവിലെയുള്ള സമയങ്ങളിൽ കൊരണ്ടക്കാട് സന്ദർശിക്കുന്നതാണ് ഏറ്റവും അനുയോജ്യം. വെയിൽ കടുക്കുന്നതിന് മുൻപുള്ള പ്രഭാതത്തിലെ കുളിർകാറ്റിൽ 2 കിലോമീറ്റർ നടക്കുന്നത് യാത്ര കൂടുതൽ അനായാസമാക്കും. കൂടാതെ രാവിലെ തേയിലച്ചെടികളുടെ പച്ചപ്പിന് നടുവിൽ വിരിഞ്ഞുനിൽക്കുന്ന നീലക്കുറിഞ്ഞികളുടെ ഭംഗി ക്യാമറയിൽ പകർത്തുവാൻ സാധിക്കും.

കൊരണ്ടക്കാട് യാത്ര എല്ലാവർക്കും അനുയോജ്യമാണോ?.

തേയിലത്തോട്ടങ്ങളിലൂടെ ഏകദേശം 2 കിലോമീറ്റർ ദൂരം നടക്കാൻ ബുദ്ധിമുട്ടില്ലാത്ത ഏതൊരാൾക്കും ഈ യാത്ര തിരഞ്ഞെടുക്കാം. റോഡരികിൽ നിന്ന് പെട്ടെന്ന് കണ്ടു മടങ്ങാവുന്ന ഒരു വ്യൂപോയിന്റ് അല്ല ഇത്. അതിനാൽ പ്രായമായവരും ചെറിയ കുട്ടികളുമായി എത്തുന്നവർ 2 കിലോമീറ്ററോളം നടക്കേണ്ട കാര്യവും കുന്നിൻചെരിവുകളിലെ വഴികളും കണക്കിലെടുത്ത് യാത്ര പ്ലാൻ ചെയ്യുക.

ചൊക്രമുടിയും കൊരണ്ടക്കാടും: രണ്ട് ഇടങ്ങൾ, രണ്ട് അനുഭവങ്ങൾ.

2018 ഇൽ നീലക്കുറിഞ്ഞി കാണണമെങ്കിൽ രാജമല മാത്രമായിരുന്നെങ്കിൽ ഇന്ന് ചൊക്രമുടിയും കൊരണ്ടക്കാടുമായി രണ്ടിടങ്ങളിലാണ് ഇത്തവണ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്.
ചെറിയ പാറക്കെട്ടുകളും മലഞ്ചെരിവുകളും പശ്ചിമഘട്ടത്തിന്റെ വിശാലമായ ദൃശ്യങ്ങളുമാണ് ചൊക്രമുടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ മലഞ്ചരിവിലൂടെ നടന്നു കയറിയാൽ ഇവിടെ പൂക്കൾ കാണാം. എന്നാൽ കൊരണ്ടക്കാടാകട്ടെ, പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾക്കരികിലായാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. തേയിലച്ചെടികളുടെ പച്ചപ്പിന് നടുവിൽ പർപ്പിൾ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഈ പ്രദേശത്തേക്ക് ഏകദേശം 2 കിലോമീറ്റർ ദൂരം തോട്ടങ്ങളിലൂടെ നടക്കേണ്ടതുണ്ട്.
രണ്ടിടങ്ങളിലെയും നിയന്ത്രിക്കുന്നതും പ്രവേശന നിയമങ്ങളിലും വ്യത്യാസങ്ങളുണ്ട്. ചൊക്രമുടി പൂർണ്ണമായും കേരള വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ കൊരണ്ടക്കാടാകട്ടെ സന്ദർശനം കണ്ണൻ ദേവൻ പ്ലാന്റേഷൻ (KDHP) ഭൂമിയിലൂടെയുള്ള പ്രത്യേക അനുമതിയോടെയാണ് സാധ്യമാകുന്നത്. രണ്ടു പ്രദേശങ്ങളിലും കുറിഞ്ഞിപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ടെങ്കിലും, അവിടുത്തെ ഭൂപ്രകൃതിയും നടപ്പാതകളും നൽകുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ്.

മൂന്നാറിൽ നിന്ന് നീലക്കുറിഞ്ഞി പൂത്തയിടങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം?

മൂന്നാർ ടൗണിൽ എത്തിച്ചേർന്നതിനു ശേഷം ചൊക്രമുടിയിലേക്കോ കൊരണ്ടക്കാടേക്കോ പോകാൻ വിവിധ യാത്രാസൗകര്യങ്ങൾ ലഭ്യമാണ്. നിങ്ങളുടെ സൗകര്യത്തിനും സമയത്തിനും അനുസരിച്ച് ഇവ തിരഞ്ഞെടുക്കാവുന്നതാണ്.

  • ബൈക്കുകൾ (Rental Bikes): സ്വന്തം ഇഷ്ടാനുസരണം മൂന്നാർ ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്ക് ബൈക്ക് വാടകയ്‌ക്കെടുക്കുന്നതാണ് ഏറ്റവും പ്രായോഗികമായ മാർഗ്ഗം. മൂന്നാറിൽ ബൈക്ക്/സ്കൂട്ടർ വാടക സാധാരണയായി പ്രതിദിനം ₹800 മുതൽ ₹1,000 വരെയാണ്. ദേവികുളം – ചിന്നക്കനാൽ പാതയിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്; എന്നാൽ കൊരണ്ടക്കാടാകട്ടെ മാട്ടുപ്പെട്ടി – ടോപ്പ് സ്റ്റേഷൻ റൂട്ടിലുമാണ്.
  • ടാക്സികൾ: കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും മൂന്നാറിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ഒരുമിച്ച് കണ്ടുതീർക്കാനും ടാക്സി സർവ്വീസുകൾ ഉപകരിക്കും. ഒരു ദിവസത്തെ കാഴ്ചകൾക്കായി ₹2,000 മുതൽ ₹3,000 വരെയാണ് സാധാരണ ടാക്സി ചാർജ് വരുന്നത്.
  • KSRTC ബസുകൾ: മൂന്നാറിലെ പ്രധാന പൊതുഗതഗത മാർഗ്ഗം KSRTC ബസുകളാണ്. ടൗണിൽ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് കൃത്യമായ ബസ് സർവ്വീസുകളുണ്ട്. കൂടാതെ കുറിഞ്ഞിക്കാലത്തോടനുബന്ധിച്ച് പ്രത്യേക ഷെഡ്യൂളുകളും KSRTC നടത്താറുണ്ട്. കൃത്യമായ സമയ വിവരങ്ങൾക്കും ടിക്കറ്റ് നിരക്കുകൾക്കുമായി മൂന്നാർ KSRTC ബസ് സ്റ്റാൻഡുമായി ബന്ധപ്പെടുക.

അടുത്തുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും.

  • അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 119 കിലോമീറ്റർ).
  • അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ആലുവ റെയിൽവേ സ്റ്റേഷൻ (ഏകദേശം 120 കിലോമീറ്റർ).

ഇവിടെങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം മൂന്നാറിലെത്തിയ ശേഷമാണ് ചൊക്രമുടി, കൊരണ്ടക്കാട് കേന്ദ്രങ്ങളിലേക്ക് യാത്ര തുടരേണ്ടത്.

മൂന്നാർ നീലക്കുറിഞ്ഞി യാത്രയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

  • നിയമം തെറ്റിച്ചാലുള്ള പിഴ: നീലക്കുറിഞ്ഞിപ്പൂക്കൾ പറിക്കാനോ ചെടികൾ വേരോടെ പിഴുതെടുക്കാനോ പാടില്ല. ചെടികൾ നശിപ്പിക്കുന്നത് ₹25,000 വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്.
  • കൃത്യമായ പാദരക്ഷകൾ: ചൊക്രമുടിയിലും കൊരണ്ടക്കാടിലും പാറക്കെട്ടുകളിലൂടെയും കുന്നിൻചെരിവുകളിലൂടെയും നടക്കേണ്ടതുണ്ട്. അതിനാൽ നല്ല ഗ്രിപ്പുള്ള സ്പോർട്സ്/ട്രെക്കിംഗ് ഷൂസുകൾ ഉപയോഗിക്കുക.
  • വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക: ചൊക്രമുടി വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശമാണ്. നിർദ്ദേശിച്ച വഴികളിലൂടെ മാത്രം നടക്കുക, ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
  • പ്ലാസ്റ്റിക് നിരോധനം: മൂന്നാറിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പലാസ്റ്റിക്കുകൾക്ക് കർശന നിരോധനമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്.
  • റെന്റ് എ കാറുകൾ ലഭ്യമല്ല: മൂന്നാറിൽ ഡ്രൈവർ ഇല്ലാതെ വാടകയ്ക്ക് ലഭിക്കുന്ന സൽഫ് ഡ്രൈവ് കാറുകൾ ലഭ്യമല്ല. എങ്കിലും സ്വന്തമായി ഓടിക്കാൻ ബൈക്കുകളും സ്കൂട്ടറുകളും വാടകയ്ക്ക് ലഭിക്കും.

സന്ദർശകർക്കുള്ള ചില യാത്രാ നുറുങ്ങുകൾ

  • യാത്രക്ക് മുൻപ് കാലാവസ്ഥ പരിശോധിക്കുക: മലനിരകളിലെ കാലാവസ്ഥ പെട്ടെന്ന് മാറാൻ സാധ്യതയുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് മഴ മുന്നറിയിപ്പുകൾ പരിശോധിക്കുകയും മഴക്കോട്ട് കരുതുകയും ചെയ്യുക.
  • രാവിലെ തന്നെ പുറപ്പെടണം: തിരക്ക് ഒഴിവാക്കാനും തണുപ്പുള്ള അന്തരീക്ഷത്തിൽ നടന്നു കാണാനുമായി രാവിലെ തന്നെ വ്യൂവിംഗ് പോയിന്റുകളിൽ എത്തുക.
  • താമസസൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യുക: കുറിഞ്ഞിക്കാലത്ത് വലിയ രീതിയിൽ സഞ്ചാരികൾ എത്തുന്നതിനാൽ റൂമുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.
  • തലേദിവസം തന്നെ മൂന്നാറിൽ എത്തുവാൻ ശ്രദ്ധിക്കുക: രാവിലെ തന്നെ കുറിഞ്ഞി കാണാൻ പോകണമെന്നുണ്ടെങ്കിൽ തലേദിവസം രാത്രി തന്നെ മൂന്നാറിൽ താമസിച്ച് രാവിലെ യാത്ര തിരിക്കുക.
  • വാരാന്ത്യ ബുക്കിംഗുകൾ ഒഴിവാക്കുക: ശനി, ഞായർ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ ദിവസങ്ങളിലാണ് യാത്രയെങ്കിൽ താമസവും ഗതാഗതവും മുൻകൂട്ടി പ്ലാൻ ചെയ്യുക.

മൂന്നാറിലെ താമസസൗകര്യങ്ങൾ

കുറിഞ്ഞിപ്പൂക്കൾ തേടിയുള്ള യാത്രയിൽ താമസസ്ഥലം തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ടൗണിന് സമീപം താമസിക്കുന്നത് KSRTC ബസുകളെയും പ്രാദേശിക ഗതാഗതത്തെയും ആശ്രയിക്കുന്നവർക്ക് യാത്രാസമയം ലാഭിക്കാൻ സഹായിക്കും.

  • ബഡ്ജറ്റ് സ്റ്റേകൾ (Economy Stays): ലളിതമായ താമസത്തിന് ലോഡ്ജുകൾ, ബഡ്ജറ്റ് ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവ തിരഞ്ഞെടുക്കാം. ദിവസേന ₹1,000 മുതൽ ₹2,500 വരെയാണ് ശരാശരി നിരക്ക്.
  • മിഡ്-റേഞ്ച് സ്റ്റേകൾ (Mid-Range Stays): മികച്ച മുറികളും സൗകര്യങ്ങളും ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ദമ്പതികൾക്കും അനുയോജ്യമായ റിസോർട്ടുകളും ഹോംസ്റ്റേകളും ലഭ്യമാണ്. നിരക്ക്: ₹3,000 മുതൽ ₹7,000 വരെ.
  • ലക്ഷ്വറി സ്റ്റേകൾ (Luxury Stays): പ്രീമിയം അനുഭവങ്ങൾക്കായി സ്റ്റാർ ഹോട്ടലുകൾ, ലക്ഷ്വറി റിസോർട്ടുകൾ, ബ്രിട്ടീഷ് കാലഘട്ടത്തിലെ ബംഗ്ലാവുകൾ എന്നിവ തിരഞ്ഞെടുക്കാം. നിരക്ക്: ₹8,000 മുതൽ ₹15,000 വരെ.

സോളോ ട്രാവലേഴ്‌സ് (Solo Travelers):

തനിച്ചു യാത്ര ചെയ്യുന്നവർക്ക് ചെലവ് കുറഞ്ഞ രീതിയിൽ ഹോസ്റ്റലുകളും ഡോർമിറ്ററികളും ലഭ്യമാണ്. ഒരാൾക്ക് ഒരു രാത്രിക്ക് ₹600 മുതൽ ചെലവ് വരും.

മൂന്നാർ നീലക്കുറിഞ്ഞി യാത്ര എങ്ങനെ പ്ലാൻ ചെയ്യണം.

നീലക്കുറിഞ്ഞി കാണുക എന്നൊരൊറ്റ ലക്ഷ്യം മാത്രമാണ് നിങ്ങളുടെ യാത്രയ്ക്കുള്ളതെങ്കിൽ വലിയ യാത്രാ പ്ലാനുകളുടെ (Itinerary) ആവശ്യമില്ല. കഴിവതും രാവിലെ തന്നെ മൂന്നാറിലെത്തുക, KSRTC ബസ് സ്റ്റാൻഡിലെ ഫ്രഷ്‌അപ്പ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയ ശേഷം നേരിട്ട് കുറിഞ്ഞി പൂത്തു നിൽക്കുന്ന മലനിരകളിലേക്ക് തിരിക്കുക. ചൊക്രമുടിയിലേക്കും കൊരണ്ടക്കാടേക്കും പോകാൻ പ്രാദേശിക ബസുകളോ സീസണൽ ഷട്ടിൽ സർവ്വീസുകളോ ഉപയോഗിക്കാം. കാഴ്ചകൾ കണ്ടതിനു ശേഷം വൈകുന്നേരത്തോടെ മൂന്നാറിൽ തിരിച്ചെത്തി നാട്ടിലേക്കുള്ള ബസ് കയറാവുന്നതാണ്.

ഇതൊരു ആദ്യ മൂന്നാർ യാത്രയാണെങ്കിൽ, ചുരുങ്ങിയത് രണ്ടു മൂന്നു ദിവസം മാറ്റിവെക്കുന്നതാണ് നല്ലത്. ഇതിൽ ഒരു പ്രഭാതം നീലക്കുറിഞ്ഞി കാഴ്ചകൾക്കായി മാറ്റിവെക്കുക. ബാക്കി സമയം മൂന്നാറിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഉപയോഗിക്കാം. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം കണ്ടുതീർക്കണമെന്നുള്ള ധൃതിയില്ലാതെ, സ്വസ്ഥമായ ട്രിപ്പിന് ഇത് സഹായിക്കും.

മുൻപ് മൂന്നാർ വന്നിട്ടുള്ളവരാണ് നിങ്ങളെങ്കിൽ, പതിവ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മാറി ചിന്തിക്കാം. മൂന്നാറിന്റെ വേറിട്ട ഭാവങ്ങൾ അനുഭവിച്ചറിയാൻ വട്ടവട, കാന്തല്ലൂർ, സൂര്യനെല്ലി, മറയൂർ തുടങ്ങിയ പ്രദേശങ്ങൾ തിരഞ്ഞെടുക്കാം. കൂടാതെ, തേയിലത്തോട്ടങ്ങൾക്കിടയിലെ ഹോംസ്റ്റേകളിലോ വനാതിർത്തിയോടു ചേർന്നുള്ള റിസോർട്ടുകളിലോ താമസിക്കാം. മൂന്നാറിലെ ഗ്രാമീണ ജീവിതം അനുഭവിച്ചറിയാനും അവസരമുണ്ട്.

യാത്രയുടെ പ്ലാനിങ് കൂടുതൽ എളുപ്പമാക്കാൻ ഒരു പ്രാദേശിക യാത്രാ പ്ലാനറുടെയോ (Travel Planner) ടൂർ പാക്കേജുകളുടെയോ സഹായം തേടാവുന്നതാണ്. നിങ്ങളുടെ ലഭ്യമായ സമയത്തിനനുസരിച്ച് ഗതാഗതം, താമസം, കാഴ്ചകൾ, നീലക്കുറിഞ്ഞി സന്ദർശനം എന്നിവ കൃത്യമായി ക്രമീകരിക്കാൻ ഇത് ഉപകരിക്കും.

Get Your Personalised Munnar Itinerary →

മൂന്നാർ നീലക്കുറിഞ്ഞി യാത്ര ഒരു ഓർമ്മക്കൂട്ട്.

2026-ലെ നീലക്കുറിഞ്ഞി വസന്തം മൂന്നാറിന്റെ മലനിരകളെ വേറിട്ടൊരു രീതിയിൽ കണ്ടറിയാനുള്ള അപൂർവ്വമായ അവസരമാണ് സഞ്ചാരികൾക്ക് മുന്നിൽ തുറന്നുനൽകുന്നത്. ഒറ്റദിവസത്തെ സന്ദർശനമായോ, അതല്ലെങ്കിൽ ഏതാനും ദിവസങ്ങൾ മൂന്നാറിൽ തങ്ങി ചുറ്റുമുള്ള മലനിരകളും കാഴ്ചകളും കണ്ടുമടങ്ങുന്ന രീതിയിലോ യാത്ര ക്രമീകരിക്കാം. കുറിഞ്ഞിവസന്തം കാണാൻ പ്രധാനമായും പരിഗണിക്കേണ്ട രണ്ട് കേന്ദ്രങ്ങൾ ചൊക്രമുടിയും കൊരണ്ടക്കാടുമാണ്. മൂന്നാറിലേക്ക് തിരിക്കും മുൻപ് തന്നെ യാത്രാമാർഗ്ഗം, താമസം, സന്ദർശന സമയം എന്നിവ കൃത്യമായി പ്ലാൻ ചെയ്യുക.

ഏറ്റവും പ്രധാനമായി, ആ അതിലോലമായ മലഞ്ചെരിവുകൾ നശിപ്പിക്കാതെയും പൂക്കൾക്ക് കേടുപാടുകൾ വരുത്താതെയും പ്രകൃതിയുടെ ഈ വിസ്മയം കണ്ടുതീർക്കുക എന്നതാണ്. ദിവസങ്ങൾ കഴിയുമ്പോൾ ഈ പൂക്കാലം മാഞ്ഞുപോയേക്കാം, എന്നാൽ മൂന്നാറിന്റെ മലനിരകളിൽ വിരിഞ്ഞു നിന്ന ഈ കാഴ്ച തരുന്ന ഓർമ്മകൾ എന്നും നിങ്ങളുടെ മനസ്സിൽ മായാതെ നിൽക്കും.

By Travel Desk
By Travel Desk
Articles: 156

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു