നാഗാലാൻഡിലെ കിസാമ ഗ്രാമം ഹോൺബിൽ ഫെസ്റ്റിവലിൽ പരമ്പരാഗത വേഷങ്ങളും ആഭരണങ്ങളും അണിഞ്ഞിരിക്കുന്ന നാഗ യുവതികൾ.

ഹോൺബിൽ ഫെസ്റ്റിവൽ: കിസാമ ഗ്രാമത്തിലെ കാണാക്കാഴ്ചകൾ

നാഗാലാൻഡിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷമാക്കുന്ന ഹോൺബിൽ ഫെസ്റ്റിവലിന്റെ(Hornbill Festival) പ്രധാന വേദിയാണ് കിസാമ ഗ്രാമം.(Kisama Heritage Village). കൊഹിമയ്ക്കു സമീപമുള്ള കുന്നിൻചരുവിൽ സ്ഥിതിചെയ്യുന്ന ഈ പൈതൃകഗ്രാമം, നാഗാലാൻഡിന്റെ സാംസ്കാരിക വൈവിധ്യത്തിലേക്കുള്ള ഒരു തുറന്ന കവാടമാണ്. ഓരോ ഡിസംബറിലും നാഗാ ഗോത്രങ്ങളുടെ തനതായ പാരമ്പര്യങ്ങളും കരകൗശലവിദ്യകളും സംഗീതവും നൃത്തവും ഭക്ഷണരീതികളുമെല്ലാം ഇവിടെ ഒത്തുചേരുന്നു. ഇന്ത്യയിലെ ശ്രദ്ധേയമായ സാംസ്കാരികോത്സവങ്ങളിലൊന്നാണ് ഹോൺബിൽ ഫെസ്റ്റിവൽ ( Hornbill Festival).

ഇവിടെയെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും പ്രധാന വേദിയിലെ വർണാഭമായ നൃത്തച്ചുവടുകളും ആഘോഷങ്ങളും ആസ്വദിച്ച് മടങ്ങുകയാണ് പതിവ്. എന്നാൽ കിസാമ ഗ്രാമം(Kisama Heritage Village) ത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. അത് അടുത്തറിയണമെങ്കിൽ പ്രധാന വേദിക്കുമപ്പുറത്തേക്ക് നടക്കണം. ഗോത്രപാരമ്പര്യങ്ങളുടെ അടയാളങ്ങളായ മോറുങ്ങുകൾക്കുള്ളിലൂടെ സഞ്ചരിക്കണം; മുളയിലും തടിയിലും വിസ്മയം തീർക്കുന്ന കരകൗശലവിദ്യകൾ പരിചയപ്പെടണം; തനതായ നാഗാ വിഭവങ്ങളുടെ രുചിയറിയണം. ഉത്സവത്തിന്റെ തിരക്കുകൾക്കിടയിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഈ കാഴ്ചകളും അനുഭവങ്ങളുമാണ് കിസാമ ഗ്രാമം(Kisama Heritage Village) യഥാർഥ സവിശേഷത. 2026-ലെ ഹോൺബിൽ ഫെസ്റ്റിവലിന്റെ (Hornbill Festival 2026) പ്രധാന വേദിയിലെ ആഘോഷങ്ങൾക്കപ്പുറം നാഗാ സംസ്കാരത്തെയും പൈതൃകത്തെയും അടുത്തറിയാനുള്ള വഴികാട്ടിയാകും ഈ ലേഖനം.

നാഗാ മോറുങ്ങുകളുടെ വാസ്തുവിദ്യാ രഹസ്യങ്ങൾ (Architectural Secrets of the Naga Morungs)

കിസാമ ഹെറിറ്റേജ് വില്ലേജിൽ (Kisama Heritage Village) എത്തുന്ന ഏതൊരു സഞ്ചാരിയുടെയും കണ്ണ് ആദ്യം ഉടക്കുക അവിടുത്തെ കൂറ്റൻ ‘മോറുങ്ങുകളി’ലാണ്. നാഗാ ഗോത്രങ്ങളുടെ ചരിത്രത്തിൽ വെറുമൊരു നിർമിതി മാത്രമല്ല ഈ മോറുങ്ങുകൾ. പണ്ടുകാലത്ത് യുവാക്കൾക്ക് ഗോത്രപരമായ ആചാരങ്ങളും യുദ്ധമുറകളും ചരിത്രവുമെല്ലാം വായമൊഴിയിലൂടെ മുതിർന്നവർ പകർന്നുനൽകിയിരുന്നത് ഈ പരമ്പരാഗത കളരി(സാമൂഹിക കേന്ദ്രങ്ങൾ)കളിലായിരുന്നു. നാഗാലാൻഡിലെ ഔദ്യോഗിക ഗോത്രങ്ങളെ പ്രതിനിധീകരിച്ച് 17 വ്യത്യസ്ത മോറുങ്ങുകളാണ് കിസാമ ഗ്രാമം (Kisama Heritage Village)ത്തിലുള്ളത്. അകലെ നിന്ന് നോക്കുമ്പോൾ ഇവ പുല്ലു മേഞ്ഞ വലിയ കുടിലുകൾ പോലെ തോന്നാമെങ്കിലും, അവയുടെ മേൽക്കൂരകളുടെ ഘടനയിലേക്കും തടിയിലെ സങ്കീർണ്ണമായ കൊത്തുപണികളിലേക്കും തൂണുകളിലേക്കും നോക്കിയാൽ ഓരോ ഗോത്രത്തിന്റെയും തനതായ കലയും പാരമ്പര്യവും നമുക്ക് മനസ്സിലാക്കാം.

1.കൊമ്പുള്ള മേൽക്കൂരകൾ (Look Closely at the Roof designs)

നാഗ വാസ്തുവിദ്യയുടെ തനതു കാഴ്ചകൾ ആരംഭിക്കുന്നത് തന്നെ മോറുങ്ങുകളുടെ മേൽക്കൂരകളിൽ നിന്നാണ്. അങ്കാമി (Angami), ഓ (Ao) തുടങ്ങിയ ഗോത്രങ്ങളുടെ മോറുങ്ങുകളിലേക്ക് നോക്കിയാൽ, വലിയ രണ്ടു മരത്തടികൾ പരസ്പരം ക്രോസ്സ് ചെയ്ത് ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ‘V’ ആകൃതിയിലുള്ള കൊമ്പുകൾ (Kika) കാണാം. സത്യത്തിൽ ഇവ വെറുമൊരു അലങ്കാര നിർമ്മിതിയല്ല. മറിച്ച് പദവിയുടെ പ്രതീകങ്ങളാണ്. പണ്ട് കാലത്ത് ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കുമായി വൻ സദ്യകളും മറ്റും (Feasts of Merit) നടത്തിയിരുന്ന സമ്പന്നരായ വ്യക്തികളുടെ വീടുകൾക്ക് മുകളിൽ മാത്രമേ ഇത്തരം കൊമ്പുകൾ സ്ഥാപിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

ചരിത്രം പറയുന്ന തടിയിലെ കൊത്തുപണികൾ (Examine the Wooden Carvings)

ഇനി മോറുങ്ങുകളുടെ പ്രവേശന കവാടങ്ങളിലെ മരത്തൂണുകളിലേക്ക് നോക്കുക. തടിയിൽ കൈകൊണ്ട് കൊത്തിവെച്ചിരിക്കുന്ന ഓരോ രൂപവും ആ ഗോത്രത്തിന്റെ ചരിത്ര പുസ്തകങ്ങളാണ്. സൗന്ദര്യത്തിന്റെയും പ്രൗഢിയുടെയും അടയാളമായി മലമുഴക്കി വേഴാമ്പലുകളുടെ തലകൾ, കരുത്തിന്റെ പ്രതീകമായി ആനകളും പുലികളും, ഒപ്പം നാഗാ ജനതയുടെ പോരാട്ടവീര്യം വിളിച്ചോതുന്ന മനുഷ്യരൂപങ്ങൾ എന്നിവയെല്ലാം ഈ തൂണുകളിൽ കാണാം. ഓരോ ഗോത്രത്തിനും അവരുടേതായ ശൈലിയുള്ളതിനാൽ, കൊന്യാക് (Konyak) മോറുങ്ങിലെ ഒരു കൊത്തുപണി പറയുന്ന കഥയായിരിക്കില്ല ലോത്ത (Lotha) മോറുങ്ങിലെ ശില്പങ്ങൾ നമ്മോട് പറയുക.

കൂറ്റൻ പെരുമ്പറകൾ (Discover the Massive Traditional Log Drums)

ഓ (Ao), ഫോം (Phom) തുടങ്ങിയ ഗോത്രങ്ങളുടെ മോറുങ്ങുകൾക്കുള്ളിലോ അവയ്ക്ക് സമീപത്തോ ആയി സൂക്ഷിച്ചിരിക്കുന്ന വലിയ പെരുമ്പറകൾ (Mezha അല്ലെങ്കിൽ Kongi. മലയാളത്തിൽ മരമുരശുകളോട് സാമ്യം) സഞ്ചാരികൾ തീർച്ചയായും കാണേണ്ട ഒന്നാണ്. ഒരു മരത്തടി ഉള്ളുതുരന്ന് നിർമിച്ചെടുക്കുന്ന ഈ സംഗീതോപകരണങ്ങൾ നാഗാ ജനതയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ തെളിവാണ്. പണ്ടുകാലത്ത് ഇവ ഒരു ‘അക്കൗസ്റ്റിക് ടെലിഗ്രാഫ്’ പോലെയാണ് പ്രവർത്തിച്ചിരുന്നത്. കട്ടിയുള്ള തടികൊണ്ടുള്ള മുട്ടടികൾ ഉപയോഗിച്ച് പ്രത്യേക താളത്തിൽ ഇതിൽ കൊട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം മൈലുകളോളം അകലേക്ക് വരെ കേൾക്കുമായിരുന്നു. ശത്രുക്കളുടെ ആക്രമണം, ഗ്രാമത്തിലുണ്ടാകുന്ന തീപിടുത്തം, പ്രധാന ഉത്സവങ്ങൾ എന്നിവയെല്ലാം ദൂരെയുള്ളവരെ അറിയിച്ചിരുന്നത് ഈ പെരുമ്പറകളിലൂടെ ആയിരുന്നു.

സഞ്ചാരികൾക്കുള്ള ടിപ്പ് (Inside Track for 2026): മോറുങ്ങുകളുടെ പുറംഭാഗം മാത്രം ഫോട്ടോ എടുത്ത് മടങ്ങരുത്. ഈ നിർമിതികളുടെ ഉൾവശങ്ങളിലേക്ക് കൂടി ഒന്ന് കയറി നോക്കൂ. ഒരു ഇരുമ്പ് ആണി പോലും ഉപയോഗിക്കാതെ, ചൂരൽ വള്ളികൾ മാത്രം ഉപയോഗിച്ചാണ് ഈ വലിയ തടികളെല്ലാം പരസ്പരം ഉറപ്പിച്ചിരിക്കുന്നത്. കൂടാതെ, നടുമുറ്റത്തെ കനലിനരികിൽ ഏതെങ്കിലും ഗോത്ര പ്രതിനിധികൾ തീ കാഞ്ഞു ഇരിപ്പുണ്ടെങ്കിൽ, അവരുടെ പ്രവേശന കവാടത്തിന് കാവൽ നിൽക്കുന്ന മൃഗചിഹ്നങ്ങളുടെ (Totems) പ്രത്യേകതകളെക്കുറിച്ച് അവരോട് ചോദിച്ചറിയാൻ മറക്കരുത്.

ഹോൺബിൽ ഫെസ്റ്റിവൽ 2026 ഗ്രൂപ്പ് ടൂർ

നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ നേരിൽ കാണാം! യാത്രാ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെയുള്ള പോസ്റ്റർ പരിശോധിക്കൂ.

നാഗ ക്രാഫ്റ്റ് സ്കേപ്പ്: സൊവനീറുകളെക്കാൾ മനോഹരമായ ഓർമ്മകൾക്ക്.(Inside Naga CraftScape)

കിസാമ ഗ്രാമം (Kisama Heritage Village) ത്തിലെ ‘നാഗാ ക്രാഫ്റ്റ്സ്കേപ്പ്’ (Naga CraftScape) സോവനീറുകൾ വിൽക്കുന്ന ഒരു ഇടം മാത്രമല്ല. നാഗാ ജനതയുടെ പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ അടുത്തറിയാനുള്ള ഒരു ജീവസ്സുറ്റ ഇടമാണ്. ഓർമ്മക്കായി ഒരു ഉൽപ്പന്നം വാങ്ങി മടങ്ങുന്നതിനപ്പുറം ചിലതു കൂടി ഇവിടെയുണ്ട്.ഒരു നാഗാ കലാകാരൻ തന്റെ സൃഷ്ടിക്ക് ജീവൻ നൽകുന്നത് എങ്ങനെ എന്ന് നേരിട്ട് കാണാനുള്ള തത്സമയ പ്രദർശനങ്ങളാണ് (Live Demonstrations) ഇവിടുത്തെ പ്രധാന ആകർഷണം. 2025-ലെ ഹോൺബിൽ ഫെസ്റ്റിവലിൽ (Hornbill festival 2025) ചാംഗ് (Chang) ഗോത്രത്തിന്റെ പരുത്തി നൂൽപ്പ്, ഫോം (Phom) ഗോത്രത്തിന്റെ മൺപാത്ര നിർമ്മാണം, ഖിയാംനിയുങ്കൻ (Khiamniungan) ഗോത്രത്തിന്റെ കൊഴുപ്പില (Nettle) നെയ്ത്തും കൊട്ട നെയ്ത്തും, ചാംഗ് ഗോത്രത്തിന്റെ തടിയിലെ കൊത്തുപണികൾ എന്നിവയുടെ തത്സമയ പ്രദർശനങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, കൊന്യാക് ഗോത്രത്തിന്റെ ആഭരണങ്ങളും തോക്ക് നിർമ്മാണവും, പോച്ചുരി (Pochury) ഗോത്രത്തിന്റെ ‘അവാത്രു’ വിൻഡ് ചൈമും, ചാംഗ് ഗോത്രത്തിന്റെ ‘കോംഗ്കിൻ’ (ഒരു തരം പരമ്പരാഗത മൗത്ത് ഓർഗൻ) എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഹോൺബിൽ ഫെസ്റ്റിവൽ 2026 (Hornbill festival 2026) ഇൽ ഏതൊക്കെ പ്രദർശനങ്ങൾ ഉണ്ടാവുമെന്ന് അറിയണമെങ്കിൽ നാഗാലാ‌ൻഡിന്റെ ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റിൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

1.തത്സമയ കരകൗശല നിർമ്മാണം.(Watch Traditional Crafts Take Shape)

  • ചൊറിയണം നാരുകൊണ്ടുള്ള നെയ്ത്ത്‌ (Nettle Weaving) : തൊട്ടാൽ ചൊറിയുന്ന ആനത്തൂവച്ചെടിയുടെ തണ്ടിൽ നിന്ന് നാരുകൾ വേർതിരിച്ചെടുത്ത് വസ്ത്രങ്ങൾ നെയ്യുന്ന അപൂർവ്വ കലയാണിത്. മാസങ്ങൾ നീളുന്ന കഠിനാധ്വാനത്തിലൂടെ ഈ നാരുകൾ നൂലാക്കി മാറ്റുന്നു. പിന്നീട് പരമ്പരാഗത തറികളിൽ നെയ്തെടുക്കുന്ന ഈ വസ്ത്രങ്ങൾ നാഗാലാൻഡിന്റെ സാംസ്കാരിക പ്രൗഢിയുടെ പ്രതീകമാണ്.
  • പരുത്തി നൂൽപ്പ് (Cotton spinning): പരുത്തിച്ചെടിയിൽ നിന്ന് നൂലുണ്ടാക്കുന്ന ഈ പരമ്പരാഗത രീതി കാണുമ്പോൾ മാത്രമേ, ഓരോ നാഗാ ഗോത്ര വസ്ത്രത്തിന് പിന്നിലുമുള്ള കഠിനാധ്വാനം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാകൂ
  • മണ്ണിലും മുളയിലുമുള്ള ഗോത്ര വിരുതുകൾ : (Pottery and Basketry): കുശവന്റെ എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ആ ചക്രങ്ങൾ ഇല്ലാതെ, കൈകൾ കൊണ്ട് ഫോം (Phom) ഗോത്രവനിതകൾ മൺപാത്രങ്ങൾ നിർമ്മിക്കുമ്പോൾ ഖിയാംനിയുങ്കൻ (Khiamniungan) പുരുഷന്മാർ ഈറ്റയും മുളയും കൊണ്ട് ഒന്നാന്തരം കൊട്ടകൾ നെയ്തെടുക്കുന്നു. പ്രകൃതിയിൽ നിന്നു തന്നെ ഉണ്ടാക്കിഎടുക്കുന്ന ഇവ നാഗാ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്.
  • തടിയിൽ കൊത്തിയ നാഗാവീര്യം (Wood Carvings) : മരത്തടികളിലെ ജീവൻ തുടിക്കുന്ന നാഗാ കൊത്തുപണികൾ ഭംഗിക്കു വേണ്ടി ചെയ്യുന്നതല്ല അതൊരു ഗോത്രചരിത്രമാണ്. വേഴാമ്പലുകളും വന്യമൃഗങ്ങളും മനുഷ്യശിരസ്സുകളും മരത്തിൽ കൊത്തിവെക്കുന്ന ഈ വിദ്യ ഇവരുടെ ധീരതയുടെ അടയാളമാണ്. നാഗാ ഹെറിറ്റേജ് വില്ലേജിലെ ഓരോ തൂണിലും വാതിലിലും ഈ വിസ്മയ കരവിരുത് കാണാം.

(Note : ഈ വിവരങ്ങൾ 2025-ലെ മേളയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2026-ൽ ഇതിൽ മാറ്റങ്ങൾ വരാം.)

2.നാഗാ വസ്ത്രങ്ങളും കൈത്തറിയും (Explore Naga Textiles and Handicrafts)

കിസാമയിലെ ഹാൻഡ്‌ലൂം ആൻഡ് ക്രാഫ്റ്റ് പവിലിയൻ നാഗാ വസ്ത്രങ്ങൾ, പരമ്പരാഗത ആഭരണങ്ങൾ, മുള-ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഒരു വലിയ ശേഖരം തന്നെയാണ് ഒരുക്കുന്നത്.

നാഗാ ഷാളുകളുടെ സാംസ്കാരിക പ്രൗഢി : നാഗാ ജനതയ്ക്ക് ഷാളുകൾ കേവലം ഒരു വസ്ത്രമല്ല; അതവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡാണ്. ഓരോ ഗോത്രത്തിനും പ്രത്യേക നിറങ്ങളും ഡിസൈനുകളുമുള്ള ഷാളുകളുണ്ട്. ഒരാളുടെ വീര്യം, സമ്പത്ത്, ഗോത്രത്തിലെ പദവി എന്നിവയൊക്കെ ഈ ഷാളുകളിലെ വരകളും ചിഹ്നങ്ങളും നോക്കി മനസ്സിലാക്കാം. പണം കൊടുത്തു വാങ്ങുന്നതിനേക്കാൾ, ജീവിതത്തിലെ നേട്ടങ്ങൾ കൊണ്ട് നേടിയെടുക്കുന്ന ഒരു വലിയ ബഹുമതിയാണിത്.

തടിയിലെ കരവിരുത്: ലോകപ്രശസ്തരായ കൊന്യാക് (Konyak) കലാകാരന്മാർ ഒരു ഒരൊറ്റ മരത്തടിയിൽ കൊത്തിയെടുത്ത ‘ഖുരു’ (Khuru) എന്ന പരമ്പരാഗത തടി പ്ലേറ്റുകളും അലങ്കാരപ്പലകകളും സഞ്ചാരികൾ തീർച്ചയായും തിരഞ്ഞുപിടിച്ച് കാണേണ്ടതാണ്.

3.കലയ്ക്ക് പിന്നിലെ കഥകൾ (Learn the Story Behind the Craft)

ഒരു ഉൽപ്പന്നത്തിന്റെ ഭംഗിയേക്കാൾ ആകർഷകമാണ് അതിന് പിന്നിലെ കഥകൾ. അവിടെയുള്ള കലാകാരന്മാരോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ, ആ വസ്‌തുക്കൾ എങ്ങനെ നിർമ്മിക്കുന്നുവെന്നും അതിനുള്ള അസംസ്‌കൃത വസ്‌തുക്കൾ എവിടെ നിന്ന് ലഭിക്കുന്നുവെന്നും ചോദിച്ചറിയുക. ഈ പാരമ്പര്യം അവർ എങ്ങനെയാണ് അടുത്ത തലമുറയ്ക്ക് പകർന്നുനൽകുന്നത് എന്ന് മനസ്സിലാക്കുന്നത് നിങ്ങളുടെ യാത്രാനുഭവത്തിന് കൂടുതൽ ആഴം കൂട്ടും.

സഞ്ചാരികൾക്കുള്ള ടിപ്പ് (Inside Track for 2026): നാഗാ ക്രാഫ്റ്റ്സ്കേപ്പ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 10:30 ഓടെയാണ്. ഈ സമയത്ത് പ്രധാന ആംഫി തിയേറ്ററിൽ പരിപാടികൾ തുടങ്ങുന്നതിനാൽ ഇവിടെ തിരക്ക് വളരെ കുറവായിരിക്കും. കലാകാരന്മാരുടെ കൈവിരുതുകൾ വളരെ അടുത്തുനിന്ന് കാണാനും തിരക്കില്ലാതെ അവരോട് സംസാരിക്കാനും ഈ സമയം സഹായിക്കും.

നാഗ രുചികൾ : കിസാമയിലെ ഭക്ഷണ വിശേഷങ്ങൾ.(What to Eat at Kisama: Naga Dishes Worth trying.

കിസാമ ഹെറിറ്റേജ് വില്ലേജിലെ (Kisama Heritage Village)കാഴ്ചകൾ പോലെ തന്നെ വൈവിധ്യമാർന്നതാണ് അവിടുത്തെ ഭക്ഷണരുചികളും. ഓരോ നാഗാ ഗോത്രത്തിന്റെയും തനതായ രുചിഭേദങ്ങൾ പരീക്ഷിക്കാനുള്ള അവസരം കൂടി ഹോൺബിൽ ഫെസ്റ്റിവലിൽ (Hornbill Festival)ഉണ്ട്. ഓരോ ഗോത്രത്തിന്റെയും മോറുങ്ങുകളിൽ അവരുടെ പരമ്പരാഗത പാചകക്കുറിപ്പുകൾ അനുസരിച്ചുള്ള വിഭവങ്ങൾ ലഭിക്കും. നാഗ സാംസ്കാരിക പശ്ചാത്തലത്തിൽ ഇരുന്ന് ഈ തനത് വിഭവങ്ങൾ ആസ്വദിക്കുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും

1.അക്സോണി ചേർത്ത സ്മോക്ഡ് പോർക്ക് (Smoked Pork with Axone)

നാഗാലാൻഡിൽ നിങ്ങൾ തീർച്ചയായും തിരഞ്ഞുപിടിച്ച് കഴിക്കേണ്ട ഒരു വിഭവമാണ് ‘അക്സോണി’ (Axone അല്ലെങ്കിൽ Akhuni) ചേർത്ത സ്മോക്ഡ് പോർക്ക്. സോയാബീൻ ഫെർമെന്റ് ചെയ്ത് (പുളിപ്പിച്ച്) തയ്യാറാക്കുന്ന അക്സോണിക്ക് വളരെ ശക്തവും സവിശേഷവുമായ ഒരു മണവും രുചിയുമാണുള്ളത്. കിസാമ ഗ്രാമം (Kisama Heritage Village) ത്തിലെ ‘സുമി’ (Sümi) മോറുങ്ങിൽ സാധാരണയായി ഈ വിഭവം ലഭിക്കാറുണ്ട്. ഇതിനൊപ്പം ചേമ്പ് ഇലകൾ ചേർത്ത് വേവിച്ച പച്ചക്കറികളും, അക്സോണി ചേർത്ത ഇഞ്ചി ചമ്മന്തിയും ഇവിടുത്തെ പ്രത്യേകതയാണ്. സുമി ഗോത്രത്തിന്റെ പരമ്പരാഗത പാചകശൈലി അറിയാൻ ഇവിടെ ഈ ഗോത്രത്തിന്റെ മോറുങ്ങിൽ തന്നെ വരണം.

‘ഓ’ (Ao)നാഗാ ഗോത്രത്തിന്റെ പ്രത്യേക വിഭവങ്ങൾ (Try Ao Naga Specialities)

രുചി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ‘ഓ’ (Ao) മോറുങ്ങിലെ ചില പ്രധാന വിഭവങ്ങൾ ഇവയാണ്:

  • റോസുപ് (Rosup): പച്ചക്കറികൾ, ഉണക്കമീൻ, മുളങ്കൂമ്പ് (Bamboo shoots) എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു പരമ്പരാഗത വിഭവമാണിത്. ഇതിൽ ചേർക്കുന്ന മുളങ്കൂമ്പ് ഉണക്കിയതോ പുളിപ്പിച്ചതോ ആകാം.
  • പോർക്ക് വിത്ത് ബാംബൂ ഷൂട്ട്: പോർക്കിന്റെ കൊഴുപ്പും പുളിപ്പിച്ച മുളങ്കൂമ്പിന്റെ കടുപ്പമേറിയ പുളിപ്പും കൃത്യമായി സമന്വയിക്കുന്ന ഒരു ക്ലാസിക് നാഗാ കോമ്പിനേഷനാണിത്.
  • അനിഷി ചേർത്ത പോർക്ക് (Pork cooked with anishi): ചേമ്പില പുളിപ്പിച്ച്, അരച്ച്, വടയാക്കി മാറ്റി, അടുപ്പിന് മുകളിൽ വെച്ച് പുകകൊള്ളിച്ചാണ് ‘അനിഷി’ തയ്യാറാക്കുന്നത്. ഇത് ചേർത്തുണ്ടാക്കുന്ന പോർക്ക് കറി തികച്ചും വ്യത്യസ്തമായ രുചി നൽകുന്നു.
  • അമ്രുസു (Amrusu): കോഴിയിറച്ചി കഷണങ്ങളോ പോർക്കോ ചേർത്ത് തയ്യാറാക്കുന്ന കട്ടിയുള്ള ഒരു നാടൻ കഞ്ഞി (Rice porridge) ആണിത്. ചിലയിടങ്ങളിൽ ഇതിൽ അക്സോണിയും ചേർക്കാറുണ്ട്.

(Note : 2024-ലെ ഹോൺബിൽ ഫെസ്റ്റിവലിൽ രേഖപ്പെടുത്തിയ മെനുവാണിത്. ഓരോ വർഷവും ഇതിൽ മാറ്റങ്ങൾ വരാം.)

3.മുളങ്കൂമ്പും നാഗ രുചിക്കൂട്ടുകളും(Look for Bamboo Shoot and Local Ingredients)

മുളങ്കൂമ്പ്, പുളിപ്പിച്ച സോയാബീൻ, പുകച്ച ഇറച്ചി (Smoked meat), പുളിപ്പിച്ച ഇലകൾ എന്നിവയാണ് നാഗാ പാചകത്തിലെ പ്രധാന കൂട്ടുകൾ. സൂപ്പുകൾക്കും ചമ്മന്തികൾക്കും ഇറച്ചി വിഭവങ്ങൾക്കും പ്രത്യേക രുചി നൽകുന്നത് ഇവയാണ്. ഒരേ ചേരുവകൾ തന്നെ ഓരോ ഗോത്രക്കാരും വ്യത്യസ്ത രീതികളിലാണ് പാകം ചെയ്യുന്നത്.

നിങ്ങൾ സസ്യാഹാരിയാണെങ്കിൽ: മാംസാഹാരം കഴിക്കാത്ത ആളാണ്‌ നിങ്ങളെങ്കിൽ, സ്റ്റാളുകളിൽ വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാണോ എന്ന് മുൻകൂട്ടി ചോദിച്ചറിയുക. അലർജിയോ മറ്റ് ഭക്ഷണ നിയന്ത്രണങ്ങളോ ഉള്ളവരും വിഭവങ്ങൾ എങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ചോദിക്കുന്നത് നന്നായിരിക്കും.

സഞ്ചാരികൾക്കുള്ള ടിപ്പ് (Visitor tip): ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുൻപ് ഏത് മോറുങ്ങിലാണ് നിങ്ങൾക്ക് ആവശ്യമുള്ള വിഭവം ലഭിക്കുക എന്ന് അന്വേഷിക്കുക. എല്ലാ സ്റ്റാളുകളിലും ഒരേ വിഭവങ്ങൾ ആയിരിക്കില്ല ലഭിക്കുക. ചില പ്രത്യേക വിഭവങ്ങൾ ചില ഗോത്രങ്ങളുടെ മോറുങ്ങുകളിൽ മാത്രമായിരിക്കും ലഭിക്കുക.

Looking for place to stay?

Mountain resort and hotel room interiors showcasing accommodation inspiration for Hornbill Festival 2026 visitors.
Hornbill Festival Accommodation

ഹോൺബിൽ ഫെസ്റ്റിവൽ യാത്രയ്ക്കായി കിസാമ ഗ്രാമത്തിനും കൊഹിമയ്ക്കും സമീപമുള്ള താമസസൗകര്യങ്ങൾ കണ്ടെത്താം.

കിസാമയിലേക്ക് എത്തുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടത്: (Practical Tips for Visiting Kisama)

കൊഹിമയിൽ നിന്ന് നാഷണൽ ഹൈവേ രണ്ടിലൂടെ (National Highway 2) തെക്കോട്ട് പന്ത്രണ്ട് കിലോമീറ്റർ പോയാൽ കിസാമ ഗ്രാമം (Kisama Heritage Village) ത്തിലെത്താം. 2026 ഡിസംബർ 1 മുതൽ 10 വരെ നാഗാലാൻഡിന്റെ ഹൃദയതാളമാകുന്ന ഹോൺബിൽ ഫെസ്റ്റിവലിനായി (Hornbill Festival) തയ്യാറെടുക്കുമ്പോൾ ചെറിയ ചില മുൻകരുതലുകൾ യാത്ര എളുപ്പമാക്കും. ട്രാഫിക് കുരുക്കുകളിൽ പെടാതിരിക്കാൻ അത് സഹായിക്കും.

കൊഹിമ-കിസാമ പാതയിലെ ഗതാഗതക്കുരുക്ക്. (Navigate the Kohima-to-Kisama Route)

കൊഹിമ നഗരത്തിൽ നിന്ന് ലോക്കൽ ടാക്സികളിലോ അല്ലെങ്കിൽ മേളയ്ക്കായി ഓടുന്ന പ്രത്യേക ഷട്ടിൽ ബസുകളോ വഴി നമുക്ക് കിസാമ ഗ്രാമം(Kisama Heritage Village) ത്തിലേത്താം. ഇത്തവണയും നാഗാലാൻഡ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് (NST) കൊഹിമയിൽ നിന്ന് കിസാമയിലേക്ക് പ്രത്യേക ബസ് സർവീസുകൾ നടത്തുന്നുണ്ട്.

  • തിരക്ക് ഒഴിവാക്കാൻ: മലനിരകളിലൂടെയുള്ള ഈ റോഡിൽ ഹോൺബിൽ ഫെസ്റ്റിവലിന്റെ സമയത്ത് ഇവിടെ കനത്ത ഗതാഗതക്കുരുക്ക് പതിവാണ്; പ്രത്യേകിച്ച് രാവിലെ 11:00 മണി മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയുള്ള സമയങ്ങളിൽ. അതുകൊണ്ട് രാവിലെ ഒരു 8:30-ന് എങ്കിലും കൊഹിമയിൽ നിന്ന് യാത്ര തുടങ്ങണം.
  • സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ: റെന്റ് എ കാറി (Rent A Car) ലാണ് യാത്രയെങ്കിൽ പ്രാദേശിക ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പ്രധാന കവാടത്തിലെ തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വണ്ടികൾ അവിടെ തന്നെ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

കയ്യിൽ പണം കരുതണം.(Prepare Cash and Digital Payment Backups)

നാഗാലാൻഡിൽ ഓൺലൈൻ യുപിഐ (UPI) പേയ്‌മെന്റുകൾ സജീവമാണെങ്കിലും, കിസാമയിലേക്ക് പോകുമ്പോൾ ഇതിനെ മാത്രം ആശ്രയിക്കരുത്. ഹോൺബിൽ ഫെസ്റ്റിവൽ (Hornbill Festival) കാലത്ത് കിസാമയിൽ തിരക്ക് കൂടുതൽ ആയതിനാൽ ഇവിടെ മൊബൈൽ നെറ്റ്‌വർക്കുകൾ പലപ്പോഴും പ്രവർത്തനം നിർത്തും.

  • കയ്യിൽ കാശ് കരുതുക: മോറുങ്ങുകളിൽ നിന്നുള്ള തനത് വിഭവങ്ങൾ രുചിക്കാനും, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന മ്യൂസിയത്തിൽ കയറാനും, മനോഹരമായ കരകൗശല വസ്തുക്കൾ സ്വന്തമാക്കാനും കയ്യിൽ ആവശ്യത്തിന് രൂപ (ചെറിയ നോട്ടുകളായി) കരുതുന്നത് തന്നെയാണ് ബുദ്ധി.
  • പ്രവേശന ടിക്കറ്റുകൾ: കിസാമ ഹെറിറ്റേജ് വില്ലേജിന്റെ പ്രധാന കവാടത്തിലെ കൗണ്ടറിൽ നിന്ന് 2026-ലെ ഔദ്യോഗിക എൻട്രി ടിക്കറ്റ് നിരക്കുകളും ക്യാമറ പെർമിറ്റുകൾക്കുള്ള തുകയും കൃത്യമായി ചോദിച്ചു മനസ്സിലാക്കുക.

കാലാവസ്ഥ (Pack for Sudden Hillside Weather Shifts)

കിസാമ ഒരു മലമ്പ്രദേശം ആയതിനാൽ കാലാവസ്ഥയുടെ പ്രകൃതം വളരെ പെട്ടെന്നാണ് മാറിമറിയുന്നത്.

  • തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ. ഡിസംബർ മാസത്തിൽ പകലുകൾക്ക് സുഖമുള്ള തണുപ്പാണെങ്കിലും വൈകുന്നേരം സൂര്യൻ മറയുന്നതോടെ കഥ മാറും. താപനില പെട്ടെന്ന് 10 ഡിഗ്രിയിലേക്കോ അതിലും താഴേക്കോ വഴുതിവീഴും. അതുകൊണ്ട് വൈകുന്നേരത്തെ സാംസ്കാരിക പരിപാടികൾ കണ്ടിരിക്കാൻ നല്ലൊരു ജാക്കറ്റോ പരമ്പരാഗത കമ്പിളി ഷാളോ കൂടെ ഉറപ്പായും കരുതണം.
  • പാദരക്ഷകൾ: മലഞ്ചെരിവുകളിൽ തട്ടുകളായിട്ടുള്ള ഒരു ഗ്രാമമാണിത്. നിരപ്പല്ലാത്ത മൺപാതകളിലൂടെയും കൽപ്പടവുകളിലൂടെയും ഒരുപാട് ദൂരം നടക്കേണ്ടി വരും. അതുകൊണ്ട് കാലുകൾക്ക് സുഖം നൽകുന്ന നല്ല സ്നീക്കേഴ്സോ ഷൂസോ ധരിച്ചു മാത്രം കിസാമയിലേക്ക് ഇറങ്ങുക.

ഗോത്ര സംസ്കാരത്തെ ബഹുമാനിക്കുക.(Observe Photography and Cultural Etiquette)

  • അനുവാദങ്ങൾ : പരമ്പരാഗത വേഷമണിഞ്ഞ നർത്തകരുടെയോ, ഗോത്ര നേതാക്കളുടെയോ അല്ലെങ്കിൽ തങ്ങളുടെ ജോലിയിൽ മുഴുകിയിരിക്കുന്ന കലാകാരന്മാരുടെയോ ക്ലോസ്-അപ്പ് ചിത്രങ്ങൾ പകർത്തുന്നതിന് മുൻപ് അവരുടെ അനുവാദം തീർച്ചയായും ചോദിക്കണം.ഒരു ചെറു ചിരിയോടെ ചോദിച്ചാൽ അവർ സ്നേഹത്തോടെ സമ്മതം മൂളാറുണ്ട്.
  • എല്ലാ സ്ഥലങ്ങളും ഒരുപോലെ അല്ല: കിസാമ ഗ്രാമം (Kisama Heritage Village) ത്തിലൂടെ നടക്കുമ്പോൾ വഴി കാട്ടുന്ന ബോർഡുകൾ എപ്പോഴും ശ്രദ്ധിക്കുക. ചില മോറുങ്ങുകളുടെ ഉൾമുറികളിലോ പ്രത്യേക ഗോത്രാചാര ചടങ്ങുകളിലോ ഫോട്ടോഗ്രഫിക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകാം. അവരുടെ സംസ്കാരത്തിന്റെ പവിത്രതയെ മാനിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.

സഞ്ചാരികൾക്കുള്ള ടിപ്പ് (Visitor tip): യൂട്യൂബ് വീഡിയോകളിലെയോ റീലുകളിലെയോ വിവരങ്ങൾ വിശ്വസിച്ച് ഒരിക്കലും യാത്ര പ്ലാൻ ചെയ്യരുത്. ദിവസേനയുള്ള പരിപാടികളുടെ കൃത്യമായ സമയവിവരങ്ങൾ അറിയാനും പെട്ടെന്നുണ്ടാകുന്ന യാത്രാ മാറ്റങ്ങൾ മനസ്സിലാക്കാനും യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് ഔദ്യോഗിക നാഗാലാൻഡ് ടൂറിസം പോർട്ടൽ തന്നെ പരിശോധിക്കുക.

കിസാമ യാത്ര അവസാനിക്കുമ്പോൾ ...

ആരവങ്ങൾക്കപ്പുറം കിസാമ നമുക്ക് കരുതിവെച്ചിരിക്കുന്നത് നാഗാലാണ്ടിന്റെ ആത്മാവിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പ്രധാന വേദികളിലെ നൃത്തച്ചുവടുകൾക്കപ്പുറം, ഇവിടുത്തെ മോറുങ്ങുകളിലും, കലാകാരന്മാരുടെ വിരൽത്തുമ്പിലും, തനത് നാഗാ രുചികളിലും ഒരു നാടിന്റെ തന്നെ ചരിത്രമുണ്ട്.
2026-ലെ ഹോൺബിൽ ഉത്സവത്തിന് ( Hornbill Festival 2026) പോകുമ്പോൾ ഒരു കാഴ്ചക്കാരനായി പ്രധാന വേദികളിൽ മാത്രം ഒതുങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോ ദിവസവും വ്യത്യസ്തമായ കലകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഔദ്യോഗിക പ്രോഗ്രാം ചാർട്ട് കയ്യിൽ കരുതുന്നത് നന്നായിരിക്കും.
തിരക്കുകളിൽ നിന്ന് അല്പം മാറി നടക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ കിസാമ അതിന്റെ യഥാർത്ഥ മാന്ത്രികത വെളിപ്പെടുത്തിത്തരികയുള്ളൂ. ഒരല്പം പ്ലാനിങ്ങോടെ കിസാമയുടെ ഉൾവഴികളിലേക്ക് ഇറങ്ങിയാൽ, മടങ്ങുമ്പോൾ നിങ്ങളുടെ ക്യാമറകളിൽ ബാക്കിയാവുക ഒരു ഉത്സവക്കാഴ്ച മാത്രമായിരിക്കില്ല. മറിച്ച്, വടക്കുകിഴക്കൻ മലനിരകളിലെ മനുഷ്യരെയും അവരുടെ പാരമ്പര്യത്തെയും നെഞ്ചോടു ചേർത്തുവെച്ച ഒരു അനുഭവമായിരിക്കും.

കിസാമ ഗ്രാമം:സഞ്ചാരികൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

1. കിസാമ ഹെറിറ്റേജ് വില്ലേജ് എവിടെയാണ്?

നാഗാലാൻഡിലെ കൊഹിമ ജില്ലയിലാണ് കിസാമ ഹെറിറ്റേജ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. കൊഹിമ നഗരത്തിൽനിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ഈ പൈതൃകഗ്രാമമാണ് പ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ പ്രധാന വേദി. നാഗ ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത വാസ്തുവിദ്യ പരിചയപ്പെടുത്തുന്ന മൊറുങ്ങുകൾ, സാംസ്കാരിക പ്രദർശനങ്ങൾ, കരകൗശല വിപണികൾ, തനത് ഭക്ഷണശാലകൾ എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.

2. 2026-ലെ ഹോൺബിൽ ഫെസ്റ്റിവൽ എപ്പോഴാണ്?

2026 ഡിസംബർ 1 മുതൽ 10 വരെയാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുക. കൊഹിമയ്ക്കടുത്തുള്ള കിസാമ ഹെറിറ്റേജ് വില്ലേജാണ് പ്രധാന വേദി. കലാപരിപാടികളുടെ സമയക്രമവും മറ്റ് ആഘോഷങ്ങളുടെ വിശദാംശങ്ങളും അറിയാൻ യാത്രയ്ക്കുമുമ്പ് ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കുന്നത് നല്ലതാണ്.

3. കിസാമ സന്ദർശിക്കാൻ എത്ര ദിവസം വേണം?

കിസാമയിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കാൻ ഒരു ദിവസം മതിയാകും. പ്രധാന വേദിയിലെ കലാപരിപാടികൾ കാണാനും വിവിധ ഗോത്രവിഭാഗങ്ങളുടെ മൊറുങ്ങുകൾ സന്ദർശിക്കാനും കരകൗശല പ്രദർശനങ്ങളും ഭക്ഷണശാലകളും പരിചയപ്പെടാനും ഈ സമയം ഉപയോഗിക്കാം. എന്നാൽ രാത്രിയിലെ സംഗീതപരിപാടികൾ ആസ്വദിക്കാനും കൊഹിമയും സമീപപ്രദേശങ്ങളും ചുറ്റിക്കാണാനും ആഗ്രഹിക്കുന്നവർ രണ്ടോ മൂന്നോ ദിവസം മാറ്റിവയ്ക്കുന്നതാണ് നല്ലത്.

4. നാഗാലാൻഡ് സന്ദർശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമുണ്ടോ?

നാഗാലാൻഡിലേക്കുള്ള യാത്രയ്ക്ക് പെർമിറ്റ് ആവശ്യമുണ്ടോ എന്നത് സഞ്ചാരിയുടെ പൗരത്വവും മറ്റ് യാത്രാസാഹചര്യങ്ങളും അനുസരിച്ചിരിക്കും. നാഗാലാൻഡിന് പുറത്തുനിന്നെത്തുന്ന ഇന്ത്യൻ സഞ്ചാരികൾ ഇന്നർ ലൈൻ പെർമിറ്റ് (ILP) സംബന്ധിച്ച നിലവിലെ നിബന്ധനകൾ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിൽ പരിശോധിക്കണം. വിദേശ സഞ്ചാരികൾ യാത്രയ്ക്കുമുമ്പ് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ പ്രവേശനനിബന്ധനകൾ ഉറപ്പുവരുത്തണം.

5. കൊഹിമയിൽനിന്ന് കിസാമയിലേക്ക് എങ്ങനെ എത്താം?

കൊഹിമയിൽനിന്ന് ഏകദേശം 12 കിലോമീറ്ററാണ് കിസാമയിലേക്കുള്ള ദൂരം. ടാക്സികളാണ് യാത്രയ്ക്കുള്ള ഒരു മാർഗം. ഫെസ്റ്റിവൽ ദിവസങ്ങളിൽ പ്രത്യേക വാഹനസൗകര്യങ്ങളും ലഭ്യമായേക്കാം. 2026-ലെ ഷട്ടിൽ സർവീസുകൾ, സമയക്രമം, യാത്രാനിരക്കുകൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളിലൂടെ ഉറപ്പുവരുത്താം.

6. കിസാമയിൽ രുചിച്ചുനോക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണ്?

നാഗാലാൻഡിന്റെ തനത് രുചികൾ പരിചയപ്പെടാനുള്ള മികച്ച അവസരം കൂടിയാണ് കിസാമ സന്ദർശനം. ഓരോ ഗോത്രവിഭാഗത്തിന്റെയും മൊറുങ്ങുകളിൽ വ്യത്യസ്തമായ വിഭവങ്ങൾ ലഭിക്കാറുണ്ട്. മുൻവർഷങ്ങളിലെ ഫെസ്റ്റിവലുകളിൽ സുമി ഗോത്രവിഭാഗത്തിന്റെ മൊറുങ്ങിൽ വിളമ്പിയിരുന്ന ആക്സോണെ ചേർത്ത പുകയിൽ ഉണക്കിയ പന്നിയിറച്ചിയും ആവോ ഗോത്രവിഭാഗത്തിന്റെ റോസുപ്പ് പോലുള്ള വിഭവങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. മുളങ്കൂമ്പും അനിഷിയും ഉപയോഗിച്ചുള്ള പരമ്പരാഗത വിഭവങ്ങളും രുചിച്ചുനോക്കാം. എന്നാൽ ഓരോ വർഷവും ലഭിക്കുന്ന വിഭവങ്ങളിൽ മാറ്റമുണ്ടാകാം.

7. കിസാമയിലേക്ക് പോകുമ്പോൾ എന്തൊക്കെ കരുതണം?

കിസാമയിലെ കാഴ്ചകൾ നടന്ന് ആസ്വദിക്കേണ്ടതിനാൽ സുഖമായി നടക്കാൻ കഴിയുന്ന ഷൂസ് ധരിക്കുന്നതാണ് നല്ലത്. ഡിസംബറിൽ രാവിലെയും വൈകുന്നേരവും തണുപ്പ് അനുഭവപ്പെടുന്നതിനാൽ ആവശ്യത്തിന് ചൂടുവസ്ത്രങ്ങളും കരുതണം. ചെറിയ ചെലവുകൾക്കായി കൈയിൽ കുറച്ച് പണം സൂക്ഷിക്കുന്നതും ഉപകാരപ്പെടും. പ്രവേശനഫീസ്, യാത്രാസൗകര്യങ്ങൾ, ഫോട്ടോഗ്രഫി സംബന്ധിച്ച നിയന്ത്രണങ്ങൾ എന്നിവ യാത്രയ്ക്കുമുമ്പ് പരിശോധിക്കാനും മറക്കരുത്.

By Travel Desk
By Travel Desk
Articles: 159

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു