ഏവറസ്റ്റ് ബേസ് ക്യാമ്പിനേക്കാളും ഉയരത്തിലുള്ള ഒരു റോഡിലൂടെ നിങ്ങൾ ഒരു റോഡ് ട്രിപ്പ് പോകുന്ന കാര്യം ഒന്ന് ആലോചിച്ചുനോക്കൂ. നമ്മളുടെ വീടിരിക്കുന്ന സ്ഥലത്തേക്കാളും പകുതി മാത്രം ഓക്സിജനുള്ള (50% less than sea level)നേർത്ത വായുവാണ് ഇവിടെയുള്ളത്. നിങ്ങളുടെ കാറിന്റെ വിൻഡോയിലൂടെ കാണുന്ന ആ മലനിരകൾ കണ്ടാൽ മറ്റൊരു ഗ്രഹത്തിൽ എത്തിയതുപോലെ തോന്നും. പ്രത്ത്യേകിച്ച് മൂന്നാറും വയനാടും ഒക്കെ കണ്ടു ശീലിച്ച നമുക്ക്. അപ്പോൾ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന, ലോകത്തിലെ ഏറ്റവും ഉയരമുള്ള Mig La Pass ലേക്ക് ഏവർക്കും സ്വാഗതം. സാഹസിതയും ഓഫ് റോഡും ഒക്കെ ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട റോഡ് ട്രിപ്പ് ഡെസ്റ്റിനേഷനായി ഈ അതിർത്തിപ്പാത മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ റോഡിന്റെ അവസ്ഥകൾ, റൂട്ട് മാപ്പുകൾ, യാത്രാ ബുദ്ധിമുട്ടുകൾ, ഇന്നർ ലൈൻ പെർമിറ്റുകൾ(ILP), മെഡിക്കൽ സുരക്ഷാ മുൻകരുതലുകൾ എന്നിവ കൃത്യമായി മനസ്സിലാക്കണമെങ്കിൽ തുടർന്ന് വായിച്ചോളൂ.
വില കൂടിയ ഹോട്ടലുകളോ ബസ് റൂട്ടുകളോ ഇവിടെ ഈ ഉയരത്തിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. ഓരോ കിലോമീറ്ററിലും നിങ്ങളുടെയും വാഹനത്തിന്റെയും കരുത്തും മനഃശക്തിയും ഏകാഗ്രതയും ഈ പാത പരീക്ഷിച്ചുകൊണ്ടേയിരിക്കും. നേർത്ത വായുവിൽ എഞ്ചിന്റെ പവർ കുറയുമ്പോൾ, ഇളകിക്കിടക്കുന്ന പാറക്കല്ലുകളിൽ ടയറുകൾക്ക് ഗ്രിപ്പ് കിട്ടില്ല.വിജനമായ ഈ മലനിരകളിലൂടെയുള്ള യാത്ര കഠിനവും തികച്ചും ഒറ്റപ്പെട്ടതുമാണ്. പക്ഷെ മുകളിലെത്തുമ്പോൾ കാണുന്ന ആ കാഴ്ചകളുണ്ടല്ലോ, അത് നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളെയും മറക്കാൻ പോന്നതാണ്.
Mig La Pass: ലോകത്തിലെ ഏറ്റവും ഉയർന്ന റോഡ്.
നിങ്ങൾ റോഡ് ട്രിപ്പുകൾ ഇഷ്ടപ്പെടുന്ന ഒരാളാണോ? എങ്കിൽ ഈ പുതിയ റോഡിനെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ഈയടുത്താണ് ഇന്ത്യൻ മിലിട്ടറി എഞ്ചിനീയർമാർ കിഴക്കൻ ലഡാക്കിൽ ചരിത്രപരമായ ഒരു പുതിയ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ‘ലികാരു-മിഗ് ലാ-ഫുക്‌ചെ’ (Likaru–Mig La–Fukche Road) എന്ന് ഔദ്യോഗികമായി വിളിക്കുന്ന ഈ 64 കിലോമീറ്റർ റോഡ് കടന്നുപോകുന്നത് ശാന്തവും വിജനവുമായ ചാങ്‌താങ് (Changthang) മേഖലയിലൂടെയാണ്. ഈ ഹൈവേയുടെ കൃത്യം നടുവിലാണ് Mig La Pass സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 19,400 അടി ഉയരത്തിലുള്ള ഈ പാതയാണ് ഇപ്പോൾ ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും ഉയർന്ന, വണ്ടികൾക്ക് പോകാൻ കഴിയുന്ന റോഡ്. ഈ റോഡ് ലികാരു, ഫുക്‌ചെ എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും, സാധാരണ വിനോദസഞ്ചാരികൾക്ക് നിലവിൽ മിഗ് ലാ ചുരത്തിന്റെ മുകളിൽ വരെ പോയി തിരിച്ചുവരാൻ മാത്രമേ അനുമതിയുള്ളൂ.
Mig La Pass നിർമ്മാണം ഉയർത്തിയ വെല്ലുവിളികൾ.
19,400 അടി ഉയരത്തിൽ ഒരു ടാർ റോഡ് നിർമ്മിക്കുക എന്നത് വിചാരിക്കുന്നതിലും എത്രയോ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്രയും ഉയർന്ന പ്രദേശത്തെ ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ ബോർഡർ റോഡ്സ് ഓർഗനൈസേഷന് (BRO – Border Road Organization) പ്രധാനമായും നാല് വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നു.
- ഓക്സിജന്റെ കുറവ്:സമുദ്രനിരപ്പിനെ അപേക്ഷിച്ച് 50 ശതമാനം കുറവ് ഓക്സിജൻ മാത്രമേ ഇവിടെ ഇത്രെയും ഉയരത്തിലൊള്ളൂ. ഇത് കാരണം തൊഴിലാളികൾക്ക് പെട്ടെന്ന് സുഖമില്ലാതായി.വെറുതെ നിൽക്കുമ്പോൾ പോലും കഠിനമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
- അതിശൈത്യം: ഇവിടുത്തെ താപനില -30°C വരെ താഴാറുണ്ട്. വെള്ളം പെട്ടെന്ന് ഐസ് ആയി മാറുന്നതിനാൽ, കോൺക്രീറ്റ് കൃത്യമായി മിക്സ് ചെയ്യാൻ തൊഴിലാളികൾക്ക് പ്രത്യേക ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വന്നു.
- എഞ്ചിൻ തകരാറുകൾ: മനുഷ്യരെപ്പോലെ തന്നെ വണ്ടികളുടെ എഞ്ചിനുകൾക്കും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്. വായു കുറവായതിനാൽ വാഹനങ്ങളുടെ പവർ വൻതോതിൽ കുറഞ്ഞു, ഒപ്പം എഞ്ചിനുകൾക്കുള്ളിലെ ഓയിൽ ഉൾപ്പെടെയുള്ള ദ്രാവകങ്ങൾ കട്ടപിടിക്കുകയും ചെയ്തു.
- ഉറഞ്ഞുപോയ മണ്ണ്: ഇവിടുത്തെ മണ്ണ് വർഷം മുഴുവൻ ഐസ് പോലെ ഉറഞ്ഞു കിടക്കുന്നതാണ്. അതുകൊണ്ട് സാധാരണ രീതിയിൽ മണ്ണുമാറ്റാൻ കഴിഞ്ഞിരുന്നില്ല. കോൺക്രീറ്റ് പോലെ കട്ടിയുള്ള ഈ നിലം പൊട്ടിച്ചെടുക്കാൻ തൊഴിലാളികൾക്ക് പാറകൾ പൊട്ടിക്കുന്നതുപോലെയുള്ള വലിയ സ്ഫോടനങ്ങൾ നടത്തേനടത്തേണ്ടതായും വന്നിട്ടുണ്ട്.
സഞ്ചാരികൾക്കായി ഒരു പുതിയ ഇടം.
സാഹസിക യാത്രക്കാരെ കാത്തിരിക്കുന്ന ഈ പുതിയ റോഡ് ലോക ഭൂപടത്തെത്തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. തിരക്കേറിയ സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ ഒരു സ്ഥലമാണ് ഇത്. ഒരുപാട് കാലം ഖർദുങ് ലാ (Khardung La) ചുരം കയറുക എന്നതായിരുന്നു യാത്രികരുടെ പ്രധാന ലക്ഷ്യം. പിന്നീട് ഉംലിങ് ലാ (Umling La) ഏറ്റവും ഉയർന്ന റോഡായി മാറി. എന്നാൽ ഇപ്പോൾ, ഭൂമിയിലെ ഏറ്റവും ഉയർന്ന റോഡ് എന്ന ബഹുമതി മിഗ് ലാ പാസ് സ്വന്തമാക്കിയിരിക്കുകയാണ്.
| Rank | Mountain Pass / Road | Location | Elevation (Feet) |
|---|---|---|---|
| 1 | Mig La Pass | Ladakh, India | 19,400 ft |
| 2 | Umling La | Ladakh, India | 19,024 ft |
| 3 | Uturuncu | Potosí, Bolivia | 18,930 ft |
| 4 | Dungri La (Mana Pass) | Uttarakhand, India | 18,406 ft |
| 5 | Khardung La | Ladakh, India | 17,582 ft |
ലേയിൽ നിന്നും. Mig La Pass ലേക്ക്എ ങ്ങനെയെത്താം?
ലേയിൽ നിന്നും mig la pass ladakh ചുരത്തിലേക്കുള്ള യാത്ര ലഡാക്കിലെ തന്നെ ഒറ്റപ്പെട്ടതും ദൂരമേറിയതുമായ പർവ്വത പാതകളിലൂടെയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന റൂട്ട് അനുസരിച്ച് ലേയിൽ നിന്നും ഏകദേശം 240 മുതൽ 270 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ Mig La പാസ്സിലേക്കുള്ള യാത്ര ആരംഭിക്കുന്ന ലികാരുവിലേക്ക് (Likaru Village) എത്താൻ സാധിക്കൂ. അതീവ സുരക്ഷാ പ്രാധാന്യമുള്ള കിഴക്കൻ അതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് എത്ര മണിക്കൂർ തുടർച്ചയായി വണ്ടിയോടിക്കാം എന്നതല്ല ഇവിടെ ചിന്തിക്കേണ്ടത്. വളരെ പെട്ടെന്ന് മാറുന്ന ഉയർന്ന അന്തരീക്ഷ താപനിലയോടും വായുരഹിതമായ അവസ്ഥയോടും നിങ്ങളുടെ ശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് മനസ്സിലാക്കി വേണം ഈ യാത്ര പ്ലാൻ ചെയ്യാൻ.
മലനിരകളിലൂടെയുള്ള മൂന്ന് യാത്രാ വഴികൾ
Mig La പാസ്സിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുൻപ് കിഴക്കൻ ലഡാക്കിലെ തന്നെ തുറന്ന സമതലങ്ങളും ഉയർന്ന മലമ്പാതകളും പിന്നിടേണ്ടതുണ്ട്. ഇതിനായി ലേയിൽ നിന്നും തിരിക്കുമ്പോൾ വ്യത്യസ്തങ്ങളായ മൂന്ന് വഴികൾ തിരഞ്ഞെടുക്കാം. ഓരോ വഴിയും സമ്മാനിക്കുന്ന കാഴ്ചകളും അവിടുത്തെ റോഡിന്റെ അവസ്ഥകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്.
റൂട്ട് 1: Chumathang വഴിയുള്ള പ്രധാന ഹൈവേ
- Route : Leh → karu →Upshi → Chumathang → Nyoma → Loma Bend → Likaru (ഏകദേശം 225 കിലോമീറ്റർ).
- ഗുണങ്ങളും ദോഷങ്ങളും: സിന്ധു നദീതടത്തിലൂടെ കടന്നുപോകുന്ന ഏറ്റവും വേഗത്തിലെത്തുന്നതും സുരക്ഷിതവുമായ വഴിയാണിത്. മികച്ച ടാർ റോഡായതിനാൽ വാഹനങ്ങൾക്ക് അധികം കേടുപാടുകൾ സംഭവിക്കില്ല. എന്നാൽ മറ്റുള്ള റൂട്ടുകളെ അപേക്ഷിച്ച് കാഴ്ചകൾ കുറച്ചു കുറവാണ്.
- താമസിക്കാൻ പറ്റിയ സ്ഥലം:ഈ റൂട്ടിൽ യാത്ര അവസാനിപ്പിച്ച് രാത്രി തങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ചുമാതാങ് (Chumathang – 13,000 അടി)ആണ്.
റൂട്ട് 2: Pangong Tso & Chushul വഴിയുള്ള തടാകക്കരയിലൂടെയുള്ള പാത
- Route: Leh → Chang La Pass → Tangtse → Pangong Tso → Man → Merak → Chushul → Rezang La Memorial → Tsaga La → Loma Bend → Likaru (ഏകദേശം 310 കിലോമീറ്റർ).
- ഗുണങ്ങളും ദോഷങ്ങളും: മനോഹരമായ പാംഗോങ് തടാകത്തിന്റെ കാഴ്ചകളിലൂടെയും ഇന്ത്യ-ചൈന അതിർത്തിക്കും തൊട്ടരികിലൂടെയാണ് ഈ യാത്ര. എന്നാൽ കല്ലും മണ്ണും നിറഞ്ഞ വഴികൾ യാത്ര എളുപ്പമാക്കില്ല.കൂടാതെ ‘ചുഷുൽ-സാഗാ’ (Chushul-Tsaga) മേഖലയിലൂടെ സഞ്ചരിക്കാൻ മിലിട്ടറിയുടെ പ്രത്യേക പെർമിറ്റും വേണം.
- താമസിക്കാൻ പറ്റിയ സ്ഥലം:രാത്രി സുരക്ഷിതമായി ഉറങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലം താങ്‌ത്സെ (Tangtse – 12,800 അടി) ഗ്രാമമാണ്. അതിശൈത്യമുള്ള കാറ്റ് വീശിയടിക്കുന്ന പാംഗോങ് തടാകക്കരയിൽ (13,940 അടി) നേരിട്ട് താമസിക്കുന്നത് അമിതമായ ക്ഷീണത്തിനും ശ്വാസംമുട്ടലിനും കാരണമാകുമെന്നതിനാൽ താങ്‌ത്സെയിൽ താമസിക്കുന്നതാണ് എപ്പോഴും നല്ലത്.
റൂട്ട് 3: Tso Moriri വഴിയുള്ള ഉയർന്ന സമതല പാത.
- Route: Leh → Tanglang La Pass → Debring → Tso Kar Lake→ Puga Hot Springs → Mahe Bridge \rightarrow Nyoma → Loma Bend → Likaru (ഏകദേശം 325 കിലോമീറ്റർ).
- ഗുണങ്ങളും ദോഷങ്ങളും:ലഡാക്കിന്റെ വന്യമായ ഭംഗി(wild beauty ഓഫ് Ladakh) ആസ്വദിക്കാൻ പറ്റിയ റൂട്ടാണിത്. വറ്റിവരണ്ട ഉപ്പു തടാകങ്ങളും തിളച്ചു മറിയുന്ന ചൂടുനീരുറവകളും ഒക്കെ ഈ വഴിയിൽ കാണാം. എന്നാൽ ഉയർന്ന പ്രദേശങ്ങളിലൂടെയാണ് ഈ വഴി കടന്നുപോകുന്നത് എന്നതിനാൽ, മുൻകൂട്ടി ശാരീരികമായി പൊരുത്തപ്പെടാത്തവർക്ക് പെട്ടെന്ന് അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.
- താമസിക്കാൻ പറ്റിയ സ്ഥലം:ഈ റൂട്ടിൽ തങ്ങാൻ പറ്റിയ പ്രധാന കേന്ദ്രം സോ മൊരീരിക്ക് (Tso Moriri) അടുത്തുള്ള കർസോക് (Karzok – 15,000 അടി) ഗ്രാമമാണ്.
ഉയരം കൂടുമ്പോഴുള്ള പ്രതിസന്ധി: ആൾട്ടിറ്റ്യൂഡ് സിക്നസ്സ് (AMS)
നമുക്ക് ഇനി ചില കണക്കുകൾ നോക്കാം: ലേ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും 11,480 അടി ഉയരത്തിലാണ്, എന്നാൽ മിഗ് ലാ ചുരം 19,400 അടി ഉയരത്തിലും. ഒരൊറ്റ ദിവസം കൊണ്ട് ഈ വഴിയിലൂടെ വണ്ടിയോടിക്കുമ്പോൾ ഏകദേശം 8,000 അടിയോളം ഉയരത്തിലേക്കാണ് നമ്മൾ പെട്ടെന്ന് കയറി ചെല്ലുന്നത്. ചുരത്തിന്റെ മുകളിൽ എത്തുമ്പോൾ അന്തരീക്ഷ മർദ്ദം വളരെ കുറയുകയും വായുവിലെ ഓക്സിജന്റെ അളവ് സാധാരണ ഉള്ളതിന്റെ പകുതിയായി ചുരുങ്ങുകയും ചെയ്യും.
ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാതെ ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും ദൂരം ഓടിച്ചു തീർക്കാൻ നോക്കിയാൽ അത് വലിയ അപകടം ക്ഷണിച്ചുവരുത്തും. കഠിനമായ തലവേദന, ഛർദ്ദി, ശ്വാസകോശത്തിൽ വെള്ളം നിറയുക (HAPE) തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ‘അക്യൂട്ട് മൗണ്ടൻ സിക്നസ്സ്’ (AMS) ബാധിക്കുന്നത്. ഈ അതിർത്തി മേഖലകളിൽ മികച്ച ആശുപത്രി സൗകര്യങ്ങൾ മണിക്കൂറുകൾക്കപ്പുറമാണ് ഉള്ളത്. അതിനാൽ ശാരീരിക അസ്വസ്ഥതകൾ കാണിക്കുന്ന സഞ്ചാരികളെ ആർമി ചെക്ക്പോസ്റ്റുകളിൽ വെച്ച് തന്നെ മിലിട്ടറി ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം തിരിച്ചയക്കും. അതുകൊണ്ട് കൃത്യമായ പ്ലാനിങ്ങോടെ പതുക്കെ മാത്രമേ ഈ റൂട്ടിൽ യാത്ര ചെയ്യാവൂ.
Mig La Pass ലേക്കുള്ള അവസാന ദൂരം
ലഡാക്കിലെ ഏത് വഴിയിലൂടെ വന്നാലും എല്ലാ വാഹനങ്ങളും ഒടുവിൽ വന്നെത്തുന്നത് ലോമ (Loma) ചെക്ക്പോസ്റ്റിലാണ്. ലോമയിലെ മിലിട്ടറി ഗേറ്റിൽ പെർമിറ്റുകൾ കാണിച്ച ശേഷം, ഹാൻലെ വാലിയിലേക്ക് നീളുന്ന റോഡിലൂടെ സഞ്ചരിച്ച് ലികാരു (Likaru – 14,100 അടി) എന്ന ചെറിയ ബേസ് വില്ലേജിൽ എത്തിച്ചേരാം.ലികാരുവിൽ നിന്നാണ് യഥാർത്ഥ കയറ്റം ആരംഭിക്കുന്നത്. ഇവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഔദ്യോഗിക ‘ലികാരു-മിഗ് ലാ-ഫുക്‌ചെ’ (LMLF) റോഡിലേക്ക് പ്രവേശിക്കണം. ഇവിടെ നിന്നുള്ള 34 കിലോമീറ്റർ ദൈർഘ്യമുള്ള കയറ്റം നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിന്റെ കരുത്തും നിങ്ങളുടെ ക്ഷമയും പരീക്ഷിക്കുന്ന ഒന്നാണ്. ഈ കയറ്റം അവസാനിക്കുമ്പോൾ നമ്മൾ ലോക റെക്കോർഡിനൊപ്പം 19,400 അടി ഉയരമുള്ള മിഗ് ലാ ചുരത്തിന്റെ മുകളിലെത്തും.
അതിർത്തി സുരക്ഷാ നിർദ്ദേശം:ചുരം കഴിഞ്ഞുള്ള റോഡ് നേരെ പോകുന്നത് അതിർത്തിയോട് ചേർന്നുള്ള അതിതീവ്ര സുരക്ഷാ മിലിട്ടറി മേഖലയായ ഫുക്‌ചെയിലേക്കാണ് (Fukche). സാധാരണ വിനോദസഞ്ചാരികൾക്ക് മിഗ് ലാ ചുരം കഴിഞ്ഞ് മുന്നോട്ട് പോകാൻ അനുമതി ലഭിക്കില്ല.ചുരത്തിന്റെ മുകളിൽ നിന്നുള്ള മനോഹരമായ കാഴ്ചകളൊക്കെ കണ്ടു ഫോട്ടം ഒക്കെ എടുത്ത ശേഷം U ടേൺ എടുത്ത് മടങ്ങേണ്ടതാണ്.
യാത്രകൾ പ്ലാൻ ചെയ്യാൻ രണ്ട് സ്മാർട്ട് ഓപ്ഷനുകൾ
ഓപ്ഷൻ 1: മൾട്ടി-സ്റ്റോപ്പ് ബ്രേക്ക് (ഏറ്റവും സുരക്ഷിതമായ വഴി)
കാഴ്ചകളും പ്രകൃതിയും ഒക്കെ ആസ്വദിച്ചു ആരോഗ്യത്തിന് യാതൊരു ദോഷവും വരുത്താതെയും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ബെസ്റ്റ് ഓപ്ഷനാണിത്.
- ദിവസം 1: ലേ മുതൽ ഇടത്താവളം വരെ:ലേയിൽ നിന്നും തിരിക്കുന്ന യാത്രാ ഇടക്ക് ഒരു സ്ഥലത്തു താമസവും വിശ്രമവും തിരഞ്ഞെടുത്തു കൊണ്ടുള്ള ബ്രേക്ക് ജേർണിയാണ് ഒന്നാമത്തെ option.ഹൈവേ വഴിയാണെങ്കിൽ ചുമാതാങ്ങിലെ ചൂടുനീരുറവകൾക്കടുത്തു ബ്രേക്ക് എടുക്കാം.തടാകക്കരയിലൂടെയാണെങ്കിൽ പിറ്റേന്ന് രാവിലെ പാംഗോങ് കാണാനായി താങ്‌ത്സെയിലെ ഹോംസ്റ്റേകളിൽ രാത്രി തങ്ങാം.
- ദിവസം 2: ഇടത്താവളം മുതൽ ഹാൻലെ വരെ: അതിർത്തി ഗ്രാമങ്ങളിലൂടെയുള്ള മനോഹരമായ കാഴ്ചകൾ കണ്ട് യാത്ര തുടർന്ന് രാത്രിയോടെ ഹാൻലെ (Hanle – 14,760 അടി) ഗ്രാമത്തിലെ ഹോംസ്റ്റേകളിൽ ചെക്ക്-ഇൻ ചെയ്യുക.
- ദിവസം 3: ഹാൻലെ മുതൽ മിഗ് ലാ ചുരം വരെ: രണ്ട് ദിവസം എടുത്തുള്ള വിശ്രമത്തിന് ശേഷം നിങ്ങളുടെ ശരീരം പൂർണ്ണമായും അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകും. ഹാൻലെയിൽ നിന്നും രാവിലെ എഴുന്നേറ്റ് 15 കിലോമീറ്റർ പിന്നോട്ട് സഞ്ചരിച്ച് ലികാരു ജങ്ഷനിൽ എത്തിയാൽ, അവിടെ നിന്നും 34 കിലോമീറ്റർ ഉയരത്തിലുള്ള മിഗ് ലാ ചുരത്തിലേക്ക് യാത്ര തുടരാം. കാഴ്ചകൾ കണ്ട ശേഷം അന്ന് തന്നെ താഴേക്ക് മടങ്ങുകയും വേണം.
ഓപ്ഷൻ 2: ഹാൻലെ ബേസ് ക്യാമ്പിലേക്കുള്ള നേരിട്ടുള്ള യാത്ര (വേഗതയേറിയ വഴി)
കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കേണ്ട പരിചയസമ്പന്നരായ സഞ്ചാരികൾക്ക് വേണ്ടിയുള്ളതാണിത്.എന്നാൽ യാത്ര തിരിക്കുന്നതിന് മുൻപ് കുറഞ്ഞത് 3-4 ദിവസങ്ങളെങ്കിലും ലേയിൽ താമസിച്ച് അവിടുത്തെ കാലാവസ്ഥയുമായി നിങ്ങളുടെ ശരീരം പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ ഈ ഓപ്ഷൻ തിരഞ്ഞെടുക്കാവൂ.
- ദിവസം 1: ലേ മുതൽ ഹാൻലെ വരെ നേരിട്ടുള്ള ഡ്രൈവ്: റൂട്ട് 1 (ഹൈവേ) വഴി ലേയിൽ നിന്നും അതിരാവിലെ വണ്ടി എടുക്കുക. വഴിയിൽ ഒരിടത്തും തങ്ങാതെ ഏകദേശം 7-8 മണിക്കൂർ കൊണ്ട് 255 കിലോമീറ്റർ പിന്നിട്ട് നേരെ ഹാൻലെയിൽ എത്തി രാത്രി വിശ്രമിക്കുക.
- ദിവസം 2: ഹാൻലെ മുതൽ മിഗ് ലാ ചുരം വരെ: ഹാൻലെയിൽ നിന്നും രാവിലെ ലികാരു ജങ്ഷനിലേക്ക് വണ്ടി ഓടിച്ച്, അവിടെ നിന്നും നേരിട്ട് മിഗ് ലാ ചുരത്തിന്റെ മുകളിലേക്ക് കയറാം.
ലേയിൽ നിന്നും ഒരൊറ്റ ദിവസം കൊണ്ട് മിഗ് ലാ ചുരം കയറാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ഉത്തരം ‘സാധ്യമാണ്’ എന്ന് തന്നെയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നത് കഠിനമായ കാലാവസ്ഥയോടും വായു കുറഞ്ഞ അന്തരീക്ഷത്തോടും സ്വന്തം ജീവൻ വെച്ച് പന്താടുന്നതിന് തുല്യമാണ്. ഈ യാത്ര വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ഏറ്റവും ബുദ്ധിപരമായ നീക്കം എന്തെന്ന് ചോദിച്ചാൽ വേഗത അല്പം കുറക്കുക എന്നതാണ്. ഭൂമിയിലെ ഏറ്റവും ഉയർന്ന റോഡിന് മുകളിൽ സുരക്ഷിതമായി വണ്ടി ഓടിച്ച് എത്താൻ മതിയായ വിശ്രമവും വേണം. അതുകൊണ്ട് യാത്രയുടെ വേഗത കുറയ്ക്കുകയും വഴിയിൽ കൃത്യമായ ഇടവേളകളിൽ താമസം പ്ലാൻ ചെയ്യുകയും വേണം. ഇത്രയും ഉയർന്നതും ഒറ്റപ്പെട്ടതുമായ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ അവിടുത്തെ ഭൂപ്രകൃതിയോട് ആദരവും ക്ഷമയും കാണിക്കേണ്ടത് ഒരു ഉത്തരവാദിത്വ യാത്രയുടെ ഭാഗം കൂടിയാണ്.അതിനു പകരം ലഭിക്കുന്നത് ഭൂമിയിലെ ഏറ്റവും ഉയർന്ന വണ്ടി ഓടിക്കാവുന്ന പാത സുരക്ഷിതമായി കീഴടക്കാൻ കഴിഞ്ഞു എന്നുള്ള ചരിതാർഥ്യം ആയിരിക്കും. ഇടയിലെ രാത്രിയിലുള്ള താമസം കൃത്യമായി പ്ലാൻ ചെയ്താൽ നിങ്ങളുടെ ഈ ലഡാക്ക് യാത്ര സുരക്ഷിതവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതുമായ ഒന്നായി മാറും എന്നതിൽ ഞങ്ങൾ flemingoroutes nu യാതൊരു സംശയവും ഇല്ല.
Mig La Pass സന്ദർശിക്കാൻ പറ്റിയ അനുയോജ്യമായ സമയം.
19,400 അടി ഉയരമുള്ള മിഗ് ലാ ചുരം(mig la pass ladakh) വർഷത്തിൽ ഭൂരിഭാഗം സമയവും മഞ്ഞുമൂടി തന്നെ കിടക്കും. കാലാവസ്ഥയാണെങ്കിൽ അതി കഠിനവും.മഞ്ഞ് മാറി റോഡ് എല്ലാവർക്കുമായി തുറന്നു കൊടുക്കുന്ന, വളരെ കുറഞ്ഞ ദിവസങ്ങളിൽ മാത്രമേ ഇങ്ങോട്ടേക്ക് വണ്ടിയോടിച്ച് എത്താൻ കഴിയൂ.
ജൂൺ മുതൽ സെപ്റ്റംബർ വരെ.
യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. സാധാരണ കാറുകൾക്കും ബൈക്കുകൾക്കും പോകാൻ പറ്റിയ ഒരേയൊരു സുരക്ഷിതമായ സമയവും ഇതാണ്. ജൂൺ മാസത്തോടെ പട്ടാളം പാതയിലെ മഞ്ഞ് പൂർണ്ണമായി നീക്കും. റോഡ് ഉണങ്ങി കിടക്കുന്നതിനാൽ ടയറുകൾക്ക് നല്ല ഗ്രിപ്പ് കിട്ടുകയും ചെയ്യും. എല്ലാം ലോക്കൽ ഹോംസ്റ്റേകളും ഈ സമയത്ത് തുറന്നുപ്രവർത്തിക്കും. മറ്റു സ്ഥലങ്ങളിൽ നല്ല വെയിലുള്ള ഉച്ചസമയത്ത് പോലും ചുരത്തിന്റെ മുകളിൽ കഠിനമായ തണുപ്പായിരിക്കും.
മെയ് മധ്യവും ഒക്ടോബറും.
ഈ സമയത്തു യാത്ര ചെയ്യുന്നതിൽ ചെറുതല്ലാത്ത റിസ്ക് ഉണ്ട്. മികച്ച 4×4 വാഹനങ്ങളും മഞ്ഞിൽ വണ്ടിയോടിച്ച് പരിചയവുമുള്ളവരും മാത്രം ഈ സമയത്ത് ഇങ്ങോട്ടേക്ക് വരിക. മേയ് മാസത്തിൽ പട്ടാളത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും കനത്ത മഞ്ഞ് നീക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരിക്കും. പെട്ടെന്നുണ്ടാകുന്ന മഞ്ഞുകാറ്റ് ചിലപ്പോൾ നമ്മളെ ദിവസങ്ങളോളം വഴിയിൽ കുടുക്കാം. ഒക്ടോബറിലാകട്ടെ പകലിനു ദൈർഖ്യം വളരെ കുറവായിരിക്കും. പർവ്വത മുകളിൽ ഉരുകുന്ന മഞ്ഞു 34 കിലോമീറ്റർ കയറ്റത്തിൽ അപകടകരമായ ‘ബ്ലാക്ക് ഐസ്’ (വഴുക്കലുള്ള ഐസ് പാളികൾ) ആയി മാറും. ചെക്ക്പോസ്റ്റ് കടക്കണമെങ്കിൽ ടയറുകളിൽ ഇടാനുള്ള സ്നോ ചെയിൻ കയ്യിൽ കരുതണം.
നവംബർ മുതൽ ഏപ്രിൽ വരെ.
ഈ മാസങ്ങളിൽ വിനോദ സഞ്ചാരികൾക്കായി ചുരം പൂർണ്ണമായി അടയ്ക്കും. തണുപ്പ് മൈനസ് 30 ഡിഗ്രിക്ക് താഴേക്ക് പോകും. കനത്ത മഞ്ഞുകാറ്റിൽ റോഡ് പൂർണ്ണമായി മഞ്ഞു മൂടിയിരിക്കും. ശീതകാലത്ത് ഈ താഴ്‌വരയിൽ റെസ്ക്യൂ ടീമുകളോ ഡോക്ടർമാരോ ഉണ്ടാകില്ല. ലോമയിലുള്ള ആർമി പോസ്റ്റ് ഒരു വിനോദസഞ്ചാരിയെയും മുന്നോട്ട് കടത്തിവിടില്ല.
ജൂലൈയും ഓഗസ്റ്റും.
ഈ പ്രദേശം ഒരു വരണ്ട ഭൂമി ആയതിനാൽ ചുരത്തിന്റെ മുകളിൽ അങ്ങനെ മഴ പെയ്യാറില്ല. എന്നാൽ ഈ മൺസൂൺ കാലം ലേയിലേക്കുള്ള നിങ്ങളുടെ മടക്കയാത്രയിൽ ഒളിഞ്ഞിരിക്കുന്ന ചില തടസ്സങ്ങളുണ്ടാവും. മലനിരകളുടെ മറുവശത്ത് പെയ്യുന്ന കനത്ത മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകും. പാറക്കല്ലുകൾ വീണ് പ്രധാന റോഡുകൾ അടഞ്ഞുപോകാം. ചുരത്തിന്റെ മുകളിൽ ആകാശം നീലാഭമായിരിക്കുമെങ്കിലും, ലേയിലേക്കുള്ള നിങ്ങളുടെ വഴി ചിലപ്പോൾ ദിവസങ്ങളോളം അടഞ്ഞു കിടക്കും.
അപ്പോൾ പിന്നെ എപ്പോൾ പോകുമെന്ന് ചോദിച്ചാൽ ജൂൺ അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ യാത്ര ചെയ്യുക. Mig La യാത്രയ്ക്ക് ഏറ്റവും മികച്ചത് ഈ രണ്ടു മാസങ്ങളാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മിഗ് ലായുടെ മുകളിൽ വരണ്ട കാലാവസ്ഥയായിരിക്കും. എന്നാൽ ലേയ്ക്ക് അടുത്തുള്ള റോഡുകളിൽ കനത്ത മൺസൂൺ മഴ വില്ലനാകും. മടക്കയാത്രയിൽ മണ്ണിടിച്ചിൽ നിങ്ങളെ കുടുക്കിയേക്കാം. നിങ്ങൾക്ക് ലികാരുവിൽ എത്താൻ സാധിച്ചാൽ ചുരം കയറ്റം എളുപ്പത്തിൽ പൂർത്തിയാക്കാം. മധ്യവേനൽക്കാലത്താണ് (Mid-summer) യാത്രയെങ്കിൽ പ്ലാനിൽ കൂടുതൽ ദിവസങ്ങൾ കരുതാൻ പ്രത്യേകം ശ്രദ്ധിക്കുക.
Mig La Pass റോഡിന്റെ സ്ഥിതിയും യാത്രയിലെ ബുദ്ധിമുട്ടുകളും.
മില് ലാ പാസ് (Mig La Pass) യാത്ര കഠിനമായൊരു പരീക്ഷണമാണ് എന്നതിൽ സംശയമില്ല. എന്നാൽ ആ യാത്രയിൽ ലഭിക്കുന്ന ത്രസിപ്പിക്കുന്ന അനുഭവങ്ങൾ……അതിനു പകരം വയ്ക്കാനൊന്നുമില്ല.
റോഡിന്റെ സ്ഥിതി വാഹനത്തെയും, ഉയരവ്യത്യാസം നിങ്ങളുടെ ശരീരത്തെയും ഒരുപോലെ തളർത്തും. ലിഖാരുവിൽ (Likaru) നിന്നുള്ള സുഗമമായ ടാറിട്ട റോഡിലാണ് യാത്ര തുടങ്ങുന്നതെങ്കിലും മുന്നോട്ട് പോകുന്തോറും ഇത് കല്ലും മണ്ണും നിറഞ്ഞ തകർന്ന പാതയായി മാറും. ടാറിങ് പെട്ടെന്ന് തന്നെ അവസാനിക്കുകയും, ടയറുകൾ കീറാൻ ശേഷിയുള്ള മൂർച്ചയേറിയ പാറക്കല്ലുകളും മണ്ണിടിച്ചിലികളും നിറഞ്ഞ വഴി ആരംഭിക്കുകയും ചെയ്യും. ഈ ഭാഗങ്ങളിലുള്ള കുഴികളും ഉയർച്ചതാഴ്ചകളും വാഹനത്തെ ശക്തിയായി ഉലയ്ക്കുകയും ചിലപ്പോൾ ഭാഗങ്ങൾ തന്നെ ഇളകിപ്പോകാൻ കാരണമാകാറുണ്ട്.
അവസാന 34 കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. സുരക്ഷാ വേലികളില്ലാത്ത (guardrails) തികച്ചും ഇടുങ്ങിയ ഹെയർപിൻ വളവുകളാണ് ഇവിടെയുള്ളത്. വഴിയുടെ അതിരു കഴിഞ്ഞാൽ പിന്നെ വലിയ കൊക്കകളാണ്.എതിർദിശയിൽ നിന്ന് സൈനിക ട്രക്കുകൾ വന്നാൽ, അവയ്ക്ക് കടന്നുപോകാൻ വശങ്ങളിലേക്ക് വാഹനം റിവേഴ്സ് എടുക്കേണ്ടി വരും. ഇവിടുത്തെ നേർത്ത വായു എഞ്ചിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഓക്സിജന്റെ കുറവ് മൂലം വാഹനത്തിന്റെ കരുത്ത് പകുതിയോളം കുറയുന്നതിനാൽ കയറ്റങ്ങൾ കയറുന്നത് കൂടുതൽ ദുഷ്കരമാകും.
പെട്ടെന്നുള്ള ഉയരവ്യത്യാസം ഡ്രൈവർമാരിൽ കടുത്ത തലവേദനയും തലകറക്കവുമുണ്ടാക്കാനിടയുണ്ട്. വായുവിൽ ഓക്സിജൻ കുറയുന്നത് നിങ്ങളുടെ ചിന്താശേഷിയെയും പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവിനെയും (reflexes) മന്ദീഭവിപ്പിക്കും. അതുകൊണ്ട് തന്നെ, അതീവ ശ്രദ്ധയോടെ മാത്രം ഓടിക്കാൻ കഴിയുന്ന ഈ ഇടുങ്ങിയ പാതയിലൂടെയുള്ള യാത്ര പൂർത്തിയാകുമ്പോഴേക്കും ഏതൊരു ഡ്രൈവറും പൂർണ്ണമായും തളർന്നുപോകും.
Umling La vs Mig La : ഒരു താരതമ്യം
ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മോട്ടോറബിൾ റോഡാണ് Umling La Pass എങ്കിലും, ഇരു പാസുകളും സങ്കൽപ്പിക്കാൻ കഴിയാത്തത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം റോഡുകളുടെ നിർമ്മാണ രീതിയിലാണ്.
റോഡുകളുടെ അവസ്ഥ
Umling La Pass ഇൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) തന്നെ നിർമ്മിച്ച മികച്ച ടാറിട്ട റോഡുകളുണ്ട്. വളരെ നല്ല റോഡ് കണ്ടീഷൻ ആയതിനാൽ വാഹനങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിക്കില്ല. പിന്നെ പ്രശ്നം ഉയരം കൂടുമ്പോഴുള്ള ഓക്സിജൻ ലഭ്യത മാത്രമാണ്.എന്നാൽ Mig La Pass അങ്ങനെയല്ല. ഇവിടെ ടാർ റോഡ് പെട്ടെന്ന് അവസാനിക്കുകയും യാത്ര പിന്നീട് കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെ ആകുകയും ചെയ്യും.
ഡ്രൈവിംഗിലെ വെല്ലുവിളികൾ
Umling La യിൽ പ്രധാന വെല്ലുവിളി ശരീരം എങ്ങനെ ഉയരത്തോട് പൊരുത്തപ്പെടുന്നു എന്നത് മാത്രമാണ്. റോഡുകൾക്ക് താരതമ്യേനെ വീതി കൂടുതൽ ആയതിനാൽ കൃത്യമായ നിയന്ത്രണത്തോടെയും ഒരേ വേഗതയിലും വണ്ടിയോടിക്കാം. എന്നാൽ Mig La യിൽ ഡ്രൈവിംഗ് വളരെ കഠിനമാണ്. സുരക്ഷാ വേലികളില്ലാത്ത, ഇടുങ്ങിയ 34 കിലോമീറ്റർ കയറ്റം വണ്ടിയോടിച്ച് കയറണം. മണ്ണിടിച്ചിലും കൂർത്ത കല്ലുകളും നിറഞ്ഞ ഈ വഴിയിൽ വാഹനം തെന്നിപ്പോകാൻ സാധ്യതയുണ്ട്. കൂടാതെ, റോഡ് വളരെ ഇടുങ്ങിയതായതുകൊണ്ട് തന്നെ, വലിയ സൈനിക ട്രക്കുകൾക്ക് കടന്നുപോകാൻ വലിയ താഴ്ചയുള്ള കൊക്കയുടെ വശങ്ങളിലേക്ക് വാഹനം റിവേഴ്സ് എടുക്കേണ്ടിയും വരും.
വാഹനങ്ങളുടെ അവസ്ഥ
Umling La യിലും കട്ടികുറഞ്ഞ വായു എഞ്ചിനിലേക്കുള്ള വായുസഞ്ചാരം കുറയ്ക്കുമെങ്കിലും, റോഡ് നല്ലതായതു കൊണ്ട് ടയറുകൾക്കും സസ്പെൻഷനും വലിയ പ്രശ്നമുണ്ടാക്കില്ല. എന്നാൽ മിഗ് ലാ എഞ്ചിനെയും വാഹനത്തിന്റെ ബോഡിയെയും ഒരുപോലെ തളർത്തും. ഓക്സിജൻ കുറഞ്ഞ അന്തരീക്ഷത്തിൽ എഞ്ചിൻ പരമാവധി കരുത്തെടുക്കേണ്ടി വരുമ്പോൾ തന്നെ, കഠിനമായ ഓഫ്-റോഡ് പാത സസ്പെൻഷൻ തകർക്കാനും ടയറുകൾ കീറാനും കാരണമാകും.
Mig La Pass ലേക്കുള്ള യാത്രയെക്കുറിച്ച്
മിഗ് ലാ(mig la pass ladakh) ചുരത്തിലേക്കുള്ള യാത്ര അങ്ങേയറ്റം സാഹസികത നിറഞ്ഞതാണ്. ഫോൺ സിഗ്നലോ മെക്കാനിക്കുകളോ ഇല്ലാത്ത ഈ റൂട്ടിൽ, മണ്ണും കല്ലും നിറഞ്ഞ പാതകളും കുത്തനെയുള്ള കയറ്റങ്ങളും ശ്വാസം മുട്ടിക്കുന്ന കുറഞ്ഞ ഓക്സിജൻ അളവും റൈഡ് അതികഠിനമാക്കുന്നു.പക്ഷെ ഈ പ്രയാസങ്ങളെയെല്ലാം മറികടക്കാൻ പോന്നതാണ് ഇവിടുത്തെ കാഴ്ചകൾ. കടും നീലാകാശത്തിന് താഴെ ചക്രവാളം വരെ നീണ്ടുകിടക്കുന്ന മലകളും, സമതലങ്ങളും, ചിലയിടങ്ങളിൽ തിളങ്ങുന്ന മഞ്ഞുപാളികൾ മൂടിയ കുന്നുകളും ചേർന്നൊരുക്കുന്ന, പ്രകൃതിയുടെ വിസ്മയം. ഇത് മറ്റെവിടെയും കാണാനാവുമോ. ഇവിടെയുള്ള ഈ നിശബ്ദതയ്ക്ക് വന്യമായ ഒരു സൗന്ദര്യം തന്നെയുണ്ട്. ഇത്രയും കഠിനമായ കാലാവസ്ഥയിലും ചങ്‌താങ് (Changthang) സമതലങ്ങളിൽ കൂട്ടമായി മേയുന്ന ‘ക്യാങ് (Kiang)എന്ന തിബറ്റൻ കാട്ടുകഴുതകളെയും, വഴിയരികിലെ മാളങ്ങളിൽ നിന്ന് തലപൊക്കുന്ന Himalayan marmot കളെയും ഇവിടെ കാണാം.
കൊടും തണുപ്പിലും പ്രതികൂല സാഹചര്യങ്ങളിലും അതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികരെ നേരിൽ കാണുമ്പോൾ അവരോടുള്ള ബഹുമാനം ഇരട്ടിക്കും. വെല്ലുവിളികൾ നിറഞ്ഞ ഡ്രൈവിംഗും, മനോഹരമായ ഭൂപ്രകൃതിയും, വന്യജീവികളും, ജവാന്മാരുടെ അർപ്പണബോധവും എല്ലാം ചേർന്ന് Mig La Pass യാത്രയെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമാക്കി മാറ്റും.
Mig La Pass ൽ എന്തൊക്കെ ചെയ്യാം?
മിഗ് ലാ ചുരത്തിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകർഷണം 19,400 അടിയുള്ള ഇവിടേക്ക് ഏത്തപ്പെടുക എന്നത് തന്നെയാണ്. ദുർഘടമായ പാതയിലൂടെ, ശ്രദ്ധയോടെ വാഹനം ഓടിച്ച് മുകളിലെത്തുക എന്നതാണ് ഇതിലെ പ്രധാന സാഹസികത. മുകളിൽ ഓക്സിജന്റെ അളവ് വളരെ കുറവായതുകൊണ്ട് തന്നെ പരമാവധി 10 മിനിറ്റിൽ കൂടുതൽ അവിടെ ചെലവഴിക്കാൻ സാധിക്കില്ല. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരത്തിന്റെ ഔദ്യോഗിക ബോർഡിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാനും, ചങ്‌താങ് പീഠഭൂമിയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും യാത്രികർ മറക്കാറില്ല. ജനവാസമില്ലാത്ത ആ മലനിരകളിലെ പൂർണ്ണമായ നിശബ്ദത മനസ്സിന് വല്ലാത്തൊരു സമാധാനമാണ് നൽകുക.
ചുരം കയറുന്നതിനൊപ്പം തന്നെ ഹിമാലയൻ അതിർത്തി ഗ്രാമങ്ങളിലെ ജീവിതം അടുത്തറിയാനും അവസരമുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ നക്ഷത്രനിരീക്ഷണ കേന്ദ്രവും ചരിത്രപ്രസിദ്ധമായ ബുദ്ധാശ്രമവുമുള്ള ‘ഹാൻലെ’ താഴ്‌വരയാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. തെളിഞ്ഞ ആകാശവും ശുദ്ധമായ അന്തരീക്ഷവുമുള്ള ഇവിടെ രാത്രിയിലെ ആകാശക്കാഴ്ചകൾ അതിമനോഹരമാണ്. യാത്രാമാർഗ്ഗം പൂർണ്ണമായും ഒരു വന്യജീവി സങ്കേതത്തിലൂടെയായതിനാൽ kiang കൾ (തിബറ്റൻ കഴുതകൾ), ഹിമാലയൻ മാർമോട്ടുകൾ, അപൂർവ്വ ഇനം പക്ഷികൾ എന്നിവയെയും കാണാം. ഹാൻലെ തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലൂടെയുള്ള യാത്ര, ഇവിടുത്തെ ജനജീവിതം എത്രത്തോളം കഠിനമാണെന്ന് നമുക്ക് കാണിച്ചുതരും.
Mig La Pass സന്ദർശിക്കാൻ ആവശ്യമായ പെർമിറ്റുകൾ.
ലഡാക്കിലെ മിഗ് ലാ ചുരത്തിലേക്ക് യാത്ര ചെയ്യാൻ ലേ (Leh) ജില്ലാ ഭരണകൂടം നൽകുന്ന ഇന്നർ ലൈൻ പെർമിറ്റ് (ILP) നിർബന്ധമാണ്. ഹാൻലെ ഉൾപ്പെടെയുള്ള മിഗ് ലാ റൂട്ടിലെ വിദൂര അതിർത്തി ഗ്രാമങ്ങളും ചങ്‌താങ് മേഖലയും സൈനിക നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായതിനാലാണ് ഈ പ്രത്യേക അനുമതി പത്രം വേണ്ടിവരുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപായി ലേ ഓഫീസിൽ നിന്നോ ഓൺലൈൻ വഴിയോ ഈ പെർമിറ്റ് എടുക്കാം. പോകുന്ന വഴിയിലുടനീളമുള്ള ആർമി-പോലീസ് ചെക്ക് പോസ്റ്റുകളിൽ ഇത് പരിശോധിക്കാറുള്ളതിനാൽ, പെർമിറ്റിന്റെ ഒന്നിലധികം പ്രിന്റഡ് കോപ്പികളും ഒറിജിനൽ തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം.
ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് (LAC) ചേർന്നുകിടക്കുന്ന അതീവ സുരക്ഷാ മേഖലയായതിനാൽ, അതിർത്തിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇവിടുത്തെ യാത്രാ നിയമങ്ങളിൽ പെട്ടെന്ന് മാറ്റങ്ങൾ വരാം. വിദേശ സഞ്ചാരികൾക്ക് ചില പ്രത്യേക ഇടങ്ങളിലേക്ക് ഇപ്പോഴും കർശന നിയന്ത്രണങ്ങളുണ്ട്. പെർമിറ്റ് ഫീസിനൊപ്പം പരിസ്ഥിതി-വന്യജീവി സംരക്ഷണത്തിനായുള്ള ചെറിയൊരു തുകയും ഈടാക്കാറുണ്ട്. ചുരുക്കത്തിൽ, ആവശ്യമായ പെർമിറ്റുകൾ കൃത്യമായി കൈയിലില്ലെങ്കിൽ മിഗ് ലാ ചുരത്തിലേക്കോ അതിനോട് ചേർന്നുള്ള മറ്റ് റൂട്ടുകളിലേക്കോ നിയമപരമായി യാത്ര തുടരാൻ സാധിക്കില്ല.
എവിടെ താമസിക്കണം?
മിഗ് ലാ ചുരത്തിന് സമീപം ആൾ താമസം കുറവായതുകൊണ്ട് തന്നെ ആഡംബര ഹോട്ടലുകളോ റിസോർട്ടുകളോ ഇവിടെ പ്രതീക്ഷിക്കരുത്. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ പ്രധാനമായും ആശ്രയിക്കുന്നത് ഹാൻലെ പോലുള്ള സമീപ ഗ്രാമങ്ങളിലെ ഹോംസ്റ്റേകളെയാണ്. ലഡാക്കിന്റെ തനത് സംസ്കാരവും ഭക്ഷണവും പരിചയപ്പെടാൻ പറ്റിയ ഈ ഹോംസ്റ്റേകളിൽ അടിസ്ഥാന സൗകര്യങ്ങളുള്ള മുറികളും തദ്ദേശീയമായ ഭക്ഷണവും ലഭിക്കും. സീസൺ സമയങ്ങളിൽ ഇവിടെ താമസസൗകര്യങ്ങൾ വളരെ പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര തിരിക്കുന്നതാകും എപ്പോഴും നല്ലത്.
യാത്രയിൽ കരുതേണ്ട അവശ്യവസ്തുക്കൾ.
മിഗ് ലാ ചുരത്തിലേക്കുള്ള യാത്രയ്ക്ക് മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ വളരെ പ്രധാനമാണ്. ലേയിൽ നിന്നുള്ള ഇന്നർ ലൈൻ പെർമിറ്റിന്റെ (ILP) പ്രിന്റഡ് കോപ്പികളും ഒറിജിനൽ തിരിച്ചറിയൽ രേഖയും കൈയിൽ കരുതുക. വഴിയിൽ പെട്രോൾ പമ്പുകൾ ഇല്ലാത്തതിനാൽ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉറപ്പാക്കുന്നതിനൊപ്പം അധികമായി കരുതാവുന്ന ക്യാനുകളിൽ ഇന്ധനം സൂക്ഷിക്കുന്നതും നന്നായിരിക്കും.
അന്തരീക്ഷ വായു കുറവായതിനാൽ ഉയരമുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്കുള്ള (Altitude Sickness) മരുന്നുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, കനത്ത തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ജാക്കറ്റുകൾ, ഗ്ലൗസുകൾ എന്നിവ നിർബന്ധമായും എടുക്കണം. കിലോമീറ്ററുകളോളം കടകളും മറ്റ് സേവനങ്ങളും ഇല്ലാത്ത വിജനമായ പാതകളായതിനാൽ ആവശ്യത്തിന് കുടിവെള്ളവും ലഘുഭക്ഷണങ്ങളും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ടൂളുകളും വാഹനത്തിൽ കരുതേണ്ടതുണ്ട്.









