മൺസൂണിൽ ആദ്യ മഴത്തുള്ളികൾ ദക്ഷിണേന്ത്യൻ മണ്ണിലേക്ക് വീഴുമ്പോൾ തന്നെ പ്രകൃതിക്ക് ഒരു പുതിയ ഭാവം വരും. വേനലിന്റെ വരൾച്ച മാറി മലനിരകൾ കടും പച്ചപ്പിലേക്ക് മാറിത്തുടങ്ങുകയായി. പതിയെ ജീവൻ വച്ചു തുടങ്ങുന്ന വെള്ളച്ചാട്ടങ്ങൾ
പിന്നീട് വന്യമായ ഒരു കരുത്തോടെ ആർത്തലച്ചൊഴുകിത്തുടങ്ങും. വളഞ്ഞുപുളഞ്ഞ മലമ്പാതകളെ കോട വന്നു മൂടും.
മഴക്കാല യാത്രകൾ വെറുമൊരു കാഴ്ച കാണലല്ല. സാവധാനത്തിലുള്ള യാത്രകളുടെ (Slow travel) ഒരു പുതിയ ലോകമാണ്.രാവിലെ തണുപ്പത്തു കയ്യിലൊരു ചൂടുചായയുമായി മഴ നോക്കി ഇരിക്കുന്നതും, നനഞ്ഞു കുതിർന്ന തോട്ടങ്ങളിലൂടെയുള്ള വെറും നടത്തവും, കാടിന്റെ വന്യമായ സംഗീതവുമെല്ലാം ഇതിന്റെ ഭാഗമാണ്. മൂന്നാറിലെ ചായത്തോട്ടങ്ങൾ മുതൽ കൂർഗിലെ കാപ്പിത്തോട്ടങ്ങൾ വരെ, ഓരോ ഇടങ്ങൾക്കും പറയാനായി ഓരോ കഥകളുണ്ട്. തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ ഈ പച്ചപ്പിലേക്ക് ഇറങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ South India Monsoon Destinations നിങ്ങൾക്ക് സഹായകമാവും.
എന്തുകൊണ്ട് മഴക്കാലത്ത് ദക്ഷിണേന്ത്യ മാന്ത്രികമാകുന്നു?
ആകാശം കറുത്തിരുണ്ട് മഴ പെയ്യാൻ തുടങ്ങുമ്പോൾ വണ്ടിയുമെടുത്തു റോഡിലേക്ക് ഇറങ്ങണമെങ്കിൽ ധൈര്യം മാത്രം പോരാ. ഒരല്പം റൊമാന്റിക് കൂടിയായിരിക്കണം. മുൻപോട്ട് നോക്കുമ്പോൾ മലകൾ ശാന്തമായി ശ്വാസമെടുക്കുന്നതുപോലെ തോന്നും, അന്തരീക്ഷത്തിലാകെ നനഞ്ഞ മണ്ണിന്റെ മണമാവും.
ഇതിനൊക്കെ അപ്പുറം മഴക്കാല യാത്രകൾക്ക് ചില പ്രായോഗിക വശങ്ങളുമുണ്ട്. മഴക്കാലമായതിനാൽ റിസോർട്ടുകളിലും ഹോട്ടലുകളിലുമൊക്കെ തിരക്ക് കുറവായിരിക്കും. അതുകൊണ്ട് ഈ സീസണിൽ മികച്ച ഓഫറുകൾ ലഭിക്കാനുള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് കുറയുന്നതോടെ, കാഴ്ചകൾ തടസ്സമില്ലാതെ ആസ്വദിച്ചു കൊണ്ടുള്ള വെറും നടത്തത്തിന് ഭംഗിയും കൂടും. ഫോട്ടോഗ്രാഫർമാർക്കും പ്രകൃതിസ്‌നേഹികൾക്കും മഴ ഇവിടെയൊരു തടസ്സമല്ല, മറിച്ച് അത് അവരുടെ യാത്രയുടെ മറ്റൊരു ആകർഷണമാണ്.
1.Munnar, കേരളം – മേഘങ്ങൾക്കു മുകളിലെ ചായത്തോട്ടങ്ങൾ
- ഏറ്റവും അനുയോജ്യം: മഞ്ഞിനേയും മഴയെയുമൊക്കെ പ്രണയിക്കുന്നവർക്കും, കുറഞ്ഞ നിരക്കിൽ റിസോർട്ടുകളിലെ താമസം ആഗ്രഹിക്കുന്നവർക്കും.
മഴക്കാലത്ത് മൂന്നാർ മഴയെക്കാൾ സുന്ദരമായ ഒന്നാണ്. അതിരുകളില്ലാത്ത ചായത്തോട്ടങ്ങൾ, പച്ച പരവതാനി വിരിച്ചതുപോലെ പടർന്നുകിടക്കുന്നു, മേഘങ്ങൾ ഒഴുകിനടക്കുന്ന താഴ്വരകൾ. ടീ എസ്റ്റേറ്റുകളിലൂടെയുള്ള ഡ്രൈവ് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ഓരോ ഹെയർപിൻ വളവുകളും കോടമഞ്ഞു പുതച്ചു മനോഹര ഫ്രെയിമുകളുമായി കാത്തിരിക്കും.ഇരവികുളം നാഷണൽ പാർക്കും(Eravikulam National Park),മാട്ടുപ്പെട്ടി ഡാമും(Maattupetty Dam), ലക്കം വെള്ളച്ചാട്ടവുമെല്ലാം(Lakkam waterfalls) മഴക്കാലത്ത് കൂടുതൽ മനോഹരമായ വേറിട്ട കാഴ്ചകളൊരുക്കും. എന്നാൽ മൂന്നാർ(Munnar) മൺസൂണിൽ അത്ഭുതപ്പെടുത്തുന്നത് അതിന്റെ ഏകാന്തതകൊണ്ടാണ്. കൊളോണിയൽ കാലത്തുണ്ടാക്കിയ ഏതെങ്കിലുമൊരു ഒരു പ്ലാന്റേഷൻ ബംഗ്ലാവിൽ മുറിയെടുക്കുക. എന്നിട്ട് മഞ്ഞു മൂടിയ രാവിലെകളിൽ ജനലുകളിൽ വന്നു തട്ടുന്ന മഴത്തുള്ളികൾ നോക്കി ചൂടുള്ളൊരു ഏലയ്ക്കാച്ചായ കുടിച്ചുകൊണ്ടങ്ങു ഇരിക്കുക… ആഹാ…
എന്തുകൊണ്ടാണ് മൂന്നാർ എപ്പോഴും പ്രിയപ്പെട്ട South India Monsoon Destinations-ൽ ഒന്നായി തുടരുന്നതെന്ന് അപ്പോൾ ബോധ്യമാകും.

2.Wayanad, കേരളം – വന്യമായ മഴക്കാല സൗന്ദര്യം.
- ഏറ്റവും അനുയോജ്യം: സാഹസികത ഇഷ്ടപ്പെടുന്നവർക്കും, മഴക്കാടുകളിലെ മരവീടുകളിൽ താമസം ആഗ്രഹിക്കുന്നവർക്കും.
മൂന്നാർ അണിഞ്ഞൊരുങ്ങി സുന്ദരിയാണെങ്കിൽ, വയനാടിന്വ(Wayanad) വന്യമായ പ്രകൃതി സൗന്ദര്യമാണ്. മഴ പെയ്യാൻ തുടങ്ങുന്നതോടെ പശ്ചിമഘട്ടത്തിലെ കാടുകളൊക്കെ കടും പച്ചയായി ത്തുടങ്ങും.
മഴക്കാലത്ത് വയനാട് വന്യജീവി സങ്കേതം(Wayanad Wildlife Sanctuary) ഒരല്പം ഗൗരവത്തിലായിരിക്കും.നനഞ്ഞ വനത്തിനുള്ളിൽ വച്ചു കാട്ടാനകളെയും മാനുകളെയും പക്ഷികളെയുമൊക്കെ കാണാൻ ഏറ്റവും അനുയോജ്യമായ സമയമിതാണ്. കാട്ടിലൂടെ ഒരു ട്രെക്കിംഗ് ഒരു പ്രത്യേക അനുഭൂതിതന്നെയാണ്. വനത്തിനരികിലെ റിസോർട്ടുകളോ ആഡംബര ട്രീഹൗസുകളോ തിരഞ്ഞെടുക്കുകയാണെങ്കിൽ, ബാൽക്കണിയിൽ ഇരുന്ന് കാടിന്റെ മുകളിലേക്ക് പെയ്യുന്ന മഴയുടെ താളം ആസ്വദിക്കാം.

3.Coorg, കർണാടക – കാപ്പിയുടെയും മഴയുടെയും സുഗന്ധം.
- ഏറ്റവും അനുയോജ്യം:കാപ്പി കുടിയന്മാർക്കും പ്രകൃതിയോട് ചേർന്നിരിക്കാൻ ആഗ്രഹമുള്ളവർക്കും.
Coorg(കുടക്), ചായത്തോട്ടങ്ങൾക്ക് പകരം കാപ്പിത്തോട്ടങ്ങളുടെ ഭംഗിയുമായിട്ടാണ് Coorg ഈ മഴക്കാലത്തെ വരവേൽക്കുന്നത്. മഴ തോർന്നതിന് ശേഷമുള്ള കാറ്റ്, കാപ്പിചെടികളിൽ നിന്നും spice plantation കളിൽ നിന്നുമുള്ള മത്ത് പിടിപ്പിക്കുന്ന ഒരു ഗന്ധം നമുക്ക് കൊണ്ടുത്തരും. തിളങ്ങുന്ന പച്ച ഇലകൾ ചാരനിറത്തിലുള്ള ആകാശത്തിന് കീഴിൽ തിളങ്ങിനിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്.
ഒരു പരമ്പരാഗത കൊടവ ഹോംസ്റ്റേയിലോ ലക്ഷ്വറി എസ്റ്റേറ്റ് റിസോർട്ടിലോ താമസിക്കുന്നതാണ് യഥാർത്ഥ കൂർഗ് അനുഭവം. രാവിലെ കുരുമുളക് വള്ളികൾ പടർന്ന മരങ്ങൾക്കിടയിലൂടെ നടക്കാം, ഉച്ചയ്ക്ക് ശേഷം അബ്ബി വെള്ളച്ചാട്ടം രൗദ്രഭാവത്തിൽ കുത്തിയൊലിക്കുന്നത് കാണാൻ പോകാം. അങ്ങനെ സാവധാനത്തിലുള്ള യാത്രകളുടെ (Slow travel) അർത്ഥം കൂർഗ് പൂർണ്ണമായും ഉൾക്കൊള്ളുന്നു.

4.Sakleshpur, കർണാടക – പശ്ചിമഘട്ടം ഒളിപ്പിച്ചു വെച്ചിരിക്കുന്ന പ്രകൃതി.
- ഏറ്റവും അനുയോജ്യം: ഓഫ്‌ബീറ്റ് യാത്രകൾക്കും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും.
പശ്ചിമഘട്ടത്തിന്റെ ചരിവുകളിൽ ഒളിഞ്ഞിരിക്കുന്ന സക്ലേഷ്പൂർ(Sakleshpur) മനോഹരമായ ഒരു രഹസ്യ ലോകമാണ്. മഴക്കാലം എത്തുന്നതോടെ ഈ മലയോര ഗ്രാമം പച്ചപ്പുനിറഞ്ഞ പുൽമേടുകളുടെയും മഞ്ഞുനിറഞ്ഞ താഴ്‌വരകളുടെയും ഒരു മായാലോകമായി മാറുകയായി.
സക്ലേഷ്പൂരിന്റെ പകുതി ഭംഗിയും ഇവിടേക്കുള്ള യാത്ര തന്നെ.വിജനമായ റോഡുകൾ, മഞ്ഞു മൂടിയ മലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പഴയ റെയിൽവേ പാലങ്ങൾ, വഴിയരികിലെ ചെറിയ അരുവികൾ എന്നിവ റോഡ് ട്രിപ്പിനു മാറ്റ് കൂട്ടും. പ്രശസ്തമായ ഗ്രീൻ റൂട്ട് ട്രെക്കിംഗ് നടത്താനായാലും, കുന്നിൻ ചെരുവിലെ കോട്ടേജിൽ വിശ്രമിക്കാനായാലും സക്ലേഷ്പൂർ മികച്ചൊരു ചോയ്‌സാണ്.

5.Valpara, തമിഴ്‌നാട് – വനവും ചായത്തോട്ടങ്ങളും സംഗമിക്കുമിടം.
- ഏറ്റവും അനുയോജ്യം: മഴക്കാല,വന്യജീവി ഫോട്ടോഗ്രാഫിക്കും, റോഡ് ട്രിപ്പുകൾക്കും.
മനുഷ്യൻ നിർമ്മിച്ച ചായത്തോട്ടങ്ങളും പ്രകൃതിദത്തമായ ഇടതൂർന്ന വനങ്ങളും തടസ്സമില്ലാതെ ലയിച്ചുചേരുന്ന ഒരു അപൂർവ്വ ഇടമാണ് വാൽപ്പാറ(Valpara). ഇവിടേക്കുള്ള യാത്രയെ ആവേശകരമാക്കുന്നത് 40 ഹെയർപിൻ വളവുകളാണ്. ഓരോ വളവും മഞ്ഞു മൂടിയ താഴ്‌വരകളുടെ മനോഹരമായ കാഴ്ചകൾ നൽകിക്കൊണ്ടിരിക്കും.
മഴക്കാലം വാൽപ്പാറയെ (Valpara) ആളൊഴിഞ്ഞ സ്ഥലമാക്കുന്നു.തൊട്ടടുത്തുള്ള ഊട്ടിയേക്കാൾ വളരെ കുറച്ചു സഞ്ചാരികൾ മാത്രമേ ഇവിടെയെത്താറുള്ളൂ. അതുകൊണ്ട് തന്നെ , പച്ചപ്പും അരുവികളുമെല്ലാം ശാന്തമായി ആസ്വദിക്കാം. അപൂർവ ഇനത്തിൽപ്പെട്ട സിംഹവാലൻ കുരങ്ങുകളെയും വേഴാമ്പലുകളെയും കാണാൻ അനുയോജ്യമായ സമയം കൂടിയാണിത്.

6.Kodaikkanal, തമിഴ്‌നാട് – പേരുകേട്ട കാഴ്ചകൾക്കപ്പുറം…
- ഏറ്റവും അനുയോജ്യം: പ്രണയിക്കുന്നവർക്കും ഗ്രാമീണ ഭംഗി ഇഷ്ടപ്പെടുന്നവർക്കും.
കൊടൈക്കനാലിലെ(Kodaikkanal) തടാകം എപ്പോഴും വിനോദസഞ്ചാരികളെ ആകർഷിക്കാറുണ്ടെങ്കിലും, മഴക്കാലം നിങ്ങളെ കൊടൈക്കനാലിന്റെ മറ്റു ചില കോണുകളിലേക്ക് കൂടി ക്ഷണിക്കും.മഴയെത്തുമ്പോൾ ‘ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി'(Queen of Hill stations) മഞ്ഞിന്റെ പുതപ്പിനുള്ളിൽ കൂടുതൽ സുന്ദരിയായി ഇരിക്കുന്നുണ്ടാവും.
ടൗണിൽ നിന്ന് മാറി പൂമ്പാറ(Poombarai) പോലുള്ള കൃഷിഗ്രാമങ്ങളിലേക്കോ, മന്നവനൂർ(Mannavannur), കൂക്കൽ(Kukkal) തുടങ്ങിയ പുൽമേടുകളിലേക്കോ പോവുക. ഈ ഒളിഞ്ഞിരിക്കുന്ന ഇടങ്ങൾ പൈൻ കാടുകളും വിശാലമായ ലാൻഡ്‌സ്‌കേപ്പുകളും സമ്മാനിക്കുന്നു. കല്ലുപാകിയ ഒരു കോട്ടേജ് വാടകയ്‌ക്കെടുത്ത്, തണുത്ത മലയോരക്കാറ്റിലേക്ക് ഉണരുന്നത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ.

7.Araku Valley, ആന്ധ്രാപ്രദേശ് – ഓർഗാനിക് കോഫി പ്ലാന്റേഷൻസ്.
- ഏറ്റവും അനുയോജ്യം: ട്രെയിൻ യാത്രകളെയും ഈസ്റ്റൺ ഘാട്ടിനെയും ഇഷ്ടപ്പെടുന്നവർക്ക്.
മഴക്കാല ഭംഗി പശ്ചിമഘട്ടത്തിന് മാത്രമല്ല എന്ന് തെളിയിക്കുന്നതാണ് കിഴക്കൻ ചുരങ്ങളിലെ (Eastern Ghats) അരകു വാലി(Araku Valley). മഴയ്ക്ക് ശേഷം ഈ താഴ്‌വര പ്രകൃതിയുടെ പച്ചപ്പിൽ തിളങ്ങിനിൽക്കും.
അരകു(Araku)വിലേക്കുള്ള യാത്ര തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം, പ്രത്യേകിച്ച് വിശാഖപട്ടണത്തിൽ നിന്നുള്ള വിസ്താഡോം (Vistadome) ട്രെയിൻ യാത്ര. ഗ്ലാസ് മേൽക്കൂരയുള്ള കോച്ചിലിരുന്ന് മലനിരകളും ഗുഹകളും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന വെള്ളച്ചാട്ടങ്ങളും കാണാം. ഇവിടുത്തെ ഓർഗാനിക് കോഫി പ്ലാന്റേഷനുകൾ സന്ദർശിക്കാനും താഴ്‌വരയുടെ ഭംഗി ആസ്വദിക്കാനും നിരവധി അവസരങ്ങളുണ്ട്.

8.Horsley Hills, ആന്ധ്രാപ്രദേശ് – ഒരു ശാന്തമായ ഹിൽ റിട്രീറ്റ്.
- ഏറ്റവും അനുയോജ്യം: ലളിതമായ യാത്രകൾക്കും, തികഞ്ഞ നിശബ്ദത ആഗ്രഹിക്കുന്നവർക്കും.
നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നത് കുറച്ചു നിശബ്ദതയും അല്പം സ്വസ്ഥതയും ആണെങ്കിൽ ശങ്കിക്കേണ്ട Horsley Hills, നിങ്ങൾക്കുള്ളതാണ്. വിനോദസഞ്ചാരത്തിന്റെ വലിയ ആർഭാടങ്ങളൊന്നുമില്ലാത്ത ഈ മലയോര കേന്ദ്രം യൂക്കാലിപ്റ്റസ് മരങ്ങളാലും ശാന്തമായ വ്യൂ പോയിന്റുകളാലും സമ്പന്നമാണ്.മഴക്കാലത്ത് ഈ പ്രദേശം മുഴുവൻ കട്ടമഞ്ഞിൽ മൂടും. വലിയ കാഴ്ചകളുടെ തിരക്കുകളില്ലാതെ, ബാൽക്കണിയിൽ ഇരുന്ന് തണുത്ത കാറ്റും ചൂടുള്ള ഭക്ഷണവും ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് Horsley Hills.

മഴക്കാലം, യാത്രകൾ എങ്ങനെയായിരിക്കണമെന്ന നമ്മുടെ കാഴ്ചപ്പാടിനെത്തന്നെ മാറ്റുന്നുണ്ട്. അത് തിരക്കുകളെല്ലാം മാറ്റിവെച്ച് പ്രകൃതിയോട് ആഴത്തിൽ ഇഴുകിച്ചേരാൻ നമ്മെ പ്രേരിപ്പിക്കുന്നു. കേരളത്തിലെ ചായത്തോട്ടങ്ങളോ, കർണാടകയിലെ കാപ്പിത്തോട്ടങ്ങളോ, തമിഴ്‌നാട്ടിലെ ഗ്രാമങ്ങളോ ആകട്ടെ, ഈ South India Monsoon Destinations പ്രകൃതിയെ അതിന്റെ ഏറ്റവും സജീവമായ അവസ്ഥയിൽ നിങ്ങൾക്ക് കാണിച്ചുതരും.
നിങ്ങളുടെ റെയിൻ ജാക്കറ്റ് എടുക്കൂ….
തിരക്കുകൾ മറക്കൂ.….
മേഘങ്ങളെ പിന്തുടരൂ…..
മലനിരകൾ നിങ്ങളെ കാത്തിരിക്കുകയാണ്.










