ഇന്ത്യൻ പൗരന്മാർക്ക് ഓസ്ട്രേലിയൻ ടൂറിസ്റ്റ് വിസ (Australia Tourist Visa for Indians) ലഭിക്കുന്നത് അത്ര വലിയ പ്രശ്നമാണോ?വിസക്ക് അപേക്ഷിക്കേണ്ടത് ഇപ്പോൾ പൂർണ്ണമായും ഡിജിറ്റൽ പ്രക്രിയയിലൂടെയാണ്. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് നിയന്ത്രിക്കുന്ന ‘ImmiAccount’ എന്ന ഔദ്യോഗിക ഇന്റർനെറ്റ് പോർട്ടൽ വഴിയാണ് വിസ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. അതിനാൽ എംബസിയിലോ വിഎഫ്എസ് സെന്ററിലോ പോയി പാസ്‌പോർട്ടിൽ ഫിസിക്കൽ വിസ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ല. അപേക്ഷ അംഗീകരിച്ചു കഴിയുമ്പോൾ നിങ്ങളുടെ പാസ്‌പോർട്ട് നമ്പറുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് വിസ (e-Visa) ഇമെയിൽ വഴി നേരിട്ട് ലഭിക്കും.
സിഡ്നി, മെൽബൺ, ബ്രെസ്ബെയ്ൻ, പെർത്ത് തുടങ്ങിയ ഓസ്ട്രേലിയൻ നഗരങ്ങളിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ കൃത്യമായ സാമ്പത്തിക രേഖകളും വ്യക്തിഗത വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്. ചെറിയ ഒരു തെറ്റോ ആവശ്യമായ ഒരു രേഖകളില്ലാതെ വരികയാണെങ്കിലോ വിസ ലഭിക്കാൻ വൈകുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്യാം. അതിനാൽ, ഏജന്റുമാർക്ക് പതിനായിരക്കണക്കിന് രൂപ കമ്മീഷൻ നൽകാതെ സ്വന്തമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും, ആവശ്യമായ രേഖകൾ കൃത്യമായി സംഘടിപ്പിക്കാനും സഹായിക്കുന്ന സമഗ്രമായ ഗൈഡാണിത്.
ഇന്ത്യക്കാർക്ക് വിദേശയാത്രകൾ എളുപ്പമാക്കുന്ന വിസ മാർഗ്ഗനിർദ്ദേശങ്ങൾ തിരയുകയാണോ? 48 മണിക്കൂറിനുള്ളിൽ വിസ നേടാൻ സഹായിക്കുന്ന ഞങ്ങളുടെ ദുബായ് ടൂറിസ്റ്റ് വിസ 2026 ഗൈഡ് ഇവിടെ വായിക്കാം.
ഓസ്ട്രേലിയൻ ടൂറിസ്റ്റ് വിസ – അടിസ്ഥാന വിവരങ്ങൾ.
ഇന്ത്യക്കാർക്കുള്ള ഓസ്ട്രേലിയൻ വിസയ്ക്ക് (Australia Tourist Visa for Indians) അപേക്ഷിക്കുന്നതിന് മുൻപായി അതിൻറെ അടിസ്ഥാന വിവരങ്ങൾ കൃത്യമായി അറിഞ്ഞിരിക്കുന്നത് യാത്ര എളുപ്പമാക്കും:
- വിസ കാറ്റഗറി: വിസിറ്റർ വിസ സബ്‌ക്ലാസ് 600 – ടൂറിസ്റ്റ് സ്ട്രീം (Visitor Visa Subclass 600 – Tourist Stream).
- അപേക്ഷാ ഫീസ്: ഓഫ്‌ഷോർ (Offshore) വഴി ഇന്ത്യയിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് ഔദ്യോഗിക ഗവൺമെന്റ് ഫീസ് AUD 250 ആണ്.
- ബയോമെട്രിക് ഫീസ്: കേരളത്തിലെ കൊച്ചിയിലോ തിരുവനന്തപുരത്തോ ഉള്ള VFS Global സെന്ററിൽ നൽകേണ്ട ഫീസ് (ഏകദേശം ₹1,500 മുതൽ ₹1,800 വരെ).
- പ്രൊസസിംഗ് സമയം: അപേക്ഷ സമർപ്പിച്ച് സാധാരണയായി 15 ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ വിസ ലഭിക്കും.
- താമസ കാലാവധി: അപേക്ഷയിലെ വിവരങ്ങൾ പരിശോധിച്ച ശേഷം 3 മാസം, 6 മാസം അല്ലെങ്കിൽ 12 മാസം വരെ ഓസ്ട്രേലിയയിൽ തങ്ങാൻ അനുമതി ലഭിക്കും.
- എൻട്രി രീതി: സിംഗിൾ എൻട്രി (Single Entry) അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി (Multiple Entry) രീതിയിൽ വിസ അനുവദിക്കപ്പെടും.
ഓസ്ട്രേലിയൻ വിസിറ്റർ വിസ രണ്ടു തരം.
ഇന്ത്യക്കാർ (Australia Tourist Visa for Indians) പ്രധാനമായും രണ്ട് രീതിയിലാണ് വിസിറ്റർ വിസ സബ്‌ക്ലാസ് 600-ന് കീഴിൽ അപേക്ഷിക്കുന്നത്. നിങ്ങളുടെ യാത്രാ ഉദ്ദേശ്യത്തിനനുസരിച്ച് ശരിയായ സ്ട്രീം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.
- ടൂറിസ്റ്റ് സ്ട്രീം (Tourist Stream – Apply Outside Australia): സന്ദർശനം, വിനോദയാത്ര, അല്ലെങ്കിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കൽ എന്നിവയ്ക്കായി സ്വന്തം ചെലവിൽ യാത്ര ചെയ്യുന്നവർക്കുള്ള വിഭാഗമാണിത്. ഈ വിഭാഗത്തിൽ അപേക്ഷകൻ സ്വന്തം അക്കൗണ്ടിൽ പണം കാണിക്കുകയും സ്വന്തം സാമ്പത്തിക രേഖകൾ സമർപ്പിക്കുകയും വേണം.
- സ്പോൺസേർഡ് ഫാമിലി സ്ട്രീം (Sponsored Family Stream): ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ (Permanent Resident അല്ലെങ്കിൽ Citizen) അടുത്ത ബന്ധുക്കൾ (മക്കൾ, സഹോദരങ്ങൾ) നിങ്ങളെ ക്ഷണിക്കുകയും നിങ്ങളുടെ ചെലവുകൾ പൂർണ്ണമായും സ്പോൺസർ ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. ഈ രീതിയിൽ അപേക്ഷിക്കുമ്പോൾ ഓസ്ട്രേലിയയിലുള്ള വ്യക്തിയുടെ പാസ്‌പോർട്ട്, പിആർ രേഖകൾ, ജോലി, കഴിഞ്ഞ 6 മാസത്തെ ബാങ്ക് രേഖകൾ എന്നിവ നൽകേണ്ടതുണ്ട്. കൂടാതെ ആവശ്യമായി വന്നാൽ സ്പോൺസർ ചെയ്യുന്ന വ്യക്തി ഗവൺമെന്റിന് ഒരു നിശ്ചിത സെക്യൂരിറ്റി ബോണ്ട് തുകയും കെട്ടിവെയ്ക്കേണ്ടതായി വരാം.
അപേക്ഷകർക്കു വേണ്ട യോഗ്യതകൾ
ഓസ്ട്രേലിയൻ വിസ ഓഫീസർമാർ നിങ്ങളുടെ അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ്.
- യഥാർത്ഥ സന്ദർശന ഉദ്ദേശ്യം (Genuine Temporary Entrant – GTE): നിങ്ങൾ വിനോദസഞ്ചാരത്തിനോ ബന്ധുക്കളെ കാണാനോ മാത്രമാണ് ഓസ്ട്രേലിയ സന്ദർശിക്കുന്നതെന്നും വിസ കാലാവധി കഴിയുന്നതിന് മുൻപ് ഇന്ത്യയിലേക്ക് മടങ്ങുമെന്നും ഉദ്യോഗസ്ഥരെ രേഖാമൂലം ബോധ്യപ്പെടുത്തണം.
- മതിയായ സാമ്പത്തിക ഭദ്രത: യാത്രാച്ചെലവുകൾ, വിമാന ടിക്കറ്റ്, താമസസൗകര്യം, ഭക്ഷണച്ചെലവുകൾ എന്നിവ വഹിക്കാൻ തക്കവണ്ണം നിങ്ങളുടെ അല്ലെങ്കിൽ സ്പോൺസറുടെ ബാങ്ക് അക്കൗണ്ടിൽ മതിയായ പണമുണ്ടെന്ന് തെളിയിക്കണം.
- ഇന്ത്യയുമായുള്ള ശക്തമായ ബന്ധം (Proof of Ties to Home Country): യാത്രയ്ക്ക് ശേഷം നിങ്ങൾ നിർബന്ധമായും ഇന്ത്യയിലേക്ക് മടങ്ങിയെത്തും എന്ന് തെളിയിക്കുന്ന ജോലിയോ, സ്വന്തം ബിസിനസ്സോ, സ്വത്തുക്കളോ, കുടുംബ ഉത്തരവാദിത്തങ്ങളോ അപേക്ഷയോടൊപ്പം വ്യക്തമാക്കിയിരിക്കണം.
Immi Account വഴി അപേക്ഷ സമർപ്പിക്കുന്നത് ഇങ്ങനെ
ഓസ്ട്രേലിയൻ വിസ (Australia Tourist Visa for Indians)അപേക്ഷ പൂർണ്ണമായും ഓൺലൈനായി പൂർത്തിയാക്കാൻ താഴെ പറയുന്ന steps കളിലൂടെ കഴിയും.
- Immi Account എടുക്കുക : ആദ്യമായി ഓസ്ട്രേലിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് (immi.homeaffairs.gov.au) സന്ദർശിക്കുക. നിങ്ങളുടെ കൃത്യമായ ഇമെയിൽ വിലാസവും ഫോൺ നമ്പറും നൽകി സൌജന്യമായി ഒരു ImmiAccount ക്രിയേറ്റ് ചെയ്യുക.
- പുതിയ അപേക്ഷ സമർപ്പിക്കുക : അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ‘New Application’ എന്നതിൽ ക്ലിക്ക് ചെയ്യുക. അതിൽ ‘Visitor’ എന്നത് തിരഞ്ഞെടുത്ത് ‘Visitor Visa (600)’ സബ്‌ക്ലാസ് തിരഞ്ഞെടുക്കുക.
- ടൂറിസ്റ്റ് സ്ട്രീം തിരഞ്ഞെടുക്കുക: അപേക്ഷ തരം തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ഇന്ത്യയിൽ നിന്നാണ് അപേക്ഷിക്കുന്നത് എങ്കിൽ ‘Tourist Stream (Apply Outside Australia)’ എന്നത് തിരഞ്ഞെടുക്കുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുക: ഏകദേശം 20 പേജുകളുള്ള ഡിജിറ്റൽ ഫോമിൽ നിങ്ങളുടെ പാസ്‌പോർട്ട് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ, ജോലി സംബന്ധിച്ച വിവരങ്ങൾ, മുൻകാല വിദേശയാത്രാ വിവരങ്ങൾ എന്നിവ തെറ്റില്ലാതെ പൂരിപ്പിക്കുക.
- ആരോഗ്യ-സ്വഭാവ വിവരങ്ങൾ നൽകുക: മുൻകാല കുറ്റകൃത്യങ്ങൾ, കേസുകൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുക.
- ഗ്രൂപ്പ് അപേക്ഷയായി ബന്ധിപ്പിക്കുക: നിങ്ങൾ കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഒരു ‘Group Application’ റഫറൻസ് ക്രിയേറ്റ് ചെയ്ത് എല്ലാവരുടെയും അപേക്ഷകൾ ഒന്നിച്ച് സമർപ്പിക്കാം.
- രേഖകൾ അപ്‌ലോഡ് ചെയ്യുക: ആവശ്യമായ എല്ലാ രേഖകളുടെയും കളർ സ്കാൻ പകർപ്പുകൾ (PDF അല്ലെങ്കിൽ JPG ഫോർമാറ്റിൽ) അതാത് വിഭാഗങ്ങളിൽ വ്യക്തതയോടെ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് അടയ്ക്കുക: നിങ്ങളുടെ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ പേപാൽ (PayPal) ഉപയോഗിച്ച് വിസ അപേക്ഷാ ഫീസായ AUD 250 അടയ്ക്കുക.
- അപേക്ഷ സമർപ്പിക്കുക: ഫീസ് അടച്ച ശേഷം നൽകിയ വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച് അപേക്ഷ ഫൈനൽ സബ്മിറ്റ് ചെയ്യുക.
- ബയോമെട്രിക് സമർപ്പണം: അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ ഇമെയിലിൽ ലഭിക്കുന്ന ‘Biometrics Requirement Letter’ ഉപയോഗിച്ച് കേരളത്തിലെ വിഎഫ്എസ് (VFS Global) സെന്ററിൽ അപ്പോയിന്റ്മെന്റ് എടുത്ത് വിരലടയാളവും ഫോട്ടോയും സമർപ്പിക്കുക.
ആവശ്യമായ രേഖകളുടെ സമ്പൂർണ്ണ ചെക്ക്‌ലിസ്റ്റ്.
ശരിയായ രേഖകൾ കൃത്യമായി സമർപ്പിക്കുന്നത് വിസ(Australia Tourist Visa for Indians) അനുമതി വേഗത്തിലാക്കും. അപേക്ഷകരുടെ ജോലി അഥവാ പശ്ചാത്തലത്തിനനുസരിച്ച് സമർപ്പിക്കേണ്ട രേഖകൾ താഴെ നൽകുന്നു.
1.വ്യക്തിഗത തിരിച്ചറിയൽ രേഖകൾ (എല്ലാ അപേക്ഷകർക്കും)
- പാസ്‌പോർട്ട്: നിങ്ങളുടെ പാസ്‌പോർട്ടിന്റെ മുൻ പേജും (Biodata Page) വിലാസമുള്ള അവസാന പേജും വ്യക്തമായി കളർ സ്കാൻ ചെയ്ത പകർപ്പ്. പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം.
- പഴയ വിസകളും യാത്ര ചരിത്രവും: മുൻപ് സന്ദർശിച്ച രാജ്യങ്ങളുടെ വിസ സ്റ്റാമ്പുകൾ, എൻട്രി/എക്സിറ്റ് സ്റ്റാമ്പുകൾ എന്നിവയുടെ കളർ സ്കാനുകൾ (ഇത് നിങ്ങളുടെ വിസ ലഭ്യത വർദ്ധിപ്പിക്കും).
- ദേശീയ തിരിച്ചറിയൽ രേഖകൾ: ആധാർ കാർഡ് (Aadhaar Card), പാൻ കാർഡ് (PAN Card) എന്നിവയുടെ പകർപ്പുകൾ.
- ഫോട്ടോ: വെള്ള പശ്ചാത്തലത്തിൽ എടുത്ത സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ (35mm x 45mm).
2.സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകൾ.
- ബാങ്ക് സ്റ്റേറ്റ്മെന്റ്: കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. ബാങ്ക് മാനേജർ സീലും ഒപ്പും വച്ചതായിരിക്കണം.
- ആദായ നികുതി റിട്ടേണുകൾ (ITR): കഴിഞ്ഞ 3 വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ (ITR-V) അല്ലെങ്കിൽ ഫോം 16.
- മറ്റ് നിക്ഷേപങ്ങൾ: സ്ഥിര നിക്ഷേപങ്ങൾ (Fixed Deposits), മ്യൂച്വൽ ഫണ്ടുകൾ, പ്രോപ്പർട്ടി വാല്യുവേഷൻ രേഖകൾ.
3.ജോലി അഥവാ തൊഴിൽ സംബന്ധിച്ച രേഖകൾ (വിവിധ വിഭാഗക്കാർക്ക്)
ശമ്പളക്കാരായ ജോലിക്കാർക്ക് (Salaried Employees):
- സ്ഥാപനത്തിന്റെ ഔദ്യോഗിക ലെറ്റർഹെഡിൽ നൽകിയ ലീവ് അനുമതി പത്രം (Approved Leave Letter).
- കഴിഞ്ഞ 3 മുതൽ 6 മാസത്തെ സാലറി സ്ലിപ്പുകൾ (Salary Slips).
- ജോലിയിൽ ചേർന്ന തീയതിയും തസ്തികയും വ്യക്തമാക്കുന്ന അപ്പോയിന്റ്മെന്റ് ലെറ്റർ.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് / ബിസിനസുകാർക്ക് (Business Owners):
- ജിഎസ്ടി രജിസ്ട്രേഷൻ (GST Certificate), പാര്ട്ണർഷിപ്പ് ഡീഡ് അല്ലെങ്കിൽ ലൈസൻസ് രേഖകൾ.
- കമ്പനിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്.-കമ്പനിയുടെ കഴിഞ്ഞ 3 വർഷത്തെ ഐടിആർ പകർപ്പുകൾ.
കർഷകർ, തോട്ടമുടമകൾ, വസ്തു ഉടമകൾ എന്നിവർക്ക് (Farmers / Landowners):
- കരമടച്ച രസീതുകൾ (Land Tax Receipts).
- കരം ഒടുക്കിയ ആധാരത്തിന്റെ പകർപ്പുകൾ.
- കാർഷിക വരുമാനം വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറുടെയോ സിഎയുടെയോ സർട്ടിഫിക്കറ്റ്.
വിദ്യാർത്ഥികൾക്ക് (Students):
- സ്കൂൾ അല്ലെങ്കിൽ കോളേജ് ഐഡി കാർഡ്.
- സ്ഥാപന മേധാവി നൽകിയ ബോണാഫൈഡ് ലീവ് സർട്ടിഫിക്കറ്റ് (Bonafide Certificate).
വീട്ടമ്മമാർക്കും ആശ്രിതർക്കും (Housewives / Dependents):
- യാത്രയ്ക്ക് പണം മുടക്കുന്ന ഭർത്താവിന്റെയോ രക്ഷിതാവിന്റെയോ ബാങ്ക് രേഖകളും സ്പോൺസർഷിപ്പ് കത്തും.
- ബന്ധം തെളിയിക്കുന്ന വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്.
ബാങ്ക് ബാലൻസും സാമ്പത്തിക വിവരങ്ങളും.
ഓസ്ട്രേലിയൻ വിസ (Australia Tourist Visa for Indians) ലഭിക്കുന്നതിന് അക്കൗണ്ടിൽ എത്ര രൂപ വേണമെന്നത് പലരുടെയും പ്രധാന സംശയമാണ്. ഗവൺമെന്റ് ഒരു നിശ്ചിത തുക കൃത്യമായി നിർദ്ദേശിച്ചിട്ടില്ലെങ്കിലും, ഒരു അപേക്ഷകന് കുറഞ്ഞത് ₹2.5 ലക്ഷം മുതൽ ₹3.5 ലക്ഷം രൂപ വരെ അക്കൗണ്ടിൽ ഉണ്ടാകുന്നത് സുരക്ഷിതമാണ്.
- പെട്ടെന്നുള്ള പണ നിക്ഷേപങ്ങൾ ഒഴിവാക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് വൻതുക ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കരുത്. ഇത് വിസ ഓഫീസറിൽ സംശയം ഉണ്ടാക്കും.
- പണത്തിന്റെ ഉറവിടം വ്യക്തിമാക്കുക: ഏതെങ്കിലും തരത്തിൽ വലിയ തുക അക്കൗണ്ടിൽ എത്തിയാൽ (ഉദാഹരണത്തിന് എഫ് ഡി പിൻവലിച്ചത്, വസ്തു വിറ്റത്, അല്ലെങ്കിൽ ചിട്ടി തുക), അതിന്റെ തെളിവ് രേഖാമൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- സ്ഥിരതയുള്ള അക്കൗണ്ട്: കഴിഞ്ഞ 6 മാസമായി കൃത്യമായ ഇടപാടുകൾ നടക്കുന്ന സജീവമായ ബാങ്ക് അക്കൗണ്ടായിരിക്കണം സമർപ്പിക്കേണ്ടത്.
കേരളത്തിലെ വിഎഫ്എസ് (VFS Global) ബയോമെട്രിക് പ്രക്രിയ.
ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം വിരലടയാളവും ഡിജിറ്റൽ ഫോട്ടോയും നൽകുന്നതിനായി നിങ്ങൾ VFS സെന്റർ സന്ദർശിക്കേണ്ടതുണ്ട്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും VFS Global സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
- അപ്പോയിന്റ്മെന്റ് ബുക്കിംഗ്: അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ‘s256A Requirement Letter’ ഡൗൺലോഡ് ചെയ്ത്, VFS Global വെബ്‌സൈറ്റ് വഴി സമയം ബുക്ക് ചെയ്യുക.
- ആവശ്യമായ രേഖകൾ: VFS അപ്പോയിന്റ്മെന്റ് കത്ത്, ഒറിജിനൽ പാസ്‌പോർട്ട്, ബയോമെട്രിക് റിക്വയർമെന്റ് കത്ത് എന്നിവ കൈയ്യിൽ കരുതണം.
- സെന്ററിലെ നടപടികൾ: കേന്ദ്രത്തിലെത്തുമ്പോൾ നിങ്ങളുടെ പത്തു വിരലുകളുടെ ഡിജിറ്റൽ സ്കാനും ഫേഷ്യൽ ഫോട്ടോഗ്രാഫും എടുക്കും. ഇതിനായി ഏകദേശം 15-20 മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂ.
- ഫീസ്: സെന്ററിൽ നേരിട്ട് ബയോമെട്രിക് ചാർജ് (ഏകദേശം ₹1,500 – ₹1,800) നൽകേണ്ടതുണ്ട്.
മികച്ച കവർ ലെറ്റർ എഴുതുന്നതെങ്ങനെ?.
കവർ ലെറ്റർ നിങ്ങളുടെ അപേക്ഷയുടെ ജീവനാണ്. വിസ ഓഫീസർ ആദ്യം വായിക്കുന്നത് ഈ കത്താണ്. ഒരു മികച്ച കവർ ലെറ്ററിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.
- വിലാസം: ‘The Visa Officer, Department of Home Affairs, Australian High Commission’ എന്ന് അഭിസംബോധന ചെയ്യുക.
- യാത്രാ തീയതികൾ: നിങ്ങൾ എന്ന് ഓസ്ട്രേലിയയിൽ എത്തും എന്ന് തിരികെ പോകും എന്ന് വ്യക്തമായി എഴുതുക.
- സന്ദർശന ലക്ഷ്യം: വിനോദസഞ്ചാരമാണോ, ബന്ധുക്കളെ കാണലാണോ എന്ന് വ്യക്തമാക്കുക.
- യാത്രാ പ്ലാൻ (Day-wise Itinerary): എവിടെയൊക്കെ തങ്ങും, ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കും എന്നതിന്റെ ചുരുക്കം.
- ചെലവുകൾ: യാത്രയ്ക്കുള്ള ചെലവ് തനിയെയാണോ അതോ മറ്റാരെങ്കിലും സ്പോൺസർ ചെയ്യുന്നതാണോ എന്ന് വ്യക്തമാക്കുക.
- നാട്ടിലേക്കുള്ള മടക്കം (GTE Proof): യാത്രയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തും എന്ന് തെളിയിക്കുന്ന ജോലി, കുടുബ ഉത്തരവാദിത്തങ്ങൾ, വസ്തുവകകൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുക.
വിസ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളും പരിഹാരങ്ങളും.
അപേക്ഷകൾ നിരസിക്കപ്പെടാതിരിക്കാൻ താഴെ പറയുന്ന തെറ്റുകൾ വരുത്താതിരിക്കുക:
- ഇന്ത്യയുമായുള്ള ബന്ധം തെളിയിക്കാൻ സാധിക്കാതെ വരിക: നാട്ടിൽ സ്ഥിരമായ ജോലിയോ ഉത്തരവാദിത്തങ്ങളോ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ നൽകാതിരുന്നാൽ വിസ നിരസിക്കപ്പെടാം.
- ബാങ്ക് അക്കൗണ്ടിലെ ക്രമക്കേടുകൾ: വരുമാനത്തിന് അനുയോജ്യമല്ലാത്ത തുക അക്കൗണ്ടിൽ കാണിക്കുകയോ പെട്ടെന്ന് വലിയ തുക നിക്ഷേപിക്കുകയോ ചെയ്യുന്നത്.
- വ്യക്തതയില്ലാത്ത കവർ ലെറ്റർ: യാത്രയുടെ കാരണം വ്യക്തമാക്കാത്ത പൊതുവായ കവർ ലെറ്ററുകൾ സമർപ്പിക്കുന്നത്.
- അവ്യക്തമായ സ്കാനുകൾ: വ്യക്തതയില്ലാത്ത അല്ലെങ്കിൽ കറുപ്പും വെളുപ്പുമുള്ള ഡോക്യുമെന്റ് പകർപ്പുകൾ അപ്‌ലോഡ് ചെയ്യുന്നത്.
കൃത്യമായ പ്ലാനിംഗും ശരിയായ രേഖകളും ഉണ്ടെങ്കിൽ ഏജന്റുമാരുടെ സഹായമില്ലാതെ തന്നെ ഓസ്ട്രേലിയൻ ടൂറിസ്റ്റ് വിസ നേടിയെടുക്കാൻ സാധിക്കും. ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുമ്പോൾ നൽകുന്ന വിവരങ്ങളും സമർപ്പിക്കുന്ന രേഖകളും പരസ്പരം യോജിക്കുന്നതാണെന്ന് ഉറപ്പുവരുത്തുക. ആവശ്യമായ സാമ്പത്തിക രേഖകളും ലീവ് സർട്ടിഫിക്കറ്റും കൃത്യമായി അപ്‌ലോഡ് ചെയ്ത്, വിഎഫ്എസ് സെന്ററിൽ സമയബന്ധിതമായി ബയോമെട്രിക്സ് പൂർത്തിയാക്കുന്നതിലൂടെ നിങ്ങളുടെ വിസ വേഗത്തിൽ അനുവദിക്കപ്പെടും. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒരു ഓസ്ട്രേലിയൻ യാത്ര ഇന്നുതന്നേ പ്ലാനിങ് തുടങ്ങിക്കോളൂ.









