Fort Kochi (ഫോർട്ട്‌ കൊച്ചി) quiet historic lane with vibrant Dutch-era buildings and spice warehouses, representing hidden places in Jew Town Kochi

ഫോർട്ട് കൊച്ചി: കാപ്പിരി മുത്തപ്പൻ കാവലിരിക്കുന്ന ജൂത തെരുവിലെ കാഴ്ചകൾ

അധികമാർക്കും അറിയാത്ത സിനഗോഗ് ലെയ്‌നിനപ്പുറത്തെ ജൂത തെരുവ്

ഫോർട്ട്‌ കൊച്ചി രാവിലെ ഉണർന്നു വരുന്നതേയുള്ളൂ. നാട്ടുകാരും മറുനാട്ടുകാരുമായ സഞ്ചാരികളെ ആകർഷിക്കുന്ന കടകളുടെ ഷട്ടറുകൾ ഇനിയും തുറന്നിട്ടില്ല. സിനഗോഗ് ലെയിനിൽ ടൂറിസ്റ്റ്കളുടെ തിരക്കുമില്ല.
ലന്തക്കാരും (Portuguese) പറങ്കികളും(Dutch) വെള്ളക്കാരും (British) സ്വന്തമാക്കാന്‍ മോഹിച്ച, അധിനിവേശത്തിന്റെ അടയാളങ്ങള്‍ പതിപ്പിച്ച മണ്ണില്‍, ഇന്നും മാറാലമൂടാത്ത കുറെ കാഴ്ചകളുണ്ട്. ജൂത തെരുവിന്റെ പതിവ് കാഴ്ചകളിൽ നിന്നൊരു പത്ത് മീറ്റർ പിന്നിലേക്ക് നടക്കുക. പുരാവസ്തുക്കളുടെ പറുദീസയായ ഈ തെരുവിലെ കടകൾ (Antique shops in Fort Kochi) തീരുന്നടത്തുനിന്നാണ് തുടങ്ങേണ്ടത്. ഉണക്കാനിട്ടിരിക്കുന്ന ഇഞ്ചിയുടെയും കുരുമുളകിന്റെയും ഗന്ധത്തിൽ പൊതിഞ്ഞ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇടവഴികളുടെ ഒരു ശൃംഖലയാണ് ഇവിടെയുള്ളത്. ഇതാണ് ‘ജ്യൂ ടൗണി’ന്റെ (Jew Town) യഥാർത്ഥ മുഖം. ഡച്ച് കാലഘട്ടത്തിൽ നിർമ്മിച്ച സുഗന്ധവ്യഞ്ജന സംഭരണശാലകളിൽ ചാക്കുകൾ താഴെയിടുമ്പോഴുണ്ടാകുന്ന കനത്ത ശബ്ദം ഇപ്പോഴും കേൾക്കാമെങ്കിലും പഴയ പ്രതാപമില്ല. കടല്‍കടന്നുള്ള സഞ്ചാരങ്ങളുടെയും കൊളോണിയല്‍ അധിനിവേശത്തിന്റെയും കഥകള്‍ പങ്കുവെക്കുന്ന ഒരു ഭൂതകാലത്തിന്റെ മാഞ്ഞുതുടങ്ങുന്ന അടയാളങ്ങളുണ്ടിവിടെ. ഫോർട്ട്‌ കൊച്ചി (Fort Kochi)യുടെ കാഴ്ചപ്പെരുമകളുടെ പതിവ് പട്ടികകൾ ഒഴിവാക്കി കാൽനടയായി വേണം ഈയിടങ്ങൾ കാണേണ്ടത്. 1503-ല്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട പണിതതോടെയാണ് കൊച്ചിയുടെ കൊളോണിയല്‍ ചരിത്രത്തിന് തുടക്കമാകുന്നത്. അതിനുമുന്‍പേ തന്നെ ചൈനക്കാരായ നാവികരും അറബ്-ജൂതവ്യാപാരികളും ഇവിടെ സജീവമായിരുന്നു
കൊച്ചിയുടെ സമുദ്രവ്യാപാര ചരിത്രത്തിന്റെ യഥാർത്ഥ ചിത്രം നേരിട്ടറിയാൻ ഈ തെരുവുകളിലൂടെ ഒരു വെറും നടത്തം നടത്തിയാൽ മതി.

പണ്ടകശാലകൾ : സുഗന്ധവ്യഞ്ജനപ്പുരകളുടെ വാസ്തുവിദ്യ

ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി ജൂത തെരുവിന്റെ പിറകിലുള്ള വഴികളിലെ ഏറ്റവും പ്രധാന ആകർഷണം സാധാരണയിലധികം വലുപ്പമുള്ള ഇവിടുത്തെ പണ്ടകശാലകളാണ്. പോർച്ചുഗീസ്, ഡച്ച് കൊളോണിയൽ കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട ഈ ചരിത്ര നിർമ്മിതികൾക്ക്, കച്ചവടവും താമസവും ഒരുപോലെ സാധ്യമാക്കുന്ന പ്രത്യേകതരം വാസ്തുവിദ്യാ ശൈലിയാണുള്ളത്. പണ്ടകശാലകളുടെ താഴത്തെ നില വാണിജ്യ ഇടപാടുകൾക്കും ചരക്കുകളുടെ കൈമാറ്റത്തിനും വേണ്ടിയുള്ളതാണ്. തടികൊണ്ട് നിർമ്മിച്ച മുകളിലത്തെ നില വ്യാപാരികൾ താമസത്തിനായി ഉപയോഗിക്കുന്നു.

തേക്ക് തടിയുടെ വാതിലുകൾ: ഈ നിർമ്മിതികൾക്കിടയിലൂടെ നടക്കുമ്പോൾ കണ്ണുടക്കുന്ന മറ്റൊന്നുണ്ട്. വഴികളിലേക്ക് തുറക്കുന്ന പണ്ടകശാലകളുടെ പ്രധാന വാതിലുകൾ. പണ്ട് ആലകളിൽ തല്ലിപ്പഴുപ്പിച്ചുണ്ടാക്കിയ വലിയ ഇരുമ്പ് അണികളിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന കൂറ്റൻ ഇരട്ടത്തേക്കിന്റെ വാതിലുകളാണിവ. നൂറ്റാണ്ടുകൾക്കിപ്പറവും ഇവക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. കേരളത്തിന്റെ മൻസൂണിലെ ഈർപ്പത്തെ പ്രതിരോധിക്കാനും, സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിച്ചിരിക്കുന്ന പുരകളിൽ മോഷണം തടയാനുമാണ് ഇവ ഇത്തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തടികൊണ്ടുള്ള ലൂവറുകൾ(Wood Louvers): ഓടുമേഞ്ഞ മേൽക്കൂരകളുടെ ചരിവിന് അനൂപാതികമായി തൊഴെയായി ഘടിപ്പിച്ചിരിക്കുന്ന തേക്കിന്റെ ജനലുകൾ ആണിത്. കുരുമുളകിന്റെയും ചുക്കിന്റെയുമൊക്കെ പൊടിയും ചൂടും പുറന്തള്ളാനും, കടൽക്കാറ്റിനെ ആവശ്യാനുസരണം ഉള്ളിലേക്ക് പ്രവേശിപ്പിക്കാനും ഡച്ച് എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്ത സംവിധാനമാണിത്. മഴവെള്ളം ഉള്ളിലേക്ക് വീണ് ചരക്കുകൾ നശിച്ചുപോകാതിരിക്കാനും ഇത് സഹായിച്ചിരുന്നു.

നടുമുറ്റങ്ങൾ: തേക്കിന്റെ വാതിലുകൾ തള്ളിത്തുറന്ന് ഉള്ളിലേക്ക് കടന്നാൽ വലിയ നടുമുറ്റങ്ങൾ കാണാം. വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഇഞ്ചിയും കുരുമുളകും മുളമ്പായകളിൽ നിരത്തി, വെയിലത്തുവെച്ച് ഉണക്കിയെടുത്തിരുന്നത് ഈ മുറ്റങ്ങളിലാണ്.

“കുരുമുളകിന്റെ ഞെട്ടുകൾ മാറ്റാൻ യന്ത്രങ്ങൾക്ക് കഴിയാത്തതുകൊണ്ട് കുരുമുളക് ഞങ്ങൾ ഇന്നും കൈകൊണ്ട് തന്നെയാണ് തരംതിരിക്കുന്നത്,” ബസാർ റോഡിലെ പുതിയ തലമുറ പണ്ടകശാല നടത്തിപ്പുക്കാരനായ മൊയ്തീൻ പറയുന്നു. 1970-കൾ മുതൽ ഇദ്ദേഹത്തിന്റെ കുടുംബം ഇവിടെ സുഗന്ധവ്യഞ്ജന വ്യാപാര രംഗത്തുണ്ട്. “മുപ്പത് വർഷം മുൻപുള്ളത്ര തിരക്കൊന്നും ഇപ്പോൾ ഈ കച്ചവടത്തിനില്ല, എങ്കിലും ഞങ്ങളുടെ പരമ്പരാഗത രീതികൾക്കൊന്നും ഇന്നും ഒരു മാറ്റവുമില്ല.”

ഫോർട്ട്‌ കൊച്ചി, ജൂത തെരുവിന്റെ അടയാളങ്ങൾ. മെസൂസയും ജൂത നക്ഷത്രവും.

മട്ടാഞ്ചേരിയിലെ തിരക്കൊഴിഞ്ഞ ഈ ഇടവഴികളിലൂടെ നടക്കുമ്പോൾ, ഇവിടുത്തെ പഴയ വീടുകളുടെ വാസ്തുവിദ്യ ഒരു ബഹുസ്വര സംസ്കാരത്തിന്റെ കഥ പറയും. ഓരോ തിരിവിലും ആ പഴയകാലത്തിന്റെ മായാത്ത തെളിവുകൾ നമ്മെ കാത്തിരിക്കുന്നുമുണ്ട്. തലമുറകളായി ഇവിടെ ജീവിച്ചിരുന്ന ജൂത കുടുംബങ്ങൾ ബാക്കിവെച്ചുപോയ സവിശേഷമായ നിർമ്മാണ രീതികൾ ഇന്നും ഈ വീഥികളിൽ കാണാം.

  • മെസൂസ മാടങ്ങൾ (Mezuzah Recesses) : സിനഗോഗ് ലെയ്നിന്റെ പിൻഭാഗത്തെ വഴികളിലുള്ള വീടുകളുടെ പ്രധാന വാതിലുകളുടെ വലതുവശത്തെ കട്ടളപ്പടികളിലേക്ക് സൂക്ഷിച്ചൊന്നു നോക്കുക. ചെറിയ ചതുരാകൃതിയിൽ കൊത്തിയെടുത്ത കുഴികൾ അവിടെ കാണാം. ജൂതന്മാർ അവരുടെ വിശ്വാസം അനുസരിച്ചുള്ള മെസുസ പെട്ടികൾ സ്ഥാപിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയതാണ് അത്. ജൂത വിശ്വാസ പ്രകാരം വാതിൽക്കട്ടിളയുടെ വലതുവശത്ത് സ്ഥാപിക്കുന്ന വിശുദ്ധ പെട്ടിയാണ് മെസൂസ. തോറയിലെ വചനങ്ങൾ എഴുതി സൂക്ഷിക്കുന്ന ഈ മെസൂസകളിൽ തൊട്ട് വന്ദിച്ചാണ് ഓരോ ജൂത വിശ്വാസിയും പടിയിറങ്ങുന്നതും കയറുന്നതും. സാധാരണയായി മെസൂസ കട്ടിളപ്പടിക്ക് പുറത്താണ് സ്ഥാപിക്കാറുള്ളത് എന്നാൽ കേരളത്തിലെ ജൂതന്മാർ (Cochin Jews) തങ്ങളുടെ വാതിലുകളുടെ കട്ടിളപ്പടിയിൽ ഒരു ചെറിയ ചതുരാകൃതിയിലുള്ള കുഴി (Recess) കൊത്തിയുണ്ടാക്കി അതിനുള്ളിലാണ് ഈ പെട്ടികൾ സൂക്ഷിച്ചിരുന്നത്. പിന്നീട് ജൂതന്മാർ ഫോർട്ട്‌ കൊച്ചി യിൽനിന്ന് ഇസ്രായേലിലേക്ക് തിരികെ പോയപ്പോൾ മെസൂസകൾ കൊണ്ട് പോയെങ്കിലും മെസൂസ മാടങ്ങൾ ചരിത്ര ശേഷിപ്പായി ഇന്നും ഇവിടെയുണ്ട്.
  • ജൂത നക്ഷത്രം : ഇനി ഇവിടെ നിന്നുകൊണ്ട് ഈ വീടുകളുടെ രണ്ടാം നിലയിലെ ബാൽക്കണികളിലേക്കും ജനൽക്കമ്പികളിലേക്കും നോക്കിയാൽ ഒരു നക്ഷത്രം കാണാം. ആറു കോണുകളുള്ള ജൂത നക്ഷത്രത്തിന്റെ (Star of ഡേവിഡ് / Jewish star) ഭംഗിയുള്ള ഇരുമ്പ് നിർമ്മിതികളാണിത്. കേരളീയ പാരമ്പര്യ പുഷ്പാലങ്കാരങ്ങളും ഡച്ച് ശൈലിയിലുള്ള ജനൽ ആർച്ചുകളുമായി ചേർത്ത് തികച്ചും സവിശേഷമായ രീതിയിലാണ് പ്രാദേശിക കരകൗശല വിദഗ്ദ്ധർ ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അല്പം ചരിത്രം അറിയാമെങ്കിൽ ഈ തെരുവിലൂടെയുള്ള നടത്തം ഹൃദ്യമായ ഒരനുഭവമായിരിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ധാരാളം ജൂതന്മാർ ഫോർട്ട്‌ കൊച്ചി യുടെ ഈ തെരുവുകളിൽ വസിച്ചിരുന്നു. മരവ്യാപാരം, സുഗന്ധവ്യഞ്ജനങ്ങൾ, പ്രിന്റിംഗ് പ്രസ്സുകൾ എന്നിവയായിരുന്നു അവരുടെ പ്രധാന തൊഴിലുകൾ. 1948-ൽ ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായതോടെ അവർ സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. തുടർന്ന് ഈ ഭവനങ്ങളുടെ ഉടമസ്ഥാവകാശം പ്രാദേശിക മുസ്ലിം, ക്രിസ്ത്യൻ വ്യാപാരി കുടുംബങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇന്ന് വളരെ കുറച്ച് ആളുകൾ മാത്രമേ ഈ വംശത്തിൽ ഇവിടെ ശേഷിക്കുന്നുള്ളൂവെങ്കിലും, ഇപ്പോഴത്തെ താമസക്കാർ ഈ പഴയ കട്ടളപ്പടികളും അലങ്കാരങ്ങളും തെരുവിന്റെ പേരുകളുമെല്ലാം മാറ്റമില്ലാതെ സംരക്ഷിച്ചുപോരുന്നു.

ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരിയുടെ ചില വാസ്തുവിദ്യാ പദങ്ങൾ.

  • പണ്ടകശാല (Pandikashala): തടിയും കല്ലും ഉപയോഗിച്ച് നിർമ്മിച്ച പരമ്പരാഗത സംഭരണ കേന്ദ്രങ്ങൾ. തറനിരപ്പിലെ നിലയിൽ ചരക്കുകൾ സൂക്ഷിക്കുന്നതിനും മുകൾത്തട്ടിൽ വ്യാപാരികളുടെ ഭാവനങ്ങളുമായും നിർമ്മിച്ച വാസ്തുവിദ്യാ ശൈലി.
  • മുറ്റം (Muttam): ഇഞ്ചി, കുരുമുളക്, തുടങ്ങിയവ വെയിലത്തുവെച്ച് ഉണക്കിയെടുക്കുവാനായി ഉപയോഗിച്ചിരുന്ന പണ്ടകശാലകൾക്കുള്ളിലെ നടുമുറ്റങ്ങൾ.
  • കാപ്പിരി മതിൽ (Kappiri Mathil): 1663-ൽ നാടുവിട്ട പോർച്ചുഗീസുകാർ തങ്ങളുടെ നിധികൾ കാക്കാൻ ആഫ്രിക്കൻ അടിമകളെ ജീവനോടെ കെട്ടിയടച്ച കോട്ടമതിലുകളാണ് ‘കാപ്പിരി മതിൽ’. ഈ മതിലുകളിൽ നിന്ന് പിന്നീട് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയത് ഈ ക്രൂര ചരിത്രത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
  • നിലവറ (Nilavara): സുഗന്ധവ്യഞ്ജനങ്ങളും വിലപിടിപ്പുള്ള ലോഹങ്ങളും ഭദ്രമായി സൂക്ഷിക്കാൻ കൊളോണിയൽ കാലത്തെ വീടുകൾക്കടിയിൽ നിർമ്മിച്ചിരുന്ന സുരക്ഷിതവും രഹസ്യവുമായ അറകൾ.

മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചി യും മാത്രമല്ല, ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടുതീർക്കാവുന്ന നിരവധി മനോഹരമായ ഇടങ്ങൾ കേരളത്തിലുണ്ട്. ഒരു ലളിതമായ ശനി, ഞായർ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ വീക്കെൻഡ് അടിച്ചുപൊളിക്കാൻ 7 Tourist Places in Kerala എന്ന ഞങ്ങളുടെ പ്രത്യേക ഗൈഡ് വായിച്ചുനോക്കൂ.”

തെരുവിന്റെ ഗന്ധം: ബസാർ റോഡിലെ കാഴ്ചകളും ശബ്ദങ്ങളും പിന്നെ മണവും

കൊച്ചി കായലിന് സമാന്തരമായിപോകുന്ന ബസാർ റോഡിലേക്ക് കയറുമ്പോൾ തന്നെ തന്നെ അന്തരീക്ഷം മാറും. പഴയൊരു വാണിജ്യകേന്ദ്രത്തിലേക്ക് പെട്ടെന്ന് എത്തപ്പെട്ടതുപോലെ.

  • ഗന്ധങ്ങളുടെ ലോകം: ഉപ്പു മണമുള്ള കാറ്റിനൊപ്പം കലർന്നുവരുന്ന ശക്തമായ സുഗന്ധങ്ങളാണ് ഇവിടെ എത്തുമ്പോൾ ആദ്യം 4അനുഭവപ്പെടുന്നത്. ചുക്ക്, കുരുമുളക്, കറുവാപ്പട്ട, ഏലക്ക എന്നിവയുടെ വാസനയാണ് ഈ വായുവിൽ നിറഞ്ഞുനിൽക്കുന്നത്. ഇരുണ്ട പണ്ടക ശാലകൾക്കുള്ളിൽ സുഗന്ധവ്യഞ്ജനങ്ങൾ നിറച്ച ചാക്കുകൾ അടുക്കി വയ്ക്കുന്നതിന്റെ ശബ്ദം കേൾക്കാം.
  • ശബ്ദങ്ങൾ: പണ്ടകശാലകൾക്കുള്ളിൽ സുഗന്ധവ്യഞ്ജനങ്ങൾ തരംതിരിക്കുന്നതിന്റെ യാണെന്ന് തോന്നുന്നു തുടർച്ചയായ ശബ്ദങ്ങൾ കേൾക്കാം. ചാക്കുകൾ നിറയ്ക്കുന്നതിന്റെയും, കുരുമുളക് വാരുന്ന മരത്തിന്റെ കോരിത്തൂമ്പകൾ (വിത്തേറ്റി ) കല്ലുപാകിയ തറയിലുരസുന്നതിന്റെയും ശബ്ദങ്ങൾ. അതിനു അകമ്പടിയെന്നോണം തൊട്ടടുത്ത്, ടാർ റോഡിലൂടെ പോകുന്ന കൈവണ്ടികളുടെ ഇരുമ്പുചക്രങ്ങളുടെ ശബ്ദവുമുണ്ട്.
  • കൈകൊണ്ടുള്ള തരംതിരിക്കൽ: വഴിയിൽ നിന്നും കുറച്ചു മാറിനിൽക്കാം. തൊഴിലാളികൾ തലച്ചുമടുമായി വരുന്നുണ്ട്. വലിയ ചരക്കുകൾ ചുമന്ന് പണ്ടകശാലകളിൽ നിന്ന് ട്രക്കുകളിലേക്ക് കയറ്റുന്ന ഇവരുടെ അധ്വാനം തലമുറകളായി മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്.

കാപ്പിരി മുത്തപ്പന്റെ ഐതിഹ്യം.

ഇനി പോകാനുള്ളത് ജൂത തെരുവിൽ നിന്ന് മങ്ങാട്ടുമുക്കിലേക്കാണ്. ഈ നടത്തത്തിൽ മട്ടാഞ്ചേരിയുടെ ചരിത്രത്തിലെ ഇരുണ്ടതും ഒപ്പം നിഗൂഢവുമായ മറ്റൊരു മുഖം വെളിപ്പെടും. നൂറ്റാണ്ടുകൾ പഴക്കമുള്ള ചില മതിലുകളുടെ താഴെയായി, മെഴുകുതിരിപ്പുക കരിപിടിച്ച ചെറിയ കൽമാടങ്ങൾ കാണാം.നാട്ടുകാർ ഇതിനെ ‘കാപ്പിരി മതിൽ’ എന്ന് വിളിക്കുന്നു.

1663-ൽ ഡച്ചുകാർ കൊച്ചി ആക്രമിച്ച കാലത്തോളം പഴക്കമുണ്ട് ഈ മതിലുകൾക്ക് പിന്നിലെ ഐതിഹ്യത്തിന്. ഡച്ചുകാരുടെ വരവോട് കൂടി നാടുവിട്ടോടാൻ നിർബന്ധിതരായ പോർച്ചുഗീസ് പ്രഭുക്കന്മാർ തങ്ങളുടെ സ്വർണ്ണവും വെള്ളിയും രത്നങ്ങളും ഈ മതിലുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ചുവത്രേ. ഈ നിധിശേഖരം ആരും കവർന്നുകൊണ്ട് പോകാതിരിക്കാൻ, തങ്ങളുടെ വിശ്വസ്തരായ ആഫ്രിക്കൻ അടിമകളെ (കാപ്പിരികളെ) ഈ മതിലുകൾക്കുള്ളിൽ ജീവനോടെ കെട്ടിയടച്ച് അവരെ കാവൽക്കാരാക്കി എന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

കാലങ്ങൾ കടന്നുപോയപ്പോൾ, ഈ ഭയം ഫോർട്ട് കൊച്ചി ക്കാരുടെ ഇടയിലുള്ള വിശ്വാസവും ആദരവുമായി മാറി. ഇന്ന് ജാതിമതഭേദമന്യേ എല്ലാവരും ‘കാപ്പിരി മുത്തപ്പനെ’ നാടിന്റെ കാവൽദൈവമായി വണങ്ങുന്നു. സന്ധ്യ മയങ്ങുമ്പോൾ ഈ കരിപിടിച്ച മാടങ്ങൾക്ക് മുന്നിൽ ആളുകൾ മെഴുകുതിരികൾ തെളിക്കുന്നത് കാണാം. മുത്തപ്പന് പ്രിയപ്പെട്ട ചുരുട്ടും നാടൻ ചാരായവും വറുത്ത മീനും കാഴ്ചയായി വെച്ചാണ് അവർ തങ്ങളുടെ കാപ്പിരി മുത്തപ്പനോട് പ്രാർത്ഥിക്കുന്നത്.

A. B സലേം റോഡും ജൂത സെമിത്തേരിയും.

മങ്ങാട്ടു മുക്കിലെ കാപ്പിരി മതിലിന്റെ ത്രില്ലടിപ്പിക്കുന്ന കഥയിൽ നിന്നാണ് മട്ടാഞ്ചേരിയുടെ അടുത്ത ഇടത്തേക്ക് നടന്നത്. അടിമയാക്കപ്പെട്ട ഒരു ആഫ്രിക്കൻ ആത്മാവിന്റെ കരിപിടിച്ച ഓർമ്മകളിൽ നിന്ന് സ്വാതന്ത്ര്യസമര സേനാനിയായ ഒരു ജനനായകന്റെ വഴിയിലേക്ക് കേവലം അഞ്ച് മിനിറ്റിന്റെ ദൂരം മാത്രമേയുള്ളൂ.
ഫോർട്ട് കൊച്ചി യിലെ A.B. സലേം റോഡിലേക്ക് കടക്കുമ്പോൾ ചുറ്റുവട്ടങ്ങളും മാറും. പ്രാദേശികവാസികൾ ‘ജൂത ഗാന്ധി’ എന്ന് സ്നേഹത്തോടെ വിളിച്ച അബ്രഹാം ബരാക് സലേമിന്റെ ഓർമ്മകൾ പേറുന്ന ഈ ഇടുങ്ങിയ വഴി, കൊച്ചിയുടെ ജൂത ചരിത്രത്തിലേക്കുള്ള നിശ്ശബ്ദമായ ജാലകമാണ്. സലേമിന്റെ 350 വർഷം പഴക്കമുള്ള തറവാട്ടു വീടും കടന്ന് മുന്നോട്ട് നടക്കുമ്പോൾ കരിങ്കൽ മതിലുകൾക്ക് അപ്പുറം പരദേശി ജൂത സെമിത്തേരി.
പൂട്ടിയിട്ട ഇരുമ്പുഗേറ്റിന്റെ അഴികൾക്കിടയിലൂടെ ഉള്ളിലേക്ക് നോക്കിയാൽ, പായലും കാടുകളും മൂടിയ പുരാതനമായ ശവക്കല്ലറകൾ കാണാം. കാറ്റും മഴയുമേറ്റ് മാഞ്ഞുതുടങ്ങിയെങ്കിലും, ആ കല്ലറകളിലെ ഹീബ്രു ലിപികൾ
ഇന്നും ജീവനോടെയുണ്ട്. ഫോർട്ട്‌ കൊച്ചി യിൽ ജീവിച്ച്, മണ്ണോട് ചേർന്ന ഒരു വലിയ ജനസമൂഹത്തിന്റെ നിശ്ശബ്ദമായ ഓർമ്മച്ചെപ്പാണ് ഈ ശ്മശാനം.

മട്ടാഞ്ചേരിയെയും ഫോർട്ട് കൊച്ചി യെയും വേർതിരിക്കുന്ന കൽവത്തി കനാൽ.

ഇനിയും മുന്നോട്ട് നടക്കുമ്പോൾ ചെന്നെത്തുന്നത് ചരിത്രപ്രസിദ്ധമായ കൽവത്തി കനാൽ പാലത്തിലാണ്. ആധുനിക കൊച്ചിയുടെ ഭൂമിശാസ്ത്രത്തെ രൂപപ്പെടുത്തിയ, എന്നാൽ അധികം സഞ്ചാരികളും ശ്രദ്ധിക്കാതെ പോകുന്ന ഒരു അതിരാണ് ഈ കനാൽ.

ഒരുകാലത്ത് പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശത്തിലായിരുന്ന ഫോർട്ട്‌ കൊച്ചി യെയും, കൊച്ചി രാജ്യത്തിന്റെ തദ്ദേശീയ വാണിജ്യ കേന്ദ്രമായിരുന്ന മട്ടാഞ്ചേരിയെയും തമ്മിൽ വേർതിരിച്ചിരുന്നത് ഈ ഇടുങ്ങിയ കനാലായിരുന്നു. കാലപ്പഴക്കത്താൽ തകർന്ന ഡച്ച് നിർമ്മിത ചുവരുകൾക്ക് അരികെ, കനാലിന്റെ ഇരുതീരങ്ങളിലുമായി കെട്ടുവള്ളങ്ങളും ചെറിയ മീൻപിടുത്ത ബോട്ടുകളും ഇന്നും കെട്ടിയിട്ടിരിക്കുന്നത് കാണാം. ചുമട്ടുതൊഴിലാളികൾ രാവിലത്തെ ചായയ്ക്കായി ഒത്തുകൂടുന്ന ചെറിയ ചായക്കടകൾ ഈ കനാൽക്കരയുടെ തനിമയാർന്ന കാഴ്ചയാണ്.

വേളിയിലെ ധോബി ഖാന (Dhobi Khana Public Laundry)

ഇടവഴികളിലൂടെ ഇനി നടക്കേണ്ടത് പടിഞ്ഞാറേക്കാണ്. ആ നടപ്പ് ചെന്നവസാനിക്കുന്നത് വേളിയിലെ പരമ്പരാഗത ധോബി ഖാനയിലാണ്. ഡച്ച് ഭരണകാലത്ത്, സൈനികരുടെ യൂണിഫോമുകൾ അലക്കുന്നതിനായി തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും തിരുനെൽവേലിയിൽ നിന്നും കൊച്ചിയിലെത്തിച്ച ‘വണ്ണാർ’ സമുദായക്കാരാണിവർ . കൊച്ചിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിനോദസഞ്ചാര കാഴ്ചകൾക്കപ്പുറം, ഇന്നും തനിമ ചോരാതെ നിലനിൽക്കുന്ന ലളിതമായ ജീവിതങ്ങൾ ഇവിടെ കണ്ടറിയാം.

ഓരോ കുടുംബത്തിനും അലക്കാനായി പ്രത്യേകം കുളങ്ങളും അലക്കുകല്ലുകളുമുള്ള ചെറിയ ക്യൂബിക്കിളുകൾ ഇവിടെ കാണാം. കത്തുന്ന വെയിലിൽ, ചക്കരക്കയറുകളിൽ ഉണങ്ങാനിട്ടിരിക്കുന്ന വെളുത്ത വസ്ത്രങ്ങളും വർണ്ണശബളമായ തുണികളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. നൂറ്റാണ്ടുകളായി തങ്ങളുടെ പരമ്പരാഗത തൊഴിലിനെ നെഞ്ചേറ്റുന്ന ഒരു ജനവിഭാഗത്തിന്റെ അധ്വാനത്തിന്റെയും അതിജീവനത്തിന്റെയും കഥകളാണ് വേളിയിലെ ഈ അലക്കുപുരകൾ പങ്കുവെക്കുന്നത്.

ചരിത്രം നങ്കൂരമിട്ട ഇടങ്ങൾ: പരദേശി സിനഗോഗും മട്ടാഞ്ചേരി കൊട്ടാരവും

മട്ടാഞ്ചേരിയുടെ ഇടവഴികൾ രഹസ്യങ്ങൾ ഒളിപ്പിച്ചു വെക്കുമ്പോൾ, ഈ നാടിന്റെ (ഫോർട്ട്‌ കൊച്ചി) വിലാസമായി മാറിയ രണ്ട് പ്രധാന കേന്ദ്രങ്ങളെ കാണാതെ ഈ യാത്ര പൂർണ്ണമാകില്ല. കച്ചവടത്തെരുവിന്റെ ഇരുവശങ്ങളിലുമായി നിലകൊള്ളുന്ന ഈ ചരിത്രസ്മാരകങ്ങളാണ് രാജവംശത്തിന്റെയും,മതസൗഹാർദ്ദത്തിന്റെയും വാണിജ്യത്തിന്റെയും അന്താരാഷ്ട്ര കേന്ദ്രമായി ഫോർട്ട്‌ കൊച്ചി യെ,മട്ടാഞ്ചേരിയെ മാറ്റിയെടുത്തത്.

  • പരദേശി സിനഗോഗ് (ജൂത തെരുവ്) : 1568-ൽ സെഫാർഡിക്, വൈറ്റ് ജൂതസമൂഹം നിർമ്മിച്ച ഈ സിനഗോഗ്, കോമൺവെൽത്ത് രാജ്യങ്ങളിൽ ഇന്നും പ്രവർത്തനക്ഷമമായ ഏറ്റവും പഴക്കമുള്ള ജൂത ആരാധനാലയമാണ്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പതിനെട്ടാം നൂറ്റാണ്ടിൽ ചൈനയിലെ കാന്റണിൽ നിന്ന് എത്തിച്ച കൈകൊണ്ട് വരച്ച നീലയും വെള്ളയും നിറങ്ങളിലുള്ള ടൈലുകൾ സന്ദർശകരുടെ കണ്ണു കവരും. ഒപ്പം ബെൽജിയം ക്രിസ്റ്റൽ വിളക്കുകളും, കൊച്ചി രാജാക്കന്മാർ സമ്മാനിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള വെള്ളി കിരീടങ്ങളും (Torah crowns) ഇവിടുത്തെ കാഴ്ചകളിൽ പെടുന്നു.
  • മട്ടാഞ്ചേരി കൊട്ടാരം / ഡച്ച് പാലസ് : കച്ചവടാവകാശങ്ങൾ ഉറപ്പാക്കുന്നതിനായി 1555-ൽ പോർച്ചുഗീസുകാർ കൊച്ചി രാജാവായ വീരകേരളവർമ്മയ്ക്ക് സമ്മാനമായി നിർമ്മിച്ചു നൽകിയതാണ് ഈ കൊട്ടാരം. പിന്നീട് 1663-ൽ ഡച്ചുകാർ ഇത് വിപുലമായി പുതുക്കിപ്പണിതു. പുറത്തുനിന്ന് നോക്കുമ്പോൾ തികച്ചും ലളിതമായ നാലുകെട്ട് മാതൃകയിലുള്ള കൊളോണിയൽ നിർമ്മിതിയാണെന്ന് തോന്നുമെങ്കിലും, അകം പരമ്പരാഗത കേരളീയ പടിപ്പുര ശൈലിയിലാണ് പണിതിരിക്കുന്നത്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദർഭങ്ങൾ ആവിഷ്കരിക്കുന്ന, ലോകപ്രശസ്തമായ പതിനാറാം നൂറ്റാണ്ടിലെ ചുവർചിത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ഫോർട്ട് കൊച്ചിയുടെ പൈതൃക കാഴ്ചകൾ.

മട്ടാഞ്ചേരിയും ജൂതത്തെരുവും കൊച്ചിയുടെ വാണിജ്യ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും തുടിപ്പുകളാണെങ്കിൽ, ഫോർട്ട്‌ കൊച്ചി കടൽക്കാറ്റേൽക്കുന്ന കൊളോണിയൽ സംസ്കാരത്തിന്റെ ഓർമ്മച്ചെപ്പാണ്. മട്ടാഞ്ചേരിയുടെ ഇടവഴികളിലൂടെയുള്ള യാത്ര പൂർത്തിയാക്കി, ഫോർട്ട് കൊച്ചിയുടെ പൈതൃകവഴികളിലേക്ക് കടക്കുമ്പോൾ കാഴ്ചകളുടെ ഒരു പെരുമഴക്കാലമാണ് തുടങ്ങുന്നത്.

  • ചീനവലകൾ : തീരത്ത് ആകാശത്തേക്ക് കൈനീട്ടിനിൽക്കുന്ന കൂറ്റൻ തടിയും മുളയും കൊണ്ടുതീർത്ത ചീനവലകൾ കൊച്ചിയുടെ അടയാളമാണ്. പതിനാലാം നൂറ്റാണ്ടിൽ കുബ്ലൈ ഖാന്റെ കൊട്ടാരത്തിൽ നിന്നെത്തിയ ചൈനീസ് വ്യാപാരികൾ പരിചയപ്പെടുത്തിയ ഈ മീൻപിടുത്ത രീതി, നൂറ്റാണ്ടുകൾക്കിപ്പുറവും നഗരത്തിന്റെ പൈതൃകമുദ്രയായി സജീവമായി നിലനിൽക്കുന്നു. കടലിലേക്കു ചായ്ച്ചു കെട്ടിയ ചീനവലകളുടെ കയർ വലിക്കാൻ യാത്രികർ തിക്കിത്തിരക്കുന്നുണ്ട്.
  • സെന്റ് ഫ്രാൻസിസ് ചർച്ച് : 1503-ൽ പോർച്ചുഗീസ് സന്യാസിമാർ നിർമ്മിച്ച ഈ ദൈവാലയം ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ നിർമ്മിതിയായി അറിയപ്പെടുന്നു. ലോകസഞ്ചാരിയായ വാസ്കോ ഡ ഗാമയുടെ ഭൗതികശരീരം ലിസ്ബണിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് ആദ്യമായി അടക്കം ചെയ്തത് ഈ ചരിത്രഭൂമിയിലായിരുന്നു.
  • സാന്റാ ക്രൂസ് ബസിലിക്ക : ഗോഥിക് വാസ്തുവിദ്യാ ശൈലിയിൽ തലയുയർത്തി നിൽക്കുന്ന മനോഹരമായ കത്തീഡ്രൽ. വലിയ ആർച്ചുകളും, ലളിതവും ഭംഗിയുള്ളതുമായ ഉൾവശവും, ഇറ്റാലിയൻ ചിത്രകാരനായ അന്റോണിയോ മോഷെനി വരച്ച ചുവർചിത്രങ്ങളുള്ള മേൽക്കൂരയും ഇവിടുത്തെ വേറിട്ട കാഴ്ചകളാണ്.
  • പ്രിൻസസ് സ്ട്രീറ്റും പരേഡ് ഗ്രൗണ്ടും : യൂറോപ്യൻ ശൈലിയിലുള്ള കൊളോണിയൽ ബംഗ്ലാവുകളും ആർട്ട് ഗാലറികളും തുറസ്സായ കഫേകളും നിറഞ്ഞ തണൽവീണ വഴികൾ. മട്ടാഞ്ചേരിയുടെ സുഗന്ധവ്യഞ്ജങ്ങൾ മണക്കുന്ന തെരുവുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, ഒരു കൊളോണിയൽ അന്തരീക്ഷമാണ് ഈ വഴികൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.

മട്ടാഞ്ചേരിയുടെ രുചിവഴികൾ

  • കൊച്ചി റൊട്ടി മേക്കർ (ബസാർ റോഡ്): ഫോർട്ട്‌ കൊച്ചി യിലെ ഒരു പ്രാദേശിക ഹോട്ടൽ. ചൂടുള്ള പാലപ്പവും നൈസ് പൊറോട്ടയും പ്രസിദ്ധം.ബീഫ് റോസ്റ്റോ വെജിറ്റബിൾ സ്റ്റ്യൂവോ ചേർത്തുള്ള പ്രാതലിനു രാവിലെ തന്നെ ഇവിടെയെത്തണം.
  • കായിക്കായുടെ റഹ്മത്തുള്ള ഹോട്ടൽ (ഗുജറാത്തി റോഡ് / മട്ടാഞ്ചേരി): മട്ടാഞ്ചേരി മട്ടൺ ബിരിയാണിയുടെ പേരിൽ കേരളത്തിലുടനീളം പ്രശസ്തമായ പാരമ്പര്യയിടം. ചെറിയ കൈമ അരിയും തനത് മസാലക്കൂട്ടുകളും ചേർത്ത് വിറകടുപ്പിൽ തയാറാക്കുന്ന ഇവിടുത്തെ ബിരിയാണി ഉച്ചഭക്ഷണത്തിന് Must Try ആണ്.
  • ക്രാഫ്റ്റേഴ്സ് കഫേ / (ജൂത തെരുവ്): എ സി യുടെ തണുപ്പിൽ അല്പം വിശ്രമിക്കണമെന്നു തോന്നിയാൽ, പഴയ പണ്ടകശാലകൾ പുനരുദ്ധരിച്ചു ഉണ്ടാക്കിയ ഇവിടുത്തെ കഫേകളിലേക്ക് കയറാം. പരമ്പരാഗത തടി നിർമ്മിതികൾക്ക് നടുവിലിരുന്ന് ഐസ്ഡ് കോൾഡ് ബ്രൂ, ഫ്രഷ് പാഷൻ ഫ്രൂട്ട് ജ്യൂസ്, സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ചായകൾ എന്നിവ ആസ്വദിച്ചു കുടിക്കാം.
  • കൽവത്തി കനാലിന് സമീപമുള്ള ചായക്കടകൾ: നാടൻ രുചികൾ ആഗ്രഹിക്കുന്നവർക്ക് കനാൽക്കരയിലെ ചെറിയ കടകളിൽ നിന്നൊരു ചായ കുടിക്കാം. കൂടെ ഒരു ചൂട്പ ഴംപൊരിയും.

എങ്ങനെ എത്തിച്ചേരാം?

എവിടെ നിന്നാണോ ഫോർട്ട്‌ കൊച്ചിയിലേക്ക് വരേണ്ടത് അതനുസരിച്ച് എളുപ്പത്തിൽ എത്തിച്ചേരാൻ വിവിധ യാത്രാ മാർഗ്ഗങ്ങളുണ്ട്:

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (42 കി.മീ / 1 മണിക്കൂർ 15 മിനിറ്റ്):

  • ടാക്സിയിൽ (ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ): ടെർമിനലിൽ നിന്ന് നേരിട്ട് മട്ടാഞ്ചേരി ഡച്ച് പാലസ് അല്ലെങ്കിൽ ജൂതത്തെരുവിലേക്കു പ്രീപെയ്ഡ് ടാക്സി ബുക്ക് ചെയ്യാം. സാധാരണയായി ₹1,200 മുതൽ ₹1,500 വരെയാണ് നിരക്ക്.
  • എയർപോർട്ട് ബസ് + വാട്ടർ മെട്രോ (ലാഭകരവും സുന്ദരവുമായ യാത്രാമാർഗ്ഗം): എയർപോർട്ട് ടെർമിനലിൽ നിന്ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കോ ജെട്ടിയിലേക്കോ ഉള്ള കെ.എസ്.ആർ.ടി.സി ബസ് പിടിക്കുക. അവിടെനിന്ന് എറണാകുളം വാട്ടർ മെട്രോ ജെട്ടിയിലെത്തി, കായൽക്കാഴ്ചകൾ കണ്ട് കൊച്ചി വാട്ടർ മെട്രോ യുടെ ബോട്ടിൽ മട്ടാഞ്ചേരി ജെട്ടിയിലേക്ക് കടക്കാം.

​എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് (എറണാകുളം ജങ്ഷൻ – സൗത്ത് / എറണാകുളം ടൗൺ – നോർത്ത്):

  • എറണാകുളം ജങ്ഷനിൽ നിന്ന് (ERS – സൗത്ത്): ഓട്ടോറിക്ഷയിലോ ടാക്സിയിലോ എറണാകുളം ബോട്ട് ജെട്ടിയിലെത്തി (10 മിനിറ്റ് / ~2.5 കി.മീ), അവിടെനിന്ന് പബ്ലിക് ഫെറിയിലോ വാട്ടർ മെട്രോയിലോ ഫോർട്ട്‌ കൊച്ചി യിലേക്ക് പോകാം. അല്ലെങ്കിൽ വെല്ലിംഗ്ടൺ ഐലൻഡ് വഴി നേരിട്ട് ഓട്ടോയിലോ ടാക്സിയിലോ മട്ടാഞ്ചേരിയിലെത്താം (ഏകദേശം 25–30 മിനിറ്റ് ).
  • എറണാകുളം ടൗണിൽ നിന്ന് (ERN – നോർത്ത്): സിറ്റി ബസിലോ ഓട്ടോയിലോ എറണാകുളം ബോട്ട് ജെട്ടിയിലെത്തുക. അല്ലെങ്കിൽ മട്ടാഞ്ചേരി പാലം വഴി നേരിട്ട് ഫോർട്ട്‌ കൊച്ചി യിലേക്ക് ടാക്സി വിളിക്കാം (ഏകദേശം 35 മിനിറ്റ്).

പ്രാദേശിക ഗതാഗത മാർഗ്ഗങ്ങൾ (ഫെറി, ബസ് & ഓട്ടോ):

  • വാട്ടർ മെട്രോ / SWTD ഫെറി:എറണാകുളം മെയിൻ ജെട്ടിയിൽ നിന്ന് മട്ടാഞ്ചേരി ജെട്ടിയിലേക്ക് അടിക്കടി ഫെറികൾ സർവീസ് നടത്തുന്നുണ്ട്. കാഴ്ചകൾ കണ്ടുകൊണ്ട് 5 മിനിറ്റ് നടന്നാൽ മതിയാകും.
  • സിറ്റി ബസ് മാർഗ്ഗം: കലൂർ, ജോസ് ജങ്ഷൻ, അല്ലെങ്കിൽ സൗത്ത് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് മട്ടാഞ്ചേരി, ചുള്ളിക്കൽ, അല്ലെങ്കിൽ തോപ്പുംപടി എന്ന് ബോർഡുള്ള ഏത് ബസിലും കയറാം. മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങാവുന്നതാണ്.
  • കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള നിർദ്ദേശം:ജൂതത്തെരുവിനുള്ളിലെ വഴികളും ബസാർ റോഡും കാറുകൾക്ക് സഞ്ചരിക്കാൻ ഏറേ വീതികുറഞ്ഞവയാണ്. അതിനാൽ നടന്നുകാണാൻ ഇറങ്ങുന്നതിന് മുൻപായി മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള പെയ്ഡ് പാർക്കിംഗ് കേന്ദ്രങ്ങളിലോ കായലോരത്തെ പാർക്കിംഗ് ഗ്രൗണ്ടുകളിലോ വാഹനം പാർക്ക് ചെയ്യുക.

Jew Town Kochi Walking Route.

Recommended Self-Guided Walking Sequence

  1. Start: Jew Town Main Street & Synagogue Lane (7:30 AM).
  2. Cut East: Step into the Pandaka rear alleys directly behind Synagogue Lane.
  3. Loop North: Walk down Bazaar Road to observe active spice packing and manual warehouse operations.
  4. Cultural Detour: Visit the Kappiri Thara wall shrine near Mangattumukku.
  5. Quiet End: Head down A.B. Salem Road to view the Jewish Cemetery gates, finishing your walk across Calvathy Canal toward Fort Kochi.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

  • ഫോട്ടോഗ്രാഫി : അനുയോജ്യമായ സമയം (രാവിലെ 7:15 – 8:30) നും ഇടയിൽ.രാവിലെത്തെ സൂര്യപ്രകാശം ബസാർ റോഡിലെ മരക്കെട്ടിടങ്ങളിലും പഴയ ചുണ്ണാമ്പുചുവരുകളിലും പതിക്കുമ്പോൾ ചിത്രങ്ങൾ പകർത്താൻ ഏറ്റവും മികച്ച വെളിച്ചം ലഭിക്കും. രാവിലെ പൊതുവെ തിരക്കും കുറവായിരിക്കും.
  • തിരക്കേറിയ സമയങ്ങൾ (രാവിലെ 8:00 – 10:30): വീതികുറഞ്ഞ ഇടവഴികളിൽ വാഹനങ്ങൾ നിറയുന്നതിന് മുൻപ്, രാവിലെ 8:00-നും 10:30-നും ഇടയിലാണ് ചുമട്ടുതൊഴിലാളികളും കൈവണ്ടിക്കാരും സജീവമാകുന്നത്.
  • ഫോട്ടോഗ്രാഫിയിലെ മര്യാദകൾ: പല പണ്ടകശാലകളും സുഗന്ധവ്യഞ്ജന പായ്ക്കിംഗ് കേന്ദ്രങ്ങളും ആളുകൾ ജോലി ചെയ്യുന്ന സ്വകാര്യ ഇടങ്ങളാണ്. വെളിച്ചം കുറഞ്ഞ ഗോഡൗണുകൾക്കുള്ളിലെ തൊഴിലാളികളുടെ ചിത്രങ്ങളോ, പ്രദേശത്തെ തറകളുടെയും വിളക്കുമാടങ്ങളുടെയും ക്ലോസ്-അപ്പ് ചിത്രങ്ങളോ പകർത്തുന്നതിന് മുൻപ് അനുവാദം ചോദിക്കുക. എ.ബി. സേലം റോഡിലെ വീടുകളുടെ ഉള്ളിലേക്ക് നേരിട്ട് ക്യാമറ പിടിക്കുന്നത് ഒഴിവാക്കുക.
  • പാദരക്ഷകൾ : നടന്നുകാണാൻ അനുയോജ്യമായ, പരന്ന ചെരിപ്പുകളോ ഷൂസുകളോ ഉപയോഗിക്കുക. കല്ലുപാകിയ, സമമല്ലാത്ത വഴികളും, ഉയർന്ന മരപ്പടികളും, കഴുകൽ കേന്ദ്രങ്ങൾക്ക് സമീപമുള്ള തെന്നുന്ന പ്രതലങ്ങളും ഉള്ളതിനാൽ നടക്കുമ്പോൾ ശ്രദ്ധിക്കുക.

യാത്രക്ക് ഒടുവിൽ…

ഫോർട്ട്‌ കൊച്ചി യുടെ പതിവ് കാഴ്ചകളിൽ നിന്ന് വിട്ട് മട്ടാഞ്ചേരിയിലെയും ജൂതത്തെരുവിലെയും അധികമാർക്കും അറിയാത്ത കാഴ്ചകളിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒന്നായി മാറുന്നത്, കേവലം അതിന്റെ ചരിത്രം കൊണ്ടുമാത്രമല്ല. മറിച്ച്, ഭൂതകാലവും വർത്തമാനകാലവും ഒരേ മണ്ണിൽ ഇന്നും പരസ്പരം കൈകോർത്തുനിൽക്കുന്നു എന്നൊരു feel നൽകുന്നത് കൊണ്ടാണ്. കൽവത്തി കനാലിനടുത്ത് നിങ്ങളുടെ നടത്തം അവസാനിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും; ഈ പ്രദേശത്തിന്റെ വ്യക്തിത്വം ഒരിക്കലും ഏതെങ്കിലും ഒരു തെരുവിലോ സ്മാരകത്തിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. നിശ്ശബ്ദമായ ജൂത ശ്മശാനങ്ങളും ശബ്ദമുഖരിതമായ സുഗന്ധവ്യഞ്ജന വിപണികളും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലും, സന്ധ്യാസമയത്ത് പഴയ ചുവരുകളി വിളക്കുകൾ തെളിയിക്കാനെത്തുന്ന പ്രാദേശിക പാരമ്പര്യങ്ങളിലുമാണത് ജീവിക്കുന്നത്. ഒടുവിൽ വിടപറയുമ്പോൾ, നിങ്ങളുടെ മനസ്സിൽ ശേഷിക്കുന്നത് ഇവിടെനിന്ന് വാങ്ങിയ സുവനീറുകൾ ആയിരിക്കില്ല.മറിച്ചു ഈ യാത്രയിലൂടെ ലഭിക്കുന്ന അനുഭവങ്ങളുടെ ആഴമായിരിക്കും.ഭൂരിഭാഗം സഞ്ചാരികളും കാണാതെ പോകുന്ന കൊച്ചിയുടെ ഒരു വേറിട്ട മുഖം കണ്ടറിഞ്ഞതിന്റെ ആത്മസംതൃപ്തിയായിരിക്കും.

By Travel Desk
By Travel Desk
Articles: 156

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു