ഏതൊരു വലിയ യാത്രയും തുടങ്ങുന്നത് ഒരു ചെറിയ ചുവടുവെപ്പോടെയാണെന്നാണല്ലോ പറയാറ്.എന്നാൽ ഞങ്ങൾ ഈ യാത്ര തുടങ്ങിയത് പൊട്ടിത്തുടങ്ങിയ എന്റെ Realme 8 ഇൽ നിന്നായിരുന്നു. അതിനെ തുടക്കം എന്ന് വിളിക്കുന്നതിനേക്കാൾ നീലിനിൽപ്പിന്റെ കച്ചിത്തുരുമ്പ് എന്ന് പറയുന്നതാവും ശരി. ആറുമാസം മുമ്പ് കൃത്യമായി പറഞ്ഞാൽ 162 ദിവസങ്ങൾക്കുമുൻപ് flemingoroutes.com (Flemingo Routes) എന്നൊന്ന് ഇല്ലായിരുന്നു. അതിനെ സൃഷ്ടിച്ചെടുക്കാൻ പറ്റുന്നത്ര കമ്പ്യൂട്ടർ പരിഞ്ജനമോ,ഐടി പശ്ചാത്തലമോ, കോഡിംഗ് പരിചയമോ, എനിക്കുണ്ടായിരുന്നുമില്ല. സഹായം ചോദിച്ചവർ കൈ മലർത്തി,അല്ലെങ്കിൽ അവരൊക്കെ പറഞ്ഞത് എനിക്ക് വലിയ തുകകളായിരുന്നു. ഒരു മൊബൈലുകൊണ്ട് ഇതൊക്കെ പറ്റുമോ എന്നായി ചിലർ. പക്ഷേ, യാത്രകൾ ഭ്രാന്തായി കൊണ്ടുനടക്കുന്ന എനിക്ക് നടന്നു തീർത്ത വഴികളിൽ സമാന മനസ്കരായ കുറെപ്പേരെ കാണാൻ പറ്റി. അതായിരുന്നു ധൈര്യം. നന്നായി എഴുതിയാൽ വായിക്കാൻ ആളുണ്ടാവുമെന്ന് ആരോ ഉള്ളിലിരുന്ന് പറഞ്ഞു കൊണ്ടിരുന്നു. ചെറുപ്പത്തിൽ അപ്പൻ ശീലിപ്പീച്ചുടുത്ത വായനയുള്ളത് കൊണ്ട് എഴുതാൻ ഭാഷ ഒരു പ്രശ്നമാകില്ലെന്നൊരു ധൈര്യവും
ഇന്ന്, ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള എന്റെ Flemingo Routes ലേക്ക് നോക്കുമ്പോൾ പൂർണ്ണമനസ്സോടെ ഇറങ്ങിപ്പുറപ്പെട്ടാൽ ഒരു സ്വപ്നത്തിന് എത്രത്തോളം ദൂരം സഞ്ചരിക്കാനാകും എന്ന് അത്ഭുതമാണെനിക്ക്..
എല്ലാം തുടങ്ങുന്നത് പൂജ്യത്തിൽ നിന്ന്…
ഈ വെബ്‌സൈറ്റ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ ചെറുതായിരുന്നില്ല. സാങ്കേതിക വിദ്യയിൽ വലിയ അറിവില്ലാതിരുന്നതിനാൽ ഗൂഗിളും യൂട്യൂബുമൊക്കെയായിരുന്നു എന്റെ വഴികളിലെ ഗുരുക്കന്മാർ. മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് കണ്ണുനട്ട്, മണിക്കൂറുകളോളം ഉറക്കമിളച്ചിരുന്നാണ് ഒരു വെബ്‌സൈറ്റ് എങ്ങനെ പൂജ്യത്തിൽ നിന്ന് നിർമ്മിച്ചെടുക്കാം എന്ന് ഞാൻ പഠിച്ചത്. പേജിന്റെ ഘടനയും ഡിസൈനും ഓരോ ചെറിയ സെറ്റിങ്സും വരെ എന്റെ realme 8 ന്റെ കീപാഡിലൂടെയാണ് രൂപപ്പെട്ടത്.
യാത്രാവിശേഷങ്ങൾ എല്ലാവരിലേക്കും ഒരുപോലെ എത്തിക്കാൻ വേണ്ടിയാണ് സൈറ്റ് ദ്വിഭാഷയിലാക്കാൻ തീരുമാനിച്ചത്.സ്വപ്നം വലുതായതു കൊണ്ടുതന്നെ ആഗോള വായനക്കാർക്കായി ഇംഗ്ലീഷിലും, ഹരിശ്രീ കുറിച്ച എന്റെ അമ്മ മലയാളത്തിലും എഴുതിത്തുടങ്ങി.ഇന്ന് flemingo routes ഇൽ 42 ലേഖനങ്ങൾ ഓരോ ഭാഷയിലുമായി ഉണ്ട്. പൂർണ്ണമായും മൊബൈൽ ഫോണിൽ മാത്രം ടൈപ്പ് ചെയ്ത എടുത്തവ. വിവരശേഖരണം ആയിരുന്നു കഠിനം. കൃത്യവും ആധികാരികവുമായ വിവരങ്ങൾ തേടിപ്പിടിച്ചു ആദ്യം മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലേക്കും പകർത്തി എഴുതി തയ്യാറാക്കിയവയാണ് ഈ ലേഖനങ്ങൾ.
ഞങ്ങൾക്ക് ഓരോ വായനക്കാരനും പ്രിയപ്പെട്ടവരാണ്
ഇന്ന്, ഒരു വലിയ സന്തോഷം പറയാനുണ്ട്. flemingoroutes.com ന് ഇപ്പോൾ 750 Unique Visitors എന്ന സുന്ദരമായ നേട്ടം കൈവരിച്ചിരിക്കുന്നു.
പലർക്കും 750 എന്നത് ഒരു ചെറിയ സംഖ്യയായി തോന്നാം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, എന്റെ എഴുത്തിനെയും ഇതിനുപിന്നിലെ അധ്വാനത്തെയും വിലമതിച്ച് കൂടെനിന്ന 750 ഹൃദയങ്ങളാണത്. ഇതിലും സന്തോഷം നൽകുന്ന കാര്യം, ഈ അടുത്ത കാലത്താണ് ഇതിൽ പകുതിപ്പേരും flemingoroutes സന്ദർശിച്ചത് എന്നാണ്. ഞങ്ങളുടെ യാത്രകൾക്ക് വേഗം കൂടുകയാണ്, അതിന്റെ പിന്നിലെ പരിശ്രമത്തിന് ഫലം കണ്ടുതുടങ്ങിയുമിരിക്കുന്നു.
ഹൃദയം നിറഞ്ഞ നന്ദി
തിരിഞ്ഞുനോക്കുമ്പോൾ വല്ലാത്തൊരു കൃതജ്ഞതയാണ് മനസ്സ്ഞ നിറയെ.ങ്ങളുടെ ആദ്യത്തെ ട്രാവൽ ന്യൂസ് ലേഖനം മുതൽ ഇന്നിവിടെ വരെയെത്തി നിൽക്കുമ്പോഴുള്ള എയർലൈൻ അപ്‌ഡേറ്റുകളും, ആഴത്തിലുള്ള യാത്രാ വിവരണങ്ങളും, വിശദമായ ഡെസ്റ്റിനേഷൻ ഗൈഡുകളും വരെ – നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. വായിച്ചതിനും, മറ്റുള്ളവരിലേക്ക് പങ്കുവെച്ചതിനും, flemingo routes ന്റെ ഭാഗമായതിനും എല്ലാവർക്കും നന്ദി. 750 എന്ന ഈ സംഖ്യ പതുക്കെയാണെങ്കിലും ഉയരുന്നത് കാണുമ്പോൾ എനിക്ക് മനസ്സിലാകുന്നത് ഒന്നേയുള്ളൂ.യാത്രകൾ, അതിഷ്ടപ്പെടുന്ന മനസ്സുകൾ എത്ര ദൂരെയാണെങ്കിലും അതൊരു വികാരമായി നമ്മളെ ഒരുമിപ്പിക്കും.
ഇനി മുന്നോട്ടുള്ള യാത്ര
സത്യത്തിൽ ഇനിയാണ് തുടങ്ങുന്നത്.വരും ദിവസങ്ങളിൽ കൂടുതൽ ആധികാരികമായ യാത്രാ വിവരങ്ങളും,ഒളിഞ്ഞു കിടക്കുന്ന അളറിയാത്ത വഴികളും, യാത്രകൾ എളുപ്പമാക്കാനുള്ള പ്രായോഗിക ഗൈഡുകളും പങ്കുവെക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
Flemingo Routes ന്റെ മുന്നോട്ടുള്ള വഴികളിൽ നിങ്ങളും കൂടെയുണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. തുടർന്നും വായിക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളിലൂടെ അറിയിക്കുക, ഒപ്പം ഞങ്ങളെ യാത്രകളിഷ്ടപ്പെടുന്നമറ്റുള്ളവരിലേക്കും എത്തിക്കുക.
നന്ദി.





