ആവേശോജ്ജ്വലമായ pre event കളുമായി മലബാർ റിവർ ഫെസ്റ്റിവൽ
മലബാർ റിവർ ഫെസ്റ്റിവൽ 2026 (Malabar River Festival 2026)-ന്റെ വരവറിയിച്ചുകൊണ്ടുള്ള ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകൾ മലബാറിന്റെ മലയോര ഗ്രാമങ്ങളിൽ ആവേശത്തിര ഉയർത്തുകയാണ്. കേരള ടൂറിസം വകുപ്പിന്റെ (Kerala Tourism) നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ത്രിതല പഞ്ചായത്തുകൾ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ 2026 വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് (White water kayaking) മുന്നോടിയായി മലയോര മേഖലയിൽ ആവേശോജ്ജ്വലമായ പ്രചാരണ പരിപാടികളാണ് സംഘാടകർ നടത്തുന്നത്. കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടന്ന ആവേശം തുളുമ്പുന്ന ഓഫ് റോഡ് ഫൺ ഡ്രൈവും കൊടിയത്തൂരിൽ സംഘടിപ്പിച്ച വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും പങ്കെടുത്തവർക്കും നാട്ടുകാർക്കും ഒരേപോലെ വേറിട്ടൊരു അനുഭവമായി മാറി.
Read : Malabar River Festival 2026 Complete guide
തുഷാരഗിരിയിലെ ഓഫ് റോഡ് ഫൺ റൈഡ്
മലബാർ റിവർ ഫെസ്റ്റിവൽ 2026-നു മുന്നോടിയായി കോടഞ്ചേരി ഈരുത്ത് തുഷാരഗിരി അഡ്വഞ്ചർ പാർക്കിലാണ് (Thusharagiri Adventure Park) സാഹസികത നിറഞ്ഞ ഓഫ് റോഡ് ഫൺ ഡ്രൈവ് (Off Road fun drive) സംഘടിപ്പിച്ചത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം നിർവഹിക്കുകയും കോടഞ്ചേരി (Kodencherry) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്നക്കുട്ടി ദേവസ്യ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ (Kerala Adventure Tourism Promotion Council), കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കാലിക്കറ്റ് ജീപ്പേഴ്സ്, ഈരുത്ത് തുഷാരഗിരി അഡ്വഞ്ചർ പാർക്ക് മാനേജ്‌മെന്റ് എന്നിവർ ചേർന്ന് ഏകോപിപ്പിച്ച ഈ പരിപാടിയിൽ ദുർഘടമായ ട്രാക്കുകളെ കീഴടക്കാൻ നാൽപ്പതിലധികം ഫോർ വീൽ ഡ്രൈവ് വാഹനങ്ങളാണ് അണിനിരന്നത്. ഈരുത്ത് കൈനടി എസ്റ്റേറ്റ് വഴി വെളിയോരം മലയുടെ മനോഹരമായ സൺസെറ്റ് പോയിന്റ് വരെയുള്ള പരുക്കൻ ട്രാക്കിലൂടെയായിരുന്നു വാഹനങ്ങളുടെ പരീക്ഷണം. മോട്ടോർ വാഹന വകുപ്പിന്റെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെയും സുരക്ഷാ അനുമതിയോടെ, വിദഗ്ധ സാങ്കേതിക സംഘത്തിന്റെ മേൽനോട്ടത്തിലാണ് രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ റൈഡ് നടത്തിയത്.
Read here : തുഷാരഗിരി വെള്ളച്ചാട്ടം ട്രെക്കിങ് ഗൈഡ്
കൊടിയത്തൂരിലെ വണ്ടിപ്പൂട്ട്
മറ്റൊരു പ്രധാന പ്രചാരണ പരിപാടിയായി കൊടിയത്തൂരിൽ സംഘടിപ്പിച്ച വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും കാണികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. മുഴുവൻ ചെളിയും വെള്ളവും നിറഞ്ഞ, അങ്ങേയറ്റം വഴുക്കലുള്ള ട്രാക്കിലൂടെയായിരുന്നു മത്സരങ്ങൾ നടന്നത്. വാഹനം മുന്നോട്ട് പോകുംതോറും ഗതി നിയന്ത്രിക്കുക എന്നത് ഡ്രൈവർമാർക്ക് വെല്ലുവിളിയായെങ്കിലും തന്ത്രപരമായി അവയെ വരുതിയിലാക്കാൻ അവർ നടത്തിയ ശ്രമങ്ങൾ വലിയ കൈയടി നേടി. സ്റ്റോക്ക്, മോഡിഫൈഡ്, ടൂ വീൽ ഡ്രൈവ് വിഭാഗങ്ങൾക്ക് പുറമേ ലേഡീസ് വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. പുരുഷന്മാരോട് കിടപിടിക്കുന്ന പ്രകടനവുമായി ചെളിവെള്ളം നിറഞ്ഞ കുഴികളിലേക്ക് ധൈര്യപൂർവ്വം വാഹനം ഇറക്കിയ വനിതാ ഡ്രൈവർമാരുടെ പ്രകടനം കാണികളുടെ കയ്യടി നേടി.
ഇതിനുപുറമേ, കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലും പ്രചാരണാർത്ഥമുള്ള ഓഫ് റോഡ് റൈഡുകൾ സംഘടിപ്പിച്ചിരുന്നു. കോടഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഈ റൈഡിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
രാജ്യാന്തര ശ്രദ്ധയാകർഷിക്കാൻ മലബാർ റിവർ ഫെസ്റ്റിവൽ 2026
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങളിലൊന്നായ മലബാർ റിവർ ഫെസ്റ്റിവൽ 2026 (Malabar River Festival 2026) ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ കോഴിക്കോട്ടെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി അരങ്ങേറും. ഇരുപതിലധികം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ലോകോത്തര കയാക്കിങ് താരങ്ങളും ഇന്ത്യയിലെ പ്രമുഖ പാഡ്‌ലർമാരും മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പിൽ കയാക് ക്രോസ്, ഡൗൺ റിവർ ടൈം ട്രയൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഓഫ് റോഡ് റൈഡ്, വണ്ടിപ്പൂട്ട്, സൈക്കിൾ റാലി തുടങ്ങി പതിനെട്ടോളം വ്യത്യസ്ത പ്രചാരണ പരിപാടികളാണ് മലയോര മേഖലയിൽ നടന്നു വരുന്നത്.
മലയോര ടൂറിസത്തിന് പുതിയ ഉണർവ്
തുഷാരഗിരിയും (Thusharagiri) കോടഞ്ചേരിയും (Kodencherry) കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അന്താരാഷ്ട്ര ഇവന്റുകളും അനുബന്ധ പരിപാടികളും മലബാറിന്റെ ടൂറിസം ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിവെക്കുന്നത്. സാധാരണയായി ഓഫ്-സീസൺ എന്ന് കരുതിയിരുന്ന മഴക്കാലത്തെ സാഹസിക ടൂറിസത്തിന്റെ (Monsoon tourism) ഹബ്ബാക്കി മാറ്റാൻ ഈ ഫെസ്റ്റിവലിന് സാധിച്ചിട്ടുണ്ട്. കൂടാതെ, എത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് പ്രദേശത്തെ ഹോംസ്റ്റേകൾ, ഹോട്ടലുകൾ, മറ്റ് ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ സാമ്പത്തിക സഹായമാകുകയും ചെയ്യുന്നു. വാട്ടർ കയാക്കിങ്, ഓഫ് റോഡിങ്, ട്രെക്കിങ് എന്നിവയ്ക്ക് അനുയോജ്യമായ ഡെസ്റ്റിനേഷനായി കോഴിക്കോട്ടെ (Kozhikode) മലയോര മേഖല ഇന്ന് ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.
പ്രകൃതിരമണീയമായ കുന്നിൻചെരിവുകളും നിറഞ്ഞൊഴുകുന്ന പുഴകളും കൊണ്ട് അനുഗ്രഹീതമായ കോഴിക്കോടിന്റെ മലയോര ഗ്രാമങ്ങളെ ആഗോള അഡ്വഞ്ചർ ടൂറിസത്തിന്റെ പ്രധാന ഇടമാക്കി മാറ്റാൻ മലബാർ റിവർ ഫെസ്റ്റിവൽ 2026-ന് സാധിക്കുന്നുണ്ട്. ഓഫ് റോഡ് ഫൺ ഡ്രൈവും വണ്ടിപ്പൂട്ട് മത്സരവുമെല്ലാം നൽകിയ ആവേശം ഉൾക്കൊണ്ട്, വരാനിരിക്കുന്ന കയാക്കിങ് മാമാങ്കത്തിനായി കാത്തിരിക്കുകയാണ് സാഹസിക പ്രേമികൾ.









