Physical Address
304 North Cardinal St.
Dorchester Center, MA 02124
Physical Address
304 North Cardinal St.
Dorchester Center, MA 02124

2026 ലെ പ്രണയദിനം (Valantines day) ഒരു ചുവന്ന റോസാപ്പൂവിലോ ഉപഹാരങ്ങളിലോ ഒതുക്കാനാണോ പ്ലാൻ. ഏതൊരു പ്രണയത്തെയും ഹൃദ്യമാക്കുന്നത് പ്രണയിക്കുന്നവർ ഒരുമിച്ചുള്ള നിമിഷങ്ങളും അവർ പരസ്പരം മാറ്റിവയ്ക്കുന്ന അർത്ഥവത്തായ സമയങ്ങളുമാണ്. ഫെബ്രുവരിയിലെ ഇളം തണുപ്പുള്ള പ്രഭാതങ്ങളിൽ ഇന്ത്യ കാത്തുവെക്കുന്നത് പ്രണയത്തിന്റെ ആ അർത്ഥവത്തായ നിമിഷങ്ങളാണ്. മഞ്ഞുവീണ താഴ്വരകൾ മുതൽ നക്ഷത്രങ്ങൾ മിന്നുന്ന മരുഭൂമികളും തിരമാലകൾ തലോടുന്ന കടൽതീരങ്ങളും വരെ ഇവിടെ പ്രണയിതാക്കളെ കാത്തിരിക്കുന്നു.
യാത്രയിലെ തിരക്കുകളോ കാലാവസ്ഥയുടെ ബുദ്ധിമുട്ടുകളോ ഇല്ലാതെ, പ്രിയപ്പെട്ടവന്റെയോ പ്രിയപ്പെട്ടവളുടെയോ കൈപിടിച്ച് നടക്കാൻ ഫെബ്രുവരി മാസത്തിൽ ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളാണ് (Places to visit in february in India) ഇനി പറയുന്നത്. പ്രകൃതിഭംഗിയും സാംസ്കാരിക വൈവിധ്യവും ഓരോ സ്ഥലത്തേക്കുള്ള യാത്രയെയും ഒരു കഥ പോലെ മനോഹരമാക്കുന്നു. പ്രണയത്തിന്റെ പുതിയ ഓർമ്മകൾ സ്വൊരുക്കൂട്ടാൻ ഇതിലും നല്ലൊരു നാട് വേറെയില്ല.
പ്രണയിതാക്കൾക്ക് ഏറ്റവും മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇന്ത്യയിലെ മികച്ച ഇടങ്ങളെക്കുറിച്ചുള്ള വിശദമായ പഠനത്തിലൂടെയാണ് ‘ഫ്ലെമിംഗോ റൂട്ട്‌സ്’ (Flemingoroutes) ഈ പട്ടിക തയ്യാറാക്കിയത്. ഗോവയിലെ കടൽതീരങ്ങൾ, ഉദയ്പൂരിലെ കൊട്ടാരസദൃശമായ പ്രണയം, മൂന്നാറിലെ കോടമഞ്ഞ്, മണാലിയിലെ മഞ്ഞുതുള്ളികൾ, ജയ്‌സാൽമീറിലെ സ്വർണ്ണമണൽത്തരികൾ തുടങ്ങി ഓരോ ഇടവും സവിശേഷമായ അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പ്രണയത്തിന്റെ തീവ്രതയും യാത്രാ സൗകര്യങ്ങളും മുൻനിർത്തി തിരഞ്ഞെടുക്കപ്പെട്ട ഈ സ്ഥലങ്ങൾ നിങ്ങളുടെ വാലന്റൈൻസ് ദിനത്തെ മനോഹരമായ ഒരു ഓർമ്മയാക്കി മാറ്റുമെന്ന് ഉറപ്പാണ്.
2026ലെ വാലന്റൈൻസ് ദിനം കൂടുതൽ മനോഹരമാക്കാൻ ഇന്ത്യക്കടുത്തുള്ള പ്രണയഭരിതമായ സ്ഥലങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രത്യേക ലേഖനം കാണാം.

ദക്ഷിണ ഗോവയുടെ ഹൃദയഭാഗത്ത് പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു മനോഹരമായ ബീച്ച് ആണ് കോള ബീച്ച് (Cola Beach or Khola Beach) അധികമാർക്കും അറിയാത്ത ഈ ബീച്ച് ഫെബ്രുവരിയിലെ പ്രണയയാത്രകൾക്ക് (Valentines day Trip) ഏറ്റവും അനുയോജ്യമായ ഒരിടമാണ്. തെങ്ങിൻതോപ്പുകൾക്കും കുന്നുകൾക്കും നടുവിൽ കടലിനോട് ചേർന്നുനിൽക്കുന്ന ഒരു ശുദ്ധജല തടാകമാണ് ഇവിടുത്തെ പ്രധാന ആകർഷണം. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് ഈ ശാന്തമായ അന്തരീക്ഷം പ്രിയപ്പെട്ടതാകും. ഏകദേശം 4,000 രൂപ മുതൽ 9,000 രൂപ വരെ നിരക്കിൽ മികച്ച താമസ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
അതിരാവിലെ തടാകത്തിലൂടെ ഒരുമിച്ചൊരു കയാക്കിംഗോ അല്ലെങ്കിൽ കുറച്ചു നേരം നീന്തിയോ സമയം ചെലവഴിക്കാം. വൈകുന്നേരമായാൽ പാലോലം ബീച്ച് വരെ ഒന്നു പോയി അസ്തമയത്തിലൊരു അലസ നടത്തമാവം. അടുത്ത ദിവസം ബോട്ട് റൈഡൊക്കെ കഴിഞ്ഞു തൊട്ടടുത്തുള്ള അഗോണ്ട ബീച്ചിലെ നീളമേറിയ മണൽപ്പരപ്പിലൂടെ സന്ധ്യക്ക് കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ഇത്തിരി നടന്നിട്ട് രാത്രി കടൽകാറ്റൊക്കെ കൊണ്ട് ഒരു അത്താഴവും കൂടിയായാൽ ഗംഭീരാമാകും. ഈ ബീച്ചകളുടെ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ 2-3 ദിവസമെങ്കിലും വേണ്ടി വരും

രജപുത്ര വംശത്തിന്റെ രാജകീയ പ്രൗഢി വിളച്ചോതുന്ന ഉദയ്പൂർ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. തിരക്കുകളിൽ നിന്ന് മാറി പിച്ചോള തടാകത്തിന്റെയും ജഗ് മന്ദിറിന്റെയും ചുറ്റുവട്ടങ്ങളിൽ ചെലവഴിക്കുന്ന നിമിഷങ്ങൾ ഏതൊരാൾക്കും മറക്കാനാവാത്ത ഒന്നായിരിക്കും. ഫെബ്രുവരിയിലെ ഇളം വെയിലും തടാകത്തിലെ ശാന്തമായ ഓളങ്ങളും ഈ നഗരത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. തടാകക്കരയിലുള്ള ഹെറിറ്റേജ് ഹോട്ടലുകളിലെ താമസം നഗരത്തിന്റ പൗരാണികത ആസ്വദിക്കാനും ശാന്തമായി സമയം ചെലവഴിക്കാനും സഹായിക്കും. ഇത്തരം ഹോട്ടലുകളിൽ ഒരു രാത്രിക്ക് ഏകദേശം 4,500 രൂപ മുതൽ 10,000 രൂപ വരെയാണ് നിരക്ക് വരുന്നത്.
സന്ധ്യാസമയത്ത് പിച്ചോള തടാകത്തിലൂടെയുള്ള സ്വകാര്യ ബോട്ട് യാത്രയും അത് കഴിഞ്ഞ് പഴയ നഗരത്തിലെ ഇടുങ്ങിയ വഴികളിലൂടെയുള്ള സായാഹ്ന നടത്തവും വാലന്റൈൻസ് ദിനത്തിന് മാറ്റുകൂട്ടും. തടാകത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ജഗ് മന്ദിറിലെ ആ ഏകാന്തതയും ശാന്തതയും പ്രിയപ്പെട്ടവർക്കൊപ്പം ആസ്വദിക്കുന്നത് ഒരു പുത്തൻ അനുഭവമായിരിക്കും. ഉദയ്പൂരിന്റെ ഈ പ്രണയാതുരത മനസ്സിനോട് ചേർക്കാൻ കുറഞ്ഞത് 2-3 ദിവസമെങ്കിലും ഇവിടെ ചെലവഴിക്കേണ്ടതുണ്ട്.

ആളും കൂട്ടവും ബഹളങ്ങളുമില്ലാത്ത നടുക്കടലിലെ ഒരു കൊച്ചു ദ്വീപ്… ദ്വീപിനു ചുറ്റും പവിഴ പുറ്റുകള്‍… നീല നിറത്തിലുള്ള കടൽ, സ്വർണ്ണ മണൽ ഉപ്പിന്റെ മണമുള്ള കടല്‍കാറ്റ്. ഇതൊക്കെ പോരെ ഒരു പ്രണയപ്പനിക്ക്. പ്രണയിക്കുന്നവർക്കായി ഒരുക്കി വച്ചിരിക്കുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ് ഹാവ്ലോക്ക് ഐലൻഡ് എന്ന് തോന്നും ഇവിടെ എത്തിയാൽ. ഫെബ്രുവരി മാസത്തിലെ തെളിഞ്ഞ കാലാവസ്ഥയിൽ(places to visit in February in India) ഇവിടം സന്ദർശിക്കുന്നത് തികച്ചും സ്വകാര്യമായ ഒരു അനുഭവം നൽകും.ശാന്തമായ തിരമാലകളുമുള്ള രാധാനഗർ ബീച്ച്, പ്രിയപ്പെട്ടവർക്കൊപ്പം ഒരു പിക്നിക് പ്ലാൻ ചെയ്യാനോ അസ്തമയം കണ്ട് വെറുതെ ഇരിക്കാനോ പറ്റിയ ഇടമാണ്. കറുത്ത പാറക്കൂട്ടങ്ങൾ നിറഞ്ഞ കാലാപഥർ ബീച്ചാകട്ടെ, നിങ്ങളുടെ പ്രണയ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ പറ്റിയ സുന്ദരമായ പശ്ചാത്തലമൊരുക്കുന്നു. കടൽത്തീരത്തോട് ചേർന്നുള്ള മനോഹരമായ കോട്ടേജുകളിൽ ഏകദേശം 5,000 രൂപ മുതൽ 12,000 രൂപ വരെ നിരക്കിൽ സമാധാനമായി തങ്ങാൻ സാധിക്കും.
രാവിലത്തെ കയാക്കിംഗും കടലിനടിയിലെ പവിഴപ്പുറ്റുകൾ കണ്ടുകൊണ്ടുള്ള സ്നോർക്കെല്ലിംഗും
സ്കൂബാ ഡൈവിങ്ങും നിങ്ങളുടെ യാത്രയെ കൂടുതൽ ആവേശകരമാക്കും. അത്ര കണ്ടു തിരിക്കില്ലാത്ത ബീച്ചിലൂടെ ചുമ്മാ ഒന്നു നടന്നാൽ പോലും അതൊരു അനുഭവമായിരിക്കും ഹാവ്ലോക്കിൽ 3-4 ദിവസമെങ്കിലും മാറ്റിവെക്കുന്നത് നന്നായിരിക്കും.

ഫെബ്രുവരിയിൽ ഒരു Magical Romnatic Getaway ആണ് പ്ലാനിടുന്നത് എന്നാൽ പിന്നെ മൂന്നാറല്ലാതെ വേറൊരു സ്ഥലമില്ലല്ലോ?. മലനിരകളെ പുതച്ചു നിൽക്കുന്ന കോടമഞ്ഞും, രാവിലത്തെ തണുപ്പും, തേയില ത്തോട്ടങ്ങളിലെ മഞ്ഞുതുള്ളികളുമൊക്കെ മൂന്നാറിനെ പ്രണയാതുരമാക്കുന്നു കൊളുക്കുമലയിലോ ലോക്ക് ഹാർട്ട് ടീ എസ്റ്റേറ്റിന്റെ അടുത്തോ താമസം തിരഞ്ഞെടുത്താൽ മേഘങ്ങൾക്കിടയിൽ (Cloud Beds) താമസിക്കുന്ന പോലൊരു അനുഭവം നൽകും. 4,000 രൂപ മുതൽ 8,000 രൂപ വരെ നിരക്കിൽ സ്വകാര്യത ഉറപ്പുനൽകുന്ന മികച്ച റിസോർട്ടുകൾ ഇവിടെ ലഭ്യമാണ്.
രാവിലേ മഞ്ജുപുതച്ചു നിൽക്കുnn നോക്കി ഉറക്കമുണ രാം. രാത്രിയിൽ ക്യാമ്പ് ഫയറിന് അരികിലിരുന്ന് തീ കാഞ്ഞുകൊണ്ട് സൊറ പറഞ്ഞിരിക്കാം. മൂന്നാറിന്റെ സ്വന്തം spice Flavoured ice cream ന്റെ (ഏലം, കറുവപ്പട്ട, കുരുമുളക്) രുചിയുള്ള ഐസ്‌ക്രീമുകൾ കഴിച്ചുകൊണ്ട് ഉറങ്ങാൻ പോകാം. പ്രണയത്തിനു ഇതിലും വലിയ ഭവങ്ങളുണ്ടോ?. മൂന്നാറിന്റെ സ്വന്തം തജ്‌മാഹാലിൽ പോയി ഒരു പ്രാർത്ഥനയും വേണമെങ്കിൽ ചെയ്യാം. എല്ലാത്തിനും കൂടി ഒരു 2-3 ദിവസം വേണ്ടി വരും.

എന്താണ് മണാലി പ്രണയിതാക്കൾക്കായി ഒരുക്കിവച്ചിരിക്കുന്നത് എന്ന് ചോദിച്ചാൽ മഞ്ഞു പെയ്യുന്ന ശാന്തമായ ഒരു ലോകമാണ്. മഞ്ഞു വീഴ്ചയും പർവ്വതനിരകളിലെ മരവിപ്പിക്കുന്ന വൈകുന്നേരങ്ങളും മണാലിയെ കൂടുതൽ പ്രണയാതുരമാക്കുന്നു. ഓൾഡ് മണാലിയിലോ സോലാങ്ങ് താഴ്വരയുടെ കോണുകളിലോ താമസം തിരഞ്ഞെടുത്താൽ ഉറക്കമുണർന്ന് എണീക്കുന്നത് തന്നെ ചുറ്റുമുള്ള മഞ്ഞിലേക്ക് തന്നെ ആയിരിക്കും. സമയം പോലും ഒരു നിമിഷം മെല്ലെ പോകുന്നത് പോലെ തോന്നിക്കുന്ന ഈ അന്തരീക്ഷത്തിൽ 4,000 രൂപ മുതൽ 9,000 രൂപ വരെ നിരക്കിൽ മനോഹരമായ തടിയിൽ തീർത്ത കോട്ടേജുകൾ ലഭ്യമാണ്.
മണാലിയിൽ ചെറിയ കാര്യങ്ങളാണ് വലിയ സന്തോഷങ്ങൾ തരുന്നത്. തണുത്തുമരവിച്ച കൈകൾ തീ കായുന്നതിനിടെ ചേർത്തുപിടിക്കുന്നതും, പുതുതായി വീണ മഞ്ഞിലൂടെ നടക്കുമ്പോൾ പിന്നിലെ കാൽപ്പാടുകൾ കാണുമ്പോഴുള്ള ചിരിയും, ഒന്നും മിണ്ടാതെ ബാൽക്കണിയിലിരുന്ന് മഞ്ഞു വീഴുന്നത് നോക്കി നിൽക്കുന്നതുമെല്ലാം മനസ്സിനോട് എന്നെന്നും ചേർത്ത് വയ്ക്കാവുന്ന അനുഭവങ്ങളാണ്. തണുപ്പത്ത് ഒരു കപ്പ് മസാല ചായയും പശ്ചാത്തലത്തിൽ ഗസൽ സംഗീതവുമായി നിങ്ങളൊരുമിച്ചുള്ള ഒരു ഏകാന്തതയിൽ ചെലവഴിക്കുന്ന 2-3 ദിവസങ്ങൾ നിങ്ങളുടെ പ്രണയത്തിന് പുതിയൊരർത്ഥം തന്നെ നൽകും.

ഈ ഫെബ്രുവരിയിൽ ജയ്‌സാൽമീർ എന്നാൽ ലോകം നമുക്ക് മാത്രം മാറ്റിവെച്ച ഒരു സ്ഥലമാണെന്ന് തോന്നിപ്പോകും. സ്വർണ്ണവർണമുള്ള sand dunes കൾക്കിടയിൽ തിരക്കുകളോ ബഹളങ്ങളോ ഇല്ലാതെ, ആകാശം അതിരിടുന്ന ഏകാന്തതയിൽ പ്രിയപ്പെട്ടവർക്കൊപ്പം മാത്രമായി ഒരല്പനേരം. Sam Sand Dunes ന്റെ സമീപത്തെ ആഡംബര ടെന്റുകളിലെ താമസം (4,000–8,000 രൂപ വരെ), പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ച് പ്രിയപ്പെട്ടവരിലേക്ക് മാത്രം ചുരുങ്ങാൻ നിങ്ങളെ സഹായിക്കും.
Sand Dune കൾക്ക് പിന്നിൽ സൂര്യൻ മറയുമ്പോൾ മരുഭൂമിക്ക് ഒരു വല്ലാത്ത ചന്തമാണ്. ചെരുപ്പില്ലാതെ ആ തണുത്ത മണലിലൂടെ നടക്കുമ്പോഴും, ആകാശം നിറം മാറുന്നത് നോക്കി ഒരേ ഷാളിനുള്ളിൽ ചേർന്നിരിക്കുമ്പോഴും ലഭിക്കുന്ന ആ ഒരു ആത്മബന്ധമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. മരുഭൂമിയിലെ സംസാരങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്; തിരക്കുകളില്ലാത്തതിനാൽ അവയ്ക്ക് കൂടുതൽ ആഴവും സത്യസന്ധതയുമുണ്ടാകും. ഇവിടെ ചെലവഴിക്കുന്ന രണ്ട് ദിവസങ്ങൾ വെറുമൊരു യാത്രയല്ല, മറിച്ച് നിങ്ങൾ രണ്ടുപേരും ചേർന്ന് ഹൃദയത്തിൽ എഴുതിച്ചേർക്കുന്ന ഒരു മനോഹരമായ ഓർമ്മയായിരിക്കും.

ഹിമാലയത്തെ സാക്ഷിയാക്കി പ്രണയം പൂക്കുന്ന വിസ്മയമാണ് ഫെബ്രുവരിയിലെ ഔലി. തിരക്കേറിയ മറ്റ് ഹിൽ സ്റ്റേഷനുകളിൽ നിന്ന് വിഭിന്നമായി, മഞ്ഞുപുതച്ച വിശാലമായ മേച്ചിൽപ്പുറങ്ങളും നന്ദാദേവി കൊടുമുടിയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതിയുടെ ഈ ബൃഹത്തായ ക്യാൻവാസിന് മുന്നിൽ ഇരിക്കുമ്പോൾ, നിങ്ങൾ എത്രത്തോളം പരസ്പരം ചേർന്നുനിൽക്കുന്നു എന്ന തിരിച്ചറിവ് മനസ്സിന് വല്ലാത്തൊരു സന്തോഷം നൽകും. കുന്നിൻചെരിവുകളിലെ കോട്ടേജുകളിലും ലോഡ്ജുകളിലും (5,000–10,000 രൂപ വരെ) തങ്ങുമ്പോൾ, പുറത്തെ തണുപ്പിനെ പ്രതിരോധിക്കുന്ന ഉള്ളിലെ ആ ഊഷ്മളത നിങ്ങളുടെ പ്രണയത്തിന് മാറ്റുകൂട്ടും.
താഴ്വരയ്ക്ക് മുകളിലൂടെയുള്ള കേബിൾ കാർ യാത്രയും, മേഘങ്ങൾ കാലിനടിയിലൂടെ ഒഴുകിനീങ്ങുന്ന ഗോർസൺ ബുഗ്യാലിലെ സായാഹ്നങ്ങളും ഔലിയിലെ പ്രണയനിമിഷങ്ങളെ മനോഹരമാക്കുന്നു. കഠിനമായ പർവ്വതക്കാറ്റേറ്റ്, സന്ധ്യാവെളിച്ചത്തിൽ ആ സ്വർണ്ണമലകളെ നോക്കി നിൽക്കുമ്പോൾ വാക്കുകളേക്കാൾ കൂടുതൽ നിശബ്ദതയാകും നിങ്ങൾക്കിടയിൽ സംസാരിക്കുക. ആൾക്കൂട്ടത്തിന്റെ ബഹളങ്ങളില്ലാതെ ഹിമാലയത്തെയും പ്രിയപ്പെട്ടവരെയും ഒരേപോലെ ചേർത്തുപിടിക്കാൻ ഇവിടെ ചെലവഴിക്കുന്ന 2-3 ദിവസങ്ങൾ ധാരാളമാണ്.

വെനീസിന്റെ ഇന്ത്യൻ മുഖമാണ് ആലപ്പുഴ. തെങ്ങുകൾ അതിരിടുന്ന കായലിന്റെ കൈവഴികളിലൂടെയുള്ള യാത്രയിൽ, വെള്ളത്തിലെ ഓളങ്ങളിൽ പതിക്കുന്ന ഓരോ നോട്ടവും ഒരു മനോഹരമായ ഓർമ്മയായി മാറും. ഒരു സ്വകാര്യ ഹൗസ്‌ബോട്ടിലോ (6,000–12,000 രൂപ വരെ) കായൽക്കരയിലെ കോട്ടേജിലോ താമസിക്കുമ്പോൾ, പുറംലോകത്തിന്റെ തിരക്കുകളില്ലാതെ ശാന്തമായ ജലപ്പരപ്പിലൂടെ ഒഴുകിനീങ്ങാം. പ്രിയപ്പെട്ടവരോടുള്ള അടക്കംപറച്ചിലുകൾക്കും ഹൃദയം തുറന്നുള്ള ചിരികൾക്കും ഇതിലും നല്ലൊരു ഇടം വേറെയില്ല.
കായലിലെ ആ നിശബ്ദതയിലാണ് ഇവിടുത്തെ യഥാർത്ഥ പ്രണയം ഒളിഞ്ഞിരിക്കുന്നത്. ബോട്ടിന്റെ ഡെക്കിലിരുന്ന് പ്രഭാത ചായ കുടിക്കുമ്പോഴും, മീൻപിടുത്തക്കാർ വള്ളത്തിൽ മെല്ലെ തുഴഞ്ഞുപോകുന്നത് നോക്കിയിരിക്കുമ്പോഴും, മഞ്ഞു വീണ കായലിലൂടെ കൈകോർത്തുപിടിച്ച് നീങ്ങുമ്പോഴും ആ അഗാധമായ ബന്ധം നിങ്ങൾ തിരിച്ചറിയും. അസ്തമയ സൂര്യന്റെ കടുംചുവപ്പ് കായൽവെള്ളത്തിൽ പതിയുന്ന വൈകുന്നേരങ്ങൾ വല്ലാത്തൊരു ഭംഗിയാണ്. ആലപ്പുഴയിലെ 2-3 ദിവസങ്ങൾ ഒന്നിനും തോൽപ്പിക്കാനാവാത്ത അത്രയും മനോഹരമായ ഒരു അനുഭവമായിരിക്കും.

ഒരു പ്രണയത്തിന്റെ ഓർമ്മക്കായി ഒരു യാത്ര പോകുനുവെങ്കിൽ അതിനു മേഘാലയെക്കാൾ നല്ലൊരു ഇടമില്ല. തിരക്കുകൾ ഒന്നുമില്ലാതെ ഒരല്പനേരം നിങ്ങൾക്ക് മാത്രമായി വേണമെന്നുണ്ടെങ്കിൽ പറ്റിയ ഇടം ഡൗകി യാണ്. കണ്ണാടിപ്പുഴയിലൂടെയുള്ള വഞ്ചിയാത്ര വായുവിൽ കൂടി പറന്നു നടക്കുവവാണെന്ന് തോന്നും. ഉമ്ങ്ങോട്ട് നദിക്കരയിലെ കോട്ടേജുകളിലോ ഇക്കോ ലോഡ്ജുകളിലോ താമസിക്കാം. ഒരു രാത്രിക്ക് 4,000 രൂപ മുതൽ 7,000 രൂപ വരെയാണ് നിരക്ക്.
ഡൗക്കിക്ക് അടുത്തായി സന്ദർശിക്കാവുന്ന പ്രധാന സ്ഥലമാണ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മൗലിനോങ്. അവിടെ മരത്തിന്റെ വേരുകൾ കൊണ്ട് നിർമ്മിച്ച ‘സിംഗിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ്’ കാണാൻ സാധിക്കും. കൂടുതൽ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ചിറാപുഞ്ചിയിലെ പ്രസിദ്ധമായ ‘ഡബിൾ ഡെക്കർ’ റൂട്ട് ബ്രിഡ്ജിലേക്ക് ട്രെക്കിംഗ് നടത്താം. കൂടാതെ മൗസിന്റമിലെ ഗുഹകളും വെള്ളച്ചാട്ടങ്ങളും ഈ യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രാദേശിക ഭക്ഷണങ്ങളും പ്രകൃതിഭംഗിയും ആസ്വദിച്ചുകൊണ്ട് രണ്ട് മുതൽ മൂന്ന് ദിവസം വരെ ഇവിടെ ചെലവഴിക്കാം.

പ്രണയിക്കാനായി ഒരിടം. അങ്ങനെ ഒരിടം ഇല്ലെങ്കിലും ആരിലും പ്രണയമുണർത്തുന്നതാണ് കുടകിലെ കാപ്പിത്തോട്ടങ്ങൾ. കോടയും മഞ്ഞും മഴത്തുള്ളികളും കാപ്പിപ്പൂവിന്റെ നേർമ്മയും കൂർഗിനെ തികച്ചും വ്യത്യത്മാക്കുന്നു.കാപ്പി തോട്ടങ്ങളിലെ റിസോർട്ടുകളിലോ മനോഹരമായ ഹോംസ്റ്റേകളിലോ താമസിക്കാം. ഒരു രാത്രിക്ക് ഏകദേശം 4,500 രൂപ മുതൽ 10,000 രൂപ വരെയാണ് നിരക്ക്.
കാപ്പിത്തോട്ടങ്ങളിലൂടെ വെറുതെ നടക്കാനും കാപ്പിപ്പഴങ്ങൾ പറിക്കാനും പുതിയ കാപ്പിയുടെ രുചിയറിയാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.
ഇതിനുപുറമെ, മലനിരകളിലെ സൂര്യോദയവും അബ്ബി വെള്ളച്ചാട്ടവും രാജാ സീറ്റിലെ കാഴ്ചകളും മറക്കാനാവാത്ത അനുഭവമായിരിക്കും. മഞ്ഞത്തു ക്യാമ്പ് ഫയറിട്ട് തീ കാഞ്ഞുകൊണ്ട് സമയം ചെലവഴിക്കുന്നത് ഏറെ സുഖകരമാണ്. കൂർഗിലെ കാഴ്ചകൾ കണ്ടുതീർക്കാൻ രണ്ട് മൂന്ന് ദിവസം എന്തായാലും വേണ്ടി വരും.
മഞ്ഞുപുതച്ച മലനിരകളും ശാന്തമായ കായൽപരപ്പുകളും സ്വർണ്ണമണൽ വിരിച്ച മരുഭൂമികളുമൊക്കെയായി ഇന്ത്യയിലെ പ്രണയതീരങ്ങളുടെ വിസ്മയങ്ങൾ ഒട്ടനവധിയാണ്. ഓരോ യാത്രയും വെറുമൊരു കാഴ്ചപ്പൊക്കമല്ല മറിച്ച് മനസ്സിൽ കാലം മായ്ക്കാത്ത ചില ഓർമ്മകൾ കോറിയിടനുള്ള അവസരം കൂടിയാണ്. കുടകിലെ കാപ്പിത്തോട്ടങ്ങളിൽ പൂക്കുന്ന മണമുള്ള പുലരികളും, ആലപ്പുഴയിലെ ഓളപ്പരപ്പിലൂടെയുള്ള വഞ്ചി യാത്രയും, ജയ്‌സാൽമീറിലെ നക്ഷത്രങ്ങൾ വിരിഞ്ഞ മരുഭൂമിയിലെ രാവുകളും പ്രണയത്തിന് പുതിയ നിറങ്ങൾ നൽകുന്നു.
തിരക്കുകൾ മറന്ന് പ്രകൃതിയുടെ മടിത്തട്ടിൽ അല്പനേരം ഒപ്പമിരിക്കാൻ ഇത്തരം യാത്രകൾ തുണയാകും. കടൽതീരത്തെ സായാഹ്നങ്ങളിലായാലും മലനിരകളിലെ ഏകാന്തതയിലായാലും, അവിടെ പങ്കിടുന്ന ഓരോ നിമിഷവും വരുംകാലത്തേക്കുള്ള മനോഹരമായ ഒരു ഓർമ്മപ്പുസ്തകമാണ്. ഒടുവിൽ മടങ്ങുമ്പോൾ കാഴ്ചകൾക്കപ്പുറം, ഹൃദയത്തിൽ ചേർത്തുപിടിക്കാൻ ഒരുപിടി സുന്ദരമായ നിമിഷങ്ങളും ഈ യാത്രകൾ നമുക്ക് സമ്മാനിക്കും.
[…] […]