തൃശൂർ സൂവോളജിക്കൽ പാർക്ക് പുത്തൂർ: കേരളത്തിന്റെ ഡിസൈനർ വന്യജീവി സങ്കേതം.

Thrissur Zoological Park Puthur

തൃശൂരിന്റെ ഗ്രാമീണ മേഖലയിലെ പുത്തൂർ ഇന്ന് ലോക ശ്രദ്ധ നേടുകയാണ്. കാടിന്റെ സ്വഭാവികതയും വന്യതയും പുനസൃഷ്ടിച്ചുകൊണ്ടുള്ള വിശാലമായ വന്യജീവി കേന്ദ്രമാണ് Thrissur Zoological Park Puthur. ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ എന്ന വിശേഷണത്തോടെയാണ് മൃഗശാല പൊതുജനങ്ങൾക്കായി തുറന്നത്. 336 ഏക്കർ വിസ്തൃതിയിൽ പന്തലിച്ചുകിടക്കുന്ന ഈ പാർക്ക് ഒരു സാധാരണ മൃഗശാലയല്ല. പ്രകൃതിയോട് ചേർന്നൊരു യാത്രാനുഭവമാണ്.

പഴയ നഗരത്തിലുണ്ടായിരുന്ന മൃഗശാലയുടെ പരിമിതികൾ മറികടക്കാനാണ് ഈ പുതിയ മൃഗശാല. മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവികമായ ആവാസവ്യവസ്ഥ ഒരുക്കിക്കൊണ്ടാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. പുല്മേടുകൾ, ജലാശയങ്ങൾ, ചെറുകാടുകൾ എന്നിവയെല്ലാം പുനസൃഷ്ടിച്ചുകൊണ്ട്‌ പതിനാലു ആവാസമേഖലകൾ സജ്ജമാക്കിയിട്ടുണ്ട്. തടസ്സങ്ങൾ കണ്ണിൽപ്പെടാത്ത രീതിയിലാണ് രൂപകൽപ്പന. ഇത് സന്ദർശകർക്ക് മൃഗങ്ങളെ കാട്ടിൽ കാണുന്ന അതെ രീതിയിൽ ഇവിടെ ഈ മൃഗശാലയിൽ കാണാനാവും.

തൃശൂരിൽ വന്യജീവി സംരക്ഷണത്തിന്റെ പുതിയ കാലഘട്ടം.

പാർക്കിന്റെ രൂപകൽപ്പനയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് മൃഗങ്ങളുടെ സംരക്ഷണത്തിനാണ്. മൃഗങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ തുറന്ന എൻക്ലോഷറുകൾ മൃഗശാലയിലുണ്ട്. ആധുനിക വെറ്ററിനറി ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്‌. വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി വിവരങ്ങളും പഠന സൗകര്യങ്ങളുമുണ്ട്. വിനോദവും പഠനവും ഒരുമിക്കുന്ന മാതൃകയാണിത്.

തൃശൂർ സൂവോളജിക്കൽ പാർക്ക് ടിക്കറ്റ് നിരക്കുകൾ.

വളരെ കുറഞ്ഞ നിരക്കുകളാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 100 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് മുതൽ പന്ത്രണ്ടു വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപ. മുതിർന്ന പൗരന്മാർക്ക് 50 രൂപ നിരക്കിൽ ടിക്കറ്റ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വിശാലമായ പ്രദേശം മുഴുവൻ നടന്ന് കാണാൻ കഴിയാത്തവർക്ക് ഇലക്ട്രിക് ബസ് സൗകര്യമുണ്ട്. Kerala State Road Transport Corporation ആണ് സർവീസ് നടത്തുന്നത്. ഏകദേശം 50 രൂപ നിരക്കിൽ സഫാരി യാത്ര ചെയ്യാം. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ സർവീസ് ലഭ്യമാണ്.

തൃശൂർ സൂവോളജിക്കൽ പാർക്ക് സമയക്രമവും സൗകര്യങ്ങളും.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പാർക്ക് സമയം. തിങ്കളാഴ്ച അവധിയാണ്. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുതലായതിനാൽ നേരത്തെ എത്തുവാൻ ശ്രമിക്കുക. പ്രവേശന കവാടത്തിന് സമീപം പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
നഗരത്തിൽ നിന്ന് പുത്തൂരിലേക്കുള്ള ഡബിൾ ഡെക്കർ ബസ് സർവീസും ഉടൻ ആരംഭിക്കും. നഗര–പാർക്ക് ബന്ധം കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം.

ആവാസമേഖല രൂപകൽപ്പനയും സംരക്ഷണവും.

പാർക്കിലെ ഓരോ ആവാസമേഖലകളും വളരെ പ്രത്യേകതകളോട് കൂടിയാണ്. മൃഗങ്ങൾക്ക് സ്വാഭാവിക പരിസ്ഥിതിയിൽ തന്നെ ജീവിക്കാൻ പറ്റിയ വിശാലമായ ഇടങ്ങളോട് കൂടിയതാണ് ഇവിടം. ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി പ്രദർശന മേഖലകൾ സജ്ജമാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കുന്ന രീതിയിലാണ് ക്രമീകരണം.

പുത്തൂർ കേന്ദ്രീകരിച്ച വിനോദസഞ്ചാര ഇടനാഴി.

പുത്തൂരിനെ കേന്ദ്രമാക്കി സമഗ്ര വിനോദസഞ്ചാര സർക്യൂട്ട് രൂപപ്പെടുത്താനുള്ള പദ്ധതിയും തയ്യാറായി വരുന്നു. പീച്ചി–ചിമ്മിനി മലനിരകൾ ഉൾപ്പെടുന്ന ടൂറിസം പാക്കേജ് പദ്ധതിയാണ് ലക്ഷ്യം.
ഇലഞ്ഞിക്കുത്ത് വെള്ളച്ചാട്ടം, പുത്തൂർ കായൽ ടൂറിസം പദ്ധതി, ഓലക്കയം, മത-പൈതൃക കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതി തയ്യാറായി വരുന്നു. കുടുംബങ്ങൾക്കായി ഹോംസ്റ്റേ സൗകര്യങ്ങൾക്കും അനുമതി നൽകും. വനവകുപ്പ് മേൽനോട്ടം ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രകൃതിയെയും സംരക്ഷണ ദർശനത്തെയും ചേർത്തുനിർത്തുന്ന പുതിയ മാതൃകയാണ് Thrissur zoological park puthur. ഒരു ദിവസത്തെ യാത്രയെക്കാൾ ഏറെ, ഒരു അനുഭവമാണ് ഇവിടെ കാത്തിരിക്കുന്നത്. ഗ്രാമീണ ടൂറിസത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് പുതിയ ഉണർവ് നൽകുന്നു.
പുത്തൂർ ഇനി ഒരു ഗ്രാമമാത്രമല്ല; കേരളത്തിന്റെ പുതിയ വിനോദസഞ്ചാര മുഖമാണ്.

Travel Desk
Travel Desk
Articles: 59

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു