കാശ്മീരിലെ ട്യൂലിപ് ഉദ്യാനത്തിൽ വിരിഞ്ഞത് 18 ലക്ഷം പൂക്കൾ: Kashmir Tulip Garden Festival

കാശ്മീരിലെ സബർവാൻ മലനിരകൾക്കിടയിലെ താഴ് വരയിൽ ഇത്തവണ വസന്തകാലം അല്പം നേരത്തെയാണ്. ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ്പ് ഗാർഡനിൽ (Indira Gandhi Memmorial Tulip Garden) 2026-ലെ Kashmir Tulip Garden Festival നു ഔദ്യോഗിക തുടക്കമായി. മഞ്ഞുകാലത്തിന്റെ ആലസ്യത്തിൽ നിന്നും പ്രകൃതി ഉണർന്ന് വരുന്നതിന്റെ അടയാളമാണ് ഓരോ ട്യൂലിപ്പ് പുഷ്പവും. സാധാരണയായി മാർച്ച് അവസാന വാരങ്ങളിൽ തുടങ്ങിയിരുന്ന Tulip festival ഇത്തവണ താപനിലയിൽ വന്ന ചെറിയ മാറ്റങ്ങൾ കാരണം പത്ത് ദിവസം മുൻപേ തുടങ്ങി. കാശ്മീരിലെ ടൂറിസം മേഖലക്കാകെ പുതിയൊരു ഊർജ്ജം നൽകിയിരിക്കുകയാണ് കാശ്മീരിന്റെ സ്വന്തമായ ഈ ട്യൂലിപ് വസന്തം.

ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് വസന്തം. (Asia’s Largest Tulip Blossom)ഉദ്യാനത്തിനുള്ളിലെ വിസ്മയങ്ങൾ.

കാശ്മീർ ട്യൂലിപ് വസന്തം 2026

സബർവാൻ മലനിരകളുടെ താഴ്വാരത്തിൽ തട്ടുതട്ടുകളായി വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ്പ് ഗാർഡനാണ്(Kashmir Tulip Garden). പ്രകൃതിയും മനുഷ്യനും ഒത്തുചേരുന്ന ഇവിടെ, ട്യൂലിപ് പുഷ്പങ്ങളുടെ ഓരോ നിരകളും അതീവ ശ്രദ്ധയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുപ്പത് ഹെക്ടറിലധികം വിസ്ത്രിതിയിലായി വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം ദാൽ തടാകത്തിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിലെ ഷിക്കാരാ വള്ളങ്ങളും ട്യൂലിപ് പുഷ്പങ്ങളുടെ വർണ്ണവൈവിധ്യവും ഇഴുകിചേരുന്ന കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കും. വിശാലമായ നടപ്പാതകളാണ് tulip ഗാർഡന്റെ മറ്റൊരു പ്രത്യേകത. ഈ നടപ്പാതകൾക്കരികിലെ ഇൻഫോർമേഷൻ ബോർഡുകളിൽ ട്യൂലിപ് വൈവിധ്യങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും വായിച്ചറിയാം. വിവിധ തട്ടുകളിലായി വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെ നിറങ്ങൾ തമ്മിലുള്ള ചേർച്ച ഉദ്യാനത്തിന്റെ രൂപകൽപ്പനയിലെ മികവ് വിളിച്ചോതുന്നു. ട്യൂലിപ്പുകൾക്ക് പുറമെ ഡാഫോഡിൽസ് (Daffodils), ഹയാസിന്ത്സ് (Hyacinths) തുടങ്ങിയ മനോഹരമായ പുഷ്പങ്ങളും ഇവിടെയുണ്ട്. ട്യൂലിപ് വസന്തത്തിന്റെ (Tulip Blossom) നിറക്കൂട്ടും അതിന്റെ സുഗന്ധവും നിറഞ്ഞ ഈ അന്തരീക്ഷം നമ്മെ മറ്റൊരു ലോകത്തെത്തിക്കും.

18 ലക്ഷം ട്യൂലിപ്പു പുഷ്പങ്ങൾ.

കാശ്മീർ ട്യൂലിപ് വസന്തം 2026

എന്താണ് ഈ വർഷത്തെ Kashmir Tulip Garden Festival ന്റെ പ്രത്യേകത ഇതിൽ പൂവിട്ടു നിൽക്കുന്ന 18ലക്ഷം ട്യൂലിപ്പ് പുഷ്പങ്ങളാണ്.
എഴുപതിലധികം വ്യത്യസ്ത ഇനങ്ങളിലുള്ള ട്യൂലിപ്പുകൾ ഇത്തവണ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. ചുവപ്പ്, മഞ്ഞ, പർപ്പിൾ, വെള്ള തുടങ്ങിയ പതിവ് നിറങ്ങൾക്ക് പുറമെ, അത്യപൂർവ്വമായ നിറങ്ങളിലുള്ള പുഷ്പങ്ങളും ഇത്തവണ ഇവിടെ കാണാം. പൂക്കളുടെ സാന്ദ്രത വർദ്ധിപ്പിക്കാനായി പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത്തവണ തൈകൾ ഉണ്ടാക്കിയത്.

ഓരോ വർഷവും പുതിയ ഇനം ട്യൂലിപ്പുകൾ ഇവിടെ അവതരിപ്പിക്കാറുണ്ട്. ഹോളണ്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയുള്ള വിത്തുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉദ്യാനപാലകരുടെ മാസങ്ങൾ നീണ്ട കഠിനാധ്വാനമാണ് വസന്തകാലത്ത് ഈ രീതിയിൽ പൂത്തുലയുന്നത്. പൂക്കൾ ഒരേ സമയം വിരിഞ്ഞുനിൽക്കുന്നു എന്ന് ഉറപ്പുവരുത്താൻ ശാസ്ത്രീയമായ രീതിയിലാണ് കൃഷി നടത്തുന്നത്. ഈ വർണ്ണവൈവിധ്യം കശ്മീർ താഴ്വരയെ അക്ഷരാർത്ഥത്തിൽ വർണ്ണ ചിറകുകളുള്ള ഒരു ചിത്രശലഭത്തെപ്പോലെ സുന്ദരമാക്കി മാറ്റുന്നു.

ഫോട്ടോഗ്രാഫർമാരുടെ പറുദീസ: ക്യാമറക്കണ്ണുകൾക്ക് വിരുന്നൊരുക്കി കാശ്മീർ.

ഫോട്ടോഗ്രാഫർമാർക്കും ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസേഴ്സിനും ട്യൂലിപ്പ് ഗാർഡൻ ഒരു സ്വപ്നഭൂമിയാണ്. തട്ടുതട്ടുകളിലായി വ്യാപിച്ചു കിടക്കുന്ന ഉദ്യാനം ഫോട്ടോകൾക്കു പറ്റിയ നിരവധി ആഗിളുകൾ സമ്മാനിക്കുന്നു. പുഷ്പങ്ങളുടെ close up ഷോട്ടുകൾ പകർത്താൻ ആഗ്രഹിക്കുന്നവർക്കും വിശാലമായ പനോരമിക് ഷോട്ടുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇവിടം ഒരുപോലെ പ്രിയപ്പെട്ടതാണ്. മഞ്ഞുമൂടിയ പർവതനിരകൾ പശ്ചാത്തലമായി വരുമ്പോൾ ട്യൂലിപ്പുകളുടെ നിറങ്ങൾക്ക് കൂടുതൽ മിഴിവ് ലഭിക്കുന്നു.
സൂര്യോദയത്തിന് തൊട്ടുപിന്നാലെയുള്ള സമയവും അസ്തമയത്തിന് തൊട്ടുമുമ്പുള്ള സന്ധ്യാനേരവുമാണ് ചിത്രങ്ങൾ പകർത്താൻ ഏറ്റവും അനുയോജ്യം. ഈ സമയത്തെ മൃദുവായ വെളിച്ചം പുഷ്പങ്ങളുടെ സ്വാഭാവിക നിറത്തെയും ഘടനയെയും കൂടുതൽ മനോഹരമാക്കുന്നു. വിനോദസഞ്ചാരികൾ തങ്ങളുടെ മനോഹരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ ഇവിടെ തിരക്ക് കൂട്ടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.

സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സാധാരണയായി മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് ട്യൂലിപ് പുഷ്‌പ്പോത്സവം നടക്കാറ്. എന്നാൽ ഇത്തവണ പൂക്കൾ നേരത്തെ വിരിഞ്ഞതിനാൽ ഏപ്രിൽ ആദ്യ വാരം വരെയായിരിക്കും സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. കാലാവസ്ഥയിലെ മാറ്റങ്ങൾ അനുസരിച്ച് പൂക്കൾ കൊഴിയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സന്ദർശനം പ്ലാൻ ചെയ്യുന്നതിന് മുൻപ് പ്രാദേശിക അറിയിപ്പുകൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ദിവസവും രാവിലെ 6:00 മുതൽ വൈകിട്ട് 8:00 വരെയാണ് പ്രവേശനം. തിരക്ക് കുറഞ്ഞ സമയത്ത് ശാന്തമായി കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർ പുലർച്ചെ തന്നെ എത്തുക. വാരാന്ത്യങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പ്രവൃത്തിദിവസങ്ങൾ തിരഞ്ഞെടുക്കുന്നത് സന്ദർശനം കൂടുതൽ സുഖകരമാക്കും. തദ്ദേശീയരായ ആളുകളും വിദേശികളും ഒരേപോലെ എത്തുന്നതിനാൽ എല്ലാ ദിവസങ്ങളിലും ഉദ്യാനത്തിൽ സന്ദർശകരുടെ നല്ല തിരക്കായിരിക്കും.

പ്രവേശന നിരക്കുകളും സജ്ജീകരണങ്ങളും

പ്രവേശന ടിക്കറ്റുകൾ കവാടത്തിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്.

  • മുതിർന്നവർക്ക്: ₹75
  • കുട്ടികൾക്ക്: ₹30
  • വിദേശ സന്ദർശകർക്ക്: ₹200

ടിക്കറ്റുകൾക്ക് ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ സാധുതയുള്ളൂ. ഇത്തവണ ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഉദ്യാനത്തിനുള്ളിൽ ദാഹജലം, വിശ്രമസ്ഥലങ്ങൾ, ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

കലയും സംസ്കാരവും രുചിയും സമന്വയിക്കുന്ന Kashmir Tulip Garden Festival.

Tulip Festival കേവലം ഒരു Garden visit മാത്രമല്ല, കശ്മീരിന്റെ തനതായ സംസ്കാരംവും രുചിയും അടുത്തറിയാനുള്ള ഒരു വേദി കൂടിയാണ്. ഉദ്യാനത്തിനകത്ത് നടക്കുന്ന സാംസ്കാരിക പരിപാടികളിൽ കാശ്മീരിന്റെ നാടൻ പാട്ടുകളും നൃത്തങ്ങളും ആസ്വദിക്കാൻ സാധിക്കും. കശ്മീരിന്റെ ലോക പ്രസിദ്ധമായ കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ട് Kashmir Tulip Festival -ഇൽ.പഷ്മിന ഷാളുകൾ, കൈത്തറി പരവതാനികൾ, വാൾനട്ട് തടിയിൽ തീർത്ത കലാരൂപങ്ങൾ എന്നിവയുടെ നിർമ്മാണം നേരിട്ട് കണ്ട് വാങ്ങാനും കഴിയും. കൂടാതെ കശ്മീരിന്റെ തനതായ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനായി പ്രത്യേക ഫുഡ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കശ്മീരിന്റെ സ്വന്തം ‘കാവ ‘ രുചിക്കുന്നത് ഇവിടുത്തെ തണുപ്പുള്ള കാലാവസ്ഥയിൽ സന്ദർശകർക്ക് പുതിയൊരു ഊർജ്ജം നൽകും. പ്രാദേശിക കലാകാരന്മാരെയും കർഷകരെയും സഹായിക്കാൻ ഇത്തരം മേളകൾ വലിയ പങ്കുവഹിക്കുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കശ്മീരിന്റെ പൈതൃകം വിളിച്ചോതുന്ന സ്റ്റാളുകളും ഇവിടെ കാണാം.

സന്ദർശകർ കർശനമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ

ഉദ്യാനത്തിന്റെ ശുചിത്വവും ഭംഗിയും നിലനിർത്താൻ സന്ദർശകർ കർശനമായ ചില നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്:

  • ഉദ്യാനത്തിനകത്തേക്ക് യാതൊരുവിധ ഭക്ഷണസാധനങ്ങളും കൊണ്ടുപോകാൻ പാടില്ല. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഫുഡ് കോർട്ടുകൾ ഉപയോഗിക്കാം.
  • സന്ദർശകർക്ക് ഉദ്യാനത്തിനുള്ളിൽ ചിലവഴിക്കാൻ പരമാവധി 2 മണിക്കൂർ സമയം മാത്രമേ അനുവദിക്കുകയുള്ളൂ.
  • പ്ലാസ്റ്റിക് കവറുകൾ (Polythene bags) പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
  • മാലിന്യങ്ങൾ നിശ്ചിത ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
  • പുഷ്പങ്ങൾ പറിക്കാനോ ചെടികൾക്ക് കേടുപാടുകൾ വരുത്താനോ പാടില്ല.
  • മണ്ണിൽ മാറ്റുകൾ വിരിച്ചുള്ള വിശ്രമവും അനുവദനീയമല്ല.
  • പുകവലി ഉദ്യാനത്തിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്നു.

എങ്ങനെ എത്തിച്ചേരാം?

കാശ്മീർ ഇന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളുമായും മികച്ച രീതിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

വിമാനമാർഗ്ഗം:

ശ്രീനഗർ ഇന്റർനാഷണൽ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്നും ഏകദേശം 22 കിലോമീറ്റർ ദൂരമുണ്ട് ട്യൂലിപ്പ് ഗാർഡനിലേക്ക്. വിമാനത്താവളത്തിൽ നിന്നും പ്രീപെയ്ഡ് ടാക്സികൾ ലഭ്യമാണ്.

റെയിൽമാർഗ്ഗം:

ശ്രീനഗർ റെയിൽവേ സ്റ്റേഷനിലേക്ക് (നൗഗാം) ട്രെയിൻ സൗകര്യമുണ്ട്. വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളിൽ കത്ര വഴിയോ നേരിട്ടോ ഇവിടേക്ക് എത്താം. ചെനാബ് പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര സഞ്ചാരികൾക്ക് പുത്തൻ അനുഭവമായിരിക്കും.

റോഡ് മാർഗ്ഗം:

ശ്രീനഗർ നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ടാക്സികളോ ഓട്ടോറിക്ഷകളോ വഴി ഇവിടെയെത്താം. ട്രാഫിക് തിരക്ക് ഒഴിവാക്കാൻ രാവിലെ തന്നെ യാത്ര തിരിക്കുന്നത് നന്നായിരിക്കും.

സമീപത്തെ മറ്റ് ആകർഷണങ്ങൾ:

ട്യൂലിപ്പ് ഗാർഡൻ സന്ദർശനത്തോടൊപ്പം ശ്രീനഗറിലെ മറ്റ് പ്രധാന ഇടങ്ങൾ കൂടി സന്ദർശിക്കുന്നത് നിങ്ങളുടെ യാത്രകൾക്ക് ഒരു ഓർമ്മക്കൂട്ടാവും.

ദാൽ തടാകം: ഉദ്യാനത്തിന് തൊട്ടടുത്തുള്ള ദാൽ തടാകത്തിലെ ശിക്കാര യാത്ര ജീവിതത്തിൽ മറക്കാനാവാത്ത ഒന്നായിരിക്കും.

ചഷ്മേ ഷാഹി: മുഗൾ വാസ്തുവിദ്യയുടെ പ്രതീകമായ ഈ ഉദ്യാനം പ്രകൃതിദത്ത നീരുറവയ്ക്ക് പേരുകേട്ടതാണ്.

നിഷാത് ബാഗ്, ഷാലിമാർ ബാഗ്: കശ്മീരിന്റെ പ്രൗഢി വിളിച്ചോതുന്ന വിശാലമായ മുഗൾ ഉദ്യാനങ്ങൾ ഇവിടെ അടുത്താണ്.

പരി മഹൽ: മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്രസ്മാരകത്തിൽ നിന്ന് നോക്കിയാൽ ശ്രീനഗർ നഗരത്തിന്റെ സമ്പൂർണ്ണ ദൃശ്യം ആസ്വദിക്കാം.

കാശ്മീരിന്റെ പ്രകൃതിഭംഗിയും സംസ്കാരവും ഒത്തുചേരുന്ന ഈ Tulip Festival ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ്.

.

Travel Desk
Travel Desk
Articles: 59

One comment

  1. […] ​ലഡാക്കിൽ മഞ്ഞുരുകി തുടങ്ങിയിട്ടുണ്ട്. വെള്ള മൂടിയ മലനിരകളും തലനീട്ടിത്തുടങ്ങി. ഏപ്രിൽ മാസമായാൽ ഇവിടെ ഗ്രാമങ്ങൾ കൂടുതൽ വർണ്ണാഭമാകും. ‘ചൂലി മെൻന്റോക്ക് ‘ (Chuli Mendok) എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ആപ്രിക്കോട്ട് പുഷ്പങ്ങളുടെ ഉത്സവകാലമാണിനി ലഡാക്കിൽ. ലഡാക്കിന്റെ സ്വന്തം Apricot Blossom Festival Ladakh. ലഡാക്കി ഭാഷയിൽ ‘ചൂലി’ എന്നാൽ ആപ്രിക്കോട്ട് എന്നും ‘മെൻന്റെക്ക് ‘ എന്നാൽ പൂവ് എന്നുമാണ് അർത്ഥം. ലഡാക്കിന്റെ മലനിരകൾക്കിടയിൽ ഇളം പിങ്ക് നിറത്തിലും വെളുത്ത നിറത്തിലും പൂത്തുനിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങൾ ലഡാക്കിന്റെ ഭൂപ്രകൃതിയെ അതിമനോഹരമാക്കുന്നു. മഞ്ഞു മൂടിയ ഹിമാലയത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഈ വസന്തകാലം പലർക്കും അറിയില്ല അതുകൊണ്ടുതന്നെ തിരക്കില്ലാതെ പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം ലഡാക്ക് സന്ദർശിക്കാം. മാത്രവുമല്ല മഞ്ഞിനപ്പുറം വസന്തകാലത്തിലും കാശ്മീർ എത്ര സുന്ദരിയായാണെന്നു പൂത്തുലഞ്ഞു നിൽക്കുന്ന ആപ്രിക്കോട്ട് തോട്ടങ്ങളും (Apricot Blosssom) ഇടുങ്ങിയ ഗ്രാമവീഥികളും പറഞ്ഞു തരും.മഞ്ഞുരുകുന്ന ലഡാക്കിലെ ഈ വസന്തക്കാഴ്ചകൾക്കൊപ്പം തന്നെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് Kashmir Tulip Garden Festival […]

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു