മഞ്ഞില്ലാത്ത ലഡാക്ക് കണ്ടിട്ടുണ്ടോ? Ladakh’s Apricot Blossom Festival.

​ലഡാക്കിൽ മഞ്ഞുരുകി തുടങ്ങിയിട്ടുണ്ട്. വെള്ള മൂടിയ മലനിരകളും തലനീട്ടിത്തുടങ്ങി. ഏപ്രിൽ മാസമായാൽ ഇവിടെ ഗ്രാമങ്ങൾ കൂടുതൽ വർണ്ണാഭമാകും. ‘ചൂലി മെൻന്റോക്ക് ‘ (Chuli Mendok) എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ആപ്രിക്കോട്ട് പുഷ്പങ്ങളുടെ ഉത്സവകാലമാണിനി ലഡാക്കിൽ. ലഡാക്കിന്റെ സ്വന്തം Apricot Blossom Festival Ladakh. ലഡാക്കി ഭാഷയിൽ ‘ചൂലി’ എന്നാൽ ആപ്രിക്കോട്ട് എന്നും ‘മെൻന്റെക്ക് ‘ എന്നാൽ പൂവ് എന്നുമാണ് അർത്ഥം. ലഡാക്കിന്റെ മലനിരകൾക്കിടയിൽ ഇളം പിങ്ക് നിറത്തിലും വെളുത്ത നിറത്തിലും പൂത്തുനിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങൾ ലഡാക്കിന്റെ ഭൂപ്രകൃതിയെ അതിമനോഹരമാക്കുന്നു. മഞ്ഞു മൂടിയ ഹിമാലയത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഈ വസന്തകാലം പലർക്കും അറിയില്ല അതുകൊണ്ടുതന്നെ തിരക്കില്ലാതെ പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം ലഡാക്ക് സന്ദർശിക്കാം. മാത്രവുമല്ല മഞ്ഞിനപ്പുറം വസന്തകാലത്തിലും കാശ്മീർ എത്ര സുന്ദരിയായാണെന്നു പൂത്തുലഞ്ഞു നിൽക്കുന്ന ആപ്രിക്കോട്ട് തോട്ടങ്ങളും (Apricot Blosssom) ഇടുങ്ങിയ ഗ്രാമവീഥികളും പറഞ്ഞു തരും.മഞ്ഞുരുകുന്ന ലഡാക്കിലെ ഈ വസന്തക്കാഴ്ചകൾക്കൊപ്പം തന്നെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് Kashmir Tulip Garden Festival

എന്താണ് ലഡാക്കിലെ ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവൽ?

പൂത്തുലഞ്ഞു നിൽക്കുന്ന ആപ്രിക്കോട്ട് തോട്ടങ്ങൾ, ലഡാക്കികൾക്ക് പൂക്കാലവും വസന്തകാലത്തെ വരവേൽക്കാനുള്ള ഉൽസവവുമാണ്. ഇവിടെ പലയിടത്തും വിശാലമായ ആപ്രിക്കോട്ട് തോട്ടങ്ങളുണ്ട്. മിക്കവാറും എല്ലാ വീടുകളുടെ മുറ്റത്തും ഒരു ആപ്രിക്കോട്ട് മരമെങ്കിലുമുണ്ടാവും.
കല്ല് പാകിയ വഴികളിൽ ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ ചെറുകാറ്റത്ത് കൊഴിഞ്ഞു വീഴുന്ന ആപ്രിക്കോട്ട് പൂക്കളുടെ (Apricot flower)ഇടയിലൂടെ നടക്കുമ്പോൾ എത്ര പാടാനാറിയാത്തവരും പാടിപ്പോകും “സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ”….

ഇത്തവണ ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 16 വരെയാണ് Apricot Blossom Festival Ladakh നടക്കുക.
ലഡാക്ക് ജനതയുടെ സാംസ്‌കാരിക പാരമ്പര്യം വെളിപ്പെടുത്തുന്ന നിരവധി കലാപരിപാടികളും പ്രദര്‍ശനങ്ങളും ഫെസ്റ്റിവലിന് അനുബന്ധമായി നടക്കും. ആപ്രിക്കോട്ട് ജാം, ഡ്രൈ ഫ്രൂട്ട്, ജ്യൂസുകള്‍, വൈന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ രുചിക്കുകയും വാങ്ങുകയും ചെയ്യാം. ജപ്പാനിലെ ചെറി ബ്ലോസം പോലെ വസന്തകാലത്ത് ഇന്ത്യയില്‍ നടക്കുന്ന അതിമനോഹരമായ ആഘോഷങ്ങളില്‍ ഒന്നുതന്നെയാണ് ലഡാക്കിലെ ആപ്രിക്കോട്ട് ബ്ലോസം.

ഉത്സവസമയത്ത് ഗ്രാമങ്ങൾ വർണ്ണാഭമായ ചടങ്ങുകൾക്ക് വേദിയാകുന്നു. സഞ്ചാരികൾക്ക് തോട്ടങ്ങൾ സന്ദർശിക്കാനും ലഡാക്കി സംസ്കാരം അടുത്തറിയാനും ഈ സമയം അവസരമൊരുങ്ങുന്നു. ഓരോ താഴ്വരകളിലെയും പൂക്കാലം വ്യത്യസ്ത സമയത്തായതിനാൽ സന്ദർശകർക്ക് പല ഗ്രാമങ്ങളിലായി ഈ കാഴ്ചകൾ ആസ്വദിക്കാനാകും

ഏപ്രിലിൽ എന്തുകൊണ്ട് ലഡാക്ക് സന്ദർശിക്കണം?

ലഡാക്കിൽ (Ladakh) വസന്തത്തിന്റെ വരവറിയിക്കുന്നത് ഏപ്രിൽ മാസമാണ്.അമിതമായ തണുപ്പോ ചൂടോ ഇല്ലാത്തതിനാൽ ല‍ഡാക്ക് സന്ദർശിക്കുവാൻ പറ്റിയ സമയങ്ങളിലൊന്നു കൂടിയാണിത്. നാടിനെ അറിയുവാനാണെങ്കിലും പ്രകൃതി ഭംഗി ആസ്വദിക്കുവാനാണെങ്കിലും ഇത് തന്നെയാണ് മികച്ച സമയം. ഫോട്ടോഗ്രഫിയിൽ താല്പര്യമുണ്ടങ്കിൽ ലഡാക്കിന്റെ വ്യത്യസ്ത നിറങ്ങള് പകർത്തുവാനും ഈ അവസരം പ്രയോജനപ്പെടുത്താം .

  • കുറഞ്ഞ തിരക്ക്: വേനൽക്കാലത്തെ വിനോദസഞ്ചാരികളുടെ വലിയ തിരക്ക് ഈ സമയത്തുണ്ടാകില്ല. അതുകൊണ്ട് ഹോട്ടൽ നിരക്കുകളും താരത മ്യേനെ കുറവായിരിക്കും. ശാന്തമായ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.
  • ഫോട്ടോഗ്രഫി: മാനം മുട്ടുന്ന മലകൾക്ക് താഴെ വെള്ളയും പിങ്കും നിറത്തിൽ പൂത്തുനിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങൾ ക്യാമറയിൽ പകർത്താനും മികച്ച സോഷ്യൽ മീഡിയ റീലുകൾ എടുക്കാനും പറ്റിയ അവസരമാണ്.
  • ഗ്രാമീണജീവിതം: ശൈത്യകാലത്തിന് ശേഷം ഗ്രാമീണർ കൃഷിയിലേക്കും മറ്റു ജോലികളിലേക്കും മടങ്ങുന്ന കാഴ്ച നേരിൽ കാണാം.

സാധാരണയായി മാർച്ച് അവസാനം മുതൽ ഏപ്രിൽ പകുതി വരെയാണ് ഈ Apricot Blossom നീണ്ടുനിൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിനനുസരിച്ച് ഇതിൽ നേരിയ മാറ്റങ്ങൾ വരാം.

ആപ്രിക്കോട്ട് ഫെസ്റ്റിവൽ ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങൾ.Where to Experiance Apricot Blossom Festival Ladakh

തുർത്തുക് ഗ്രാമം (Turtuk)

നുബ്ര താഴ്വരയിൽ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് തുർത്തുക്. കല്ലുകൾ പാകിയ വീഥികൾക്ക് ഇരുവശവും ആപ്രിക്കോട്ട് പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച അതിമനോഹരമാണ്.

ആര്യൻ വാലി (Dha and Hanu)

ബ്രോക്പ സമുദായം വസിക്കുന്ന ഈ പ്രദേശം ആപ്രിക്കോട്ട് തോട്ടങ്ങളാൽ സമ്പന്നമാണ്. പൗരാണികമായ വീടുകളും പ്രാർത്ഥനാ പതാകകളും പൂത്തുനിൽക്കുന്ന തോട്ടങ്ങളും ഈ താഴ്വരയെ സ്വർഗ്ഗതുല്യമാക്കുന്നു.

അൽച്ചി, ദോംഖർ (Alchi and Domkhar)

സിന്ധു നദിക്കരയിലുള്ള ഈ ഗ്രാമങ്ങളിൽ പുരാതനമായ ബുദ്ധമഠങ്ങളും ആപ്രിക്കോട്ട് പൂക്കളും ചേർന്ന് ഒരു പുതിയ ദൃശ്യാനുഭവം ഒരുക്കുന്നു.

ഗർകോൺ, ദാർചിക് (Garkone and Darchik)

ജനത്തിരക്കില്ലാത്ത ഏകാന്തമായ യാത്ര ആഗ്രഹിക്കുന്നവർക്ക് ഈ വിദൂര ഗ്രാമങ്ങൾ തിരഞ്ഞെടുക്കാം. ഇവിടുത്തെ തനതായ ഗ്രാമീണ ജീവിതം സഞ്ചാരികൾക്ക് കൗതുകകരമായിരിക്കും.

എങ്ങനെ ലഡാക്കിലെത്താം? How to Reach Ladakh.

ഏപ്രിൽ മാസത്തിൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ കൃത്യമായ മുൻകരുതലുകൾ ആവശ്യമാണ്.

വിമാനമാർഗ്ഗം (By Air):

ഡൽഹി, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്ന് ലേ (Leh) വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസുകളുണ്ട്. കാലാവസ്ഥാ വ്യതിയാനം വിമാനങ്ങളെ ബാധിച്ചേക്കാം.

റോഡ് മാർഗ്ഗം By Road :

ശ്രീനഗർ-ലേ ഹൈവേ: മഞ്ഞു നീക്കം ചെയ്യുന്നതിനനുസരിച്ച് ഏപ്രിൽ പകുതിയോടെ ഈ പാത തുറക്കാറുണ്ട്. സോജിലാ പാസ് വഴിയുള്ള യാത്ര സാഹസികവും സുന്ദരവുമാണ്.

മണാലി-ലേ ഹൈവേ: മെയ് അവസാനത്തോടെ മാത്രമേ ഈ പാത തുറക്കാറുള്ളൂ, അതിനാൽ ഏപ്രിൽ യാത്രയ്ക്ക് ഇത് അനുയോജ്യമല്ല.
ലേ നഗരത്തിൽ നിന്നും ടാക്സി അല്ലെങ്കിൽ ഷെയർഡ് ജീപ്പുകൾ വഴി വിവിധ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാം.

ലഡാക്ക് യാത്രയ്ക്കുള്ള ചില നിർദ്ദേശങ്ങൾ.Travel Tips

  • കാലാവസ്ഥ: പകൽ സമയം മിതമായ ചൂടും രാത്രിയിൽ കഠിനമായ തണുപ്പും അനുഭവപ്പെടും. ഒന്നിലധികം പാളികളുള്ള വസ്ത്രങ്ങൾ (Layered clothing) കരുതുക.
  • അക്ലൈമറ്റൈസേഷൻ: ലേ സമുദ്രനിരപ്പിൽ നിന്നും 11,500 അടി ഉയരത്തിലാണ്. അതിനാൽ എത്തിയ ഉടനെ ഒരു ദിവസം പൂർണ്ണമായും വിശ്രമിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
  • കരുതേണ്ടവ: സൺസ്ക്രീൻ, സൺഗ്ലാസ്സ്, വാം വസ്ത്രങ്ങൾ, നല്ല പാദരക്ഷകൾ.
  • പ്രാദേശിക മര്യാദകൾ: ഗ്രാമീണരുടെ ചിത്രം പകർത്തുമ്പോൾ മുൻകൂട്ടി അനുവാദം ചോദിക്കുക. പ്രാദേശിക ആചാരങ്ങളെ ബഹുമാനിക്കുക.

ലഡാക്കിന്റെ മറഞ്ഞിരിക്കുന്ന അത്ഭുതം. Hidden ecperiances in In Apricot Blossom Festival In Ladakh.

വെറുമൊരു കാഴ്ച എന്നതിനപ്പുറം ലഡാക്കിന്റെ സംസ്കാരവും പ്രകൃതിയും കൂടിചേരുന്ന ഒരിടമാണ് Apricot Blossom Festival. വരണ്ട ഭൂമിയിൽ പൂക്കൾ വിരിയുന്നതും മഞ്ഞുരുകി പുഴകൾ ഒഴുകുന്നതും വസന്തത്തിന്റെ പ്രസരിപ്പും എല്ലാം കൂടി സഞ്ചരികൾക്ക് ഒരു പ്രത്യേക അനുഭവമായിരിക്കും ഏപ്രിൽ മാസത്തിലെ ലഡാക്ക് യാത്ര. പ്രകൃതി സൗന്ദര്യവും ഹിമാലയൻ സംസ്കാരവും ഒത്തുചേരുന്ന ഈ വസന്തകാലം ലഡാക്കിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ്

ജപ്പാനിലെ ചെറി പൂക്കളും നമ്മുടെ സ്വന്തം ഷില്ലോംഗിലെയും നൈനിറ്റാളിലെയും വസന്തകാലങ്ങളും ആകര്‍ഷകമാണെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, തീര്‍ച്ചയായും ലഡാക്കിലെ ആപ്രിക്കോട്ട് പൂക്കളും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. ഈ വസന്തകാലം നിങ്ങളിലെ യാത്രികന്റെ മനസ്സ് നിറയ്ക്കാന്‍ ഇതിലും മികച്ചൊരു ലോകം രാജ്യത്തുണ്ടാവില്ല

Travel Desk
Travel Desk
Articles: 59

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു