2026ലെ വാലന്റൈൻസ് ദിന യാത്രകൾ ക്കായി ഇന്ത്യക്കടുത്തുള്ള മനോഹരമായ സ്ഥലങ്ങൾ.

ഓരോ യാത്രയും പ്രണയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. ഓര്‍മ്മകളിലൂടെ പിന്നോട്ടും കാലത്തിലൂടെ മുന്നോട്ടും ഒരേ സമയത്തുള്ള സഞ്ചാരം. തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു പ്രിയപ്പെട്ടവരുടെ കൈകോർത്തുപിടിച്ച്, ഓർമ്മകളുടെ ഏടുകളിൽ സൂക്ഷിച്ചു വയ്ക്കാനായി കുറച്ചു നിമിഷങ്ങൾ. കണ്ണെത്താ ദൂരം ചുവന്ന പരന്ന ആമ്പൽപ്പൂക്കൾക്കിടയിലൂടെ കൊതുമ്പു വള്ളത്തിലൊരു യാത്ര. അല്ലെങ്കിൽ കോട പെയ്യുന്ന മലയാടിവാരത്തിലെ ഒറ്റയടിപ്പാതയിലൂടെ മെയ്യും മനസ്സും ഉരുമിയൊരു നടത്തം അതുമല്ലെങ്കിൽ അങ്ങ് ദൂരെ ഒരിടത്തു രാത്രിയിൽ വിളക്കുമരങ്ങൾക്കിടയിലെ അരണ്ട വെളിച്ചത്തിലുള്ള ഒരു അത്താഴം അങ്ങനെ പലതുമാകാം മിക്കപ്പോഴും പ്രണയത്തിന് നിറം പകരുന്നത്. യാത്രകൾ എപ്പോഴും ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറക്കാറുണ്ട്. യാത്രാ വഴികളിലെ ഓരോ തിരിവിലും പൂത്തു നിൽക്കുന്ന പ്രണയ മരങ്ങളിലെ പൂക്കൾ പെറുക്കിക്കൂട്ടി പ്രണയമൊരു ആഘോഷമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, 2026ലെ വാലന്റൈൻസ് ദിന യാത്രകൾ ക്ക് ഏറ്റവും അനുയോജ്യമായ ചില സ്ഥലങ്ങളുണ്ട് ഇന്ത്യക്കടുത്തു.

​കൂടുതൽ അടുപ്പവും സൗന്ദര്യവും അർത്ഥവത്തായ അനുഭവങ്ങളും ആഗ്രഹിക്കുന്ന ദമ്പതികൾക്കായി flemingoroutes.com പ്രത്യേകം തിരഞ്ഞെടുത്ത ആ സ്ഥലങ്ങൾ താഴെ നൽകുന്നു. ഇന്ത്യയിൽ നിന്ന് മൂന്ന് ദിവസത്തെ ചെറിയൊരു യാത്രയ്ക്ക് അനുയോജ്യമായ, പ്രണയവും അനുഭവവും ഓർമകളും ഒത്തുചേരുന്ന മനോഹരമായ ചിലയിടങ്ങൾ. തിരക്കുകളില്ലാതെ ഓരോ നിമിഷങ്ങളെയും ഓരോ സുന്ദര ഓർമ്മകളാക്കാൻ പറ്റിയ ചില സ്ഥലങ്ങൾ.

1.താമരപ്പാടത്തിലെ സൂര്യോദയം: Red Lotus Lake (Talay Bua Daeng), Thailand.

​മുഴുവൻ ചുവന്ന ആമ്പൽപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഒരു തടാകത്തിൽ നിങ്ങൾ രണ്ടാളും മാത്രം ഒന്നു സങ്കൽപ്പിച്ചു നോക്കൂ! ഉദോൺ താനിയിലെ ‘റെഡ് ലോട്ടസ് ലേക്ക്’ അത്തരത്തിലൊരു അത്ഭുതമാണ്. പ്രണയവും സൗന്ദര്യവും ഒത്തുചേരുന്ന ഇവിടെ, ഓരോ നിമിഷവും ഒരു സ്വപ്നം പോലെ മനോഹരമാണ്. അതിരാവിലെ, സ്വർണ്ണനിറത്തിലുള്ള സൂര്യപ്രകാശം വെള്ളത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ ആ ചുവന്ന തടാകത്തിലൂടെയുള്ള ഒരു ചെറു വഞ്ചിയിൽ വിരിയാൻ പോകുന്ന ആമ്പൽ പൂക്കളെ തൊട്ടു തലോടിയുള്ള ഒരു യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും. ഹൃദയം പകുത്തെടുത്ത പ്രണയത്തോടൊപ്പം ആ മനോഹര നിമിഷങ്ങൾ ആസ്വദിക്കാനും, സുന്ദരമായ ചിത്രങ്ങൾ പകർത്താനും, പ്രകൃതിയുടെ ഈ വിസ്മയത്തിൽ അലിഞ്ഞുചേരാനും ഇതിലും നല്ലൊരിടം വേറെയില്ല.

  • ​എങ്ങനെ എത്താം? ഇന്ത്യയിൽ നിന്ന് ബാങ്കോക്കിലേക്ക് വിമാനം വഴി എത്താം, അവിടെ നിന്ന് കണക്ഷൻ ഫ്ലൈറ്റ് വഴി ഉദോൺ താനിയിലെത്താം. നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുമാറിയാണ് ഈ മനോഹര തടാകം സ്ഥിതി ചെയ്യുന്നത്. കാറിലോ ടാക്സിയിലോ ഇവിടെ സുഖമായി എത്തിച്ചേരാം.
  • വിസ: ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം ലഭ്യമാണ്.
  • വിനോദങ്ങൾ: സൂര്യോദയത്തിലെ വഞ്ചിയാത്ര, ഫോട്ടോഗ്രഫി, സുന്ദരമായ തായ് ഗ്രാമങ്ങളെ അടുത്തറിയാൻ ഒരു ഗ്രാമ പര്യടനം. പ്രാദേശിക രുചികൾ ആസ്വദിക്കൽ, സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കൽ.
  • ഏകദേശ ​ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹24,000–₹40,000 (രണ്ടുപേർക്ക്).

2.തിരമാലകൾ പാടുന്ന പ്രണയഗീതം: Albanian Riviera, Albania.

അൽബേനിയൻ റിവിയേരയുടെ തീരങ്ങളിൽ തിരമാലകൾക്കൊപ്പം പ്രണയവും നുരഞ്ഞുപൊങ്ങുകയാണ്. സാരാൻഡെയിൽ നിന്നും കാസമിലിൽ നിന്നും അയോണിയൻ കടലിന്റെ നീലപ്പരപ്പിലൂടെ സ്വകാര്യ ബോട്ടുയാത്രകൾ നടത്താം. കണ്ണാടിപോലെ തെളിഞ്ഞ നീലജലത്തിന് നടുവിലെ ഒളിഞ്ഞിരിക്കുന്ന ഗുഹകളിലേക്കും ആരും കാണാത്ത കൊച്ചുദ്വീപുകളിലേക്കും ആ യാത്ര നിങ്ങളെ എത്തിക്കും. കടൽക്കാറ്റേറ്റ്, തിരമാലകളുടെ താളത്തിനൊപ്പം ആ കൊച്ചു ബോട്ടിലിരിക്കുമ്പോൾ പ്രണയം കൂടുതൽ തീവ്രമാകും. തിരക്കുകളില്ലാത്ത ഈ തീരങ്ങൾ 2026ലെ വാലന്റൈൻസ് ദിന യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരിക്കും

  • എങ്ങനെ എത്താം? ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് കണക്ഷൻ ഫ്ലൈറ്റുകൾ വഴി അൽബേനിയയുടെ തലസ്ഥാനമായ ടിറാനയിലെത്താം. അവിടെ നിന്ന് തെക്കൻ തീരപ്രദേശങ്ങളിലേക്ക് മനോഹരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് റോഡ് മാർഗ്ഗം യാത്ര ചെയ്യാം.
  • വിസ: ഇന്ത്യക്കാർക്ക് ഇ-വിസ (e-Visa) ആവശ്യമായി വന്നേക്കാം. യാത്രയ്ക്ക് മുൻപായി നിലവിലെ വിസ നിയമങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും.
  • വിനോദങ്ങൾ: സ്വകാര്യ ബോട്ട് യാത്രകൾ, ദ്വീപുകൾ സന്ദർശിക്കൽ, കടൽത്തീരത്തിലൂടെയുള്ള നടത്തം, അസ്തമയ കാഴ്ചകൾ.
  • ഏകദേശ ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹75,000 ₹1,05,000 (രണ്ടുപേർക്ക്).

3.മഞ്ഞുമലയുടെ താഴ്‌വാരത്തിലെ ശാന്തസുന്ദരമായ പൊഖാറ.Pokhara, Nepal.

അന്നപൂർണ്ണ മലനിരകളുടെ മഞ്ഞുമുടിയഴകും ഫേവാ തടാകത്തിലെ ശാന്തതയും ഒന്നിക്കുന്ന പൊഖാറ പ്രണയിനികൾക്ക് ഒരു സ്വപ്നഭൂമിയാണ്. തടാകത്തിലൂടെയുള്ള വഞ്ചി യാത്രയും ഹിമാലയൻ പശ്ചാത്തലത്തിലെ ചിത്രങ്ങളും നിങ്ങളുടെ യാത്രയെ മനോഹരമാക്കും. അസ്തമയ സൂര്യനെ നോക്കി തടാകതീരത്തുകൂടി പ്രിയപ്പെട്ടവർക്കൊപ്പം നടക്കുന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. വാലന്റൈൻ ദിനം ആഘോഷിക്കാൻ ഇതിലും ശാന്തമായ ഒരിടം വേറെയുണ്ടാവില്ല.

  • എങ്ങനെ എത്താം?: കാഠ്മണ്ഡു വഴി പൊഖാറയിലേക്ക് വിമാനത്തിലോ, ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് റോഡ് വഴിയോ എളുപ്പത്തിൽ എത്താം.
  • വിസ: ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല.
  • വിനോദങ്ങൾ: ഫേവാ തടാകത്തിലെ ബോട്ടിംഗ്, പാരാഗ്ലൈഡിംഗ്, ഗുഹകളും വെള്ളച്ചാട്ടങ്ങളും സന്ദർശിക്കൽ, വേൾഡ് പീസ് പഗോഡ, തടാകതീരത്തെ അത്താഴം.
  • ഏകദേശ ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹17,500–₹27,500 (രണ്ടുപേർക്ക്).

4.ഓളപ്പരപ്പിലെ കെട്ടു വള്ളങ്ങൾ. Alappuzha, Kerala India.

​കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ കായൽപരപ്പിലൂടെ, പച്ചപ്പും തെങ്ങിൻതോപ്പുകളും സാക്ഷിയാക്കി ഒരു വഞ്ചി വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒഴുകിനീങ്ങുന്നത് സങ്കൽപ്പിച്ചു നോക്കൂ. കുട്ടനാടൻ കായൽ സൗന്ദര്യത്തിന്റെ ഓളങ്ങൾക്കൊപ്പം വഞ്ചി വീട്ടിലെ മെഴുകുതിരി വെളിച്ചത്തിൽ ഒരു അത്താഴം. നിങ്ങളും കായലും മാത്രം സാക്ഷി.അതൊരു അനുഭവമല്ലേ?. അതിരാവിലെ ഇളനീർ കുടിച്ച് ഹൌസ് ബോട്ടിന്റെ മട്ടുപ്പാവിലിരുന്നു സൂര്യോദയമൊക്കെ കണ്ടു. ശേഷം ചെറു വള്ളങ്ങളിൽ ഇടുങ്ങിയ തോടുകളിലൂടെ ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള അലസമായ തോണിയാത്ര ഓരോ നിമിഷവും നിങ്ങളുടെ പ്രണയത്തിന് കൂടുതൽ മധുരമേകും. 2026ലെ വാലന്റൈൻസ് ദിന യാത്രകൾ അവിസ്മരണീയമാക്കാൻ ആലപ്പുഴയുടെ ഈ കായൽ സൗന്ദര്യത്തിനെക്കാൾ മികച്ച മറ്റൊന്നില്ല.

  • എങ്ങനെ എത്താം? കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ യാത്ര ചെയ്താൽ ആലപ്പുഴയിലെത്താം. കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ട്രെയിൻ, ബസ് സൗകര്യങ്ങളും ലഭ്യമാണ്.
  • വിനോദങ്ങൾ: ഹൗസ് ബോട്ട് യാത്രകൾ, നാട്ടിടവഴികളിലൂടെയും തോടുകളിലൂടെയുമുള്ള തോണി യാത്രകൾ, ഗ്രാമങ്ങളിലൂടെയുള്ള നടത്തം, തനി നാടൻ കേരളീയ വിഭവങ്ങൾ രുചിക്കൽ.
  • ഏകദേശ ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹23,000–₹31,000 (രണ്ടുപേർക്ക്).

5.വിളക്കുമരങ്ങൾ പൂത്തുനിൽക്കുന്ന തീരങ്ങൾ: Hoi An, Vietnam.

വിയറ്റ്നാം ലാന്റണുകൾ തെളിഞ്ഞ തെരുവുകളും, നദീതീരത്തെ കൊച്ചു കൊച്ചു കഫേകളും, ചരിത്രമുറങ്ങുന്ന കെട്ടിടങ്ങളും ചേർന്ന് Hoi Ann പ്രണയിനികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. സന്ധ്യാനേരത്ത് നൂറുകണക്കിന് വർണ്ണവിളക്കുകൾ തു ബോൺ നദിയിൽ പ്രതിഫലിച്ചു നിൽക്കുന്ന കാഴ്ച ഏതൊരു യാത്രയെയും മാന്ത്രികമാക്കും. നദിയിലൂടെ മെല്ലെ നീങ്ങുന്ന ബോട്ടിലിരുന്ന്, പ്രിയപ്പെട്ടവർക്കൊപ്പം മെഴുകുതിരി വെളിച്ചത്തിൽ അത്താഴം കഴിക്കുന്നത് 2026ലെ വാലന്റൈൻസ് ദിന യാത്രകൾ അവിസ്മരണീയമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ അനുഭവമായിരിക്കും.

  • എങ്ങനെ എത്താം?: ഇന്ത്യയിൽ നിന്ന് നേരിട്ട് ഹോ ചി മിൻ സിറ്റിയിലേക്കോ ഹനോയിയിലേക്കോ വിമാനം കയറാം. അവിടെ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ഡാ നാങ് വിമാനത്താവളത്തിലെത്താം. അവിടെ നിന്ന് വെറും 30-40 മിനിറ്റ് റോഡ് യാത്രയേയുള്ളൂ ഹോയി ആനിലേക്ക്.
  • വിസ: ഇന്ത്യക്കാർക്ക് ടൂറിസ്റ്റ് ഇ-വിസ (e-Visa) ആവശ്യമാണ്.
  • വിനോദങ്ങൾ: നദിയിലൂടെയുള്ള ബോട്ട് യാത്ര, വിളക്കുകൾ തെളിഞ്ഞ തെരുവുകളിലൂടെയുള്ള നടത്തം, പുരാതന പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കൽ, വിയറ്റ്നാമീസ് വിഭവങ്ങൾ രുചിക്കൽ, ഗ്രാമങ്ങളിലൂടെയുള്ള സൈക്കിൾ യാത്ര.
  • ഏകദേശ ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹36,000–₹54,000 (രണ്ടുപേർക്ക്).

6.പ്രണയമുറങ്ങുന്ന മരുഭൂമിയിലെ കണ്ടൽ ക്കാടുകൾ:Doha, ഖത്തർ.

​ആഡംബരവും പ്രകൃതിഭംഗിയും ഒന്നുചേരുന്ന ദോഹയുടെ ശാന്തമായ കണ്ടൽക്കാടുകളിലേക്ക് ഒരു യാത്ര പോയാലോ? അൽ താഖിറയിലെ കണ്ടൽക്കാടുകൾക്കിടയിലൂടെ പ്രിയപ്പെട്ടവരുടെ കൈകോർത്തുപിടിച്ച് കയാക്കിംഗിൽ ഒഴുകിനീങ്ങുന്നത് മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ്. പച്ചപ്പാർന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുമ്പോൾ, പക്ഷികളുടെ കൊഞ്ചലും വെള്ളത്തിലെ പ്രതിബിംബങ്ങളും ചേർന്ന് അവിടെയൊരു മാന്ത്രികലോകം തീർക്കുന്നു. കയാക്കിംഗിന് ശേഷം കണ്ടൽക്കാടുകളുടെ തീരത്ത് അസ്തമയം കണ്ട്, കടൽവിഭവങ്ങൾ ചുട്ടെടുത്ത് കഴിക്കുന്ന ഒരു പ്രൈവറ്റ് ബാർബിക്യൂ ഡിന്നർ കൂടിയായാൽ 2026 ലെ വാലന്റൈൻസ് ദിന യാത്രകൾ പൂർണ്ണമാകും.

  • എങ്ങനെ എത്താം? ഇന്ത്യയിൽ നിന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാണ്. അവിടെ നിന്ന് 45-60 മിനിറ്റ് യാത്ര ചെയ്താൽ അൽ താഖിറയിലെത്താം.
  • വിസ: ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ (Visa on Arrival) സൗകര്യം ലഭ്യമാണ്.
  • വിനോദങ്ങൾ: കണ്ടൽക്കാടുകളിലൂടെയുള്ള കയാക്കിംഗ്, തീരത്തെ ബാർബിക്യൂ ഡിന്നർ, സൂഖ് വാഖിഫ് സന്ദർശനം, ആഡംബര വിരുന്നുകൾ.
  • ഏകദേശ ​ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹85,000–₹1,20,000 (രണ്ടുപേർക്ക്).

7.പച്ചയും നൊസ്റ്റാൾജിയയും കോടയും പെയ്തിറങ്ങുന്ന എല്ല. Ella, Srilanka.

മഞ്ഞുമൂടിയ മലനിരകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന എല്ലയിലേക്ക് കോടമഞ്ഞിൽ മുങ്ങിയും പൊങ്ങിയും ഒരു യാത്ര. അത് ഒരു അനുഭവം തന്നെയായിരിക്കും. പച്ചപ്പാർന്ന തേയിലത്തോട്ടങ്ങൾക്കും മലനിരകൾക്കും ഇടയിലൂടെയുള്ള ഈ യാത്ര ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരിക്കും. ജനലിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് പ്രിയപ്പെട്ടവർക്കൊപ്പം മൗനം പങ്കുവെക്കുന്നത് പ്രണയത്തിന് ആഴം കൂട്ടും. മലയോരത്തെ തണുത്ത കാറ്റും ശാന്തതയും 2026ലെ വാലന്റൈൻസ് ദിന യാത്രകൾ അവിസ്മരണീയമാക്കാൻ പറ്റിയ സാഹചര്യമൊരുക്കുന്നു.

  • എങ്ങനെ എത്താം? ഇന്ത്യയിൽ നിന്ന് കൊളംബോയിലേക്ക് വിമാനം കയറാം. അവിടെ നിന്ന് കാഴ്ചകൾ കണ്ടുകൊണ്ടുള്ള ട്രെയിൻ യാത്രയിലൂടെ എല്ലയിലെത്താം.
  • വിസ: ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) ആവശ്യമാണ്.
  • വിനോദങ്ങൾ: ട്രെയിൻ യാത്ര, പ്രകൃതിയിലൂടെയുള്ള നടത്തം, മലമുകളിലെ കാഴ്ചകൾ കാണൽ, കഫേ സന്ദർശനം, ശാന്തമായ സായാഹ്നങ്ങൾ.
  • ഏകദേശ ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹19,500–₹33,500 (രണ്ടുപേർക്ക്).

8.നീലക്കടലും ചുവന്ന സന്ധ്യയും കാത്തിരിക്കുന്ന ലങ്കാവി.Langkawi, Malaysia.

പച്ചപ്പാർന്ന മഴക്കാടുകൾക്ക് മുകളിലൂടെ കേബിൾ കാറിൽ സ്വർണ്ണനിറമുള്ള ആകാശത്തിലൂടെയൊന്നു ഒഴുകിനീങ്ങിയാലോ?. തിരമാലകൾ മന്ത്രിക്കുന്ന തീരത്തുകൂടി കൈകോർത്തുപിടിച്ച് അപ്പൂപ്പൻ താടിയെക്കാളും പതുക്കെ ഒരു നടത്തം. കടൽക്കാറ്റേറ്റു കൊണ്ടുള്ള ഈ അസ്തമയ നടത്തം പ്രണയത്തിന് പുതിയൊരു താളം കൊടുക്കും. നക്ഷത്രങ്ങളെ സാക്ഷിയാക്കി തീരത്തെ മെഴുകുതിരി വെളിച്ചത്തിലെ അത്താഴസന്ധ്യകൾ ഓർമ്മകൾക്ക് ഒരു മുതൽക്കൂട്ടു തന്നെ. 2026ലെ വാലന്റൈൻസ് ദിന യാത്രകൾ ആഘോഷമാക്കാൻ ലങ്കാവിയുടെ ഈ അനുഭവങ്ങളെക്കാളും മനോഹരമായ മറ്റൊന്നില്ല.

  • എങ്ങനെ എത്താം? ഇന്ത്യയിൽ നിന്ന് ക്വാലാലംപൂരിലേക്ക് വിമാനം കയറാം. അവിടെ നിന്ന് ലങ്കാവി വിമാനത്താവളത്തിലേക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാം.
  • വിസ: ഇന്ത്യക്കാർക്ക് ഇ-വിസ (eVisa) ആവശ്യമാണ്.
  • വിനോദങ്ങൾ: അസ്തമയ കേബിൾ കാർ യാത്ര, ബീച്ചിലൂടെയുള്ള നടത്തം, ക്രൂയിസ് യാത്രകൾ, സ്പാ, ബീച്ചിലെ ഡിന്നർ.
  • ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹31,000–₹51,000 (രണ്ടുപേർക്ക്).

9.നൂറ്റാണ്ടുകളുടെ പ്രണയശ്വാസം പേറുന്ന ടിബിലിസി. Tbilisi, Georgia.

​ഒരു പ്രണയലേഖനത്തിലെ താളുകൾ മറിയുന്നതുപോലെയാണ് ടിബിലിസിയിലെ ഓരോ കാഴ്ചയും. മനോഹരമായ ബാൽക്കണികളുള്ള പഴയ തെരുവുകളിലൂടെ വർത്തമാനം പറഞ്ഞു കൊണ്ടു നടക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. സന്ധ്യാനേരത്ത് നരിക്കാല കോട്ടയിലേക്ക് കേബിൾ കാറിൽ കയറി നഗരത്തിന്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാം. ടിബിലിസിയുടെ മാത്രം പ്രത്യേകതയായ സൾഫർ ബാത്തുകളിലെ ഏകാന്ത നിമിഷങ്ങൾ മനസ്സിന് കുളിർമയേകും. 2026ലെ വാലന്റൈൻസ് ദിന യാത്രകൾ ആഘോഷമാക്കാൻ ലോക്കൽ വൈൻ രുചിച്ചു കഫേകളിൽ ഇരിക്കുന്നതും ഒരു വൈബാണ്.

  • ​എങ്ങനെ എത്താം? ഇന്ത്യയിൽ നിന്ന് ടിബിലിസി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മിഡിൽ ഈസ്റ്റ് വഴി കണക്ഷൻ ഫ്ലൈറ്റുകൾ ലഭ്യമാണ്.
  • ​വിസ: ഇന്ത്യക്കാർക്ക് ഇ-വിസ (e-Visa) ആവശ്യമാണ്
  • .​വിനോദങ്ങൾ: ഓൾഡ് ടൗൺ നടത്തം, കേബിൾ കാർ യാത്ര, സൾഫർ ബാത്ത്, വൈൻ ടേസ്റ്റിംഗ്, ബ്രിഡ്ജ് ഓഫ് പീസ് സന്ദർശനം.
  • ഏകദേശ ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹80,000–₹1,20,000 (രണ്ടുപേർക്ക്

10.പച്ചപ്പും കടലും സംഗമിക്കുന്ന ബാലി. Bali, Indonesia.

തെങ്ങോലകൾക്കിടയിലൂടെ അരിച്ചെത്തുന്ന പ്രഭാതസൂര്യന്റെ വെളിച്ചം നിങ്ങളെ വിളിച്ചുണർത്തുന്നത് പ്രണയത്തിന്റെ ഒരു പുത്തൻ പുലരിയിലേക്ക്. സ്വകാര്യ പൂളിലെ ഫ്ലോട്ടിങ് ബ്രേക്ക്ഫാസ്റ്റും പച്ചപുതച്ച നെൽപ്പാടങ്ങളിലൂടെയുള്ള അലസ ഗമനവും മനസ്സിന് വല്ലാത്തൊരു കുളിർമയേകും. വൈകുന്നേരങ്ങളിൽ കടൽത്തീരത്തെ പാറക്കെട്ടുകളിലിരുന്നു ചുവന്നുതുടുക്കുന്ന ആകാശവും അസ്തമയവും ആസ്വദിക്കുന്നത് ഒരു സ്വപ്നം പോലെ തോന്നും. പ്രകൃതിയും ആത്മീയതയും ഇഴചേരുന്ന ഈ ദ്വീപ് 2026ലെ വാലന്റൈൻസ് ദിന യാത്രകൾ അങ്ങേയറ്റം റൊമാന്റിക് ആക്കി മാറ്റും.

  • ​എങ്ങനെ എത്താം?.ഇന്ത്യയിൽ നിന്ന് ബാലിയുടെ എൻഗുറാ റായ് വിമാനത്താവളത്തിലേക്ക് നേരിട്ടോ കണക്ഷൻ ഫ്ലൈറ്റുകൾ വഴിയോ എളുപ്പത്തിൽ എത്താം.
  • വിസ: ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ (Visa on Arrival) അല്ലെങ്കിൽ ഇ-വിസ സൗകര്യം ലഭ്യമാണ്.
  • വിനോദങ്ങൾ: ഫ്ലോട്ടിങ് ബ്രേക്ക്ഫാസ്റ്റ്, സ്വകാര്യ വില്ലകളിലെ താമസം, അസ്തമയ കാഴ്ചകൾ, ദമ്പതികൾക്കായുള്ള സ്പാ, കടൽത്തീരത്തെ ഡിന്നർ.
  • ചെലവ് (3 ദിവസത്തേക്ക്): ഏകദേശം ₹38,500–₹59,500 (രണ്ടുപേർക്ക്).

യാത്രകളിലൂടെ പൂത്തുലയട്ടെ നിങ്ങളുടെ പ്രണയകഥ

​പ്രണയത്തിന് എപ്പോഴും ആഡംബരങ്ങളുടെ അകമ്പടി വേണമെന്നില്ല. ചിലപ്പോൾ ഒരുമിച്ചുള്ള ഒരു ചെറിയ യാത്ര മതിയാകും പ്രണയത്തിന്റെ ആഴം കൂട്ടാൻ. ശാന്തമായ കായൽപ്പരപ്പുകളും മഞ്ഞുപുതച്ച മലനിരകളും വിളക്കുമരങ്ങൾ നിറഞ്ഞ തെരുവുകളും കടൽത്തീരങ്ങളും പ്രിയപ്പെട്ടവർക്കൊപ്പം ചിലവഴിക്കാൻ ഏറെ അനുയോജ്യമാണ്. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി പരസ്പരം കൂടുതൽ അടുത്തറിയാനും വാലന്റൈൻ ദിനത്തിനും അപ്പുറം നീണ്ടുനിൽക്കുന്ന ഓർമ്മകൾ സമ്മാനിക്കാനും ഈ ഇടങ്ങൾ സഹായിക്കും. അതൊരു ആഡംബര യാത്രയാകട്ടെ അല്ലെങ്കിൽ ലളിതമായ ഒരു ഇടവേളയാകട്ടെ, ഈ പട്ടികയിലെ ഓരോ സ്ഥലവും മനോഹരമായ നിമിഷങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾ എവിടെ പോകാൻ തീരുമാനിച്ചാലും, 2026ലെ വാലന്റൈൻസ് ദിന യാത്രകൾ നിങ്ങളുടെ പ്രണയകഥയിൽ ഒരു പുതിയ അധ്യായമാകട്ടെ.

Travel Desk
Travel Desk
Articles: 32

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു