Physical Address
304 North Cardinal St.
Dorchester Center, MA 02124
Physical Address
304 North Cardinal St.
Dorchester Center, MA 02124

ഇന്ദ്രനീല ശോഭയിൽ വെട്ടിത്തിളങ്ങുന്ന അറബിക്കടലിൽ ഒരു കപ്പൽ പടിഞ്ഞാറൻ കാറ്റു കാത്തു കിടക്കുകയാണ്.
ഇക്കാലത്ത് അതിനെ കപ്പൽ എന്ന് വിളിക്കാമോ?. കാരണം അറബിക്കടലിന്റെ തിരകളെ തോൽപ്പിക്കാൻ അതിനൊരു എൻജിനില്ല, പ്രൊപ്പല്ലറുകളില്ല, എന്തിനു സ്റ്റീലിന്റെ അംശം പോലുമില്ല, പകരം ഉപയോഗിച്ചിരിക്കുന്ന മരത്തടി കൂട്ടി യോജിപ്പിക്കാൻ ആണിയും ഉപയോഗിച്ചിട്ടില്ല. കേട്ടിട്ട് ഒരു മുത്തശ്ശിക്കഥ പോലെ തോന്നുന്നുണ്ടോ?.
Yes, ഇതാണ് INSV KAUNDINYA. യന്ത്രങ്ങളില്ലാത്തതും എന്നാൽ കടലിൽ കൂടുതൽ സജീവവുമായ കാപ്സ്യൂൾ പോലൊരു കപ്പൽ. ഈസ്വപ്നപദ്ധതി ഊരിതിരിഞ്ഞത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാലിന്റെ ആശയങ്ങളിലൂടെയാണ്
നൂറ്റാണ്ടുകൾക്ക് മുൻപ് സമുദ്രത്തിൽ ഇന്ത്യക്കുണ്ടായിരുന്ന സ്വാധീനം ഒരു കെട്ടുകഥയല്ലെന്നും മറിച്ച് സങ്കീർണ്ണവും സുസജ്ജവുമായ തദ്ദേശീയ സാങ്കേതികവിദ്യകളിലൂടെ നിർമ്മിച്ചിരുന്ന കപ്പലുകൾ ഒരു യാഥാർത്ഥ്യമാണെന്നു കൂടി തെളിയിക്കുകയാണ് സന്യാലും കൂട്ടരും. പഴയ “സ്പൈസ് റൂട്ട്” തിരിച്ചുപിടിച്ചുകൊണ്ട്, ഇന്ത്യൻ നാവികസേനയും സാംസ്കാരിക മന്ത്രാലയവും “പരീക്ഷണാത്മക പുരാവസ്തുശാസ്ത്രം” വഴി ചരിത്രത്തിലെ മറന്നുപോയ ഒരു അദ്ധ്യായം ലോകത്തെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നമ്മുടെ പൂർവ്വികർ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെ കടലിലും പ്രാവീണ്യം നേടിയിരുന്നെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് INS KAUNDINYA.
ഇനി ഒരല്പം രസകരമായ കാര്യം പറയാം. INSV KAUNDINYA യുടെ Blue പ്രിന്റ് ലോകത്തിലെ ഏതെങ്കിലും ആധുനിക ഡിസൈൻ സ്റ്റുഡിയോകളുടെ harddisc ഇൽ നിന്ന് കണ്ടെത്തിയതല്ല. അജന്ത ഗുഹകളുടെ പാറയിൽ കൊത്തി വച്ചിരുന്ന പ്രത്യേകിച്ചും, ഗുഹ നമ്പർ 2-ൽ, തിരമാലകളെ കീറിമുറിച്ചുകൊണ്ട് പോകുന്ന ഒരു Multi Masted കപ്പലിന്റെ ചിത്രമുണ്ട്. AD അഞ്ചാം നൂറ്റാണ്ടിലെ പ്രശസ്തമായ ഒരു ചുവർചിത്രം. യൂറോപ്യൻ കപ്പലോട്ടക്കാർ ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നതിന് വളരെ മുൻപ് തന്നെ പുരാതന Indian Navel architecture and Ship building സങ്കീർണ്ണമായ റിഗ്ഗിംഗിലും ഹൾ ഡിസൈനുകളിലും പ്രാവീണ്യം നേടിയിരുന്നുവെന്ന് തെളിയിക്കുന്ന ഒരു ചരിത്രരേഖയാണ് ഈ ചുവർചിത്രം. ചരിത്ര ഗ്രന്ഥങ്ങൾക്കൊപ്പം ഈ ചുവർചിത്രങ്ങളും (Frescoes) പഠിച്ചുകൊണ്ടാണ് INSV KAUNDINYA യുടെ സുന്ദരവും പ്രവർത്തിക്കുന്നതുമാമാതൃക ഗവേഷകർ പുനർനിർമ്മിച്ചത്. INSV KAUNDINYA യും ഇനി വരാനിരിക്കുന്ന അതിന്റെ യാത്രകളും ഒരർത്ഥത്തിൽ പറഞ്ഞാൽ അജന്ത ഗുഹകളിലെ ചിത്രങ്ങളും രേഖകളും, പുരാതന ഇന്ത്യയുടെ നൈപുണ്യ മികവിന്റെ വസ്തുതാപരമായ ഒരു രേഖയായി അംഗീകരിക്കാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് INS Kaundinya.
INSV Kaundinya എന്ന പേര് കേൾക്കുമ്പോൾ ആദ്യം തോന്നുക ഇതെന്തൊരു പേരാണ് എന്നാവും. അല്ലെങ്കിൽ തന്നെ ഒരു പേരിലെന്തിരിക്കുന്നു എന്നൊക്കെ ചിന്തിക്കാൻ വരട്ടെ. ചരിത്രരേഖകൾ പ്രകാരം, ബംഗാൾ ഉൾക്കടലിലൂടെ ദക്ഷിണ പൂർവ ദിക്കിലേക്ക് സഞ്ചരിച്ച് അങ്ങ് മേക്കോഗ് ഡെൽറ്റ(Mekong Delta)യിലെത്തി ഫുനാൻ സാമ്രാജ്യം സ്ഥാപിച്ച ഒരു ഇന്ത്യൻ വ്യക്തിത്വമുണ്ടായിരുന്നു. “കൗണ്ടിന്യ”. ഒരു ഇന്ത്യൻ പടയോട്ടത്തിന്റെ ചരിത്ര സ്‌മൃതികൾ കൂടി വഹിക്കുക എന്നൊരു ദൗത്യം കൂടിയുണ്ട് INSV Kaundinya ക്ക്. 19.6 മീറ്റർ നീളവും 6.5 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 14 ടണ്ണോളം ഭാരമുണ്ട്. സ്റ്റീലും റിവറ്റുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക കപ്പലുകളിൽ നിന്ന് വ്യത്യസ്തമായി, INSV Kaundinya തുന്നിയെടുത്ത ഒരു കപ്പലാണ്. തേക്ക് മരത്തിന്റെ പലകകൾ, 4,000 മീറ്ററിലധികം വരുന്ന ചകിരി നാരുകൾ/കയർ ഉപയോഗിച്ച് തുന്നിച്ചേർക്കുന്നു ആദ്യം. തുടർന്ന് മീനെണ്ണ, കുമ്മായം, റെസിൻ എന്നിവയുടെ പരമ്പരാഗത മിശ്രിതം ഉപയോഗിച്ച് തുന്നലുകളിലെ ദ്വാരങ്ങൾ അടയ്ക്കുന്നു. കേൾക്കുമ്പോൾ പ്രാകൃതം എന്ന് തോന്നാമെങ്കിലും. ഇതൊരു പോരായ്‍മയല്ല മറിച്ച് സങ്കീർണ്ണമായ ഒരു ഇന്ത്യൻ എഞ്ചിനീയറിംഗ് നേട്ടമാണ്. വളരെ വൈദഗ്ധ്യമുള്ള ഈ രീതി കാരണം കപ്പലിന്റെ ഹൾ വഴക്കമുള്ളതായി തുടരുന്നു, ഇത് സമുദ്രജലത്തിന്റെ ശക്തമായ സമ്മർദ്ദത്തെ തടഞ്ഞുകൊണ്ട് തിരമാലകളുടെ ആഘാതത്തെ ആഗിരണം ചെയ്യുന്നു.
INSV Kaundinya നിർമ്മിച്ചത് ഗോവയിലാണെങ്കിലും മലബാറിന്റെ പൈതൃകമാണ് അതിന്റെ ഹൃദയമിടിപ്പ്. പരമ്പരാഗത Indian Naval Architecture ന്റെ രഹസ്യങ്ങൾ തലമുറകളായി സംരക്ഷിച്ച് വരുന്ന ഒരു കുടുംബത്തിലെ മാസ്റ്റർ കപ്പൽ നിർമ്മാതാവായ ബാബു ശങ്കരനാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ശങ്കരന്റെയും കൂടെയുള്ളവരുടെയും വൈദഗ്ദ്ധ്യം കേരളത്തിന്റെ, കൃത്യമായി പറഞ്ഞാൽ ബേപ്പൂരിന്റെ ഐതിഹാസികമായ ഉരു നിർമ്മാണ പാരമ്പര്യത്തിലേക്കുള്ള ഒരു പാലമാണ്. നൂറ്റാണ്ടുകളായി ഗൾഫിലേക്ക് കപ്പലുകളായി പോയ ബേപ്പൂരിന്റെ ഉരുക്കളുടെ പിന്തുടർച്ച. മലയാളിയെ സംബന്ധിച്ചിടത്തോളം INSV Kaundinya പുരാതന ഭാരതത്തിന്റെ സമുദ്ര കവാടമെന്ന നിലയിൽ കേരളത്തിനു അന്നുണ്ടായിരുന്ന അപ്രമാദിത്യത്തിന്റെ ആദരമാണ്. ഒരുകാലത്ത് കേരളത്തെയും ബേപ്പൂരിനെയും ആഗോള കപ്പൽ നിർമ്മാതാക്കളുടെ ലക്ഷ്യസ്ഥാനമാക്കിയ അതേ ഉയർന്ന നിലവാരമുള്ള തേക്കും പ്രത്യേകം തിരഞ്ഞെടുത്ത ചകിരിയുമൊക്കെ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ തനതായ കെട്ടുവള്ളങ്ങളിൽ നിന്നാരംഭിച്ച് വലിയ മത്സ്യബന്ധന വള്ളങ്ങളായി,പിന്നീട് ദേശാന്തര സഞ്ചാരങ്ങൾക്കും, വ്യാപാരത്തിനും, പടയോട്ടത്തിനും വരെ ഭാഗമായ ബേപ്പൂർ ഉരുക്കളുടെ പാരമ്പര്യത്തിന്റെ നൂലുകളാണ് ഇവിടെ തുന്നിചേർത്തത്.ബേപ്പൂരിന്റെയും കൊച്ചിയുടെയും തീരദേശങ്ങളിലെ ഓലമേഞ്ഞ കപ്പൽ പുരകളിൽ നൂറ്റാണ്ടകൾക്ക് മുൻപ് നിലനിന്നിരുന്ന മലയാളത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ കാലങ്ങൾക്കിപ്പുറ മുള്ള ഒരു ആഘോഷം കൂടിയാണിത്. ഇപ്പോൾ ഇന്ത്യൻ നാവികസേന ഒരു നാഗരികതയുടെ ആഖ്യാനം വീണ്ടെടുക്കാൻ അതെ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നു എന്നത് മലയാളത്തിന്റെ, ബേപ്പൂരിന്റെ, പൈതൃകത്തിനു കിട്ടിയ അംഗീകാരമാണ്.
ആധുനിക നാവിക സേന കപ്പലിലെ സുഖസൗകര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് INSV Kaundinya ലെ ജീവിതം. എൻജിനില്ലാതെ ഇല്ലാതെ പൂർണമായും സീസണൽ മൺസൂൺ കാറ്റിന്റെ കാരുണ്യത്തിനനുസരിച്ചു കപ്പലിന്റെ പായകൾ തിരിച്ചും ചരിച്ചും ഒക്കെയാണ് യാത്ര. അതുകൊണ്ട് തന്നെ കപ്പലുകളിൽ നിതാന്തമായ ജാഗ്രത ആവശ്യമാണ്. റഫ്രിജറേഷനോ ആധുനിക അടുക്കളയോ ഒന്നുമില്ല.പകരം One pot, One Sailor എന്ന ഉച്ച വിചാരത്തിലൂന്നിയാണ് കാര്യങ്ങൾ പോകുന്നതു.
ഭക്ഷണം ലളിതമാണ്,
Nutrient Rich ആയ ചേരുവകൾ ഉപയോഗിച്ച് ഒരൊറ്റ പാത്രത്തിൽ പാകം ചെയ്തു ഒരുമിച്ചു കഴിക്കുന്നു. ഇതൊരു പ്രതീകമാണ്. പണ്ടുള്ള നമ്മുടെ നാവികരുടെ കഠിനമായ ജീവിതത്തിന്റെ ഏറെക്കുറെ സാദൃശ്യമുള്ള ഒരു പ്രതിഫലനം. സ്ഥലം വളരെ പരിമിതമായതിനാൽ ഓരോ ചലനവും വളരെ കണക്കുകൂട്ടി വേണം, കൂടാതെ ശുദ്ധജലത്തിന് സ്വർണ്ണത്തേക്കാൾ വിലയുമുണ്ട്. ഈ മിനിമലിസ്റ്റ് അസ്തിത്വം ഒരു മാനസികവും ശാരീരികവുമായ യാത്രയാണ്. നക്ഷത്രങ്ങളെയും കാറ്റിനെയും മാത്രം ആശ്രയിച്ചു നമ്മുടെ പൂർവ്വികർ ചക്രവാളത്തിന് കുറുകെ നടത്തിയ അതേ “Sea sense” ഉൾക്കൊള്ളൂവാൻ INSV Kaundinya ലെ നാവികനെയും നിർബന്ധിതരാക്കുന്നു.
INSV Kaundinya യുടെ ആദ്യ യാത്ര ഒമാനിലേക്കാണ്.എന്തു കൊണ്ട് ഒമാൻ എന്നാവും. ആശങ്ക വേണ്ട ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നതുമായ സമുദ്ര ബന്ധങ്ങളിലൊന്നിന്റെ ഓർമ്മയ്ക്കായാണ് ഒമാനിലെ മസ്കറ്റിലേക്കുള്ള 1,500 കിലോമീറ്റർ യാത്ര. ഒമാനിലെ Raz- Al-Had പോലെയുള്ള സ്ഥലങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ള പുരാവസ്തുക്കളിൽ BCE 2500 മുതലുള്ള ഹാരപ്പൻ മൺപാത്രങ്ങളും മുദ്രകളും, നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്, ഇത് സിന്ധുനദീതടത്തിനും മഗൻ (പുരാതന ഒമാൻ) നാഗരികതയ്ക്കും ഇടയിലുള്ള വ്യാപാരം ലോകത്തിലെ ആദ്യത്തെ “ആഗോള” വിതരണ ശൃംഖലയായിരുന്നുവെന്ന് തെളിയിക്കുന്നു. ഇന്ന്, ഈ പുരാതന ഇടനാഴി ഒരു സുപ്രധാന സാമ്പത്തിക ഇടനാഴിയാണ്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യയുടെ ഏറ്റവും പഴയ തന്ത്രപരമായ പങ്കാളിയാണ് ഒമാൻ, 2023-24 ൽ ഉഭയകക്ഷി വ്യാപാരം 12.39 ബില്യൺ ഡോളറിലെത്തി. INSV Kaundinya യുടെ ഈ യാത്ര ഭൂതകാലത്തിലേക്കുള്ള വെറുമൊരു ഓർമ പുതുക്കൽ മാത്രമല്ല. പ്രതിവർഷം 3,000-ത്തിലധികം ഇന്ത്യൻ കപ്പലുകളാണ് ഒമാനി സമുദ്രതിർത്തിയിലൂടെ കടന്നു പോകുന്നത്. ഇത് പതിറ്റാണ്ടുകൾക്ക് മുൻപാരംഭിച്ച ആ ബന്ധം ഇന്നത്തെ ആധുനിക പങ്കാളിത്തത്തിന്റെ അടിത്തറ. തേക്ക് പലകകൾ തുന്നിച്ചേർത്ത ഒരു കപ്പലുമായി ഇന്ത്യൻ നാവികസേന നടത്തുന്ന ഈ കടൽ പയനത്തിന് അറേബ്യൻ കടലിൽ അതിന്റെ സമുദ്ര സുരക്ഷയും, ഊർജ്ജ താൽപ്പര്യങ്ങളും, അഞ്ച് സഹസ്രാബ്ദങ്ങളുടെ പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമാണെന്ന് പറഞ്ഞു വയ്ക്കുകയാണ് INSV കൗണ്ടിന്യയിലൂടെ ഇന്ത്യ.
INSV Kaundinya വെറുമൊരു കപ്പലല്ല. മഹത്തായ ഒരു ഭൂതകാലത്തിനും തന്ത്രപരമായ ഭാവിക്കും ഇടയിലുള്ള ഒരു പാലം കൂടിയാണ്. ആണവോർജ്ജത്താൽ പ്രവർത്തിക്കുന്ന കപ്പലുകളുടെ ഈ കാലഘട്ടത്തിൽ, ഈ മരക്കപ്പൽ പറയാതെ പറയുന്നത് ഒരുകാലത്ത് ഇന്ത്യൻ മഹാസമുദ്രം സംസ്കാരത്തിന്റെയും ഭാഷയുടെയും വ്യാപാരത്തിന്റെയും ഒരു ഊർജ്ജസ്വലമായ പാതയായിരുന്നുവെന്നാണ്. Kaundinya യെ ഒമാനി തീരത്തേക്ക് കാറ്റ് ഒമാനിന്റെ തീരത്തേക്കു അടുപ്പിക്കുമ്പോൾ അതു തേടിപ്പോകുന്നത് ഒരു രാജ്യത്തിന്റെ അഭിമാനമാണ്. നാളെ ലോക സമുദ്രങ്ങളെ നിയന്ത്രിക്കേണ്ട ഇന്ത്യക്ക് അവയെ ഇന്നലെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള തെളിവായി മാറുന്നു.